നിത്യവും രാവിലെ വീടിനു പുറത്തിറങ്ങുന്നതിനു മുമ്പായി മുഖത്തെ താടിരോമങ്ങളും അമിതമായുള്ള മീശയും വടിച്ചു നീക്കിയതിനുശേഷം നേരിയ സുഗന്ധത്തോടു കൂടിയ ആഫ്റ്റർ ഷേവ് പുരട്ടുന്നത് പുരുഷന്മാരുടെ വ്യക്തിത്വത്തിന്റെ പ്രതീകമാണ് കണക്കാക്കുന്നത്. വെള്ളം പോലുള്ള ദ്രാവകരൂപത്തിലും ലോഷൻ, ജെൽ, ബാം, പൗഡർ എന്നീ രൂപത്തിലും ആഫ്റ്റർ ഷേവ് ലഭ്യമാണ്.
അണുബാധ തടയും
രോമം വടിച്ചു നീക്കുമ്പോൾ ചർമ്മത്തിന്റെ ഏറ്റവും ബാഹ്യമായ കോശപാളിയും ചുരണ്ടി നീക്കാനിടയുണ്ട്. കൂടാതെ ചെറിയ മുറിവുകൾ ഉണ്ടാകാം. ചർമത്തിൽ പൊള്ളലുണ്ടാകാനും ഇടയുണ്ട് (Razor Burn). ഇവയിലെല്ലാം അണുബാധയ്ക്കും സാധ്യതയുണ്ട്.
ആഫ്റ്റർ ഷേവിന്റെ പ്രധാന ഉപയോഗം അണുബാധയെ പ്രതിരോധിക്കുക എന്നതാണ്. ഇതിനായി ഡി നാച്വേർഡ് സ്പിരിറ്റ് (Denatured Spirit Alcohol) അണുനാശിനിയായി ആഫ്റ്റർ ഷേവിൽ അടങ്ങിയിട്ടുണ്ടാവും. മറ്റു ഘടകങ്ങളായ പ്രകൃതിദത്തമായതോ അല്ലാത്തതോ ആയ മോയിസ്ചറൈസുകൾ, സുഗന്ധമുള്ള എണ്ണകൾ, വിറ്റമിൻ ഇ, വിറ്റമിൻ സി, ഷിയാ ബട്ടർ, ഗ്രേപ് സീഡ്, കറ്റാർവാഴ എന്നിങ്ങനെയുള്ള വസ്തുക്കൾ ആഫ്റ്റർ ഷേവുകളുടെ വ്യത്യസ്ത രൂപത്തിൽ പ്രധാന ഘടകങ്ങളായി വർത്തിക്കുന്നു. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ആഫ്റ്റർ ഷേവുകൾ ലഭ്യമാണ്. ചിലതിൽ സുഗന്ധമുള്ള എണ്ണയോ ചർമത്തിലെ ഈർപ്പം നിലനിർത്തുന്ന മോയിസ്ചുറൈസറോ അടങ്ങിയിരിക്കും. ഷേവിങ് കഴിഞ്ഞുള്ള പൊള്ളൽ, നീറ്റൽ, വിണ്ടുകീറൽ, വരൾച്ച എന്നിവയ്ക്ക് ആശ്വാസമാണ് പ്രകൃതിദത്തമോ, അല്ലാത്തതോ ആയ മോയിസ്ചുറൈസറുകൾ അടങ്ങിയ ആഫ്റ്റർ ഷേവ്. ചിലർക്ക് ചർമം ആൽക്കഹോൾ ചേർന്ന ആഫ്റ്റർ ഷേവ് പുരട്ടിയാലുടൻ അസാധാരണമായി പ്രതികരിക്കുകയും പൊള്ളൽ, പുകച്ചിൽ, എന്നിവ അനുഭവപ്പെടുകയും ചെയ്യാം. ഇത്തരക്കാർക്കാണ് ആൽക്കഹോൾ ചേരാത്ത അഫ്റ്റർ ഷേവ് വേണ്ടത്.
ബാം അഥവാ ഓയിന്റ്മെന്റ് രൂപത്തിലുള്ള ആഫ്റ്റർ ഷേവ് ചർമത്തെ മൃദുവായി നിലനിർത്തുന്നു. കൂളിങ് ജെൽ ചർമത്തിനു തണുപ്പും മൃദുലതയും നൽകുന്നു. ചിലതു ചർമത്തിനു തിളക്കവും നല്ല നിറവും പ്രദാനം ചെയ്യുന്നവയാണ്. മുറിവുകൾ ഉണക്കാനും വരണ്ട ചർമം ഈർപ്പമുള്ളതാക്കാനും വേദനിക്കുന്ന ചുവന്ന തടിപ്പുകൾ മാറ്റി ചർമം മൃദുവാക്കാനും അവശേഷിക്കുന്ന കുറ്റിരോമങ്ങൾ കുത്തിത്തറയ്ക്കാതെ അവയെ മയപ്പെടുത്താനും ആഫ്റ്റർ ഷേവ് സഹായിക്കുന്നു. അന്തരീക്ഷത്തിലെ പ്രതികൂലെ കാലാവസ്ഥയെ ചെറുക്കുന്ന സൺസ്ക്രീൻ അല്ലെങ്കിൽ യൂവി സുരക്ഷ എന്നിവയുടെ സ്വഭാവ ഗുണമുള്ള ഘടകങ്ങൾ ആഫ്റ്റർ ഷേവ് ബാമുകളിൽ ഉണ്ടാവാറുണ്ട്. ആഫ്റ്റർ ഷേവിൽ അടങ്ങിയിരിക്കുന്ന അണുനാശിനി ബാക്ടീരിയയെയും വൈറസിനെയും അകറ്റി നിർത്തും.
ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ചു വേണം അനുയോജ്യമായ ആഫ്റ്റർ ഷേവ് തിരഞ്ഞെടുക്കാൻ. ഇതിനായി ത്വക്കിൽ പരിശോധന നടത്തി കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ആഫ്റ്റർ ഷേവ് ഉപയോഗിക്കാവൂ.
ഡോ. ബി. സുമാദേവി
ഇഎസ്ഐസി ഹോസ്പിറ്റൽ, ആശ്രാമം, കൊല്ലം