Thursday 30 December 2021 05:19 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ചുണ്ടു വിണ്ടുകീറലും ചർമം വലിയലും തടയാം: തണുപ്പിൽ ചർമത്തെ സംരക്ഷിക്കാൻ ഈ വഴികൾ

r43t4

മഞ്ഞുകാലം എല്ലാവർക്കും ഇഷ്ടമുളള കാലാവസ്ഥയാണ്. ചൂടു കാലത്തിന്റെ തീക്‌ഷ്ണതയിൽ നിന്ന് തണുപ്പിന്റെ സുഖശീതളിമ ആസ്വദിക്കുന്ന കാലം. എന്നാൽ മഞ്ഞുകാലം എന്നു കേൾക്കുമ്പോഴെ ആശങ്കപ്പെടുന്ന ചിലരുണ്ട്. മഞ്ഞുകാലം ത്വക്കിനു പ്രശ്നങ്ങൾ സമ്മാനിക്കുന്നവരാണ് അക്കൂട്ടർ.

മഞ്ഞുകാലം തുടങ്ങുന്ന സാഹചര്യത്തില്‍ ഈ തണുപ്പ് എങ്ങനെ നമ്മുടെ ചർമത്തെ ബാധിക്കാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ എങ്ങനെ ഈ മാറ്റങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം എന്നും അറിയേണ്ടതുണ്ട്.

മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം (ഹ്യുമിഡിറ്റി) കുറയുകയും അന്തരീക്ഷം പൊതുവേ വരണ്ടതായി കാണപ്പെടുകയും െചയ്യുന്നു. ഇതു ചർമത്തിലെ ജലാംശം വളരെ അധികം കുറയ്ക്കുന്നു. തന്മൂലം തൊലിപ്പുറമേ കൂടുതല്‍ ചുളിവുകള്‍ വരുന്നതായി കാണപ്പെടുന്നു. കൂടാതെ െെകകാലുകള്‍ വരണ്ടുപോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും
ചെയ്യുന്നു.

മാസ്ക് ധരിക്കുമ്പോൾ

ഇന്ന് മാസ്ക് ഉപയോഗം നിർബന്ധമായ ഒന്നാണ്. തണുപ്പുകാലത്ത് മാസ്ക് ഉപയോഗിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മാസ്ക് ഉപയോ ഗിക്കുന്നവരിൽ മുഖക്കുരു വരുന്നതായി കണ്ടുവരുന്നു. മാസ്ക് ധരിക്കുന്നതിനു 10 മിനിറ്റ് മുൻപ് സൺസ്ക്രീൻ പുരട്ടുക. ത്വക്കിന്റെ സ്വഭാവം അനുസരിച്ച് (എണ്ണമയം, വരണ്ടത് ) വേണം സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ. െജൽ രൂപത്തിലുള്ള സൺസ്ക്രീൻ ആണ് നല്ലത്. കോട്ടൺ മാസ്ക് ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു മണിക്കൂർ കഴിയുമ്പോൾ മാസ്ക് മാറ്റി ധരിക്കുക.

ചർമത്തിൽ എന്തു സംഭവിക്കുന്നു?

തണുപ്പുകാലത്ത് വരണ്ട ചർമം രൂപപ്പെടുന്നു. ചർമത്തിലെ മുകളിലെ ഭാഗമായ എപ്പിഡെർമിസിൽ വരുന്ന മാറ്റമാണ് ഇതിനു കാരണം. ചർമത്തിലെ കോശങ്ങളില്‍ ജലാംശം വളരെ കുറയുന്നു. വരണ്ട ചർമം കാരണം വ്യക്തിക്ക് അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. തന്മൂലം ചെറിയ വൃണങ്ങള്‍ രൂപപ്പെടുകയും അതില്‍ അണുബാധ വരുകയും ചെയ്യുന്നു.

പരിഹാരം

∙ ദിവസേന ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ∙ കുളിക്കുശേഷം ഒരു മോയിസ്ചുറൈസർ സ്ഥിരമായി പുരട്ടുക. (പ്രധാനമായും െെകകാലുകളിലും ചുണ്ടുകളിലും.)

∙ ദിവസേന രണ്ടു തവണ വൈറ്റമിൻ സി, കൊളാജൻ അടങ്ങുന്ന ഇമോളിയന്റുകൾ ശരീരത്തില്‍
പുരട്ടുക. ∙ മഞ്ഞ് 80% സൂര്യപ്രകാശത്തിനെ പ്രതിഫലിപ്പിക്കുന്നതു (Reflect) കൊണ്ട്, നിര്‍ബന്ധമായും മുഖത്തും സൂര്യപ്രകാശമേൽക്കുന്ന മറ്റു ഭാഗങ്ങളിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

drprath3434
ഡോ. പ്രത്യുഷ മുകുന്ദൻ

ചർമവും അലർജിയും

ചർമത്തെ ബാധിക്കുന്ന ഒരുതരം അലര്‍ജിയാണ് കോൾഡ് അർട്ടികേറിയ (Cold Urticaria). കൗമാരക്കാരില്‍ സാധാരണയായി കണ്ടുവരുന്നു.

അസഹനീയമായ ചൊറിച്ചില്‍, തൊലിപ്പുറമേ ചുവന്ന തടിപ്പുകളായി കാണപ്പെടുക, എന്നിവയാണ് ലക്ഷണങ്ങൾ. തണുപ്പ് അടിച്ചതിനു 5–10 നിമിഷത്തിനകം ഇതു പ്രത്യക്ഷപ്പെടുന്നു. ഏകദേശം 1–2 മണിക്കൂറുകള്‍ വരെ ഇതു കാണപ്പെടുന്നു. യഥാര്‍ഥ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

പരമാവധി തണുപ്പ് ഒഴിവാക്കുകയാണ് ചികിത്സയുെട ആദ്യ പടി. മരുന്നുകള്‍ (Antihistamins) ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം.

റോസേഷ്യ ( Rosacea) : കവിളുകള്‍ ചുവക്കുകയും മുഖത്തെ രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നതായി കാണാം. ഈ രോഗാവസ്ഥയിൽ സൺസ്ക്രീൻ ഉപയോഗം ഗുണകരമായി കാണപ്പെടുന്നു.

∙ എക്സിമ (Eczema) : ബാഹ്യകാരണങ്ങളാലും ആന്തരിക കാരണങ്ങളാലും തൊലിപ്പുറമെ വരുന്ന ഇൻഫ്ലമേഷനാണ് എക്സിമ. പൊതുവേ തണുപ്പുകാലങ്ങളില്‍ എല്ലാതരം എക്സിമയും വളരെ അധികം മൂര്‍ച്ഛിക്കുന്നതായി കാണാം. ഉദാ: എട്ടോപ്പിക് ഡെർമറ്റൈറ്റിസ്, ആസ്റ്റിയടോട്ടിക് െഡർമറ്റൈറ്റിസ് എന്നിവ (Atopic dematitis, Asteatotic dematitis). ഇവിടെ ചർമം ചുവന്നു തടിക്കുകയും തീവ്രമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഏതു ഭാഗങ്ങളിലും ഇതു കാണപ്പെടാം. ചികിത്സിച്ചില്ലെങ്കിൽ എക്സ്ഫോളിയേറ്റിവ് ഡെർമറ്റൈറ്റിസ് (Exfoliative Dematitis) എന്ന തൊലിപ്പുറമെ ഉള്ള സങ്കീർണാവസ്ഥ സംഭവിക്കാം.

സ്വയംചികിത്സ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക, പരമാവധി തണുപ്പ് ഒഴിവാക്കുക, സ്ഥിരമായി മോയിസ്ചുറൈസർ ഉപയോഗിക്കുക. വിദഗ്ധ ഡോക്ടറുടെ ചികിത്സ എത്രയും പെട്ടെന്നു തേടുക.

വെള്ളനിറത്തിൽ ശൽക്കം

വരണ്ട തണുത്ത കാറ്റുള്ള സ്ഥലങ്ങളില്‍ വസിക്കുന്ന ആളുകളില്‍ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് സോറിയാസിസ് വൾഗാറിസ് (Psoriasis Vulgaris). ശരീരത്തിലെ ഏതു ഭാഗങ്ങളെയും ഇതു ബാധിക്കാം. ചുവന്ന തുടുത്ത വെള്ളനിറത്തിലുള്ള ശല്‍ക്കങ്ങള്‍ ശരീരത്തില്‍ രൂപപ്പെടുന്നു. ചിലരില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരിൽ വരെ ഇതു കാണപ്പെടാം. ചിലരില്‍ ഈ രോഗം മൂര്‍ച്ഛിക്കുന്നതു കാരണം അസഹ്യമായ സന്ധിവേദനയും അനുഭവപ്പെടാം എത്രയും വേഗം വിദഗ്ധ െെവദ്യസഹായം നേടുക വളരെ പ്രധാനമാണ്.

∙റെയ്നോസ് ഡിസീസ് (Raynaud’s disease) : തൊലിപ്പുറമെ രക്തം നൽകുന്ന ചെറിയ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടാവുന്നത്. െെകവിരലുകളെയും കാല്‍വിരലുകളെയും ആണ് ഇതു ബാധിക്കുന്നത്. വിരലുകളില്‍ വേദനയും നിറംമാറ്റവും സംഭവിക്കുന്നു. കൂടാതെ ഉണങ്ങാത്ത വൃണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഡോക്ടറെ കണ്ടു ചികിത്സ തേടുക.

വിണ്ടുപൊട്ടിയ ചുണ്ടുകള്‍

തണുപ്പുകാലങ്ങളില്‍ വിണ്ടുപൊട്ടിയ ചുണ്ടുകള്‍ (Chapped lips) ഉണ്ടാകാം. എന്നാല്‍ ഇതു കൂടുതലായി കണ്ടുവരുന്നത് ചില മരുന്നുകള്‍ ഉപയോഗിക്കുന്നവരിലാണ്. (1) വൈറ്റമിൻ എ സപ്ലിമെന്റുകൾ (2) റെറ്റിനോയ്ഡുകൾ (3) ലിതിയം.

ദിവസവും എസ്പിഎഫ് ഉള്ള ലിപ് ബാം, മോയിസ്ചുറൈസർ എന്നിവയുടെ ഉപയോഗം ശീലമാക്കുക.

∙ തണുപ്പുകാലത്ത് ശൽക്കങ്ങൾ ഉള്ള, വരണ്ട ചൊറിച്ചിലുള്ള പാടുകള്‍ പ്രധാനമായും മുഖത്തു പ്രത്യക്ഷപ്പെടുന്നു. സ്ഥിരമായ മോയിസ്ചുറൈസർ ഉപയോഗം ഇതിനെ ഒരു പരിധിവരെ ഇല്ലാതാക്കുന്നു.

∙ സെബോറിക് െഡർമറ്റൈറ്റിസ് (Seborrheic dermatitis) : ശരീരത്തില്‍ താരന്‍ കൂടുതലായി കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. തലയിലും കണ്‍പീലിയിലും അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ചെറിയ തോതിലുള്ള മുടികൊഴിച്ചിലും കാണപ്പെടുന്നു. ഇതിന് ആന്റിബയോട്ടിക് ചികിത്സയും ഷാംപൂവും കൂടാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകളും
ഉപയോഗിക്കാം.

ഡോ. പ്രത്യുഷ മുകുന്ദൻ

കൺസൽറ്റന്റ്
ഡെർമറ്റോളജിസ്റ്റ്

ഗവ. ഹോസ്പിറ്റൽ ഒാഫ് ഡെർമറ്റോളജി, ചേവായൂർ

കോഴിക്കോട്

Tags:
  • Manorama Arogyam
  • Beauty Tips