Friday 20 August 2021 03:48 PM IST : By സ്വന്തം ലേഖകൻ

മറ്റു പനികളിൽ നിന്ന് കോവിഡ് പനിയെ എങ്ങനെ വേർതിരിച്ചറിയാം?

fevere343534

ഇപ്പോൾ ഏതുതരം പനി വന്നാലും കോവിഡ് ആണോ എന്ന ആശങ്കപ്പെടാത്തവരാരുമുണ്ടാകില്ല. ഉടനേ തന്നെ കോവിഡ് പരിശോധന നടത്താൻ പോകുന്നവരേയും കാണാം. മറ്റു പനികളിൽ നിന്ന് കോവിഡ് പനിയെ എങ്ങനെ വേർതിരിച്ചറിയാം?

കോവിഡ് സംശയിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. കോവിഡ് ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ (പ്രൈമറി കോണ്ടാക്ട്) സമ്പർക്കത്തിൽ വന്ന രണ്ടാമത്തെ വ്യക്തിയുമായി ഇടപഴകിയവർ (സെക്കൻഡറി കോണ്ടാക്ട്), കോവിഡ് ബാധിച്ച വ്യക്തിയുടെ വീട്ടിലെ ആൾക്കാർ, ആരോഗ്യപ്രവർത്തകർ, പൊതു ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, പൊതുചടങ്ങുകളിൽ പങ്കെടുത്തവർ Ð ഇത്തരക്കാർക്കാണ് പനി വരുന്നതെങ്കിൽ കോവിഡ് സാധ്യത സംശയിക്കാം. എന്നാൽ മറ്റൊരു ബന്ധങ്ങളുമില്ലാതെ വീട്ടിൽ സ്വസ്ഥമായിരിക്കുന്നവർക്ക് പനി വരുന്നത് പലപ്പോഴും കോവിഡ് ആവില്ല.

ചില സവിശേഷമായ ലക്ഷണങ്ങൾ കോവിഡിൽ നിന്നും മറ്റ് പനികളെ വേർതിരിച്ചറിയാൻ സഹായിക്കും. കോവിഡിൽ മിക്കപ്പോഴും ലക്ഷണങ്ങൾ തീവ്രമായിരിക്കില്ല. 80 ശതമാനം പേർക്കും ലഘുവായ ലക്ഷണങ്ങളായിരിക്കും. എന്നാൽ കടുത്ത പനി, തലവേദന, തീവ്രമായ ശരീരവേദന, അതിശക്തമായ പേശീവേദന ഇവയെല്ലാം ഡെങ്കിപ്പനിയുടെയോ ചിലപ്പോൾ എലിപ്പനിയുടേയോ സൂചനയാണ് നൽകുന്നത്. കോവിഡിൽ ഇത്രയും വേദനകൾ സാധാരണമല്ല. ഡെങ്കിപ്പനിയെക്കുറിച്ചു പറയുന്നത് ബ്രേക്ക് ബോൺ ഫീവർ അതായത് എല്ലു നുറുങ്ങുന്ന വേദന സമ്മാനിക്കുന്ന പനി എന്നാണ്. അതുപോലെ മണമറിയാനും രുചിയറിയാനുമുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നത് കോവിഡിന്റെ സവിശേഷ ലക്ഷണമായി പറയാം. രോഗം വന്ന ആദ്യഘട്ടത്തിലാവും ഇത്. എന്നാൽ എല്ലാവർക്കും ഈ ലക്ഷണം ഉണ്ടാകാറില്ല എന്നും ഓർക്കുക. പനിയുെട ആദ്യ ഘട്ടം കഴിയുമ്പോൾ ഈ ശേഷികൾ തിരിച്ചു കിട്ടുകയും ചെയ്യും. അതിനാൽ പലരും ഇത് അറിയാറുമില്ല.

പാരസെറ്റമോൾ കഴിക്കാം

പനി കുറയ്ക്കാൻ പാരസെറ്റമോൾ ഉപയോഗിക്കാം. ആന്റി പൈറൈറ്റിക് അഥവാ ശരീര താപനില കുറയ്ക്കുന്ന ഏറ്റവും സുരക്ഷിതമായ മരുന്നാണ് പാരസെറ്റമോൾ. ആരോഗ്യമുള്ള ഒരാൾക്ക് സാധാരണനിലയിൽ 500 മി.ഗ്രാമിന്റെ നാലു ഗുളിക വരെ ഒരു ദിവസം കഴിക്കാം. എന്നാൽ കരളിനു രോഗാവസ്ഥയുള്ളവർ പാരസെറ്റമോൾ കഴിക്കുന്നത് ഉചിതമായിരിക്കില്ല.

ഏതു ഘട്ടത്തിലായാലും പനി കുറയാതെ രണ്ടു മൂന്നു ദിവസത്തിലധികം നീണ്ടു നിൽക്കുക, പനിയും ക്ഷീണവും കൂടിവരുക തുടങ്ങിയ ലക്ഷണങ്ങളിൽ വിദഗ്ധ ചികിത്സ തേടുക.

Tags:
  • Manorama Arogyam
  • Health Tips