മലയാളിയുടെ തനതു ഭക്ഷണ രീതിയുടെ അവിഭാജ്യഘടകമാണു നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിക്കുന്നതു പലപ്പോഴും വണ്ണം കൂടാനും മെലിച്ചിൽ മാറാനും ആണ്. എന്നാൽ പ്രഭാത ഭക്ഷണത്തിനു മുൻപേ ഒരു നേന്ത്രപ്പഴം (പുഴുങ്ങാതെ) വളരെ സാവധാനം ചവച്ചു കഴിക്കുന്നതിലൂടെ കാലത്തെ തന്നെ ശരീരത്തിന് അത്യാവശ്യം വേണ്ട ഊർജം കിട്ടുകയും ബാക്കി പ്രാതലിന്റെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇഡ്‌ലി/ദോശ – സാമ്പാർ, പുട്ട്/ഇടിയപ്പം – കടല/ചെറുപയർ/പീസ് കറി തുടങ്ങി മലയാളിയുടെ തനതു പ്രാതൽ രീതികൾ ഭാരം കുറയ്ക്കാൻ അനുയോജ്യമാണ്. എന്നാല്‍ അളവിൽ ശ്രദ്ധിക്കണം. കറികളിൽ ചേരുന്ന എണ്ണ, തേങ്ങ ഇവയുടെ അളവും നന്നേ കുറവായിരിക്കണം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തങ്ങളുടെ ഭക്ഷണം കടുകു വറുക്കുന്നതിനു മുൻപു തന്നെ മാറ്റി വയ്ക്കുക. വീട്ടിൽ കറികളില്‍ ഒരുപാടു തേങ്ങ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ അരപ്പു ചേർക്കുന്നതിനു മുൻപേ മാറ്റി വയ്ക്കുക. രുചിയ്ക്കായി മല്ലിയില, പുതിനയില, നാരങ്ങാ നീര്, കുരുമുളകു പൊടി മുതലായവ ഉപയോഗിക്കുക. വാങ്ങുന്ന മസാലപ്പൊടികളുടെ ഫൂഡ് ലേബൽ നോക്കി കാലറി മൂല്യം തിട്ടപ്പെടുത്തുക.
ഫാറ്റ് ഫ്രീ, നോ ആഡഡ് ഷുഗർ തുടങ്ങിയ ലേബലുകളോടു കൂടി വരുന്ന ബ്രേക് ഫാസ്‌റ്റ് സീറിയലുകളിൽ പലതും നല്ലവണ്ണം കാലറിയും സോഡിയവും ചേർന്നതാണ്. എപ്പോഴും ഫൂഡ് ലേബൽ നോക്കി മാത്രം വാങ്ങുക. ബ്രഡ്, വെള്ളയപ്പം, പാലപ്പം തുടങ്ങിയവ പൊതുവേ നന്നല്ല. മുളപ്പിച്ചവ വളരെ എളുപ്പമായി വീട്ടിൽ തന്നെ തയാറാക്കാം. പ്രത്യേകിച്ചു ചെറുപയർ. ഉപ്പുമാവും മറ്റും കഴിക്കുമ്പോൾ ഉപ്പുമാവിന്റെ അളവു കുറച്ചു പകരം മുളപ്പിച്ചവ കൂടി യോജിപ്പിച്ചു കഴിക്കാം. മുളപ്പിച്ചവയുടെ രുചി ഇഷ്ടമല്ലാത്തവർക്കു കുറച്ചു കറി കൂട്ടി കഴിച്ചു നോക്കാം...
ഡോ. മിനി ജി. പിള്ള
കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്‌റ്റ്
ലക്ഷ്മി ഹോസ്പിറ്റൽ , എറണാകുളം