Thursday 26 September 2024 06:10 PM IST : By Manorama Arogyam Research Desk

കോവിഡ് പുരുഷന്മാരിലെ പ്രത്യുൽപാദന ക്ഷമത കുറയ്ക്കുമോ? പഠനം പറയുന്നത്...

men-sex

കോവിഡ് 19 വന്നുപോയി നാളേറെ ആയിട്ടും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. കൊറോണ വൈറസ് മനുഷ്യശരീരത്തിൽ വരുന്ന ദീർഘകാല പ്രശ്നങ്ങളെ സംബന്ധിച്ചുള്ള കണ്ടെത്തലുകൾ ഒന്നൊന്നായി പുറത്തുവരുന്നതേയുള്ളൂ. അക്കൂട്ടത്തിൽ ഏറെ ഗൗരവകരമായ ഒന്നാണ് കോവിഡ് 19, ബീജത്തിന്റെ ഗുണത്തെയും പുരുഷ ഹോർമോണായ ടെസ്േറ്റാസ്റ്റിറോൺ നിരക്കിനെയും ബാധിച്ച് പുരുഷന്മാരിൽ പ്രത്യുൽപാദന ക്ഷമത കുറയ്ക്കുന്നുവെന്ന പഠനം.

പിഎൽഒഎസ് വൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച വിശകലന പഠനത്തിൽ ( സിസ്റ്റമാറ്റിക് റിവ്യൂ, മെറ്റ അനാലിസിസിൽ) ആണ് കൊറോണ വൈറസിന്റെ ഈ ഫലങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 ഗവേഷണ പ്രബന്ധങ്ങൾ വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ കോവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജത്തിന്റെ പ്രവര്‍ത്തനക്ഷമത (Sperm viability) കുറഞ്ഞതായി കണ്ടു.

മാത്രമല്ല ആകെയുള്ള ബീജഗാഢതയും ഉദ്ധാരണശേഷം പുറത്തുവരുന്ന അളവും (ejaculate volume) കുറവാണെന്നു കണ്ടു. ചില പുരുഷന്മാരിൽ കോവിഡ് 19 ചികിത്സയ്ക്കു ശേഷം ബീജത്തിന്റെ അളവു കുറച്ചു വീണ്ടെടുക്കാനായെങ്കിലും അണുബാധയ്ക്കു മുൻപുള്ള നിരക്കിലെത്തുന്നില്ല എന്നും ഗവേഷകർ പറയുന്നു. പ്രത്യുൽപാദനക്ഷമതയെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ബീജത്തിന്റെ ചലനശേഷി. ഇതും കോവിഡിനെ തുടർന്നു കുറയുന്നുവെന്നു ഗവേഷകർ കണ്ടെത്തി. ചില പുരുഷന്മാരിൽ കോവിഡ് ചികിത്സയ്ക്കു ശേഷവും ഇതു പഴയയതു പോലെയാകുന്നില്ല.

Tags:
  • Manorama Arogyam