Wednesday 08 September 2021 05:42 PM IST : By സ്വന്തം ലേഖകൻ

വറുക്കാനും പൊരിക്കാനും വെളിച്ചെണ്ണ; സാധാരണ പാചകത്തിന് തവിടെണ്ണ: കൊളസ്ട്രോൾ കൂടാതിരിക്കാൻ എണ്ണ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്

hearte2342

എണ്ണകളാണ് കൊളസ്ട്രോളിന്റെ അളവും ദോഷവും കൂട്ടുന്നത് -യാഥാർത്ഥ്യം എന്ത്? വെളിച്ചെണ്ണ അപകടകാരിയാണോ?

നമ്മൾ കഴിക്കുന്ന ആഹാരസാധനങ്ങളിൽ ഏറ്റവും ഊർജ്ജ സാന്ദ്രമാണ് പാചക എണ്ണ. ഒരു നല്ല പാചക എണ്ണയ്ക്ക് വേണ്ട ഗുണങ്ങൾ: കുറഞ്ഞ പൂരിത കൊഴുപ്പ്, ഏക പൂരിത കൊഴുപ്പും അപൂരിത കൊഴുപ്പും തമ്മിലുള്ള അനുപാതം 1ഃ1, കുറഞ്ഞ ഒമേഗ6/ഒമേഗ 3 അനുപാതം, ഉയർന്ന സ്മോക്ക് പോയിന്റ്, രുചിയും മണവും, വിലക്കുറവ്, വളരെ റിഫൈൻഡ് അല്ലാത്ത രൂപത്തിലുള്ള ലഭ്യത, ഗുണകരമായ മറ്റു ഘടകങ്ങൾ, ആഹാര രീതിയോടുള്ള ചേർച്ച, ഗവേഷണങ്ങളിൽ ഗുണകരമാണെന്ന് തെളിവ് എന്നതൊക്കെയാണ്. ഇതൊക്കെ ചേർന്നുള്ള ഒരു പാചക എണ്ണ ലഭിക്കാൻ എളുപ്പമല്ലല്ലോ.

∙ഒലിവെണ്ണ ഹൃദ്രോഗമുള്ളവരിൽ ഗുണകരം ആണെന്നതിന് പല പഠനങ്ങളും ഉണ്ട്. അതിൽ ഏക പൂരിതകൊഴുപ്പ് കൂടുതലുണ്ട്, പൂരിത കൊഴുപ്പ് കുറവാണ്. പക്ഷേ സ്മോക്ക് പോയിന്റ് കുറവായതിനാൽ വറുക്കാൻ യോജിച്ചതല്ല. ഒമേഗ 6/ഒമേഗ 3 അനുപാതം കൂടുതലുമാണ്.

∙ വെളിച്ചെണ്ണയ്ക്ക് ഉയർന്ന സ്മോക്ക് പോയിന്റായതു കൊണ്ട് വറുക്കാൻ നല്ലതാണ്, രുചിയുണ്ട്, ഒമേഗ6/ഒമേഗ 3 അനുപാതം നല്ലതാണ്. മീഡിയം ചെയിൻ ഫാറ്റി ആസി‍ഡ് ആണ് അധികം എന്ന മെച്ചങ്ങളുണ്ടെങ്കിലും പൂരിതകൊഴുപ്പ് കൂടുതലാണ്. കേരളത്തിൽ നിന്നുള്ള ചില പഠനങ്ങളിൽ പൂരിതക്കൊഴുപ്പ് കൂടുതലുണ്ടെങ്കിലും അത് കൊളസ്ട്രോൾ അധികം വർധിപ്പിക്കില്ല എന്ന സൂചനകൾ ഉണ്ട്.

∙സൺഫ്ലവർ ഓയിലിൽ അപൂരിത കൊഴുപ്പ് കൂടുതലും പൂരിത കൊഴുപ്പ് കുറവും ആണെങ്കിലും ഒമേഗ 6/3 അനുപാതം കൂടുതലുമാണ് എന്നത് ദോഷമാണ്.

∙കടലയെണ്ണയിൽ ആവട്ടെ ഏക പൂരിതക്കൊഴുപ്പും അപൂരിതക്കൊഴുപ്പും ധാരാളം ഉണ്ടെങ്കിലും പൂരിതക്കൊഴുപ്പും ഒട്ടും കുറവല്ല. മാത്രമല്ല, രുചിയുള്ളതാണെങ്കിലും ഒമേഗ 6/3 അനുപാതം കൂടുതലുമാണ്. അധികവും റിഫൈൻഡ് ആയിട്ടാണ് കിട്ടുന്നത്.

∙പാമോയിൽ രുചി നല്ലതാണെങ്കിലും പൂരിത കൊഴുപ്പ് കൂടുതൽ ആണ്. ∙തവിടെണ്ണയിൽ ഏക പൂരിത കൊഴുപ്പും അപൂരിതക്കൊഴുപ്പും കൂടുതലുണ്ട്, രുചിയുണ്ട്, സ്മോക്ക് പായിന്റ് കൂടുതലായതുകൊണ്ട് വറുക്കാൻ ഉപയോഗിക്കാം. പക്ഷേ ഒമേഗ 6/3 അനുപാതം കൂടുതലാണെന്ന ദോഷമുണ്ട്.

മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ പരിഗണിച്ചാൽ വറുത്തു പൊരിക്കുന്നത് വെളിച്ചെണ്ണയിലും, താഴ്ന്ന ചൂടിലുള്ള പാചകത്തിന് ഒലിവെണ്ണയും സാധാരണ പാചകത്തിന് തവിടെണ്ണയും ഉപയോഗിക്കുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാമെന്നതുകൊണ്ട് നിങ്ങളുടെ ഡോക്ടറുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയായിരിക്കും അഭികാമ്യം.

ഭക്ഷണനിയന്ത്രണം എത്രമാത്രം പ്രധാനമാണ്?

ഭക്ഷണ ക്രമീകരണം കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പൂരിത കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയ ഭക്ഷണങ്ങൾ കുറച്ചും, മത്സ്യവും നാരുകൾ കൂടുതൽ അടങ്ങിയ ആഹാരങ്ങളും, പഴവർഗങ്ങളും പച്ചക്കറികളും കൂടുതൽ ഉപയോഗിച്ചും, വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കിയും കൊളസ്ട്രോൾ നില ഒരു അളവു വരെ കുറയ്ക്കുവാന്‍ സാധിക്കും.

ഡോ. സുജയ് രംഗ

സീനിയർ ഇന്റർവെൻഷനൽ

കാർഡിയോളജിസ്റ്റ്,

എൻ.എസ്. ഹോസ്പിറ്റൽ,

കൊല്ലം

Tags:
  • Manorama Arogyam
  • Diet Tips