Wednesday 18 August 2021 05:10 PM IST : By സ്വന്തം ലേഖകൻ

കൈക്കുഴ തെറ്റിയാൽ ഉടൻ ചെയ്യേണ്ടത്....?

shoulder

വേദന, അനക്കക്കുറവ്, കൂടെക്കൂടെ കുഴ തെറ്റുക എന്നിവയാണു തോളില്‍ ഉണ്ടാകാറുള്ള ബുദ്ധിമുട്ടുകള്‍. തോളില്‍ നിന്നുള്ള ഞരമ്പുകള്‍ കഴുത്തിലൂടെയാണ് തലച്ചോറിലേക്കു കടന്നുപോകുന്നത്. കഴുത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും അതിനാല്‍ തോള്‍വേദനയായി അനുഭവപ്പെടാം. തോള്‍വേദനയുമായി വരുന്ന രോഗികളുടെ കഴുത്തും പരിശോധിക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്.

കഴുത്തിലെ കശേരുക്കള്‍ക്കിടയിലുള്ള ഡിസ്ക് പുറത്തേക്ക് തള്ളി ഞരമ്പുകളെ ഞെരുക്കുന്ന ഇന്റർവെർട്ടിബ്രൽ ഡിസ്ക് പ്രൊ ലാപ്സ് (IVDP) ആണ് കൂടുതലായി കണ്ടുവരുന്നത്. വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകളും സ്ട്രെച്ചിങ് വ്യായാമങ്ങളും ഫിസിയോതെറപ്പിയുമെല്ലാം ഇതിനു ഫലപ്രദമാണ്.

തോള്‍പലകയുടെ സമീപത്തുള്ള പേശികളുടെ അയവു കുറയുന്നതുമൂലമുള്ള വേദന സ്ത്രീകളില്‍ കൂടുതൽ കണ്ടുവരുന്നു. മരുന്നിലൂടെ വേദന കുറച്ചു ഫിസിയോതെറപ്പി ചെയ്തു പേശിയുടെ അയവും ബലവും കൂട്ടാം.

ഡെങ്കി, ചിക്കുന്‍ഗുനിയ മുതലായ െെവറൽ രോഗങ്ങള്‍ക്കുശേഷം നീണ്ടുനില്‍ക്കുന്ന സന്ധിവേദനകള്‍ ( തോൾ വേദന) ഉണ്ടാകാറുണ്ട്. കണ്ണ്, മൂത്രനാളം തുടങ്ങി ശരീരത്തില്‍ പലയിടങ്ങളില്‍ ഉണ്ടാകുന്ന അണുബാധ ഈ വിധം സന്ധികളെ ബാധിക്കാം. അപകടകരല്ലെങ്കിലും വേദനയ്ക്ക് ദീര്‍ഘനാള്‍ വിശ്രമവും സ്റ്റിറോയ്ഡ് ഉള്‍പ്പെടെയുള്ള മരുന്നുകളും നല്‍കേണ്ടിവരാം.

പരുക്കുകള്‍ക്കു സാധ്യത

തോളില്‍ മൂന്നു വിവിധ സന്ധികളുണ്ട്. അവയെ ഉറപ്പിച്ചു നിര്‍ത്തുന്ന നിരവധി പേശികള്‍, ലിഗമെന്റ്, സ്നായു എന്നിവയുമുണ്ട്. തോള്‍ അനങ്ങുമ്പോള്‍ ഇവ സംയോജിതമായി പ്രവര്‍ത്തിക്കുന്നു. വളരെയധികം അനക്കം ലഭിക്കുന്നു എന്നതിനാൽ തോളില്‍ പരുക്ക് പറ്റാനുള്ള സാധ്യതയും കൂടുതലാണ്. താരതമ്യേന അനക്കം കുറവായ ഇടുപ്പില്‍ കുഴ തെറ്റാനുള്ള സാധ്യത കുറവുമാണ്.

തോളിലുണ്ടാകുന്ന ചില പരുക്കുകള്‍ അപ്പോള്‍ തന്നെ രോഗിയുടെ ശ്രദ്ധയില്‍ പെടണമെന്നില്ല. ഉദാഹരണത്തിന് അശ്രദ്ധമായി െെക പിറകിലേക്ക് എടുക്കുക, വീശി എറിയുക മുതലായ ചില ചലനങ്ങള്‍ വരെ ഉള്ളില്‍ പരുക്കുണ്ടാക്കാം. ചെറുപ്പക്കാരുടെ എല്ലുകള്‍, പേശികള്‍, ലിഗമെന്റുകള്‍ എന്നിവയ്ക്ക് ബലം ഉള്ളതിനാല്‍ വളരെ ശക്തിയേറിയ പരിക്കുകളേ തോളില്‍ പ്രശ്നമുണ്ടാക്കൂ. പരുക്കുകള്‍ മൂലം കുഴ തെറ്റുന്നതാണ് അവരില്‍ കൂടുതലായി കണ്ടുവരുന്നത്. തെറ്റിയ കുഴ തിരിച്ചു പിടിച്ചിടുക എന്നത് അടിയന്തരമായി ചെയ്യേണ്ടതാണ്.

പ്രായമായവരില്‍ പരുക്കുമൂലം പൊതുവേ കീറല്‍ സംഭവിക്കുക റൊട്ടേറ്റര്‍ കഫിനാണ്. നാലു സ്നായുക്കള്‍ സംയോജിക്കുന്ന റൊട്ടേറ്റർ കഫ് എന്ന ഈ കവചമാണ് തോളില്‍ എല്ലുകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നത്. ഒപ്പം െെക ഉയർത്തുന്നതില്‍ പേശികളുടെ പ്രവര്‍ത്തനത്തെയും ഇതു സഹായിക്കുന്നു. റൊട്ടേറ്റര്‍ കഫ് പരുക്കുകള്‍ കടുത്ത വേദനയും െെക ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാക്കുന്നു. പ്രാരംഭഘട്ടത്തില്‍ ഉചിതമായി ചികിത്സിച്ചില്ലെങ്കില്‍ പേശികള്‍ ശോഷിച്ച് സന്ധിയില്‍ തേയ്മാനം ഉണ്ടാകും.

ഡോ. ഉണ്ണിക്കുട്ടൻ ഡി.

ഒാർത്തോപീഡിക് സർജൻ,

എസ് യു ടി ഹോസ്പിറ്റൽ

പട്ടം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips