Tuesday 21 September 2021 11:24 AM IST : By സ്വന്തം ലേഖകൻ

അറുപതിൽ പിടിപ്പെടുന്ന മറവിരോഗത്തിന്റെ സൂചനകൾ 40–ാം വയസിലേ ലഭിക്കും: ഈ ലക്ഷണങ്ങൾ വച്ച് സ്വയം വിലയിരുത്തു

alzhimers

ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയാണ് മറവി രോഗത്തിന്റെ പ്രധാന ലക്ഷണമെങ്കിലും ഒപ്പം, ഭാഷാപരമായും ബൗദ്ധികമായുമുള്ള അനേകം പ്രശ്നങ്ങള്‍ ഈ രോഗികള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. ഇതിനു പുറമെ പെരുമാറ്റത്തില്‍ വരുന്ന െെവകല്യങ്ങളും രോഗീപരിചരണത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങളുടെ പൊതുവായ രോഗലക്ഷണമാണ് മറവിരോഗം. സാധാരണയായി മറവിരോഗം ഉണ്ടാക്കുന്നത് അൽസ്ഹൈേമഴ്സ് രോഗമാണ്. അൽസ്ഹൈേമഴ്സ് രോഗത്തെ ചികിത്സിച്ചു ഭേദമാക്കാനുള്ള മരുന്നു നിലവിലില്ല. എന്നാല്‍ രോഗലക്ഷണങ്ങൾ കുറയ്ക്കാനും ഒാര്‍മ മെച്ചപ്പെടുത്താനും ഉതകുന്ന ചില മരുന്നുകള്‍ ഇന്നുണ്ട്.

∙ചിലതരം മറവിരോഗങ്ങളെ മരുന്നിലൂടെ തടയാന്‍ സാധിക്കും. ഉദാഹരണത്തിന് െെതറോയ്ഡ് എന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ മറവിരോഗം ഉണ്ടാകാം. എന്നാല്‍ ആ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നൽകുന്നതു വഴി ഇങ്ങനെ വരുന്ന മറവിരോഗം തടയാന്‍ സാധിക്കും.

∙ തലച്ചോറിനെ ബാധിക്കുന്ന ചില അണുബാധകള്‍ മറവിരോഗത്തിലേക്കു നയിക്കാം. ഇത്തരം അണുബാധകള്‍ക്ക് ചികിത്സ നല്‍കി ഇവരില്‍ മറവിരോഗം തടയാന്‍ സാധിക്കും.

∙സ്ഥിരമായ മദ്യപാനം മറവിരോഗത്തിന് കാരണമാകാം. മദ്യപാനം ഉപേക്ഷിക്കുക വഴി ഇത്തരം മറവിരോഗം തടയാന്‍ സാധിക്കും.

∙ തലച്ചോറിനുള്ളിലേക്ക് ഉണ്ടാകുന്ന ചില പ്രത്യേക തരത്തിലുള്ള രക്തസ്രാവം മറവിരോഗം ഉണ്ടാക്കാം. ഒരു ശസ്ത്രക്രിയയിലൂടെ ഇതിനെ നീക്കം ചെയ്യാം.

∙വൃക്കരോഗം, കരള്‍രോഗം, ദീർഘകാലമായുള്ള ശ്വാസംമുട്ട് തുടങ്ങിയവ മറവിക്കു കാരണമാകാം. ആ അവയവങ്ങളുടെ രോഗങ്ങൾ ചികിത്സിച്ചു മാറ്റിയാൽ മറവിരോഗം തടയാം.

അൽസ്ഹൈേമഴ്സ് തടയാം?

അൽസ്ഹൈേമഴ്സ് രോഗമാണ് ഭൂരിപക്ഷം മറവിരോഗികളിലുമുള്ളത്. ഈ രോഗത്തെ തടയാന്‍ തെളിയിക്കപ്പെട്ട ചികിത്സാരീതികള്‍ ഇല്ലെങ്കിലും ഈ ദിശയില്‍ അനേകം നിരീക്ഷണ/പരീക്ഷണ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

∙ ഒഴിവുസമയം ചെലവഴിക്കാന്‍ ഉപയോഗിക്കുന്ന വായന, വാദ്യോപകരണങ്ങളുടെ ഉപയോഗം, ബൗദ്ധികമായ കളികളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മറവിരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കരുതുന്നു.

∙ഒന്നിലധികം ഭാഷ അറിയുന്നവര്‍ക്ക് മറവിരോഗം വരാനുള്ള സാധ്യത കുറയുന്നു എന്നു തെളിയിക്കുന്ന പഠനങ്ങളുണ്ട്. അതിനാൽ കൂടുതൽ ഭാഷകൾ പഠിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.

∙ വിദ്യാഭാസ നിലവാരം കുറഞ്ഞവർക്കിടയിൽ രോഗം കൂടുതലാണ്. ഉയര്‍ന്ന വിദ്യാഭ്യാസം മറവിരോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

alzhi

മീനെണ്ണ നല്ലത് ?

ആരോഗ്യപരമായ ജീവിത െെശലി മറവിരോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കുന്നു. മിതമായ ആഹാരം, ആരോഗ്യകരമായ ഭക്ഷണരീതി, ക്രമമായ വ്യായാമം തുടങ്ങിയവ ഉൾ‌പ്പെട്ട മികച്ച ജീവിത െെശലി പ്രധാനമാണ്.

മീനെണ്ണ പോലെ ചില ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതു മറവിരോഗം തടയാന്‍ ഒരു പരിധിവരെ സഹായിക്കുമെന്നു പഠനങ്ങളുണ്ട്. എന്നാൽ പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും അവ ശരിയായ അളവില്‍ പ്രയോജപ്പെടുത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ല.

രോഗങ്ങൾ വരാെത നോക്കാം

ഹൃദയാഘാതത്തിലേക്കും മസ്തിഷ്കാഘാതത്തിലേക്കും നയിക്കുന്ന ചില അവസ്ഥകളുണ്ട്. രക്തക്കുഴലുമായി ബന്ധപ്പെട്ട അപായഘടകങ്ങളാണ് അതിൽ പ്രധാനം. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹരോഗം, അമിതമായ ശരീരഭാരം,

പുകവലി, ശാരീരിക നിഷ്ക്രിയത്വം തുടങ്ങിയവയാണവ. ഇത്തരം ഘടകങ്ങള്‍ അൽസ്ഹൈേമഴ്സ് മറവിരോഗത്തിനും വാസ്കുലാര്‍ മറവിരോഗത്തിനും കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ ഘടകങ്ങളെ വേണ്ടതുപോലെ നിയന്ത്രിച്ചാല്‍ മറവിരോഗം ഒരു പരിധിവരെ തടയാം.

20 വർഷം മുൻപേ അറിയാം

∙ അൽസ്ഹൈേമഴ്സ് രോഗം തടയുന്ന കാര്യത്തില്‍ വിപ്ലവാത്മകമായ കണ്ടെത്തല്‍ അടുത്ത കാലത്തായി ഉണ്ടായി. തലച്ചോറിലെ മര്‍മപ്രധാനമായ ചില കോശങ്ങളില്‍ ഹാനികരമായ ചില വിഷപദാര്‍ഥങ്ങള്‍ വന്നടിഞ്ഞ് പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു ക്രമേണ കോശങ്ങള്‍ തന്നെ നശിച്ചുപോകുന്ന ഒരു പ്രക്രിയയാണ് അൽസ്ഹൈമേഴ്സ് രോഗത്തിലേക്കു നയിക്കുന്നത്. ഈ പ്രക്രിയ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു വളരെ മുൻപേ, അതായത് പത്തും ഇരുപതും വര്‍ഷം മുന്‍പ് സംഭവിക്കുന്നു എന്നത് വിപ്ലവകരമായ കണ്ടുപിടുത്തമാണ്.

അതായത് ഒരു വ്യക്തിക്കു മറവിരോഗം പ്രത്യക്ഷപ്പെടുന്നത് അറുപതു വയസ്സിലാണെങ്കിലും ഇതിനു കാരണമായ പ്രവര്‍ത്തനങ്ങള്‍ ആ വ്യക്തിയുടെ തലച്ചോറില്‍ നാല്പതു വയസ്സു തൊട്ടേ ആരംഭിക്കുന്നു എന്നതാണ് ഈ കണ്ടുപിടുത്തം. അതുകൊണ്ടുതന്നെ അറുപതു വയസ്സിലെ മറവിരോഗം തടയണമെങ്കില്‍ നാല്‍പതു വയസ്സിലേ ചികിത്സിക്കണം എന്നു സാരം.

കടപ്പാട്:

ഡോ. റോബർട്ട് മാത്യു

ചീഫ് ന്യൂറോളജിസ്റ്റ്,     മറവി രോഗ വിദഗ്ധൻ
അനുഗ്രഹം ന്യൂറോകെയര്‍,
തിരുവനന്തപുരം