Tuesday 16 November 2021 05:05 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കുടിക്കുന്നത് മാത്രമല്ല പാത്രം കഴുകേണ്ടതും തിളപ്പിച്ച വെള്ളത്തിൽ: നോറോ വൈറസിനെ നേരിടാൻ ചെയ്യേണ്ടത്

noror3543

വയനാട്ടിൽ 13 പേർക്ക് നോറോവൈറസ് ബാധയെന്ന വാർത്ത ആളുകളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്താണ് നോറോ വൈറസ്? ഇത് എത്രമാത്രം മാരകമാണ്? കോലഞ്ചേരി എംഒഎസ്‌സി മെഡി. കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി. എസ് ഫ്രാൻസിസ് പറയുന്നു.

ഒരു കൂട്ടം എന്ററിക് വൈറസുകളിൽ (കുടലുമായി ബന്ധപ്പെട്ടുള്ള തരം) ഒന്നാണ് നോറോ വൈറസ്. കുഞ്ഞുങ്ങളിൽ ഛർദിക്കും വയറിളക്കത്തിനും കാരണമാകുന്ന റോട്ടോവൈറസിനു സമാനമായ ഒന്ന്. മനംമറിച്ചിൽ, ഛർദി, വയറിളക്കം, ശരീരവേദന, നേരിയ പനി എന്നിവയൊക്കെയാണ് സാധാരണ ഉണ്ടാകുന്ന ലക്ഷണങ്ങൾ. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാരിലുമാണ് സാധാരണ ഈ വൈറസ്ബാധ കാണുന്നത്.

നമുക്ക് അറിയാവുന്ന നോറോ വൈറസ് സ്ട്രെയിൻ ആഗോളമായി പടരാൻപോന്നത്ര തീവ്രതയുള്ളതോ (Pandemic potential) മാരകമോ ആയ രോഗമൊന്നുമല്ല. ആരംഭത്തിലേ രോഗം ഇന്നതാണെന്നു തിരിച്ചറിഞ്ഞാൽ ഒആർഎസ് ലായനി നൽകി നിർജലീകരണം തടഞ്ഞും ലക്ഷണമനുസരിച്ചുള്ള മറ്റു ചികിത്സകളും വഴി രോഗം സുഖമാക്കാവുന്നതേയുള്ളൂ. എന്നാൽ പോഷകദൗർലഭ്യമുള്ള, ജനവിഭാഗങ്ങളിൽ നോറോവൈറസ് ബാധ രൂക്ഷമായേക്കാം.

ഇതു വായുവിലൂടെയോ സ്രവകണങ്ങളിലൂടെയോ പകരുന്ന വൈറസ് അല്ലാത്തതിനാൽ രോഗബാധ നിയന്ത്രിക്കാൻ എളുപ്പമാണ്. രോഗിയുമായി നേരിട്ട് ഇടപഴകുന്നതു വഴിയോ മലിനമായ ജലവും ഭക്ഷണവും വഴിയോ ഒക്കെയാണ് പ്രധാനമായും രോഗം പകരുന്നത്. രോഗനിയന്ത്രണത്തിന് ഏറ്റവും വേണ്ടത് ശുചിത്വമാണ്. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക, ശുദ്ധജലം ലഭിക്കാൻ പ്രയാസമുള്ളിടങ്ങളിൽ ഉള്ളവർ ഭക്ഷണം വിളമ്പും മുൻപ് പാത്രവും സ്പൂണും കയ്യും ഒക്കെ തിളപ്പിച്ച വെള്ളത്തിൽ മുക്കി കഴുകുക, കഴിവതും , നാരങ്ങാവെള്ളം , ജ്യൂസ്, മറ്റ് ശീതളപാനീയങ്ങൾ എന്നിവ വൃത്തിയില്ലാത്തിടങ്ങളിൽ നിന്നും വാങ്ങിക്കുടിക്കാതിരിക്കുക എന്നിവയൊക്കെ വൈറസ് ശരീരത്തിലെത്താതെ തടയും. ക്ലോറിനേഷൻ വഴി ഈ വൈറസിനെ നശിപ്പിക്കാനാകാത്തതിനാൽ ക്ലോറിനേറ്റ് ചെയ്ത് വെള്ളമാണെങ്കിലും തിളപ്പിച്ച് തന്നെ കുടിക്കുക.

ഐസ്ക്രീം, ഐസിങ് വച്ച കേക്ക്, തുറന്നുവച്ച് വിൽക്കുന്ന ഭക്ഷണം, വേവിക്കാത്ത ഭക്ഷണം എന്നിവയൊക്കെ കഴിവതും ഒഴിവാക്കണം.

വെള്ളപ്പൊക്കത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഈ രോഗം പടരാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കി കുളി പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് കഴിയുന്നത്ര ശുദ്ധജലം ഉപയോഗിക്കുക. പ്രത്യേകിച്ച് കൊച്ചുകുട്ടികളെ കുളിപ്പിക്കുമ്പോൾ വെള്ളം കുറച്ച് കുടിച്ചുപോകാനൊക്കെ സാധ്യതയുണ്ടല്ലൊ.

അമേരിക്കൻ വിദഗ്ധ ആരോഗ്യസമിതിയായ സിഡിസിയുടെ നിരീക്ഷണം അനുസരിച്ച് ആഗോളതലത്തിൽ അഞ്ച് അക്യൂട്ട് ഗ്യാസ്ട്രോഎന്ററൈറ്റിസ് രോഗികളെ എടുത്താൽ അതിൽ ഒരെണ്ണം നോറോവൈറസ് ബാധ മൂലമുള്ളതായിരിക്കും.

Tags:
  • Daily Life
  • Manorama Arogyam