Thursday 24 June 2021 04:02 PM IST : By സ്വന്തം ലേഖകൻ

കുട്ടികളിൽ കോവിഡ് വന്നാൽ: രോഗലക്ഷണങ്ങളും ചികിത്സയും ഇങ്ങനെ....

kidsere435

കൊറോണയുടെ  രണ്ടാം തരംഗത്തിൽക്കൂടിയാണ് നാം കടന്നു പോകുന്നത്. കുട്ടികളിൽ കോവിഡ് രോഗം വലിയ പ്രശ്നങ്ങളില്ലാതെ വന്നു മാറുന്നതായാണ് കാണുന്നത്. വളരെ കുറച്ചു ശതമാനം കുട്ടികളിൽ ശ്വാസ തടസ്സവും കാവസാക്കിപ്പനി (Kawasaki’s Disease) എന്ന അവസ്ഥയും വരാം.

ലക്ഷണങ്ങൾ

തൊണ്ടവേദന, ചുമ, ഓക്കാനം, ഛർദ്ദി, വയറിളക്കം, രുചിയും മണവും ഇല്ലാതിരിക്കുക മുതലായവയാണ് പ്രധാന ലക്ഷണങ്ങൾ. ഇങ്ങനെയെന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിച്ച് ആന്റിജൻ ടെസ്റ്റ് നടത്തണം. കുട്ടികളെ ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കേണ്ടി വന്നാൽ, വീട്ടിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ അഡ്മിഷനു മുൻപ് പരിശോധന നടത്തണം,

ഏെതാക്കെ ടെസ്റ്റുകൾ 

∙ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് – ലക്ഷണങ്ങൾ ഉള്ള കുട്ടികളുടെ മൂക്കിൽ നിന്നും സാംപിൾ എടുക്കുന്നു.

∙ ആർടി പിസിആർ– ആന്റിജൻ പരിശോധന നെഗറ്റീവ് ആണെങ്കിൽ ഉറപ്പിക്കാൻ ഈ ടെസ്റ്റ് ചെയ്യാം.

∙ ആന്റിബോഡി ടെസ്റ്റ് – കാവസാക്കി പനി സംശയിച്ചാൽ മാത്രം.

മൂന്നു തരം കോവിഡ് അണുബാധയാണ് കുട്ടികളിൽ കണ്ടു വരുന്നത്.

1. മൈൽഡ് ഇൻഫെക്ഷൻ (Mild Disease)– പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, വയറിളക്കം, ഛർദ്ദി, ശ്വാസംമുട്ടൽ ഇല്ല.

2. മോഡറേറ്റ്– ശ്വാസ തടസ്സം ഉണ്ടാകാം. ഓക്സിജൻ അളവ് (60–94%)

3. തീവ്ര രോഗം

a. ന്യൂമോണിയയുടെ കൂടെ – ഒാക്സിജൻ അളവ് 90ശതമാനത്തിൽ കുറവ്, 

ശ്വാസതടസ്സം.b. ക്ഷീണം, ഫിറ്റ്സ്.

c. കൂടുതലായി ഛർദ്ദി, വയറിളക്കം.

d. ഗുരുതര ഘട്ടം–ഷോക്ക്, രക്തം കട്ടപിടിക്കൽ, ശ്വാസകോശപരാജയം.

ചികിത്സ എങ്ങനെ?

1. ലഘുലക്ഷണങ്ങൾ

വീട്ടിൽ നിരീക്ഷണം, ധാരാളം വെള്ളം കുടിക്കുക, ആന്റിബയോട്ടിക് ആവശ്യമില്ല, 4-6 മണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ, 4 ദിവസത്തിലേറെ പനിയാണെങ്കിൽ ബ്ലഡ് ടെസ്റ്റ് ചെയ്യണം.

2. മോഡറേറ്റ് ലക്ഷണങ്ങൾ

കിടത്തിചികിത്സ വേണ്ടിവരാം, ഓക്സിജൻ അളവ് 94 ശതമാന ത്തിൽ കൂടുതലാണെങ്കിൽ പാരസെറ്റമോൾ മതി, ഓക്സിജൻ അളവ് 94 ശതമാനം കുറവെങ്കിൽ ഓക്സിജനും മറ്റു മരുന്നുകളും നൽകുന്നു.

3. തീവ്രലക്ഷണങ്ങൾ
ലക്ഷണങ്ങൾ തീവ്രമായാൽ െഎസിയുവിൽ അഡ്മിറ്റാക്കി ചികിത്സ വേണ്ടിവരാം. വെന്റിലേറ്റർ ചികിത്സയും കൂടെ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകളും വേണ്ടിവരാം.

കാവസാക്കി പനി സൂക്ഷിക്കുക

കൊറോണ വന്നുപോയ കുട്ടികളിൽ മാരകമായേക്കാവുന്ന രോഗമാണ് കാവസാക്കി പനി അഥവാ MIS-C.

3 ദിവസത്തിൽ കൂടുതൽ ശക്തിയായ പനി,  ദേഹത്ത് ചുവന്ന പാടുകൾ, ബിപി താഴ്ന്നു പോവുക, ഛർദ്ദി, വയറു വേദന, വയറിളക്കം, ഉയർന്ന ഇഎസ്ആർ– സിആർപി കൗണ്ട്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആവുക ഇവയാണ് ലക്ഷണങ്ങൾ. ഇമ്മ്യൂണോ ഗ്ലോബുലിനും സ്റ്റീറോയ്ഡുകളുമാണ് പ്രധാന ചികിത്സകൾ. കൃത്യ സമയത്ത് തിരിച്ചറിഞ്ഞാൽ സുഖപ്പെടുത്താം.

ഡോ. ജിസ്സ് തോമസ് പാലൂക്കുന്നേൽ

ഹെഡ്,  ശിശുരോഗവിഭാഗം, 

മാർ സ്ലീവാ മെഡിസി‌റ്റി,

പാലാ

Tags:
  • Manorama Arogyam
  • Kids Health Tips