Saturday 18 December 2021 04:03 PM IST : By ഡോ. എ. നിർമല

കാർട്ടൂൺ കാണുന്ന താൽപര്യത്തോടെ കുഞ്ഞ് ഒാൺലൈൻ ക്ലാസ്സിൽ ഇരിക്കില്ല; ഒാൺലൈൻ പഠനം വിജയകരമാകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

parentstips234

കോവിഡ് സമയത്ത് കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ പറ്റാത്തതിന്റെയും കൂട്ടുകാരെ കാണാൻ പറ്റാത്തതിന്റെയും വീട്ടിനു വെളിയിൽ ഇറങ്ങുവാൻ പറ്റാത്തതിന്റെയും മാനസിക സമ്മർദം. അതിലും പതിന്മടങ്ങാണ് മാതാപിതാക്കളുടെ മാനസികസമ്മർദമെന്ന് അവരും സമ്മതിക്കുന്നു.

വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കണം, പാചകത്തിന് സഹായിക്കുവാൻ ജോലിക്കാരി വരുന്നില്ല, ആഹാരം പാചകം ചെയ്ത്, വീട് വൃത്തിയാക്കിയിട്ടു വേണം, ഓഫീസിൽ പോകുവാൻ, ഓഫീസിൽ ചെല്ലുമ്പോഴോ, മക്കളെ ഒറ്റയ്ക്ക് വീട്ടിൽ ഇരുത്തിയിട്ടു വരുന്നതിന്റെ ടെൻഷൻ, ഓൺലൈൻ ക്ലാസ് സമയത്ത് കുട്ടികൾ അറ്റന്റ് ചെയ്യുന്നുവോ, സ്ക്രീൻ ഓൺ ആക്കി തന്നെയാണോ ക്ലാസിൽ ഇരുന്നത്, ക്ലാസ് കഴിഞ്ഞ് വേറെ എന്തൊക്കെ ചെയ്യുന്നു. “അങ്ങനെ ഒന്നിനു പുറകെ ചിന്തിച്ചു ചിന്തിച്ചു എന്റെ മാനസികനില തന്നെ തെറ്റുമെന്നു തോന്നുന്നു എന്ന് രക്ഷിതാവായ ലീന പറഞ്ഞു.  

വേറെ ചിലർക്ക് കുട്ടികളുടെ ക്ലാസ് വൈകുന്നേരമാക്കിയതിന്റെ ടെൻഷൻ. ജോലി കഴിഞ്ഞു ക്ഷീണിച്ച് വീട്ടിൽ എത്തിയ ഉടനെ ഒട്ടും വിശ്രമിക്കുവാൻ അവസരമില്ല. 1–ാം ക്ലാസുകാരന്റെ ഓൺലൈൻ ക്ലാസിൽ കൂടെ ഇരിക്കണം. കൂടെ ഇരുന്നില്ലെങ്കിൽ കുട്ടി ഓടും. ടീച്ചർ പറയുന്നതൊക്കെ കേട്ട്, ഒരു ഒന്നാംക്ലാസുകാരനായി കൂടെത്തന്നെ ഇരിക്കണം.

ചെറിയ ക്ലാസുകളിൽ 5–ാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ് ലൈവ് കൊടുക്കേണ്ട ആവശ്യമില്ല. അഥവാ കൊടുത്താലും ഒപ്പം തന്നെ റെക്കോർഡഡ് ക്ലാസും കൂടി ടീച്ചർ അയച്ചാൽ രക്ഷിതാവിന് എളുപ്പമാകും. ജോലി കഴിഞ്ഞ് ഇഷ്ടമുള്ള സമയത്ത് കുട്ടിക്ക് കാണിച്ചു കൊടുക്കാം. രക്ഷിതാവിന്റെ മാനസികസമ്മർദം നല്ലതുപോലെ കുറഞ്ഞു കിട്ടും. മാത്രമല്ല, റെക്കോർഡഡ് ക്ലാസ് വീണ്ടും വീണ്ടും കുട്ടികൾക്ക് കാണാവുന്നതുകൊണ്ട് പഠിപ്പിച്ചതിൽ സംശയം ഉണ്ടെങ്കിൽ കുഞ്ഞുക്കൾക്ക് കാണാം. മാതാപിതാക്കൾക്കും സാവകാശം ഉണ്ട്; മാനസികപിരിമുറുക്കം കുറയും.

പിന്നെ ചിലർക്ക് പ്രത്യേകിച്ച് എഴുതിത്തുടങ്ങുന്നവർക്ക്, കുഞ്ഞിനെ എഴുതിപ്പിക്കുവാൻ പ്രയാസം, പെൻസിൽ പിടിക്കുന്നില്ല, ഒട്ടും നേരം ഇരിക്കുന്നില്ല, കുഞ്ഞ് ഇറങ്ങി ഓടുന്നു, എന്നൊക്കെയുള്ള പരാതിയാണ്. കൊച്ചു കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ് വളരെ കുറവാണ്. പ്രായം ഏറുന്നത് അനുസരിച്ച് ഏറിവരികയേ ഉള്ളൂ.

ഒറ്റയടിക്ക് പഠിപ്പിക്കണമെന്ന വാശി വേണ്ട

 കുട്ടിയെ ക്ലാസിൽ ഇരുത്തുന്നതിനു മുമ്പ് ആഹാരം ഒക്കെ കഴിച്ച് നല്ല സമചിത്തതയോടെ വേണം പഠിപ്പിക്കുവാൻ ഇരുത്താൻ. ടീച്ചറുടെ ഒരു പീരിഡ് ചിലപ്പോൾ 25 മിനിറ്റോ 30 മിനിറ്റോ കാണുമായിരിക്കും. പക്ഷേ, കുട്ടിയെ അത് ഒറ്റയടിക്ക് പഠിപ്പിച്ച് കളയാമെന്ന് അച്ഛനും അമ്മയും വാശി പിടിക്കരുത്. ആദ്യം 5 മിനിറ്റ് പിന്നെ 10 മിനിറ്റ് അങ്ങനെ ക്രമേണ ക്രമേണ വേണം സമയം കൂട്ടുവാൻ. പിന്നെ കുഞ്ഞ് കാർട്ടൂൺ കാണുന്ന താൽപര്യത്തോടെ ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കുമെന്ന ധാരണയും ശരിയല്ല. നിർബന്ധിച്ച് ദേഷ്യപ്പെട്ട് ക്ലാസ് കാണിപ്പിക്കരുത്. ക്ലാസിനോടു തന്നെ വിരക്തിയാകും.

ക്ലാസിനോടൊപ്പം തന്നെ കുട്ടികൾക്ക് ഇഷ്ടമുള്ള പാഠ്യേതര പ്രവർത്തനങ്ങളും കൊടുക്കണം. വായിക്കുവാനായി ബുക്കുകൾ കൊടുക്കാം. കൊച്ചു കുട്ടികൾക്ക് കഥകൾ പറഞ്ഞ് കൊടുക്കാം. അതുപോലെ സകുടുംബത്തോടെ വ്യായാമത്തിലും പങ്കെടുക്കണം. യോഗ ചെയ്യുന്നത് എല്ലാവരുടേയും മാനസികപിരിമുറുക്കം ഇല്ലാതാക്കും.

വീട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും പാചകങ്ങളിലും കൃഷിയിലും വീട് വൃത്തിയാക്കുന്നതിലും കുട്ടിയെ ഒപ്പം കൂട്ടുക. കുഞ്ഞ് സഹായിച്ച് കഴിയുമ്പോൾ നന്ദി പറഞ്ഞ് പ്രോത്സാഹനം കൊടുക്കുകയും വേണം.

ക്ഷമാശീലം വളർത്തുവാനും, പ്രായോഗിക ബുദ്ധിവികാസം നടത്തുന്നതിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ മുൻപന്തിയിൽ വരുന്നുണ്ടെന്ന് മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു. ചില രക്ഷിതാക്കൾ  വീട്ടിലിരുന്നു തന്നെ ഓൺലൈൻ വർക്ക് ചെയ്യുന്നവർ ആയിരിക്കും. അവർക്കും  അവരുടേതായ സമ്മർദം ഏറെ. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ട്, പോംവഴികളും ഉണ്ട്. മാതാപിതാക്കള്‍ ഒരു പ്രശ്നത്തെ എങ്ങനെയാണ് നേരിടുന്നതെന്ന് കണ്ടാണ് കുഞ്ഞുങ്ങളും പഠിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും
സമയം നിശ്ചയിക്കണം. കണക്കു കൂട്ടി സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കണം.

അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന മാനസികസമ്മർദം കുട്ടികളുമായി തുറന്നു ചർച്ച ചെയ്യണം. തുറന്നു സംസാരിക്കുമ്പോഴേ  കുട്ടികൾക്കും കാര്യം മനസ്സിലാവുകയുള്ളൂ. ഓഫീസിലെ പ്രയാസം, വീട്ടിലെ ജോലിക്കൂടുതൽ എല്ലാം കുട്ടികളോടു പറയാതെയിരുന്നാൽ  അവർ മനസ്സിലാക്കുകയില്ല. “കുഞ്ഞല്ലേ! അവർ എന്തു മനസ്സിലാക്കുവാൻ’ എന്ന തോന്നൽ വേണ്ട,

ധാരാളം വെള്ളം കുടിക്കുന്നതും ഇഷ്ടപ്പെട്ട വിനോദത്തിൽ ഏർപ്പെടുന്നതും ഇഷ്ടപ്പെട്ട വ്യക്തികളോട് ഫോണിൽ സംസാരിക്കുന്നതും പാട്ട് കേൾക്കുന്നതും ബുക്കുകൾ  വായിക്കുന്നതും, മാനസികസമ്മർദം കുറയ്ക്കുവാൻ സഹായിക്കും. എല്ലാപേർക്കും ദൈവം 24 മണിക്കൂർ അല്ലേ തരുന്നുള്ളൂ.  സമയബന്ധിതമായി, ദൃഢനിശ്ചയത്തോടെ, ശുഭാപ്തി വിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുക, നാം കൂടുതൽ ഊർജ്ജസ്വലരായിത്തീരും.

ആനന്ദകരമായി സമയം പങ്കിടാം

പ്രയാസം നിറഞ്ഞ സാഹചര്യങ്ങളെ നേരിടുമ്പോൾ മാത്രമേ, ജീവിതത്തിൽ കരുത്ത് നേടുകയുള്ളൂ. കരുത്ത് നേടുക വഴി നമുക്ക് നമ്മിലുള്ള വിശ്വാസം വർദ്ധിക്കും. ആത്മവിശ്വാസത്തോടെ നാം പ്രവൃത്തികൾ  ചെയ്യുമ്പോൾ അതിനു കൂടുതൽ പൂർണത കൈവരും. ആത്മസംതൃപ്തി കൈവരുന്നതോടെ നമ്മുടെ മാനസികസമ്മർദമെല്ലാം മാറിക്കിട്ടും. ജീവിതപാഠങ്ങളിൽ നിന്ന് കിട്ടുന്ന അറിവ് പാഠപുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന അറിവിനേക്കാൾ മൂല്യമുള്ളതാണ്. അതുകൊണ്ടു തന്നെ അത്തരം പ്രായോഗിക അറിവുകൾ പകർന്നു നൽകുവാൻ പറ്റിയ സമയമായി ഈ അവസരത്തെ കാണണം.

കുഞ്ഞുങ്ങളോട് കുശലം പറഞ്ഞും, കൂടെ കളിച്ചും തമാശ പറഞ്ഞും ജീവിക്കുക. ഓൺലൈൻ ക്ലാസുകൾ മാത്രമല്ലല്ലോ ജീവിതം. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുക്കുന്നതല്ല യഥാർത്ഥ മാതാപിതാക്കളുടെ ഉത്തരവാദിത്വം. മറിച്ച്, ജീവിതസാഹചര്യങ്ങൾ തകിടം മറിയുമ്പോൾ, തങ്ങളുടെ സാമീപ്യം കൊണ്ട്, കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നതിലാണെന്ന സത്യം അച്ഛനമ്മമാർ കാണിച്ചു കൊടുക്കുക. ഉള്ളിലുള്ള വാത്സല്യവും സ്നേഹവും, മക്കളോടു തലോടലുകളായും വാരിപ്പുണർന്നും നൽകുക. മാതാപിതാക്കളുടെയും കുട്ടികളുടെയും സമ്മർദം അലിഞ്ഞ് ഇല്ലാതാകുന്നതു കാണാം.

ഡോ. എ. നിർമല

സൈക്കോളജിസ്റ്റ്,

പ്രിൻസിപ്പൽ

ശാന്തിനികേതൻ സ്കൂൾ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Kids Health Tips