Tuesday 15 June 2021 12:28 PM IST : By ഡോ. സുനിൽ മൂത്തേടത്ത്

ബ്ലാക്ക് ഫംഗസിനേക്കാൾ മാരകം വൈറ്റ് ഫംഗസ് അണുബാധ; നീർക്കെട്ടിനും വീക്കത്തിനും ഇടയാക്കാം: അതീവജാഗ്രത വേണം

whitefungus2324

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന മാതിരിയാണ് ഈയിടെയായി മാധ്യമങ്ങളിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസിനെ കുറിച്ചുള്ള വാർത്തകൾ. കോവിഡിനെ കൊണ്ടു പൊരുതി മുട്ടിയ ജനങ്ങൾക്കിടയിലേക്കാണ് മ്യൂക്കർ മൈസറ്റ്സ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന മ്യൂക്കർ മൈക്കോസിസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് പകർച്ച വ്യാധി അല്ലെങ്കിലും പകർച്ച വ്യാധികളുടെ ഗണത്തിൽ പെടുത്താവുന്ന നോട്ടിഫയബിൾ ഡിസീസ് ആയി പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തില് ഏറ്റവും പുതിയ വാർത്ത വൈറ്റ് ഫംഗസിനെ കുറിച്ചുള്ളതാണ്. വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനെകാൾ മാരകം ആകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ബീഹാറിൽ ഇതിനോടകം നാല് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്തുകൊണ്ടാണ് ഇത് കൂടുതൽ മാരകം ആണെന്ന് പറയുന്നത് തുടങ്ങിയുള്ള കാര്യങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.

രോഗ സാധ്യത ആർക്കൊക്കെ

മറ്റ് ഏതൊരു അണുബാധയും പോലെ വൈറ്റ് ഫംഗസ് അണുബാധ എളുപ്പത്തിൽ പിടികൂടാൻ സാധ്യതയുള്ളത് താഴെ പറയുന്നവർക്കാണ്.

* പൊതുവായി രോഗപ്രതിരോധ ശേഷി കുറഞ്ഞവർ. കോവിഡ് ബാധിതരിൽ വൈറ്റ് ഫംഗസ് എളുപ്പം വരാമെന്നു പറയുന്നത് ഇക്കാരണം കൊണ്ടാണ്.

* പ്രമേഹം അർബുദം പോലെയുള്ള രോഗങ്ങൾ നേരത്തെതന്നെ ഉള്ളവർ

* രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ.

* ട്രാൻസ്പ്ലാൻറ് രോഗികൾ വെൻറിലേറ്റർ രോഗികൾ എന്നിവർ.

അപകടകാരിയോ?

കുമിൾ രോഗബാധ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളിൽ മിക്കവാറും മാരകമാകാറില്ലെങ്കിലും, വൈറ്റ് ഫംഗസ് ശ്രദ്ധ നേടുന്നത് അതിന്റെ വ്യാപന ശേഷിയും ഗൗരവവും കൊണ്ടാണ്. തലച്ചോറ് ശ്വാസകോശം ദഹനേന്ദ്രിയ വ്യവസ്ഥ വൃക്കകൾ നഖങ്ങൾ,ജനനേന്ദ്രിയ ഭാഗങ്ങൾ തുടങ്ങിയവയിലേക്ക് അണുബാധ പടർന്നുകയറാം എന്നും തൻ മൂലമുള്ള ലക്ഷണങ്ങൾ ഗൗരവപൂർണം ആകാം എന്നും വിദഗ്ധർ പറയുന്നു.

രോഗ ലക്ഷണങ്ങൾ എന്തൊക്കെ?

കോവിഡിന് സമാനമായ ലക്ഷണങ്ങളുമായി ആണ് നിലവിൽ വൈറ്റ് ഫംഗസ് അണുബാധ പ്രത്യക്ഷമാകുന്നത്. എന്നാൽ ഇത് കോവിഡ അല്ലാത്തതിനാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും ചെയ്യും

നെഞ്ചുവേദന ശ്വാസതടസ്സം ചുമ, തലവേദന, ശരീര വേദന എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങൾ.

തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിൽ ഉണ്ടാകാവുന്ന നീർക്കെട്ടും ആഘാതവും വീക്കവും അനുസരിച്ച് രോഗിയുടെ ആരോഗ്യ നില വഷളായേക്കാം.

തുടക്കത്തിലേ കണ്ടെത്തി ആൻറി ഫംഗൽ ഔഷധങ്ങൾ ഉപയോഗിച്ച് ചികിത്സിക്കുകയാണ് പരിഹാരമാർഗ്ഗം.

അതോടൊപ്പം രോഗം വഷളാകാൻ ഇടയാക്കുന്ന അനുബന്ധ രോഗങ്ങൾ കൂടി നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്.

എന്തായാലും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വരെ ജാഗ്രത കൈവിടാതെ ഇരിക്കുന്നതാണ് ഉചിതം.

 

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ

അമൃത കോളേജ് ഓഫ് നഴ്സിംഗ്

കൊച്ചി

Tags:
  • Manorama Arogyam
  • Health Tips