Friday 16 August 2024 05:30 PM IST

എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും, പുകവലിയില്ല, വ്യായാമം മുടക്കില്ല-87-ാം വയസ്സിലും കായികമത്സരങ്ങളില്‍ തിളങ്ങി സാമുവല്‍ ജോസഫ്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

old343

നേരം പുലരുമ്പോഴെ കൊച്ചി, തിരുവാണിയൂരിലെ മറ്റത്തിൽ സാമുവൽ ജോസഫ് എന്ന എം.എസ്. ജോസഫ് വീട്ടിൽ നിന്നിറങ്ങും. ജാവലിൻ ത്രോയും ഷോട്പുട്ടും ഒാട്ടവുമൊക്കെയായി പിന്നെ ഗ്രൗണ്ടിൽ തകർപ്പൻ പരിശീലനമാണ്. ജാവലിൻ ശരം കണക്കെ പായും. ഷോട്ട് പുട്ട് ബോൾ കണ്ണിമ ചിമ്മും മുൻപേ കുതിക്കും. ഉൗർജം ഒരു തരി ചോർന്നു പോകാതെ നിശ്ചയിച്ച ദൂരം ഒാടിയെത്തും.... ‌

ഈ 87-ാം വയസ്സിൽ ഒാട്ടവും ചാട്ടവുമൊക്കെ വേണോ? എവിടെയെങ്കിലും അടങ്ങിയിരുന്നുകൂടെ എ ന്ന് എം.എസ്. ജോസഫിനോടു പക്ഷേ ആരും ചോദിക്കാറില്ല. കാരണം സ്പോർട്സ് ആ മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണെന്ന് പരിചയക്കാർക്കെല്ലാം അറിയാം. ഇക്കാലമത്രയും ഏറ്റവും പ്രിയപ്പെട്ടതായി അദ്ദേഹം ചേർത്തുപിടിച്ച സ്വപ്നം. എഫ് എ സി റ്റിയിൽ നിന്ന് സ്‌പോർട്സ് ഒാഫിസറായി 1994 -ൽ വിരമിച്ച ജോസഫ് ഇപ്പോൾ സ്വീഡനിലെ ഗോ ഥെൻബർഗിൽ നടക്കുന്ന വേൾഡ് മാസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്ക ത്തിലാണ്. 

കളിച്ചു തിമിർത്ത ബാല്യം 

തിരുവാണിയൂരാണു താമസിക്കുന്നതെങ്കിലും പാലായിൽ മങ്കൊമ്പിലാണ് എം. എസ്. ജോസഫ് ജനിച്ചതും 18 വയസ്സുവരെ വളർന്നതും. കുന്നും മലയും താണ്ടി ഒാടിച്ചാടി നടന്ന കുട്ടിക്കാലം. ‘‘മലയും കുന്നുമെല്ലാം ഒാടിക്കയറിയ കാലം. അന്ന് കപ്പയും ചക്കയും മാങ്ങയുമെല്ലാം കഴിച്ചാണു ജീവിച്ചത്. അന്നും ഇന്നും സ്പോർട്സ് ഇഷ്ടമാണ്. മലയും കുന്നും കയറി എന്റെ കാലിനും കൈയ്ക്കുമൊക്കെ നല്ല കരുത്തുണ്ട്’’ - ജോസഫ് ചിരിയോടെ ഒാർമകളിലേക്ക്... 

ആ പ്രദേശത്തു ജനിച്ചതു തന്നെ സ്പോർട്സിലേക്കുള്ള വഴിയൊരുക്കിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്പോർട്സിനെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബം. അപ്പനും സഹോദരങ്ങൾക്കുമൊപ്പം വോളിബോൾ കളിക്കുന്ന സായാഹ്നങ്ങൾ അദ്ദേഹത്തിന്റെ ഒാർമയിലുണ്ട്. 

‘‘ സ്കൂൾ കാലത്ത് ഞാൻ വളരെ പൊക്കം കുറഞ്ഞ കുട്ടിയായിരുന്നു. എന്റെ ചേട്ടനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പൊക്കക്കുറവു കാരണം എന്നെ ചേർത്തിരുന്നില്ല. പിന്നീട് എനിക്കു പൊക്കം വച്ചു. അങ്ങനെ സ്പോർട്സിലേക്കു വന്നു’’ - ജോസഫ് പറയുന്നു. സ്കൂൾ കോളജ് തലങ്ങളിൽ സ്പോർട്സ് ഇനങ്ങളായ ത്രോസിലും റേസുകളിലും കൈ നിറയെ സമ്മാനങ്ങൾ നേടിയ ജോസഫ് പഠിച്ച കോളജുകളിലെല്ലാം ചാംപ്യനായിരുന്നു. ഒരു കോച്ചിങ് ക്യാംപിലും പങ്കെടുക്കാതെയായിരുന്നിത്. 

തിളങ്ങും കോളജ് ചാംപ്യൻ

കോട്ടയം സി എം എസ് കോളജിൽ ഇന്റർമീഡിയറ്റിന്റെ അവസാന ബാച്ചിലാണ് ജോസഫ് പഠിച്ചത്. അവിടെ കോളജ് ചാംപ്യനായി. പിന്നീട് ആലുവ യുസി കോളജിൽ ഡിഗ്രി പഠനം ഒരു വർഷമായപ്പോഴാണ് മാർ ഇവാനിയോസിലേക്കു വിളിച്ചത്. വോളിബോളിനോടുള്ള പ്രിയം കൊണ്ട് അങ്ങോട്ടു മാറി. അവിടെ വോളിബോൾ ടീം ഉണ്ടായിരുന്നു. ർ ഇവാനിയോസിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി. അവിടെ പഠിക്കുന്ന കാലത്തു കേരളത്തിനു വേണ്ടി കളിച്ചു. അന്ന് കേരളത്തിൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി എന്ന ഒരു സർവകലാശാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ജോസഫ് 1957 മുതൽ 1959 വരെ തിരുവിതാംകൂർ യൂണിവേഴ്സിറ്റി വോളിബോൾ പ്ലെയറായിരുന്നു. കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള കളിക്കാർ ഇതിലാണ് ഉൾപ്പെടുന്നത്. അതു കൊണ്ടു തന്നെ സെലക്ഷൻ ലഭിക്കുക ദുഷ്കരമായിരുന്നു. 1959, 1960, 1961 വർഷങ്ങളിൽ സംസ്ഥാനത്തെ പ്രതിനീധീകരിച്ച് ജോസഫ് നാഷനൽ വോളിബോൾ ചാംപ്യൻ ഷിപ്പിൽ പങ്കെടുത്തു. അവിടെ മൂന്നു വർഷം കളിച്ചു. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിലെ കളിക്കാരിൽ ഇന്നു ജീവിച്ചിരിക്കുന്നവർ ഒന്നോ രണ്ടോ പേരേയുള്ളൂവെന്നു ജോസഫ് പറയുന്നു. 

എഫ് എ സി റ്റി യുടെ സ്വന്തം ജോസഫ് 

ഡിഗ്രി പൂർത്തിയാകുന്നതിനു മുൻപെ ട്രാൻസ്പോർട്ട് കോർ‌പറേഷനിൽ ജോലിക്കായി വിളിച്ചു. അതു വേണ്ടെന്നു വച്ചു. പൊലീസ് സർവീസിലും റെയിൽവേയിലും ലഭിച്ച ജോലികളും നിരസിച്ചു. ഒാൾറൗണ്ടർ കളിക്കാരനായിരുന്നതിനാൽ അവസരങ്ങൾ ഒട്ടേറെയായിരുന്നു. പഠന ശേഷം എഫ് എ സി റ്റി ഉദ്യോഗമണ്ഡലിൽ വോളിബോൾ പ്ലെയറായി ജോലിയിൽ പ്രവേശിച്ചു.‘‘കേരളം ആദ്യം റണ്ണറപ്പ് ആകുന്ന വോളിബോൾ ടീമിൽ ഞാനുണ്ട്. ആ ടീമിൽ പ്രശസ്ത വോളിബോൾ കളിക്കാരനായ പപ്പനും ഉണ്ട്. എഫ് എ സിറ്റിക്കു വേണ്ടി ടീം ഉണ്ടാക്കണം എന്നാഗ്രഹമുണ്ടെന്നു പപ്പൻ എന്നോടു പറഞ്ഞു’’ - ജോസഫ് പറയുന്നു. എഫ് എ സ ി റ്റിയിൽ ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ഹോക്കി എല്ലാത്തിനും ടീം ഉണ്ടായിരുന്നു.അതോടൊപ്പം മൂന്നു വർഷം എറണാകുളം ജില്ലാ ഫൂട്ബോൾ ടീമിന്റെ ഗോൾ കീപ്പറായി. 

നേട്ടങ്ങളും സ്വപ്നങ്ങളും

പിന്നീട് എഫ് എ സി റ്റിയിൽ നിന്നു ഡെപ്യൂട്ടേഷനിൽ, പട്യാലയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും വോളിബോൾ കോച്ചിങ് ഡിപ്ലോമ കരസ്ഥമാക്കി ( എൻ െഎ എസ്. വോളിബോൾ കോച്ച്) . ഫാക്‌റ്റിലെ വോളിബോൾ കോച്ച് ആയി. അതിനിടെ നാഷനൽ വോളിബോൾ റഫറി ടെസ്‌റ്റ് ജയിച്ചു. ഇന്ത്യയിലൂടനീളം ടൂർണമെന്റുകളിൽ നാഷനൽ റഫറിയായി.1982 -ലെ ഏഷ്യാഡിലും റഫറി ആയി. കേരള റഫറീസ് അസോസിയേഷൻ സെക്രട്ടറിയായി എട്ടുവർഷം ജോസഫ് പ്രവർത്തിച്ചു. നാലു വർഷം പ്രസിഡന്റുമായിരുന്നു. 

മാസ്‌റ്റേഴ്സ് മീറ്റിലേക്ക് 

1982 മുതൽ 35 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ  മാസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുത്തു തുടങ്ങി. അന്നു മുതൽ ജോസഫ് സ്ഥിരം മത്സരാർഥിയാണ്.സിംഗപ്പൂർ (1987), ചൈന (1989), ബാങ്കോക്ക്(1991), ജപ്പാൻ (2014) എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മീറ്റുകളിൽ പങ്കെടുത്തു. മെഡലുകളും നേടി. 

2024 ഒാഗസ്‌റ്റിൽ സ്വീഡനിലെ ഗോഥൻ ബർഗിൽ നടക്കുന്ന വേൾഡ് മാസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണിപ്പോൾ. വേൾഡ് മീറ്റിനായുള്ള ആദ്യ യാത്രയാണിത്. നൂറു മീറ്റർ ഒാട്ടം, ജാവലിൻ ത്രോ, ഷോട്ട് പുട്ട് എന്നിവയാണു പങ്കെടുക്കുന്ന ഇനങ്ങൾ. ഒരാൾക്കു മൂന്ന് വ്യക്തിഗതഇനങ്ങളിലും റിലേയിലും മത്സരിക്കാം. ട്രിപ്പിൾ ജംപും ലോങ്ജംപും മുൻപു ചെയ്തിരുന്നെങ്കിലും മുട്ടിനു സുഖമില്ലാതായതോടെ നിർത്തി. 

‘‘ സ്‌റ്റേറ്റ് മീറ്റുകളിൽ സെലക്ഷൻ കിട്ടുന്നവർ നാഷനൽ മീറ്റുകളിൽ എത്തും. നാഷണൽ ലെവൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കാണ് വേൾഡ് മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുന്നത്. വേൾഡ് മീറ്റ് എന്റെ സ്വപ്നമായിരുന്നു.വേൾഡ് മീറ്റിൽ സമ്മാനം ലഭിക്കാൻ എനിക്കു സാധ്യത ഉണ്ടെന്നാണ് എല്ലാവ രും പറയുന്നത്. ’’- ജോസഫ് പറയുന്നു. വേൾഡ് മീറ്റിൽ പങ്കെടുക്കാൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നു സാമ്പത്തിക സഹായം ഒന്നുമില്ല എന്നതാണ് ജോസഫിനെ വിഷമിപ്പിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ മക്കളുടെയും ഭാര്യയുടെയും പിന്തുണയും കരുതലുമുണ്ട്. 

പരിശീലനം തുടരുന്നു 

ആൻജിയോപ്ലാസ്‌റ്റി ഉൾപ്പെടെ ഒട്ടേറെ ശസ്ത്രക്രിയകൾക്കും ജോസഫ് വിധേയനായിട്ടുണ്ട്. 2008ലാണ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആൻജിയോപ്ലാസ്‌റ്റി ചെയ്യുന്നത്. ഡോ. സജി കുരുട്ടുകുളത്തിന്റെ നേതൃത്വത്തിൽ. വർഷത്തിലൊരിക്കൽ ഹാർട്ടിന്റെ ചെക്കപ്പ് തുടരുന്നു. തൈറോയ്ഡ്, പ്രോസ്‌റ്റേറ്റ് സർജറികളും ചെയ്തു. വ്യായാമങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ 75 ശതമാനവും രോഗങ്ങൾ അലട്ടില്ലെന്നാണ് ജോസഫിന്റെ പക്ഷം. എപ്പോഴും സജീവമായിരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ശരീരവേദനകൾ വന്നാൽ കുഴമ്പിട്ടു തിരുമ്മാറുണ്ട്. പുണെയിൽ നടന്ന നാഷനൽസ് മത്സരത്തിനു മുൻപ് 72 ദിവസത്തോളം ആയുർവേദ ചികിത്സയും ചെയ്തു.

വേൾഡ് മീറ്റിനായുള്ള പരിശീലനത്തിനു കൂട്ടായി ഭാര്യയുമുണ്ട്. ‌ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ അഞ്ചരയ്ക്കു തുടങ്ങും. പതിവായി ചെയ്താൽ കാൽ മുട്ടിൽ നീരു വരും. അതു പ്രായാധിക്യം കൊണ്ടാണ്. ഒരു മണിക്കൂറോളം വ്യായാമം ചെയ്യും. പത്തു റൗണ്ടെങ്കിലും നടക്കും, ജോഗ് ചെയ്യും. സ്ട്രെച്ചിങ് ഉൾപ്പെടെ വ്യായാമങ്ങൾ ചെയ്യും. ചെറുതായി ഒാടും. ശരീരം വിയർക്കുന്നതു വരെയാണു വ്യായാമം. ‘‘ആൻജിയോപ്ലാസ്‌റ്റി ചെയ്ത വർഷം വ്യായാമം ചെയ്തില്ല. പിന്നീടു വ്യായാമം ചെയ്തു തുടങ്ങി. ത്രോസിലേക്കു മാറി. ജാവലിനൊപ്പം ഷോട്ട് പുട്ടും ചെയ്തു. ഒാട്ടവും നല്ലതാണ് ’’- ജോസഫ് വിശദമാക്കുന്നു . 

അപൂർവമായി ഒന്നര പെഗ്ഗ്,പുകവലിയില്ല

ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ജോസഫിന് അടുക്കും ചിട്ടയുമുണ്ട്. ‘‘ അപൂർവമായി അൽപം മദ്യപിക്കും. എന്നാൽ എത്ര നിർബന്ധിച്ചാലും ഒന്നര പെഗ്ഗിൽ കൂടുതൽ ഞാൻ കഴിക്കാറില്ല. പുകവലിക്കുമായിരുന്നു. പുകവലി നിർത്തിയിട്ട് 20 വർഷത്തോളമായി. ’’ - ജോസഫ് പറയുന്നു.

ആഹാരത്തിൽ മിതത്വം

ആഹാര കാര്യത്തിലും അദ്ദേഹം മിതത്വം കാത്തു പാലിക്കാറുണ്ട്. എന്തു കിട്ടിയാലും കഴിക്കുന്ന രീതിയില്ല.പുട്ടും പയറും പപ്പടവും മുട്ടയും, അപ്പം, ദോശ പോലെയുള്ള വിഭവങ്ങളാണ് സാധാരണ പ്രഭാത ഭക്ഷണം. രാവിലെ കട്ടൻചായ കുടിക്കും. പാൽ ചേർത്തു കുടിക്കുന്നത് അപൂർവം. നാടൻ ഭക്ഷണമാണിഷ്ടം. ഉച്ചയ്ക്കു ചോറും
ചിലപ്പോൾ ചപ്പാത്തിയും കഴിക്കാറുണ്ട്. നോൺവെജ് കഴിക്കും. ബീഫും പോർക്കുമൊക്കെ അൽപം മാത്രം. രാത്രി ഭക്ഷണത്തിൽ ചോറിന്റെ അളവു വളരെ പരിമിതപ്പെടുത്തി. വെള്ളം ധാരാളം കുടിക്കാറുണ്ട്. യാത്രകളിൽ ഫ്ളാസ്കിൽ ചൂടുവെള്ളം കരുതും.

സ്പോർട്സ് നൽകിയതു സന്തോഷം 

സ്പോർ‌ട്സിലൂടെ ജീവിതത്തിൽ ലഭിച്ചത് ആത്യന്തികമായ സന്തോഷമാണെന്നു ജോസഫ് പറയുന്നു. ‘‘ബന്ധങ്ങളും സൗഹൃദങ്ങളും ധാരാളമുള്ളതിനാൽ ദുഃഖിക്കാനൊന്നും നേരമില്ല. എന്തുവന്നാലും നേരിടുന്നതിനുള്ള ധൈര്യം ഉണ്ട്. ദൈവത്തിലുള്ള ആഴമായ വിശ്വാസവും ഇതിനു സഹായിക്കുന്നു’’.ജോസഫിന് ആകുലതകളും ആശങ്കകളുമില്ല. സാമൂഹിക ബന്ധങ്ങളും ലോകവീക്ഷണവും വ്യായാമവുമാണ് അതിനു കാരണമെന്ന് അദ്ദേഹം പറയുന്നു. 

കൊച്ചി സെയ്ന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ച അമ്മിണി വർഗീസാണ് ജോ‌സഫിന്റെ ഭാര്യ. രണ്ട് ആൺ മക്കൾ. മൂത്ത മകൻ അജിത് കസ്‌റ്റംസിൽ സൂപ്രണ്ടാണ്. രണ്ടാമത്തെയാൾ അരുൺ മർച്ചന്റ് നേവിയിൽ ഒാഫിസർ. കൊച്ചുമക്കൾക്കും സ്പോർട്സിനോടു താത്പര്യമുണ്ട്. 

പുതിയ തലമുറയോട് 

ജോസഫിനു പുതിയ തലമുറയോടു പറയാനുള്ളത് ഇതാണ് - ‘‘ നമ്മുടെ ആരോഗ്യം പ്രധാനമാണ്. മടിപിടിച്ച് അലസരായി ഇരിക്കരുത്. ഈ പ്രായത്തിൽ എനിക്ക് ഒാടുകയും ചാടുകയും ചെയ്യാമെങ്കിൽ മറ്റുള്ളവർക്ക് എന്തു കൊണ്ട് അത് ആയിക്കൂടാ...’’ 

70 വയസ്സു കടന്നാൽ നടക്കാൻ പോലും ഭയപ്പെടുന്നവരെയാണു നാം കാണുന്നത്. ചുവടുകൾ ഇടറുമോ എന്ന് ആശങ്കപ്പെടുന്നവർ. ഇതാ 87-ാം വയസ്സിൽ ഒരാൾ ലോകതലത്തിൽ മത്സരിക്കാനൊരുങ്ങുന്നു...

Tags:
  • Manorama Arogyam