Friday 18 October 2024 12:37 PM IST : By ഡോ. ശ്രീറാം പി.

കട്ടിലിൽ നിന്നു എഴുന്നേൽക്കുമ്പോൾ‌ ചുറ്റുപാടുകൾ കറങ്ങുന്നതു പോലെ അനുഭവപ്പെടുന്നു. വെർട്ടിഗോ തലകറക്കം ആണോ?

vert324 ഇന്‍സെറ്റില്‍ ഡോ. ശ്രീറാം പി.

ബുദ്ധിമുട്ടേറിയ രോഗലക്ഷണങ്ങളിൽ ഒന്നാണു തലകറക്കം. എന്നാലിത് വളരെ പൊതുവായ ഒരു അസുഖലക്ഷണം കൂടിയാണ്. ഒരാൾ തലകറക്കമുണ്ടെന്നു പറയുമ്പോൾ– അതു പല ലക്ഷണമാകാം : നിൽക്കുമ്പോഴോ

നടക്കുമ്പോഴോ ഉള്ള അസ്ഥിരത അഥവാ അസന്തുലിതാവസ്ഥയാണ് ഡിസ്ഇക്‌ലിബ്രിയം (disequilibrium or unstediness). ഇരുട്ടു മൂടുന്ന പോലെ വരുന്നത്

പ്രീസിങ്കോപ്പ് എന്നും ബോധക്ഷയത്തെ സിങ്കോപ് (Syncope) എന്നും, ബോധം നഷ്ടപ്പെടാതെ തന്നെ വീഴുന്ന അവസ്ഥയെ ഡ്രോപ് അറ്റാക്സ് (Dropattacks) എന്നും വിളിക്കുന്നു.

ചുറ്റുപാടുകൾ കറങ്ങുന്നതു പോ ലെ തോന്നിപ്പിക്കുന്ന ലക്ഷണത്തെയാണ് വെർട്ടിഗോ (Vertigo) എന്നു വിളിക്കുന്നത്. ഈ വ്യത്യസ്ത ലക്ഷണങ്ങൾക്കു പിന്നിൽ വ്യക്തവും വിവിധങ്ങളുമായ കാരണങ്ങളുണ്ട്.

ചെവിയും ബാലൻസും

ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും അനായാസേന ഉള്ള ചലനത്തിനും സഹായിക്കുന്ന ഏ റ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആന്തരിക കർണ്ണം (Inner Ear). ആന്തരിക കര്‍ണത്തിന്റെ ഭാഗമായ കോക്ലിയ കേൾവിയുമായി ബന്ധപ്പെട്ടിരിക്കുന്ന പോലെ വെസ്റ്റിബുലാർ ലാബിരിന്ത് (Vestibular Labyrinth) ബാലൻസുമായി ബന്ധപ്പെട്ടിരിക്കുന്നു. തലയുടെ ചലനത്തിന്റെ വിവരദായക സെൻസറാണ് ഈ ഭാഗം. അതിന്റെ ഘടനയിലോ പ്രവർത്തനങ്ങളിലോ സിഗ്നലുകൾ വഹിക്കുന്ന നാഡിക്കോ, മസ്തിഷ്കത്തിൽ സിഗ്നലുകൾ സ്വീകരിക്കപ്പെടുന്ന കേന്ദ്രങ്ങൾക്കോ ഉണ്ടാകുന്ന തകരാറുകളാണു ചുറ്റിക്കറങ്ങുന്ന തോന്നലുണ്ടാക്കുന്ന വെർട്ടിഗോ (Vertigo), അസ്ഥിരത, നടക്കുമ്പോൾ അസന്തുലിതാവസ്ഥ (Disequilibrium) എന്നീ രോഗാവസ്ഥകളുെട കാരണം. തലകറക്കം തോന്നിപ്പിക്കുന്ന ചെവിയുടെ പ്രശ്നങ്ങളിൽ ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണമാണു വെർട്ടിഗോ.

വെർട്ടിഗോ തിരിച്ചറിയാം

കിടന്നെഴുന്നേൽക്കുമ്പോൾ, കിടക്കുമ്പോൾ, കിടന്നു ചരിയുമ്പോൾ ചുറ്റുപാടെല്ലാം കറങ്ങുന്നതായോ വീഴാൻ പോകുന്നതായോ അനുഭവപ്പെടുന്ന രോഗലക്ഷണമാണു വെർട്ടിഗോ.

രോഗിയുടെ വിവരണം ഏതാണ്ട് ഇപ്രകാരമായിരിക്കും: “ഡോക്ടർ, രാവിലെ ഞാൻ ഉണർന്ന്, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുറി മുഴുവൻ കറങ്ങുന്നു. ആരോ എന്നെ വീണ്ടും കിടക്കയിലേക്കു തള്ളുന്നതായി എനിക്കു തോന്നി. തലയുടെ സ്ഥാനം മാറ്റാൻ ശ്രമിച്ചപ്പോഴെല്ലാം ഇതേ അവസ്ഥ തന്നെയായിരുന്നു. തലയ്ക്കു ഭാരവും അനുഭവപ്പെട്ടിരുന്നു.”

ഏറ്റവും സാധാരണമായ ഈ വെർട്ടിഗോയുടെ (BPPV–Benign Paroxysmal Positional Vertigo)‌ കാരണം ആന്തരിക കർണ്ണത്തിലെ തിരശ്ചീനമായിരിക്കുന്ന സെൻസറി കോശങ്ങളുടെ ഉപരിതലത്തിൽ ഒട്ടിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് തരികളിലെ(ക്രിസ്റ്റൽസ്) മാറ്റമാണ്. അവയിൽ കുറച്ച് തരികൾ തെന്നിമാറി ദ്രാവകത്തിലൂടെ ഏതെങ്കിലുമൊരു ഇന്നർ ഇയർ കനാലിലേക്കു കടക്കും. അതിനു ശേഷം എപ്പോഴൊക്കെ തലയുടെ കോണീയ ചലനം സംഭവിക്കുമോ അപ്പോഴെല്ലാം തെറ്റായ സിഗ്നലുകളാണു മസ്തിഷ്ക കേന്ദ്രത്തിൽ എത്തുന്നത്. തന്മൂലം വെർട്ടിഗോ ഉണ്ടാകുന്നു.

പരിശോധനയും പരിഹാരവും

സ്ഥാനം തെറ്റിയിരിക്കുന്ന പരലുകൾ (ക്രിസ്റ്റലുകൾ) തൽസ്ഥാനത്തേക്കു തിരിച്ചെത്തിക്കുന്നതിനായി ആദ്യം പൊസിഷനൽ ടെസ്റ്റ് (Positional test) എന്ന പരിശോധന ചെയ്യുന്നു. ഇതിലൂടെ രോഗാവസ്ഥയിലുള്ള ചെവിയേതെന്നും ഏതു സ്ഥാനത്താണു കനാലില്‍ തരികളുള്ളതെന്നും തിരിച്ചറിയും. തുടർന്ന് ഒരു പ്രത്യേക കോണിലേക്കു തല ചരിച്ചു കൊണ്ടു വന്ന് ക്രിസ്റ്റലുകളെ യഥാർഥ സ്ഥാനത്തേക്കു വളരെ പെട്ടെന്നു തന്നെ തിരിച്ചെത്തിക്കാൻ സാധിക്കും.

ഒരു വിദഗ്ധ ഡോക്ടർക്കു വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ടു തന്നെ സുഖപ്പെടുത്താനും കഴിയുന്നു.ബുദ്ധിമുട്ടുള്ള സ്ഥാനത്താണു തരികളെങ്കിൽ പലയാവർത്തി റീപൊസിഷൻ ചെയ്യേണ്ടി വരും. പലപ്പോഴും ഈ തരികൾ തനിയെ തിരിച്ചെത്താനും സാധ്യതയുണ്ട്. അതു കൊണ്ടാണു പലരിലും ദിവസങ്ങൾക്കുള്ളിൽ രോഗാവസ്ഥ തനിയെ മാറുന്നത്. മരുന്നു കഴിച്ചു മാറിയതാണെന്നു പലപ്പോഴും തെറ്റിധരിക്കുകയും ചെയ്യാം.

ഈ അവസ്ഥയിൽ നൽകുന്ന മരുന്നുകളെല്ലാം രോഗലക്ഷണത്തിന്റെ തീവ്രത കുറയ്ക്കാൻ മാത്രമാണ്. തനിയെ മാറാൻ സാധ്യതയുണ്ടെങ്കിലും ചികിത്സിക്കാതെ കുറച്ചധികം വച്ചു താമസിപ്പിച്ചാൽ സ്ഥിരമായ തലകറക്കത്തിലേക്കും dizziness), തുടർന്ന് സങ്കീർണതകളിലേക്കും നയിക്കപ്പെടാം. ഇതുകൊണ്ട് തന്നെ യഥാർഥ ചികിത്സ (Repositioning maneuver) സമയത്തു തന്നെ എടുക്കേണ്ടതാണ്.

മെനിയേഴ്സ് ഡിസീസ്

ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന ആവർത്തിച്ചു വരുന്ന തലകറക്കമാണു മെനിയേഴ്സ് (Meniere’s Disease). പ്രത്യേകിച്ചു കാരണം കൂടാതെ പ്രത്യക്ഷപ്പെടുന്ന ‘ചുറ്റുപാടും കറങ്ങുന്ന’ വെർട്ടിഗോ എന്ന ലക്ഷണം തന്നെയാണു കൂടുതൽ. പക്ഷേ, തലയുടെ സ്ഥാനചലനവുമായി ഒരു ബന്ധവും ഇതിനില്ല. കൂടാതെ ഒരു ചെവിയിൽ മർദം കൂടുന്നതായും കേൾവി കുറയുന്നതായും, മൂളൽ അനുഭവപ്പെടുന്നതായും പലപ്പോഴായി തോന്നാം. കുറച്ചധികം സങ്കീർണതയുള്ള രോഗം കൂടിയാണിത്. യഥാവിധി ശാസ്ത്രീയമായി ചികിത്സിക്കാതിരുന്നാൽ കേൾവി പൂർണമായും നഷ്ടപ്പെടാനും, പലപ്പോഴായി പ്രതീക്ഷിക്കാതെ നിന്ന നിൽപിൽ വീഴ്ച സംഭവിക്കാനും തുടർന്നു മുറിവേൽക്കാനും സാധ്യതയുണ്ട്.

മറ്റു കാരണങ്ങൾ

വെർട്ടിഗോ ലക്ഷണമായി വരുന്ന മറ്റൊറ്റൊരു അവസ്ഥയാണ് അക്യൂട്ട് യൂണിലാറ്ററൽ വെസ്റ്റിബുലോപതി(Acute Unilateral Vestibulopathy). ചുറ്റിക്കറങ്ങുന്ന വെർട്ടിഗോ ആയി തുടങ്ങുന്ന ഈ അവസ്ഥ 3–5 ദിവസങ്ങൾ നീണ്ടു നിൽക്കുകയും തുടർന്നു തീവ്രത കുറഞ്ഞു നീണ്ടു നിൽക്കുന്ന അസ്ഥിരത, നടത്തത്തിലുള്ള അസന്തുലിതാവസ്ഥ (Unsteadiness, disequilibrium) എന്നിവയും ഇതിൽ കാണാം. ആവർത്തിച്ചു വരുന്ന ഒരു രോഗമല്ല ഇത്.

ഒരു വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധയെത്തുടർന്ന് മധ്യകർണത്തിൽ രൂക്ഷമായ വീക്കം വരുകയും തുടർന്നു ആന്തരിക കർണത്തെ കൂടി ബാധിക്കുന്ന അവസ്ഥയും (Acute Labyrinthitis) വെർട്ടിഗോ ലക്ഷണം കാണിക്കും

പ്രായമേറിയവരില്‍ പ്രത്യേകിച്ചും 65 വയസ്സിനു മുകളിൽ ഉള്ളവർക്കു പ്രായവും അസുഖങ്ങളും കാരണം ആന്തരിക കർണത്തിനു വരുന്ന സ്വാഭാവികമായ അപചയവും (Preshyvestibulopathy)

വെർട്ടിഗോ ലക്ഷണങ്ങൾ പ്രകടമാക്കും. ഏതു തരത്തിലുള്ള വെർട്ടിഗോ ആയാലും വിദഗ്ധ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

ഡോ. ശ്രീറാം പി.

കൺസൽറ്റന്റ് ന്യൂറോടോളജിസ്റ്റ് & ഇഎൻടി സർജൻ,

മേധാവി, ആസ്റ്റർ ബാലൻസ് ക്ലിനിക്

ആസ്റ്റർ മെഡ്സിറ്റി, എറണാകുളം

Tags:
  • Manorama Arogyam