Tuesday 03 August 2021 04:57 PM IST : By സ്വന്തം ലേഖകൻ

ശരീരബലത്തിന് എണ്ണതേച്ചുകുളി, ദഹനം മെച്ചമാക്കാൻ ചൂർണങ്ങൾ, ദശപുഷ്പ കഞ്ഞി: കർക്കടകത്തിൽ രോഗങ്ങളെ തടയാൻ ആയുർവേദ വഴികൾ

rainydhf

ലോകം മുഴുവൻ ഒരു മഹാമാരിയുടെ ഭീഷണിയിൽ കഴിയുന്ന ഇക്കാലത്ത് ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ നിരവധി മാർഗ്ഗങ്ങൾ ആയുർവേദശാസ്ത്രം ഉപദേശിക്കുന്നുണ്ട്. ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് വാതം, പിത്തം, കഫം എന്നിവ. ഇവയുടെ സമാവസ്ഥയാണ് ആരോഗ്യം. വാതപിത്തകഫങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ആനാരോഗ്യത്തിന് കാരണമാകുന്നു. ജനങ്ങളുടെ ആരോഗ്യവും സ്വാസ്ഥ്യവും വേണ്ട രീതിയിലുണ്ടാവാനുള്ള പദ്ധതികൾ അടങ്ങിയതാണ് ആയുസ്സിന്റെ ശാസ്ത്രത്തിലെ സ്വസ്ഥവൃത്ത വിഭാഗം.

പകർച്ചവ്യാധികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ദിനചര്യയിലും ഋതുചര്യയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വ്യക്തി രാവിലെ എഴുന്നേൽക്കുന്നതുതൊട്ട് രാത്രി ഉറങ്ങുന്നതുവരെ ചെയ്യേണ്ട കാര്യങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന ആഹാരങ്ങൾ, ഔഷധങ്ങൾ, നമ്മുടെ ശീലങ്ങൾ എന്നിവയാണ് ഋതുചര്യയിൽ വരുന്നത്.

മുഖം കഴുകി വൃത്തിയാക്കൽ, ദന്തശുചീകരണം, മലമൂത്ര വിസർജനം, എണ്ണകൊണ്ട് കവിൾ കൊള്ളുക, കണ്ണിൽ അഞ്ജനമെഴുതുക, മൂക്കിൽ രണ്ട് തുള്ളി തൈലം ഉറ്റിക്കുക, ശരീരബലം നിലനിർത്താൻ ശക്തിക്കനുസരിച്ച് വ്യായാമം ചെയ്യുക, തലയിലും ദേഹത്തും ശരീരത്തിനനുയോജിച്ച എണ്ണ തേയ്ക്കുക, ചെറു ചൂടുവെള്ളത്തിൽ കുളിക്കുക എന്നിങ്ങനെ ദിനചര്യയിൽ കൃത്യമായി ചെയ്യേണ്ട കാര്യങ്ങൾ ആയുസ്സിന്റെ ശാസ്ത്രത്തിലുണ്ട്.

മാറിമാറി വരുന്ന കാലാവസ്ഥ മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന കാലമാണിത്. നീണ്ടു നിൽക്കുന്ന വേനൽക്കാലം ശരീരബലം ക്ഷയിപ്പിക്കും. മഴക്കാലത്ത് ശരീരത്തിലുള്ള വാതദോഷം പിത്തകഫങ്ങളോട് ചേർന്ന് ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകും എന്നുള്ളതുകൊണ്ട് മഴക്കാലത്ത്, കർക്കിടകമാസത്തിൽ ശരീരബലം വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി നിലനിർത്താനും ആയുർവേദ ചികിത്സകൾ ചെയ്യണമെന്ന് പറയുന്നത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ ശോധന ചികിത്സ ചെയ്താൽ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറന്തള്ളാം. വൈദ്യനിർദ്ദേശാനുസൃതം അവിപത്തി ചൂർണമോ കല്യാണഗുളമോ രാവിലെ വെറും വയറ്റിൽ കഴിച്ച് വയറിളക്കണം.

കർക്കടകമാസത്തിൽ ശരീരബലം നിലനിർത്താനും വാതസംബന്ധമായ വേദനകൾ വരാതിരിക്കാനും ജരാനരകൾ ബാധിക്കാതിരിക്കാനും എണ്ണ തേച്ചു കുളിക്കുന്നതു നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ ദേഹത്തും തലയിലും തേച്ചു തടവിയശേഷം കുളിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്തുവാനും ശരീരബലമുണ്ടാവാനും നല്ലതാണ്. വൈദ്യനിർദ്ദേശാനുസൃതം ധാന്വന്തരം തൈലം, ബലാശ്വഗന്ധാദി തൈലം, ലക്ഷാദികേര തൈലം, ക്ഷീരബലാതൈലം എന്നിവയിൽ ഏതെങ്കിലും ഒരു തൈലം ഇക്കാലത്ത് അഭ്യംഗത്തിനായി ഉപയോഗിക്കാം.

മഴക്കാലത്ത് ദഹനശക്തി ശരിയായ രീതിയലുണ്ടാവാൻ അഷ്ടചൂർണം, പഞ്ചകോലചൂർണം, ബൃഹത് വൈശ്വാനരചൂർണം എന്നിവയിൽ ഏതെങ്കിലും ഒന്ന് വൈദ്യനിർദ്ദേശാനുസൃതം ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പില, കുരുമുളക്, ജീരകം എന്നിവ അരച്ച് മോരിൽ തിളപ്പിച്ച് മുക്കുടിയുണ്ടാക്കി കുടിക്കുന്നത് ദൈഹനവൈകല്യങ്ങളെ പരിഹരിക്കുന്നതും രോഗപ്രതിരോധശേഷി നിലനിർത്തുന്നതുമാണ്.

കർക്കടകമാസത്തിൽ ദശപുഷ്പം ചേർത്ത കഞ്ഞി കുടിക്കുക, പത്തിലക്കറി ആഹാരത്തിലുൾപ്പെടുത്തുക, തവിടപ്പം കഴിക്കുക എന്നിവയിലെല്ലാം രോഗപ്രതിരോധശേഷി നില നിർത്തുന്നതും ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതുമാണ്. മുക്കുറ്റി, പൂവാങ്കുറുന്നില, വിഷ്ണുക്രാന്തി, കറുക, ഉഴിഞ്ഞ, തിരുതാളി, മുയൽച്ചെവി, ചെറൂള, നിലപ്പന, കഞ്ഞുണ്ണി എന്നിവയാണ് ദശപുഷ്പങ്ങൾ.

ഇന്ദുകാന്തം കഷായം, ബ്രഹ്മരസായനം, ദശമൂലാരിഷ്ടം എന്നീ ഔഷധങ്ങൾ വൈദ്യനിർദ്ദേശാനുസൃതം ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി നില നിർത്താനും ശരീരബലം വർദ്ധിപ്പിക്കാനും സഹായകമാണ്.

മഴക്കാലം പൊതുവെ പനിയുടെ കാലമാണ്. തുമ്മൽ, ജലദോഷം, പനി എന്നിവയ്ക്ക് വൈദ്യനിർദ്ദേശാനുസൃതം സുദർശനാസവം, അമൃതാരിഷ്ടം, മുക്കാമുക്കടുവാദി ഗുളിക എന്നിവ ഉപയോഗിക്കുന്നത് രോഗശമനത്തെയുണ്ടാക്കും. വീടിനുള്ളിലെ അന്തരീക്ഷം ശുദ്ധികരിക്കാനും അണുസംക്രമണം തടയാനും മഴക്കാലത്ത് ‘അപരാജിതധൂപചൂർണം’ പുകയ്ക്കുന്നത് നല്ലതാണ്. ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, അകിൽ, ചെഞ്ചല്യം, വേപ്പ്, എരിക്ക്, ദേവതാരം എന്നീ ഔഷധദ്രവ്യങ്ങൾ പൊടിച്ചെടുക്കുന്നതാണ് അപരാജിതധൂപചൂർണം.

വാതപിത്ത കഫദേഷങ്ങൾ കോപിച്ച് ശരീരത്തിൽ രോഗങ്ങളെ ഉണ്ടാക്കുമ്പോൾ അവയെ പുറത്തു കളയാൻ വൈദ്യനിർദ്ദേശാനുസൃതം പഞ്ചകർമ്മ ചികിത്സകൾ ഇക്കാലത്ത് ചെയ്യുന്നത് നല്ലതാണ്.

devik

ഡോ. കെ. ദേവീകൃഷ്ണൻ, ചീഫ് സബ് എഡിറ്റർ

പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ്

ആര്യവൈദ്യശാല, കോട്ടയ്ക്കൽ.

Tags:
  • Manorama Arogyam
  • Health Tips