Monday 27 September 2021 11:32 AM IST : By സ്വന്തം ലേഖകൻ

സ്വർണത്തോടും അലർജി? പൊന്നണിയുന്നത് ചൊറിച്ചിലും ചെവി പഴുപ്പും വരുത്തിയാൽ...

gold-allergy

സൗന്ദര്യത്തിനു മാറ്റ് കൂട്ടാനായി നമ്മൾ അണിയുന്ന ആഭരണങ്ങൾ പ്രശ്നമുണ്ടാക്കിയാലോ? ആ അവസ്ഥയാണ് ആഭരണ അലർജി. ഇന്ന് കൈകളിലും കഴുത്തിലും മാത്രമല്ല പൊക്കിളിലും പുരികത്തിലും വരെ ആഭരണം ധരിക്കുന്നവർ ഉണ്ട്. അതിനാൽ തന്നെ ആഭരണ അലർജിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

∙ അലർജിക്കു കാരണം

ആഭരണങ്ങളിൽ ഉപയോഗിക്കുന്ന നിക്കൽ പോലുള്ള ലോഹങ്ങളാണ് സാധാരണയായി അലർജി ഉണ്ടാക്കുന്നത്. വിപണയിലുള്ള പല ആർട്ടിഫിഷ്യൽ ജ്വല്ലറികളും നിക്കൽ ഉപയോഗിച്ചു നിർമിച്ചവയാണ്. സ്വർണം പ്ലേറ്റ് െചയ്തു കിട്ടുന്നതും പലപ്പോഴും നിക്കൽ കൊണ്ടുള്ള ആഭരണങ്ങളുടെ പുറമേയാണ്. നിക്കൽ പോലെ തന്നെ കോബാൾട്ട്, ചെമ്പ്, പിത്തള എന്നിവയും വെള്ളിയും അലർജി ഉണ്ടാക്കാറുണ്ട്. ഈ ലോഹങ്ങൾ തന്നെയോ അല്ലെങ്കിൽ അവയിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളോ ആകാം അലർജിക്കു കാരണമാകുന്നത്. ശുദ്ധമായ സ്വർണം അലർജി പ്രശ്നങ്ങൾ പൊതുവെ ഉണ്ടാക്കാറില്ല. കാരണം സ്വർണം പ്രതിപ്രവർത്തനങ്ങളില്ലാത്ത അഥവാ ഇനേർട്ട് ലോഹമാണ്. സ്വർണം ധരിച്ചാൽ അലർജി ഉണ്ടാവുകയാണെങ്കിൽ പലപ്പോഴും അതിലടങ്ങിയിട്ടുള്ള മാലിന്യങ്ങളോ അശുദ്ധ കണികകളോ മൂലമാണ്.

∙ ഇറുക്കമുള്ളവ ധരിക്കുമ്പോൾ

ആഭരണങ്ങൾ ഇറുകി ത്വക്കിനോട് അടുത്ത് സ്പർശിച്ചു കിടക്കുന്ന ഭാഗങ്ങളിൽ അലർജി കൂടുതലായി കാണാം. ആ ഭാഗങ്ങളിലെ ചർമത്തിലുണ്ടാവുന്ന വിയർപ്പ് നീരാവിയായി പോകാതെ തങ്ങിനിന്ന് ആഭരണങ്ങളിലടങ്ങിയ രാസവസ്തുക്കൾ ലയിപ്പിച്ചു ചർമവുമായി കൂടുതൽ പ്രതിപ്രവർത്തനം ഉണ്ടാക്കുന്നതിനാലാണിത്. ആഭരണങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന നിക്കൽ പലപ്പോഴും സോഫ്ടി പിന്നുകൾ, ബ്രായുെട ക്ലിപ്പുകൾ, വാച്ച്ട്രാപ്പിന്റെ ക്ലിപ്പുകൾ എന്നിവയും ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. നിക്കലിനോട് അലർജി ഉള്ളവർക്ക് ഈ വസ്തുക്കളും ചർമത്തിൽ സ്പർശിക്കുന്ന ഭാഗങ്ങളിൽ അലർജി ഉണ്ടാവാം.

∙ അലർജി തിരിച്ചറിയാം

അലർജി ടെസ്റ്റുകൾ വഴി അലർജനുകളെ തിരിച്ചറിയാം. ആഭരണ അലർജിയിൽ ആഭരണം ചർമവുമായി സ്പർശിക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിലോ ചൊറിച്ചിലോടുകൂടിയ ചുവപ്പോ തടിപ്പോ പൊട്ടിയൊലിക്കുന്ന വ്രണങ്ങളോ ആയി പ്രത്യക്ഷപ്പെടാം. ഒരിക്കൽ എന്തിനോടെങ്കിലും അലർജി ഉണ്ടായാൽ അതു ജീവിതകാലം മുഴുവൻ നിലനിൽക്കും.

∙ ക്രീമുകൾ തേയ്ക്കാം

ഒഴിച്ചുകൂടാനാവാത്ത് അവസരങ്ങളിൽ വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ക്രീമുകൾ ഉപയോഗിച്ചു ചെറിയ അലർജികൾ കുറച്ചു സമയത്തോക്കു തടഞ്ഞു, ചില ആഭരണങ്ങൾ ഉപയോഗിക്കാം. പക്ഷേ ഇതു ഡോക്ടറുെട നിർദേശപ്രകാരം മാത്രമെ ഉപയോഗിക്കാവൂ. സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകൾ തുടർച്ചയായി ഉപയോഗിച്ചാൽ അതുകാരണം മറ്റ് പല പ്രശ്നങ്ങളും ഉണ്ടാവാം. അലർജിയുണ്ടാക്കുന്ന വസ്തുക്കളും ചർമവുമായി നേരിട്ടു സ്പർശിക്കുന്നതു തടയാൻ പറ്റിയ ബാരിയർ ക്രീമുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരു ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരം ഇവ ഉപയോഗിക്കാം. അതിലൂെട അലർജി ഉണ്ടാകുന്നതു താൽകാലികമായി തടയാം. അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ശാശ്വത പരിഹാരം.

മനോരമ ആരോഗ്യം ആർക്കൈവ്‌സ്

Tags:
  • Daily Life
  • Manorama Arogyam