Thursday 02 September 2021 04:04 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

‘മാസ്ക് ധരിച്ചാൽ പ്രാണവായു കുറയും, ശ്വാസകോശ കാൻസർ വരും’: പ്രചരണത്തിനു പിന്നിലെ സത്യമറിയാം

maskwe3

ദീർഘകാലം മാസ്ക് ധരിക്കുന്നവർക്ക് ശ്വാസകോശ കാൻസർ വരുമെന്ന് ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം.

കോവിഡ് 19 ന്റെ ആരംഭഘട്ടം മുതലേ രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചുമെല്ലാം ഊഹാപോഹങ്ങൾക്കും കെട്ടിച്ചമച്ച കഥകൾക്കും യാതൊരു പഞ്ഞവുമില്ല. അതിലേറ്റവും പുതിയതാണ് ദീർഘകാലം മാസ്ക് ധരിക്കുന്നവരിൽ ശ്വാസകോശ കാൻസർ വരുമെന്ന പ്രചാരണം. മാസ്ക് ധരിക്കുന്നതു വഴി ശരീരത്തിനു ലഭിക്കുന്ന പ്രാണവായു കുറയുമെന്നും കാർബൺ ഡൈഒാക്സൈഡ് അടിഞ്ഞുകൂടുമെന്നും അതു ശ്വാസകോശ കാൻസറിലേക്കു നയിക്കുമെന്നുമായിരുന്നു വാദം.

ഈ പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ് ലോകാരോഗ്യ സംഘടന, അമേരിക്കൻ ലങ് അസോസിയേഷൻ പോലുള്ള വിദഗ്ധ സമിതികൾ തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്ന ഉന്നത ആരോഗ്യസമിതി പറയുന്നത് മാസ്ക് ധരിക്കുന്നതുമൂലം കാർബൺ ഡൈ ഒാക്സൈഡ് അടിഞ്ഞാൽ തന്നെ അതു ദോഷകരമായ അളവിലാവില്ല എന്നാണ്.

വ്യാജപോസ്റ്റിൽ കാൻസർ ഡിസ്കവറി എന്ന ജേണലിൽ വന്ന ഒരു പഠനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ആ പഠനത്തിൽ ദീർഘകാലം മാസ്ക് ധരിക്കുന്നത് ശ്വാസകോശ അർബുദത്തിന് ഇടയാക്കുമെന്ന പരാമർശമേയില്ല!! 2013നും 2018 നും ഇടയിലാണ് ആ പഠനം നടത്തിയിരിക്കുന്നത്. അതായത് നമ്മൾ മാസ്കിനെ കുറിച്ചുപോലും ചിന്തിക്കാത്ത സമയത്ത്.

‘‘ 18 മണിക്കൂറിലധികം മാസ്ക് ധരിക്കുന്നവരാണ് എന്നെപ്പോലുള്ള ആരോഗ്യപ്രവർത്തകർ. അനുഭവത്തിൽ നിന്നു തന്നെ പറയാം, മാസ്ക് ധരിച്ചെന്നു കരുതി ഗണ്യമായ തോതിൽ ഒാക്സിജൻ ലഭിക്കാതിരിക്കില്ല. മാത്രമല്ല ഒാക്സിജൻ കുറവും ശ്വാസകോശ കാൻസറുമായി ഒരു ബന്ധവുമില്ല. ’’ കൊച്ചി അമൃത ഹോസ്പിറ്റലിലെ ഇന്റർവെൻഷനൽ പൾമണോളജിസ്റ്റ് ഡോ. ടിങ്കു
ജോസഫ് പറയുന്നു.

Tags:
  • Manorama Arogyam
  • Health Tips