പൊതുവായ ഒരു സംശയം ചോദിക്കാനാണ് ഈ കത്ത്.ബോക്സിങ് താരമായ കൊല്ലം സ്വദേശിയായ ഒരു ഹോമിയോ ഡോക്ടർ പാമ്പു കടിച്ചു മൂന്നു വർഷത്തിനു ശേഷം മരിച്ചതായുള്ള വാർത്ത വായിക്കാനിടയായി. ആനയെ ചികിത്സിക്കുന്നതിനിടയിലാണ് ഡോക്ടർക്കു പാമ്പുകടിയേറ്റതെങ്കിലും ഒരു തരം ഈച്ച കുത്തിയതായാണു കരുതിയത്. പിന്നീടു കാഴ്ചയ്ക്കു തകരാറുണ്ടായി കണ്ണാശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണു പാമ്പുകടി സംശയം ഉണ്ടായതും ചികിത്സ തുടങ്ങുന്നതും. ക്രമേണ വൃക്ക തകരാറിലായി, മരണം സംഭവിക്കുകയും ചെയ്തു. പാമ്പുകടിച്ചത് അറിയാതെ പോയി,ചികിത്സ വൈകിയാൽ ഇങ്ങനെ സംഭവിക്കാനിടയുണ്ടോ? മുൻപ് പാമ്പു കടിയേറ്റവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
രാഘവൻ, കണ്ണൂർ
പാമ്പു കടിച്ചു വിഷം ശരീരത്തു പ്രവേശിച്ചാൽ, പലതരം പ്രശ്നങ്ങൾ ഉണ്ടാകാം. മൂർഖൻ കുടുംബത്തിൽ പെട്ട പാമ്പുകളിൽ നിന്നും വിഷം പ്രധാനമായും ശരീരത്തിലെ നാഡീവ്യവസ്ഥയെ ആണു ബാധിക്കുന്നത്. അതേസമയം അണലി (Viper) കുടുംബത്തിൽ പെട്ട പാമ്പു വിഷം രക്തത്തിലെ ഘടകങ്ങളെയും, രക്തം കട്ട പിടിയ്ക്കലിനേയും ബാധിക്കും.
പാമ്പുവിഷം കൊണ്ടുള്ള അസുഖങ്ങൾ വരുന്നത്, എത്രമാത്രം വിഷം ശരീരത്തു കയറി എന്നതിനേയും, എങ്ങനെ ചികിത്സ കൊടുത്തു എന്നതിനേയും ആശ്രയിച്ചിരിക്കും. പാമ്പുകടി ഏറ്റ ഒരു രോഗി വരുമ്പോൾ, അദ്ദേഹത്തിന്റെ പ ൾസ്, രക്തസമ്മർദം, ശ്വാസം, മൂത്രം അളവ് എന്നിവയെല്ലാം നോക്കി, അവയവങ്ങളുടെ പ്രവർത്തനം എല്ലാം ശരിയാക്കാനാണു ചികിത്സിക്കുന്ന ഡോക്ടർ ശ്രമിക്കുന്നത്. ഈ പ്രവർത്തനം എല്ലാം ശരിയായി കഴിഞ്ഞാൽ രോഗം മാറി എന്നു സ്ഥിരീകരിച്ചു ഡിസ്ചാർജ് ചെയ്യും.
പക്ഷേ, ചില രോഗികൾക്ക് അണലിവർഗത്തിൽപെട്ട പാമ്പിന്റെ വിഷം കാരണം പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ രക്ത ഓട്ടം കുറയാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഉൽപാദിപ്പിക്കേണ്ട ഹോർമോണുകളുെട അളവു കാലക്രമേണ കുറഞ്ഞു കൊണ്ടിരിക്കും. ഇതു വളരെ പതിയെ സംഭവിക്കു ന്നതുകൊണ്ട്, രോഗിക്കു പെട്ടെന്നു ല ക്ഷണങ്ങൾ കാണണമെന്നില്ല. ഇതു കാരണം രോഗിയുടെ തൈറോയ്ഡ് ഹോർമോൺ, കോർട്ടിസോൾ ഹോർമോൺ, സെക്സ് ഹോർമോണ്‍ എന്നിവ കുറയാൻ സാധ്യതയുണ്ട്.
ഇതു വളരെ സാവധാനം സംഭവിയ്ക്കുന്നതുകൊണ്ട് രോഗിയ്ക്കു പെട്ടെന്നു വലിയ ലക്ഷണങ്ങൾ കാണില്ല. അതുപോലെ ചിലപ്പോൾ ഒരു ഹോർമോൺ ഉൽപാദനത്തെയോ മറ്റു ചിലപ്പോൾ എല്ലാ പിറ്റ്യൂട്ടറി ഹോർമോണുകളുടെ പ്രവർത്തനത്തെയോ ബാധിക്കാം.
ക്ഷീണം കൂടിയാൽ
കോർട്ടിസോളും തൈറോയ്ഡ് ഹോർമോണുകളും കുറഞ്ഞാൽ പ്രധാനമായും ക്ഷീണമാണ് അനുഭവപ്പെടുന്നത്. ചിലരിൽ വലിയ അധ്വാനം അഥവാ വ്യായാമം ചെയ്യുമ്പോൾ മാത്രമേ കൂടുതൽ ലക്ഷണം ഉണ്ടാവുകയുള്ളു. അതുകൊണ്ട് പാമ്പു കടിച്ചവർക്കു ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ, അവർ തൈറോയിഡ് ഹോർമോണിന്റെയും കോർട്ടിസോൾ ഹോർമോണിന്റെയും കുറവ് ഉണ്ടോ എന്നു പരിശോധിക്കണം.
അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, പാമ്പു കടിച്ചവർ, മറ്റു രോഗങ്ങൾക്കായി ഡോക്ടറെ കാണുമ്പോൾ എപ്പോഴായാലും പാമ്പു കടിച്ച വിവരം പറയേണ്ടത് അത്യാവശ്യമാണ്.