Monday 06 September 2021 12:27 PM IST : By സ്വന്തം ലേഖകൻ

മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിപ്പ പകരാൻ സാധ്യത കുറയ്ക്കും ; എന്നാൽ ഈ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല: ഡോക്ടറുടെ കുറിപ്പ് വായിക്കാം

nipah546565

കേരളത്തിൽ മൂന്നാമതും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 2018ൽ കോഴിക്കോട് നിപ പൊട്ടി പുറപ്പെട്ടപ്പോൾ 19 പേർക്ക് രോഗബാധയുണ്ടാവുകയും 17 പേർ മരിക്കുകയും ചെയ്തു. 2019 ൽ എറണാകുളത്ത് ഒരാൾക്ക് നിപ ബാധിച്ചെങ്കിലും മരണമുണ്ടായില്ല. ഇപ്പോൾ കോഴിക്കോട് ഒരു മരണം സ്ഥിരീകരിച്ചിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ രോഗത്തെക്കുറിച്ചും രോഗം പരക്കുന്ന സാഹചര്യത്തെക്കുറിച്ചും രോഗം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോ. ബിജിൻ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം. 

കോവിഡുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ആളുകളിലേക്ക് പടർന്ന് പിടിക്കാൻ സാധ്യതയില്ലാത്ത രോഗമാണ് നിപ. അതുകൊണ്ടുതന്നെ അമിതമായി ഭയപ്പെടേണ്ട സാഹചര്യമില്ല.എല്ലാ ആളുകളും മാസ്കും സാനിറ്റൈസറും ഒക്കെ ഉപയോഗിക്കുന്നതുകൊണ്ട്  നിപ അധികം പരക്കാൻ സാധ്യത വളരെ കുറവാണ്. 

paramyxo virus ഗ്രൂപ്പിലാണ് നിപ്പ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുതായി ഉദയം ചെയ്തു വരുന്ന രോഗങ്ങളുടെ പട്ടികയിലാണ് ലോകാരോഗ്യസംഘടന നിപ്പ  വൈറസ് ബാധയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മലേഷ്യയിൽ kampung sungai Nipah എന്ന സ്ഥലത്താണ് മനുഷ്യരിൽ ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്.അതു കൊണ്ട് നിപ്പ  വൈറസെന്ന് നാമകരണം ചെയ്തു.

മനുഷ്യരിൽ ഗുരുതരമായ രോഗമുണ്ടാക്കുന്ന നിപ്പ  വൈറസിന്റെ സ്വാഭാവിക സംഭരണിയായി (reservoir)പ്രവർത്തിക്കുന്നത് പഴം തിന്ന് ജീവിക്കുന്ന വവ്വാലുകളാണ്(fruit eating bats/flying foxes of genus pteropus) . വവ്വാലുകളിൽ നിപ്പ  വൈറസ് രോഗമൊന്നും ഉണ്ടാക്കുന്നില്ല. വാവലുകളിൽ നിന്ന് പലവിധത്തിലാണ് മനുഷ്യരിലേക്ക് നിപ്പ  വൈറസ് എത്തിച്ചേരുന്നത്.

#വവ്വാലുകളിൽ നിന്ന് നേരിട്ട് (direct transmission)-. വവ്വാലുകളുടെ  സ്രവങ്ങൾ, മൂത്രം, മലം എന്നിവ കലർന്ന പഴവർഗ്ഗങ്ങളും മറ്റ് ഭക്ഷണ പദാർത്ഥങ്ങളും കഴിക്കുക വഴി

# മറ്റ് മൃഗങ്ങളിൽ നിന്ന്--വവ്വാലുകളിൽ നിന്ന് പന്നി, പശു, ആട് തുടങ്ങിയ ജീവികളിലെത്തി അവയിൽ നിന്ന് മനുഷ്യനിലേക്ക്.

# മനുഷ്യനിൽ നിന്നും മറ്റ് മനുഷ്യരിലേക്ക്... നേരിട്ടുള്ള സംമ്പർക്കത്തിലൂടെ- തുപ്പൽ, കഫം, മൂത്രം, മലം തുടങ്ങിയവ വഴി.

Incubation period- വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കാനുള്ള കാലയളവ് നാലാമത്തെ ദിവസം മുതൽ18 ദിവസം വരെയാണ്.

# രോഗലക്ഷണങ്ങൾ-

പനി, ചുമ, തൊണ്ടവേദന,ക്ഷീണം,തലവേദന, ചർദ്ദി, അസാധാരണമായ പെരുമാറ്റം,സ്ഥലകാല ബോധം നഷ്ടപ്പെടുക, അപസ്മാരം, ബോധക്ഷയം 

     മലേഷ്യയിൽ 1998 ലാണ് ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകവ്യാപകമായുണ്ടായ പാരിസ്ഥിതിക വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ എൽ നിനോ പ്രതിഭാസം കാരണം മലേഷ്യൻ കാടുകൾ കരിഞ്ഞുണങ്ങി. സ്വാഭാവികമായ ആവാസവവ്യവസ്ഥകൾ നഷ്ടപ്പെട്ട പഴവർഗ്ഗങ്ങൾ തിന്നു ജീവിക്കുന്ന വവ്വാലുകൾ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ചേക്കേറി. മലേഷ്യയിൽ പന്നിഫാമുകൾ ധാരാളമായുണ്ടായിരുന്ന കാലമായിരുന്നു അത്.പന്നി ഫാമുകളോടടുത്ത് കർഷകർ മാവു പോലുള്ള ഫലവൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചിരുന്നു.കുറച്ചു കാലം കഴിഞ്ഞപ്പോൾ പന്നികൾക്ക് പനിയും ശ്വാസകോശ സംബന്ധമായ അസുഖവും പിടി പെട്ട് തുടങ്ങി. .പന്നികളിൽ നിന്ന് മനുഷ്യർക്കും പനി പകർന്നു. ജാപ്പനീസ് എൻസഫലൈറ്റിസിന്റെ ലക്ഷണങ്ങളോട് സാത്മ്യമുള്ള ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിച്ചത്. വളർത്തു പന്നികളിൽ നിന്നാണ് മനുഷ്യരിലേക്ക് അണുബാധ ഉണ്ടായതെന്ന് സ്ഥിരീകരണമുണ്ടായി. അതോടെ ഒരു മില്യനിലധികം പന്നികളെ കശാപ്പ് ചെയ്ത് കുഴിച്ചു മൂടേണ്ട സാഹചര്യമുണ്ടായി.പന്നികളിൽ നിന്ന് ജാപ്പനീസ് എൻസഫലൈറ്റിസ് മനുഷ്യനിലെത്തുന്നതിന്  കാരണമാകുന്നത്  കൊതുകുകളാണെന്ന അറിവിന്റെ അടിസ്ഥാനത്തിൽ കൊതുകു നശീകരണ  പ്രവർത്തനങ്ങളിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചത്.പിന്നീടാണ് Nipah വൈസ് ബാധയാണ് കാരണമെന്നും പഴം തിന്നുന്ന വവ്വാലുകളാണ് ഇതിന്റെ സംഭരണികളെന്നും(reservoir) കണ്ടെത്തിയത്.വവ്വാലുകൾ തിന്ന മാമ്പഴത്തിന്റെയും മറ്റും ഭാഗങ്ങൾ തിന്ന് പന്നികൾക്ക് അസുഖം പിടിച്ചു.

       2001 ൽ ബംഗ്ലാദേശിലും സമാനമായ ലക്ഷണങ്ങളോട് കൂടിയ പനി പടർന്നു.ഇന്ത്യയിൽ പശ്ചിമബംഗാളിൽ ബംഗ്ലാദേശിന്റെ അതിർത്തിപ്രദേശമായ സിലിഗുരിയിലും ഇതേ സമയത്ത് Nipah വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. പനി പിടിപെട്ട 75% ആളുകളും മരണത്തിന് കീഴ്പ്പെടുന്ന അവസ്ഥയുണ്ടായി. വവ്വാലകളുടെ ശരീര സ്രവങ്ങൾ കലർന്ന അസംസ്കൃതമായ ഈന്തപ്പഴച്ചാറും പനങ്കള്ളും കഴിക്കുന്നതാണ് ഇവിടങ്ങളിൽ നിപ്പ  വൈറസ് മനുഷ്യരിലേക്ക് പകരാൻ കാരണമെന്ന് കണ്ടെത്തി.2007 ൽ സിലിഗുരിയിലും പശ്ചിമബംഗാളിലെ തന്നെ നാഡിയ ജില്ലയിലും നിപ്പ  virus ബാധ ഉണ്ടായി. ഇന്ത്യയിൽ ആകെ 71 കേസുകൾ സ്ഥിരീകരിക്കപ്പെടുകയും 54 മരണങ്ങൾ സംഭവിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

        ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് പഴം തിന്ന് ജീവിക്കുന്ന വവ്വാലുകളുടെ പ്രജനന കാലം..ഈ കാലത്ത് അവയുടെ ശരീര സ്രവങ്ങൾ കൂടുതലായിരിക്കും.അതുകൊണ്ട് ഈ കാലത്ത് കൂടുതലായി വൈറസ് പരക്കാൻ സാധ്യതയുണ്ട്.എല്ലാ വവ്വാലുകളിലും നിപ്പ  വൈറസ് ഉണ്ടാകണമെന്ന് നിർബന്ധമില്ലതാനും. വവ്വാലിന്റെ സ്രവങ്ങളിലുള്ള വൈറസിന്റെ എണ്ണം (viral load),ഓരോ മനുഷ്യരുടേയും രോഗ പ്രതിരോധ ശേഷി എന്നിവയൊക്കെ രോഗത്തിന്റെ ആവിർഭാവത്തെ സ്വാധീനിക്കും.അതായത് വവ്വാൽ കടിച്ച പഴത്തിന്റെ ബാക്കി തിന്ന എല്ലാവർക്കും നിപ്പ  വൈറസ് ബാധ ഉണ്ടാകണമെന്നില്ല.

          2018 മെയ് അഞ്ചിനാണ് കേരളത്തിൽ ആദ്യമായി നിപ്പ  വൈറസ് മൂലമെന്ന് സംശയിക്കുന്ന ആദ്യ മരണം കോഴിക്കോടുണ്ടായത്. നിപ്പ  വൈറസ് പനി കേരളത്തിൽ മുൻപ് റിപ്പോർട്ട് ചെയ്യപ്പെടാത്തതു കൊണ്ട് അത്തരത്തിലുള്ള സാധ്യതയെക്കുറിച്ച് ഡോക്ടർമാർ ചിന്തിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മരണം സംഭവിച്ചയാളുടെ സഹോദരനും സമാനമായ ലക്ഷണങ്ങളോട് കൂടിയ പനിയുണ്ടായപ്പോഴാണ് നിപ്പ  വൈറസ് ബാധ അറിയാനുള്ള പരിശോധനകൾ നടത്തിയത്.രണ്ടാമത്തെ കേസിൽ തന്നെ അപൂർവ്വമായ രോഗത്തെ കണ്ടെത്താനായത് നമ്മുടെ ഡോക്ടർമാരുടെ ക്ലിനിക്കൽ മികവ്  കൊണ്ടാണ്. നിപ്പ  വൈറസ് സാധ്യതയെ കുറിച്ച് വിവരം കിട്ടിയ ഉടൻ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ   ഗവൺമെന്റ് മേഖലയിലേയും സ്വകാര്യ മേഖലയിലേയും വിദഗ്‌ധരെ ഒരുമിച്ച് ചേർത്ത് സത്വരവും ആസൂത്രിതവുമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

    അന്ന് 19 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ17 പേർ മരണപ്പെട്ടുവെന്നത് ഈ രോഗത്തിന്റെ സംഹാര ശേഷിയെ സൂചിപ്പിക്കുന്നു.2018 ൽ Nipah വൈറസ് സ്ഥിരീകരിച്ച 3 പേരെ പ്രാഥമികമായി പരിശോധിക്കുന്നതിനും ചികിത്സ നൽകുന്നതിനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്.ഈ വൈറസ് പനി സംശയിക്കുന്ന മറ്റ് പലരേയും കാണാൻ സാഹചര്യമുണ്ടായിട്ടുണ്ട്.

    രോഗ നിർണയം

-- രക്തം, മൂത്രം, തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശരീര സ്രവങ്ങൾ, നട്ടെല്ല് കുത്തിയെടുക്കുന്ന ദ്രാവകം(CSF) എന്നിവ ഉപയോഗിച്ച് RT-PCR(Real time polymerise chain reaction) വഴിയാണ് പ്രധാനമായും വൈറസിനെ തിരിച്ചറിയുന്നത്.

രോഗം പുരോഗമിക്കുന്ന ഘട്ടത്തിൽ ELISA ടെസ്റ്റ് വഴിയും രോഗം കണ്ടെത്താം.

Histopathological  പരിശോധനകളും രോഗ നിർണയത്തിന് ഉപയോഗിച്ചു വരുന്നു.

ചികിത്സാ സാധ്യതകൾ

പ്രധാനമായും ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും(symptomatic) ശരീരത്തെ താങ്ങി നിർത്തുന്ന്(supportive) ചികിത്സയുമാണുള്ളത്.

ഉദാ: പനി കുറക്കാൻ പാരസറ്റോമോൾ,

അപസ്മാരത്തിന് അതിന്റെ മരുന്നുകൾ, ശ്വാസം മുട്ടലിന് ഓക്സിജൻ കൊടുക്കുക, വെന്റിലേറ്ററിലിടുക എന്നിങ്ങനെ.

Ribavirin എന്ന antiviral മരുന്ന് ചികിത്സയിൽ ഉപയോഗിച്ചു വരുന്നു. പൂർണ്ണമായും ഫലമുണ്ടാകുമെന്ന് ഉറപ്പു പറയാനാകില്ല.

സ്റ്റിറോയ്ഡുകൾ, ആന്റി പ്ലേറ്റ്ലറ്റ് മരുന്നുകൾ എന്നിവയും ഗുണപരമായ ഫലങ്ങൾ നൽകുന്നുണ്ട്.ചികിത്സ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാനാകാത്തത് കൊണ്ട് Nipah വൈറസ് പകർച്ച തടയലാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

1. പരിഭ്രാന്തരാകരുത്.നിതാന്ത ജാഗ്രതയും പരസ്പരമുള്ള കരുതലുമാണ് ആവശ്യമായിട്ടുള്ളത്.

2.  വ്യാജചികിത്സകരുടേയും മുതലെടുപ്പുകാരുടെയും പ്രചാരണങ്ങളിൽ വശംവദരാകരുത്. 

3. ആരോഗ്യരംഗത്തെ വിദദ്ധരുടെ നിർദ്ദേശങ്ങൾക്കാണ് ജനങ്ങൾ ചെവികൊടുക്കേണ്ടത്.

4. വാവലുകൾ കടിച്ച പഴങ്ങൾ കഴിക്കരുത്. വവ്വാലിന്റെ സ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള കള്ള്, വാഴക്കൂമ്പ് എന്നിവയൊക്കെ തൽക്കാലം ഒഴിവാക്കാം.

5. വാവലിനെ പേടിച്ച് അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കരുത്.അങ്ങനെ ചെയ്താൽ അവ പുതിയ താമസ സ്ഥലം തേടി നിങ്ങളുടെ വീട്ടിലും പരിസരത്തുമെത്താൻ

സാധ്യതയേറെയാണ്.

6. വവ്വാൽ ഉൻമൂലനം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമല്ല. വവ്വാലുകൾ സസ്യങ്ങളുടെ പരാഗണം,വിത്തുകളുടെ വിതരണം തുടങ്ങി പരിസ്ഥിതിയുടെ സംതുലനം നില നിർത്തുന്നതിൽ തങ്ങളുടേതായ പങ്കു വഹിക്കുന്നവയാണ്.

7. വവ്വാലുകളുടെ മൂത്രം, മലം, ശരീര സ്രവങ്ങൾ എന്നിവ  കലരാതിരിക്കാൻ ഭക്ഷണ പദാർത്ഥങ്ങൾ അടച്ചു വെക്കുക.

8. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

9. നിപ വൈറസ് ബാധയുള്ളവരും സംശയത്തിലുള്ളവരുമായി അടുത്തിടപഴകാതിരിക്കുക. അത്യാവശ്യമായി വന്നാൽ ഗ്ലൗസ് ,മാസ്ക് തുടങ്ങിയ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുക.മിനിമം ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക.

10. രോഗികളെ മറ്റുള്ളവരുമായി സംമ്പർക്കം വരാത്ത രീതിയിൽ പാർപ്പിക്കുക.

11. രോഗിയെ തൊട്ടാൽ സോപ്പും ആന്റി സെപ്റ്റിക് ലായനിയും ഉപയോഗിച്ച് കഴുകുക. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകമായി അലക്കുക.

12 .മരിച്ച രോഗികളുടെ മൃതദേഹം ചുംബിക്കരുത്. മൃതദേഹം കൈകാര്യം ചെയ്യുന്നയാളുകൾ നന്നായി സോപ്പുപയോഗിച്ച് കുളിക്കുക.

13. ആരോഗ്യരക്ഷാ പ്രവർത്തകർ സാർവത്രിക മുൻകരുതലുകൾ(universal precautions) സ്വീകരിക്കുക.

14.കക്ഷി രാഷ്ട്രീയഭേദമന്യേ നാനാവിഭാഗം ആളുകളും ഈ പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ച് നിൽക്കണം.

15. എല്ലാ വൈദ്യശാസ്ത്ര ശാഖകളേയും ഒരുമിച്ച് ചേർത്ത് സംയോജിതമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവുമെല്ലാം ഏകോപിപ്പിക്കണം.

16. ഊരും പേരുമില്ലാത്ത, തെറ്റിദ്ധാരണാജനകമായ, maximum share ആവശ്യപ്പെടുന്ന വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

17.നിപ്പ  വൈറസിന് അമിതമായ പ്രാധാന്യം കൊടുത്ത് മറ്റ് പകർച്ചവ്യാധികളെ അവഗണിക്കാതിരിക്കുക. ഡെങ്കിപ്പനി, മലേറിയ,എലിപ്പനി,മഞ്ഞപ്പിത്തം എന്നിവയൊക്കെ പടർന്നു പിടിക്കുന്ന കാലം കൂടിയാണിത്.

Dr.Bijin joseph

family medicine resident,

KIMS HEALTH , Trivandrum.

Tags:
  • Manorama Arogyam
  • Health Tips