Friday 29 April 2022 05:53 PM IST : By സ്വന്തം ലേഖകൻ

കാര്യങ്ങൾ നീട്ടിവച്ച് കൊണ്ടുപോകുന്ന സ്വഭാവമാണോ? തണുപ്പൻ മട്ട് പരിഹരിക്കാൻ ഇതാ വഴികൾ

fefertret43

ചില ചെറിയ കാര്യങ്ങൾ മനസ്സിനെ വല്ലാതെ അലട്ടുന്നവയാണ്. ജീവിതത്തിന്റെ തന്നെ താളം തെറ്റിക്കാൻ പോന്നവ...പക്ഷേ, ഇത്രയും ചെറിയൊരു കാര്യത്തിന് എന്തിനാണ് ഒരു കൗൺസിലറെയോ മനശ്ശാസ്ത്ര വിദഗ്ധനെയോ കാണുന്നതെന്ന ചിന്തയിൽ വിദഗ്ധ സഹായം തേടിപ്പോകാൻ മടിയുണ്ടാകും പലർക്കും. ഇതാ അത്തരം ചില സൂക്ഷ്മമായ മനശ്ശാസ്ത്ര പ്രശ്നങ്ങളെ വിശകലനം ചെയ്ത് അവയ്ക്ക് സ്വയം പരിഹാരം കണ്ടുപിടിക്കാൻ സഹായിക്കുന്ന പംക്തി– സെൽഫ് ഹെൽപ് മന്ത്രാസ് ഫോർ ബെറ്റർ ലൈഫ്....

ഇന്നു ചെയ്യാം, നാളെ ചെയ്യാം...ഇഷ്ടം പോലെ സമയമുണ്ടല്ലൊ പിന്നെ ചെയ്യാം എന്നു പറഞ്ഞ് ഒരു തണുപ്പൻ മട്ടിൽ കാര്യങ്ങളെ കാണുന്നവരുണ്ട്. ചിലർ ഈ കാരണം കൊണ്ടുതന്നെ ഒരു ജോലിയിലും ഉറച്ചുനിൽക്കുന്നില്ല... നാളെ നാളെ നീളെ നീളെ...എന്നൊരു ചൊല്ലു തന്നെയുണ്ട്. കാര്യങ്ങൾ മാറ്റിവയ്ക്കുക...പിന്നീട് അതു ചെയ്യാനായി കൂടുതൽ സമയമെടുക്കുക എന്ന പ്രശ്നത്തിന് പ്രോകാസ്റ്റിനേഷൻ എന്നാണ് പറയുക...

ആത്മവിശ്വാസക്കുറവിൽ നിന്നുടലെടുക്കുന്ന പേടി

ആദ്യം കേൾക്കുമ്പോൾ ഇത് ഒരു ടൈം മാനേജ്മെന്റിന്റെ പ്രശ്നമാകും എന്നായിരിക്കും നമുക്ക് തോന്നുക. എന്നാൽ, സമയം കൃത്യമായി വിനിയോഗിക്കാത്തതിന്റെയോ ജോലികൾ മുൻഗണനാക്രമത്തിൽ ചെയ്യാൻ പറ്റാത്തതിന്റെയോ പ്രശ്നമല്ല ഇതെന്നാണു ഗവേഷണങ്ങൾ കാണിക്കുന്നത്. കാര്യങ്ങൾ മാറ്റിവയ്ക്കുന്ന സ്വഭാവത്തിനു പിന്നിലെ യഥാർഥത്തിലുള്ള കാരണം നമ്മുടെ വൈകാരിക നിയന്ത്രണത്തിൽ വരുന്ന ചില പ്രശ്നങ്ങളാണ്. അതിലേറ്റവും പ്രധാനമായി കാണുന്ന ഒരു പ്രശ്നമാണ് തോൽവി സംഭവിക്കുമോ എന്നുള്ള ഭയം. പലപ്പോഴും നമ്മൾ ചെയ്യാൻ പോകുന്ന ജോലിയുടെ അനന്തരഫലത്തെക്കുറിച്ചുള്ള ആശങ്ക മൂലമാകും അതു ചെയ്യാതെ മാറ്റിമാറ്റി വയ്ക്കുന്നത്.

ജോലികൾ ചെയ്യാതെ നീട്ടിവച്ചുകൊണ്ടുപോകുന്നതിന്റെ മറ്റൊരു കാരണം സ്വയം മതിപ്പു കുറവ് ( മാൽ അഡാപ്റ്റീവ് സെൽഫ് കൺസെപ്റ്റ് ) ആണെന്നാണ് മനശ്ശാസ്ത്ര പഠനങ്ങൾ കാണിക്കുന്നത്, ആത്മവിശ്വാസക്കുറവ്, സ്വന്തം കഴിവിൽ സംശയം തോന്നുക, അപകർഷത തോന്നുക ..എന്നിങ്ങനെ സ്വന്തം കഴിവിലും ശക്തിയിലുമുള്ള വിശ്വാസം കുറവായതു മൂലം ജോലികൾ ചെയ്യാൻ ഭയന്ന് നീട്ടിക്കൊണ്ടുപോകാം.

നെഗറ്റീവായ എന്തെങ്കിലും ഒരു വിമർശമനമോ വിധിയെഴുത്തോ ഉണ്ടാകുമോയെന്ന ആശങ്കയും കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നു പിന്നോട്ടുവലിക്കാം. പ്രത്യേകിച്ച് നമ്മൾ ചെയ്യുന്ന ഒരു ജോലി മറ്റുള്ളവർ വിശകലനം ചെയ്യുന്ന ഒരു സാഹചര്യം വരിക, അതല്ലെങ്കിൽ നമ്മുടെ ജോലിയിൽ മറ്റുള്ളവരുടെ വിലയിരുത്തൽ പ്രധാനമായി വരിക എന്നീ അവസരങ്ങളിൽ കാര്യങ്ങൾ മാറ്റിവയ്ക്കാനുള്ള ഒരു പ്രവണത കൂടുതലായിരിക്കും. ഉദാഹരണത്തിന് ഒരു പ്രസന്റേഷൻ ചെയ്യുക, സ്േറ്റജ് പെർഫോമൻസ് നടത്തുക എന്നീ സാഹചര്യങ്ങളിൽ ആളുകൾ തന്നെ തള്ളിക്കളയുമോയെന്ന പേടി വരാം. ഇതു യഥാർഥത്തിൽ വളരെ ലഘുവായ തോതിലുള്ള ഒരു ആശങ്കാപ്രശ്നം (സോഷ്യൽ ആങ്സൈറ്റി) തന്നെയാണ്.

തോൽവികളെ ഭയക്കുന്നതുപോലെ ജയത്തെക്കുറിച്ചും ഭയമുണ്ടാകാം. പ്രത്യേകിച്ച് , ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോഴോ അതല്ലെങ്കിൽ ഉയർന്ന ഒരു പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ അല്ലെങ്കിൽ പുതിയൊരു ജോലിയിലേക്ക് പ്രവേശിക്കുക പോലെ വരുമ്പോൾ. ഇത്രനാൾ പരിചയിച്ചിരുന്നതും വളരെ കംഫർട്ടബിളുമായിരുന്ന സാഹചര്യത്തിൽ നിന്നു പെട്ടെന്നു മാറേണ്ടിവരുമ്പോഴുള്ള ഭയം മൂലം ഒരു തണുപ്പൻ മട്ടിൽ കാര്യങ്ങൾ പിന്നീടു ചെയ്തു തീർക്കാമെന്നു മാറ്റിവയ്ക്കുന്ന രീതി കാണാറുണ്ട്.

ഇഷ്ടമില്ലാതെയോ മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങിയോ കാര്യങ്ങൾ ചെയ്യുന്നത് സെൽഫ് എസ്റ്റീമിനെയോ ഈഗോയെയോ ബാധിക്കുന്ന സാഹചര്യങ്ങളിലും ഇതു സംഭവിക്കാം.

എന്താണ് പരിഹാരം?

എന്തുകൊണ്ടാണ് ഇങ്ങനെ കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നത്, എന്താണ് അതിന്റെ വൈകാരിക പരിസരം എന്ന് സ്വയം ഒന്നു വിലയിരുത്തിനോക്കുക. ജോലികളെ ഒരു ഭാരമായാണോ നാം ഏറ്റെടുത്തിരിക്കുന്നത്? അനാവശ്യമായ പെർഫെക്‌ഷനിസമാണോ അതോ നമ്മുടെ തന്നെ എന്തെങ്കിലും പോരായ്മയാണോ ജോലി തീർക്കാൻ തടസ്സമാകുന്നത് എന്നു കണ്ടുപിടിക്കുക. കാരണം കണ്ടെത്തിക്കഴിഞ്ഞാൽ ഒരു സെൽഫ് കൊച്ചിങ് വഴി നമുക്ക് അതിനെ മറികടക്കാം.

∙ സ്വയം കുറച്ച് അനുകമ്പ കാണിക്കുക.

പലപ്പോഴും നമ്മുടെ ഏറ്റവും ക്രൂരമായ വിമർശകരാകുന്നതു നമ്മളായിരിക്കും. ഇത് എനിക്കു ചെയ്യാൻ പറ്റില്ല എന്നുള്ള ചിന്ത മനസ്സിൽ വന്നുകൊണ്ടേയിരിക്കും. ഇതനുസരിച്ച് ജോലി താമസിപ്പിച്ചുകൊണ്ടേയിരിക്കും. ആദ്യം ചെയ്യേണ്ടത്, ക്രൂരമായ സ്വയം വിമർശനങ്ങൾ അവസാനിപ്പിക്കുകയാണ്. സ്വയം കുറച്ചുകൂടി സഹാനുഭൂതിയോടെ പെരുമാറുക, ക്രിയാത്മകമായ വിമർശനങ്ങൾ ആവാം. പക്ഷേ, അത് ഉള്ള ധൈര്യം കെടുത്തുന്ന രീതിയിലാകരുത്.

∙ കാര്യങ്ങളെക്കുറിച്ച് വ്യക്തത കുറവാണോ എന്നു പരിശോധിക്കുക. ചെയ്യേണ്ട ജോലിയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിലും എവിടെത്തുടങ്ങണമെന്ന ആശങ്ക മൂലം ജോലി നീണ്ടുപോകാം.

∙ ആത്മവിശ്വാസക്കുറവാണ് പ്രശ്നമെങ്കിൽ ഒറ്റയടിക്ക് ജോലി ചെയ്തു തീർക്കാൻ ശ്രമിക്കരുത്. പകരം നമുക്ക് ലഭിച്ചിരിക്കുന്ന ജോലിയെ പല കഷണങ്ങളായി വേർതിരിച്ച് അത് ഘട്ടംഘട്ടമായി ചെയ്തു തീർക്കാൻ ശ്രമിക്കുക.

∙ ശാരീരികമായോ മാനസികമായോ ഉള്ള മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ വ്യതിചലിച്ചുപോകാൻ കാരണം നമ്മുടെ തലച്ചോറിന് ഈ ജോലി പെട്ടെന്നു ചെയ്തു തീർക്കേണ്ടതാണെന്ന തോന്നൽ ഇല്ലാത്തതാകാം. അതുകൊണ്ട് എന്തു കാര്യമായാലും ഉടൻ ചെയ്തു തീർക്കേണ്ടതാണെന്ന തോന്നൽ അഥവാ അർജൻസി ഉണ്ടാക്കുന്നത് നല്ലതാണ്. അതിനായി നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജോലിക്ക് സ്വയം ഒരു സമയപരിധി നിശ്ചയിച്ച് അതിനുള്ളിൽ ചെയ്തുതീർക്കുക.

∙ സ്വയം ചെറിയ ചെറിയ സമ്മാനങ്ങൾ (റിവാർഡ്) നൽകുക.

ഒാരോ ഘട്ടത്തിലെയും ജോലികൾ പൂർത്തിയായി കഴിയുമ്പോൾ നമുക്ക് സന്തോഷമുള്ള ഒരു കാര്യം ചെയ്യാം. ഉദാഹരണത്തിന് ഒരു ഘട്ടം പൂർത്തിയായി കഴിഞ്ഞ്, അത് എത്ര ചെറിയ നേട്ടമാണെങ്കിൽ പോലും ഒരു കപ്പ് കാപ്പി കുടിക്കുകയോ അതല്ലെങ്കിൽ ഇഷ്ടമുള്ള ഒരു സിനിമ കാണുകയോ പാട്ടു കേൾക്കുകയോ ചെയ്യാം. അടുത്ത ഘട്ടത്തിലേക്ക് മടുപ്പില്ലാതെ പോകാൻ ഈ റിവാർഡിങ് സംവിധാനം സഹായിക്കും.

∙ മുഷിപ്പൊന്നുമില്ലാതെ നല്ല മൂഡിൽ ഊർജസ്വലമായിരിക്കുന്ന സമയത്ത് മാറ്റിവച്ച് പോകാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നതും ഗുണകരമാണ്. ഒാരോ ദിവസവും ഏതു സമയത്താണ് ഏറ്റവും ഊർജസ്വലമായി നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നതെന്നു സ്വയം തിരിച്ചറിയുക. ആ സമയത്ത് മടുപ്പു തോന്നിപ്പിക്കുന്ന ജോലികൾ ചെയ്യുക.

∙ വറി ബുക്ക് (worry Book)

ജോലി ചെയ്യുന്ന സമയത്ത് ശ്രദ്ധ തിരിക്കുന്ന ചിന്തകളും മറ്റും വരുമ്പോൾ അതു കുറിച്ചുവയ്ക്കാനാണ് വറി ബുക്ക്. ഇങ്ങനെ രേഖപ്പെടുത്തുന്നത് വഴി കാര്യങ്ങൾ മാറ്റിവയ്ക്കുന്ന രീതിക്ക് ഒരു നിയന്ത്രണം കൊണ്ടുവരുവാൻ സാധിക്കും.

ഈ ലക്കം സെൽഫ് ഹെൽപ് പരിഹാരങ്ങൾ നിർദേശിച്ചത്

ഡോ. മായ നായർ, സൈക്കോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ– ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Mental Health
  • Manorama Arogyam