Tuesday 15 June 2021 12:27 PM IST : By സ്വന്തം ലേഖകൻ

വയറിളക്കവും ഡെങ്കിപ്പനിയും എലിപ്പനിയും: മഴക്കാലരോഗങ്ങളെ കരുതിയിരിക്കാം

rainydisease3234

രണ്ടരക്കോടി ഇന്ത്യക്കാരെ ബാധിക്കുകയും രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത കോവിഡ്-19 എന്ന മഹാമാരിയുടെ സംഹാരതാണ്ഡവം നടക്കുന്ന ഈ ഘട്ടത്തില്‍ പേമാരിയും കടലാക്രമണവും വെള്ളപ്പൊക്കവും കൂടിവരുമ്പോള്‍ മനുഷ്യരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വെള്ളം, വായു, ഭക്ഷണം, കിടപ്പാടം എന്നീ നാല് ഘടകങ്ങളാണ് മനുഷ്യജീവിതത്തിന് ഏറ്റവും അത്യാവശ്യം. ഇവയില്‍ ഏതു ഘടകത്തിനായാലും മലിനീകരണം ഉണ്ടായാല്‍ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാവുന്നതാണ്.

ബാക്ടീരിയ, വൈറസുകള്‍, ഏകകോശജീവികള്‍ എന്നിവയാണ് രോഗഹേതുക്കളായ അണുക്കള്‍. വേള്‍ഡ് റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുപ്രകാരം ഇന്ത്യക്കാരില്‍ 70% പേരും ഉപയോഗിക്കുന്നത് വിസര്‍ജ്ജന വസ്തുക്കള്‍ കലര്‍ന്ന ജലം ആണെന്നാണ്. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ജല ഗുണനിലവാരത്തില്‍ ഇന്ത്യയുടെ സ്ഥാനം 122 രാജ്യങ്ങളില്‍ 120 ആണ്. 

മഴക്കാല രോഗങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം :-

1. കുടിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിക്കുന്ന ജലത്തില്‍ കൂടി നേരിട്ടുണ്ടാകുന്ന വിവിധ രോഗങ്ങള്‍ (ബാക്ടീരിയ വൈറസ് മുതലായവ )രോഗങ്ങള്‍. ഇവയില്‍ പ്രധാനമായവ ടൈഫോയ്ഡ്, വിഷൂചിക (ഡിസെന്‍ട്രി), കോളറ, ഹെപ്പറ്റൈറ്റിസ് A, ഹെപ്പറ്റൈറ്റിസ് E, പോളിയോ, വയറിളക്കം എന്നീ രോഗങ്ങള്‍. ഇവ കൂടാതെ രോഗാണുക്കള്‍ അടങ്ങിയ വെള്ളത്തില്‍ പാദരക്ഷകള്‍ ഒന്നും ഇല്ലാതെ ഇറങ്ങുന്ന കര്‍ഷകര്‍ക്ക് മഞ്ഞപ്പിത്തത്തോടുകൂടി ഉണ്ടാകുന്ന രോഗമാണ് എലിപ്പനി അല്ലെങ്കില്‍ ലെപ്‌റ്റോസ്‌പൈറോസിസ്. ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പെട്ട ബാക്ടീരിയ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തില്‍ വ്യാപിക്കുകയും അങ്ങനെ മലിനമായ വെള്ളത്തില്‍ കൂടി മനുഷ്യര്‍ നടക്കുമ്പോള്‍ ഈ ബാക്ടീരിയ ത്വക്കില്‍ കൂടി മനുഷ്യശരീരത്തില്‍ പ്രവേശിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നു.

2. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയും ആ കൊതുകുകള്‍ വളര്‍ന്ന് മനുഷ്യരെ കടിക്കുന്നത് കൊണ്ട് രോഗ ഹേതുവായ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് പലതരം രോഗങ്ങള്‍ ഉണ്ടാക്കുന്നു. ഇവയില്‍ പ്രധാനമായ രോഗങ്ങള്‍ താഴെപറയുന്നവയാണ്. a) മലേറിയ (അനോഫിലിസ് കൊതുക്) b) ഫൈലേറിയ (ക്യൂലക്‌സ് കൊതുക്) c) ഡെങ്കിപ്പനി (ഡെന്‍ഗു ഫീവര്‍) ( എയിഡസ് ഈജിപ്‌ഷൈ കൊതുക്) d) ചിക്കുന്‍ഗുനിയ (എയിഡസ്).

വയറിളക്കം (വയറുകടി) കൊണ്ട് ഭൂമുഖത്ത് ധാരാളം കുഞ്ഞുങ്ങള്‍ മരണമടയുന്നുണ്ട്. 'സാല്‍മണല്ല' ഗ്രൂപ്പില്‍ പെട്ട ബാക്ടീരിയ കൊണ്ടും റോട്ട വൈറസുകൊണ്ടുമാണ് ഇവയുണ്ടാകുന്നത്. ഭൂമുഖത്ത് 30 ലക്ഷം പേര്‍ വയറിളക്കം കൊണ്ട് മരിക്കുന്നതില്‍ 40 ശതമാനം കുഞ്ഞുങ്ങളാണ്. അശുദ്ധ ജലങ്ങളില്‍ കൂടിയാണ് ഈ രോഗങ്ങള്‍ വ്യാപിക്കുന്നത്.

ഡിസെന്‍ട്രി (മലത്തില്‍ രക്തം കലര്‍ന്ന് പോകുന്നത്) ഉണ്ടാകുന്നത് ഏകകോശ ജീവിയായ അമീബ കൊണ്ടും 'ഷിഗല്ല'എന്ന ബാക്ടീരിയ കൊണ്ടുമാണ്. ഇന്ത്യയിലെ 600 ജില്ലകളില്‍ നടത്തിയ പഠനത്തില്‍ 200 ജില്ലകളിലും ജനങ്ങള്‍ ഉപയോഗിക്കുന്നത് അശുദ്ധജലമാണ്. 

പലപ്പോഴായി മണ്‍സൂണ്‍ കാലങ്ങളില്‍ കേരളത്തെ ബാധിക്കുന്ന സുഖക്കേടുകളാണ് ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ചിക്കന്‍ഗുനിയ പനി എന്നിവ. ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും പനിക്കും ചികിത്സയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ ജല സംക്രമണ രോഗം കൊണ്ട് മരിച്ചത് 2500 പേരായിരുന്നപ്പോള്‍ 12000 പേര്‍ക്കാണ് രോഗം ഉണ്ടായത്. സംക്രമിക രോഗാണുക്കളെ ഉന്മൂലനം ചെയ്യുവാനുള്ള മരുന്നുകള്‍ ഇപ്പോള്‍ നിലവിലുള്ളത് കൊണ്ട് പൊതുജനങ്ങള്‍ സംക്രമിക രോഗപ്രതിരോധത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരായതുകൊണ്ടും ആണ് മരണനിരക്ക് കുറയുന്നത്. ഒരുകാലത്ത് കോളറയുടെ തറവാടായിരുന്നു ഭാരതം. ജര്‍മ്മന്‍കാരനായ ഗോബര്‍ട്ട് കോക്ക് ബാക്ടീരിയ കണ്ടുപിടിക്കുന്നത് തന്നെ കല്‍ക്കട്ടയില്‍ വെച്ചാണ് (1884 AD).

മഴക്കാലരോഗങ്ങള്‍ ഓരോന്നിനും പ്രത്യേക മരുന്നുകള്‍ സജ്ജമാണെങ്കിലും രോഗവ്യാപനം തടയുവാന്‍ പ്രത്യേക പൊതു നടപടികള്‍ ആവശ്യമാണ്:-

1. ജലം ശുദ്ധീകരിക്കുവാന്‍ വേണ്ടി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക (ശുദ്ധജലം).

2. മഴക്കാലത്ത് പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക. കുപ്പികളും തുറന്ന പാത്രങ്ങളും കുഴികളും ചാലുകളും നിരീക്ഷിക്കുക. കൊതുകുകള്‍ മുട്ടയിടുന്നത് വെള്ളം കെട്ടിനില്‍ക്കുന്ന തുറന്ന സ്ഥലത്താണ്. ഭക്ഷണ വേസ്റ്റുകളെല്ലാം നശിപ്പിക്കുക. (പരിസര ശുചിത്വം)

3. വ്യക്തി ശുചിത്വം- പ്രത്യേകിച്ച് കോവിഡുകാലങ്ങളില്‍ കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം മുതലായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

4. വായു മലിനീകരണം കുറയ്ക്കുക- കേരളത്തില്‍ വായു മലിനീകരണം കൊണ്ടുണ്ടാകുന്ന (Air Pollution) രോഗങ്ങള്‍ (ആസ്തമ, ശ്വാസകോശരോഗങ്ങള്‍) കുറവാണ്.

5. തുടര്‍ച്ചയായുള്ള വയറിളക്കം പനി, മഞ്ഞപിത്തം, ശരീരവേദന, സന്ധിവീക്കം മുതലായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സമീപ ആശുപത്രിയില്‍ പോയി രോഗനിര്‍ണ്ണയം ചെയ്യുക.

6. വിറ്റാമിനുകളും മാംസവും അടങ്ങിയ സമീകൃത ആഹാരം കഴിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുക.

ഡോ. കെ. പി. പൗലോസ്

പ്രിൻസിപ്പൽ കൺസൽറ്റന്റ് ഇൻ മെഡിസിൻ, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം

Tags:
  • Manorama Arogyam
  • Health Tips