Tuesday 12 July 2022 10:56 AM IST : By സ്വന്തം ലേഖകൻ

ഒന്നു മനസു വച്ചാൽ പ്രസവ വേദന കുറയ്ക്കാം; ലേബർ റൂമിലേക്ക് വേദനയില്ലാതെ കയറാൻ ഈ ടിപ്സ്

labr-cover മോഡലുകൾ: വർണ, ഷമീന മാഹീൻ, മാഹീൻ അബൂബക്കർ ഫോട്ടോ : സരിൻ രാംദാസ്

ഒരു സ്ത്രീയുെട ജീവിതത്തിലെ നിർണായകമായ നിമിഷങ്ങളാണ് പ്രസവമുറിക്കുള്ളിൽ െചലവഴിക്കുന്നത്. ആദ്യപ്രസവത്തിന്റെ വേദന മണിക്കൂറുകളോ ദിവസങ്ങളോ വരെ നീണ്ടുനിൽക്കാം. പഴയകാലത്തെ സ്ത്രീകൾക്ക് ജീവിതചര്യയുെട ഭാഗമായി ലഭിച്ചിരുന്ന വ്യായാമം പ്രസവവേദനയുെട തീവ്രത കുറച്ചിരുന്നു. ഇന്ന് അനാരോഗ്യകരമായ ഭക്ഷണരീതിയും ഇരുന്നു മാത്രം െചയ്യുന്ന േജാലികളും േപശികളെ ആയാസരഹിതമാക്കി മാറ്റുന്നതുെകാണ്ട് വേദനയുെട കാഠിന്യം കൂടുതലായി അനുഭവപ്പെടാം. വൈദ്യശാസ്ത്രം പുരോഗമിച്ചതിലൂെട പ്രസവവേദനയുെട തീവ്രത കുറയ്ക്കാനുള്ള സംവിധാനങ്ങളും നിലവിൽവന്നു.

പ്രസവത്തിനായി ഗർഭിണിയെ തയാറാക്കുന്ന ചൈൽഡ് ബർത്ത് ക്ലാസുകളിൽ പങ്കെടുക്കുക, ബർത്തിങ് സ്യൂട്ട് തിരഞ്ഞെടുക്കുക, ഗർഭിണിയായിരിക്കെ കഴിക്കുന്ന ഭക്ഷണം, വ്യായാമം, േയാഗ തുടങ്ങിയവ പ്രസവവേദന നിയന്ത്രിക്കാൻ ഗർഭിണിയെ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ക്ലാസുകളിൽ പങ്കെടുക്കാം

പ്രസവത്തിനായി ഗർഭിണിയെ മാനസികമായും ശാരീരികമായും തയാറാക്കുന്ന ‘ചൈൽഡ് ബർത്ത് ക്ലാസുകൾ’ ഇന്ന് മിക്ക ആശുപത്രികളിലും ഉണ്ട്. പ്രസവവേദനയെയും ഗർഭകാല സങ്കീർണതകളെയും കുറിച്ചുള്ള മിഥ്യാധാരണകൾ ഗർഭിണികളിൽ ഭയവും ആശങ്കയും സൃഷ്ടിക്കും. ഇത്തരം ധാരണകളെ തിരുത്താനും ഭയമില്ലാതെ ലേബർ റൂമിലേക്കു കയറാനും ഇത്തരം ക്ലാസുകൾ സ്ത്രീകളെ പ്രാപ്തരാക്കും. ഗർഭകാലത്തു പാലിക്കേണ്ട ചിട്ടകൾ, വ്യായാമങ്ങൾ, പ്രസവസമയത്തു വേദന നിയന്ത്രിക്കാനുള്ള മാർഗങ്ങൾ, വേദന ഇല്ലാതാക്കാൻ സഹായിക്കുന്ന എപ്പിഡ്യൂറൽ േപാലുള്ള ഉപാധികൾ ഇവയെ കുറിച്ചു ക്ലാസുകളിൽ നിന്ന് അറിവ് ലഭിക്കും. ഗർഭിണിക്കു മാത്രമല്ല പങ്കാളികൾക്കും ഇത്തരം ക്ലാസുകളിൽ പങ്കെടുക്കാം. നവജാതശിശു പരിചരണത്തെ കുറിച്ചും വിദഗ്ധർ ക്ലാസ് എടുക്കും.

ചില സ്ത്രീകൾക്ക് ലേബർ റൂമിൽ ആരെങ്കിലും കൂെടയുണ്ടാകുന്നത് വേദനയും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ചിലപ്പോൾ അതു അമ്മയാകാം അല്ലെങ്കിൽ ഭർത്താവ് ആകാം. മിക്ക ആശുപത്രികളിലും ഇത്തരം സൗകര്യങ്ങൾ ഉള്ള പ്രത്യേക പ്രസവ സ്യൂട്ട് േപാലുള്ളവയും ഉണ്ട്. സ്യൂട്ടുകളിൽ ഗർഭിണികൾക്ക് ടിവി കാണാനും പാട്ടു കേൾക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടാകും.

പ്രോട്ടീനും െപാട്ടാസ്യവും

ഗർഭകാലത്തും പ്രസവസമയത്തും അമ്മയ്ക്ക് ഊർജവും ശക്തിയും ലഭിക്കാൻ പോഷകങ്ങൾ അടങ്ങിയ സന്തുലിത ഭക്ഷണരീതി പിന്തുടരണം. ഒരു സ്ത്രീയ്ക്കു സാധാരണ വേണ്ട കാലറിയിൽ നിന്നും 300 കാലറി അധികം ഗർഭിണികൾക്കു വേണമെന്നാണ് പറയാറ്. രണ്ട് ഗ്ലാസ് പാ ൽ, മുട്ട, പച്ചക്കറികൾ, പഴവർഗങ്ങൾ, 6–8 ഗ്ലാസ് വെള്ളം എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മസാല കൂടുതലടങ്ങിയതും അമ്ലത്വം കൂടിയ തുമായ ഭക്ഷണം ഒഴിവാക്കണം. പ്രോട്ടീനും െപാട്ടാസ്യവും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കണം. ഇതിനായി ധാരാളം വെള്ളം കുടിക്കുക. കരിക്കിൻ വെള്ളം, തണ്ണിമത്തൻ ജ്യൂസ്, നാരങ്ങാവെള്ളം എന്നിവ നല്ലതാണ്. പഴങ്ങളും നാരുകളും അടങ്ങിയ ഭക്ഷണവും ഇലക്കറികളും കഴിക്കുക. പ്രത്യേകിച്ച് അവസാന മൂന്നു മാസങ്ങളിൽ. ഇതു പേശികൾക്ക് ബലം കൂട്ടി േകാച്ചിപ്പിടുത്തം കുറയ്ക്കും.

ഇടതുവശം ചരിഞ്ഞ് കിടക്കാം

സങ്കീർണതകൾ ഇല്ലാത്ത ഗർഭം ആ ണെങ്കിൽ സാധാരണ െചയ്യുന്ന എല്ലാ േജാലിയും ഗർഭിണികൾക്കു തുടരാം. എന്നാൽ സമ്മർദമേറെയുള്ള േജാലി ഒഴിവാക്കണം. എട്ട് മണിക്കൂർ ഉറങ്ങണം. പകൽ വിശ്രമിക്കുകയും വേണം. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിച്ചുടൻ ഉറങ്ങാതിരിക്കുക. പരിശോധനകൾ കൃത്യമായി നടത്തണം.

labr1

വ്യായാമം ഏറ്റവും നല്ലത്

ഇടുപ്പിലെയും അടിവയറിലെയും പേശികൾക്ക് കരുത്തും വഴക്കവും ലഭിക്കാൻ ഏറ്റവും നല്ല മാർഗം വ്യായാമമാണ്. പേശികൾക്കു നല്ല വഴക്കം ഉണ്ടെങ്കിൽ പ്രസവം സുഗമമായി നടക്കും. 20 മിനിറ്റ് ദിവസവും നടത്തവും നീന്തലും നല്ല വ്യായാമങ്ങളാണ്. മറ്റ് ചില വ്യായാമങ്ങൾ ഇതാ :

∙ നീ െചസ്റ്റ് (Knee Chest) വ്യായാമം : മുട്ടുകുത്തി നിൽക്കുക. ൈകകൾ മടക്കി തറയിൽ വയ്ക്കുക. നട്ടെല്ല് നിവർന്ന് ഇരിക്കണം. ഉദരപേശികളെ മുറുക്കി പിടിക്കുക. രണ്ട് മിനിറ്റ് ഈ നിലയിൽ തുടരുക. പതിയെ സമയം വർധിപ്പിക്കുക.

∙ റിബ് േകജ് ലിഫ്റ്റ് (Rib Cage lift): ചമ്രം പടിഞ്ഞ് ഇരിക്കുക. കൈ െപാക്കി തലയ്ക്കു മുകളിലൂെട ചെരിച്ചു പിടിക്കുക. ദീർഘശ്വാസം എടുക്കുക. ഇരുകൈകളിലും ഇത് മാറി മാറി െചയ്യാം. പ്രസവത്തിനു മുൻപ് തന്നെ ശരീരത്തിലെ അധിക െകാഴുപ്പ് കളഞ്ഞ്, ശരിയായ ശരീരഭാരം നേടുന്നത് പ്രസവവേദന ലഘൂകരിക്കും.

lbr

േയാഗ, ശ്വസനവ്യായാമങ്ങൾ

ശരീരത്തിന്റെ ശക്തിയും വഴക്കവും സഹനശക്തിയും വർധിപ്പിക്കാൻ യോഗയ്ക്കു കഴിയും. ആദ്യമായി െചയ്യുമ്പോൾ ട്രെയിനറുെട മേൽനോട്ടത്തിൽ തന്നെ വേണം.

∙ സുഖകരമായ രീതിയിൽ പായയോ ഷീറ്റോ വിരിച്ച് സുഖാസനത്തിൽ ഇരിക്കുക. കണ്ണുകൾ അടച്ച് ഈശ്വരചിന്തയിൽ അൽപ്പനേരം ഇരിക്കുക. ഈശ്വരചൈതന്യം തന്നെയാണ് തന്റെ ഹൃദയത്തിലും തന്റെ ഉദരത്തിലുള്ള ശിശുവിന്റെ ഹൃദയത്തിലും കുടികൊള്ളുന്നതെന്ന വിശ്വാസം എപ്പോഴും നിലനിർത്തുക. ഒാരോ തവണ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോഴും ഈ ചിന്ത വർധിച്ചുവരണം. ഉച്ഛ്വസിക്കുമ്പോൾ ഉള്ളിലുള്ള എല്ലാ ഭയാശങ്കകളും പുറത്തേക്കു േപാകുന്ന വായുവിലൂെട അലിഞ്ഞ് ഇല്ലാതാകുന്നതായി സങ്കൽപ്പിക്കുക. ഈ അവസ്ഥയിൽ ഇരിക്കുമ്പോൾ മുഖത്തേയും കഴുത്തിലേയും പേശികൾ അയച്ചിടണം. നട്ടെല്ല് നിവർന്നിരിക്കണം. േതാൾ, ൈകമുട്ടുകൾ, ൈകപ്പത്തികൾ അയച്ചിട്ടുവേണം ഇരിക്കേണ്ടത്. മുഖത്ത് മനോഹരമായ ചെറുപുഞ്ചിരി വരണം. ശ്വാസോച്ഛ്വാസം താളാത്മകമായിരിക്കണം. ഉള്ളിലേക്ക് വലിക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുത്തു വേണം ശ്വാസം പുറത്തേക്കു വിടേണ്ടത്. ശ്വാസം നാല് സെക്കന്റിൽ കൂടുതൽ ഉള്ളിൽ നിർത്തരുത്. ഏകദേശം അഞ്ച് മിനിറ്റ് വരെ ഈ ശ്വസനരീതി തുടരുക. ഈ ഇരിപ്പ് സുഖകരമാക്കുവാൻ ആവശ്യമെങ്കിൽ കട്ടികൂടിയ പുതപ്പോ ബ്ലാങ്കറ്റോ മടക്കി അതിന്മേൽ ഇരിക്കാവുന്നതാണ്.

labr-2

ഈ ശ്വസനരീതി കഴിഞ്ഞ് അൽപ്പനേരം സുഖാസനത്തിൽ നിന്ന് വിരമിച്ച് കാൽപാദങ്ങൾ മുന്നോട്ട് നീട്ടി ൈകപ്പത്തികൾ ശരീരത്തിനു പുറകിൽ തറയിൽ പതിപ്പിച്ച് വിശ്രമിക്കാവുന്നതാണ്. കാൽപാദങ്ങൾ ഈ അവസരത്തിൽ വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കുകയോ വട്ടം കറക്കുകയോ െചയ്തുെകാണ്ടിരിക്കുക. കിടന്നുെകാണ്ടുള്ള േയാഗാസനങ്ങളിൽ ശവാസനത്തിൽ വിശ്രമിക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ഇന്ദുബി. ആർ.

കൺസൽറ്റന്റ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി
റിനൈ മെഡിസിറ്റി
എറണാകുളം