Monday 31 January 2022 05:07 PM IST : By സുജേത ഏബ്രഹാം

മണ്ണ്, തലമുടി, പേപ്പർ തുടങ്ങിയവ കഴിക്കുന്നത് വിളർച്ചയുടെ ലക്ഷണമാണോ? പരിഹാരങ്ങൾ അറിയാം...

vil434reew

ഇന്ത്യയിലെ പ്രധാന പോഷകാഹാര പ്രശ്നങ്ങളിൽ ഒന്നാണ് വിളർച്ച അല്ലെങ്കിൽ അനീമിയ. രക്തക്കുറവ് എന്നും ഇതിന് പറയാറുണ്ട്. കേരളത്തിൽ 30Ð40% വരെ വിളർച്ചാ രോഗികൾ ഉണ്ട്. നമ്മുടെ ശരീരത്തിൽ ആവശ്യമായ ചുവന്ന രക്താണുക്കൾ (Red Blood Cells) ഇല്ലാത്തപ്പോൾ ആണ് വിളർച്ച ഉണ്ടാവുന്നത്. ചുവന്ന രക്താണുക്കളാണ് ശരീരത്തിലെ ഒാക്സിജൻ എല്ലാ കോശങ്ങളിലും കൊണ്ടുപോകുന്നത്. ഒാക്സിജന്റെ അളവു കുറഞ്ഞുപോയാൽ അത് ഓരോ കോശങ്ങളേയും ബാധിക്കും. അനീമിയ പല വിധത്തിൽ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് അയൺ ഡെഫിഷ്യൻസി അനീമിയ ആണ്. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്. ചുവന്ന രക്താണുക്കളിലുള്ള ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിന് ആവശ്യമായ അയൺ ഇല്ലാതെ വരുമ്പോൾ വിളർച്ചയ്ക്കു കാരണമാകുന്നു.

തളർച്ചയും ക്ഷീണവും

ഇതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും ചുവന്ന രക്താണുക്കൾ നശിക്കുകയോ ആവശ്യത്തിന് ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കാൻ കഴിയാതെ വരികയോ ശരീരത്തിൽ നിന്ന് അമിതമായി രക്തം പോവുകയോ ചെയ്യുമ്പോഴാണ് സാധാരണ വിളർച്ച ഉണ്ടാകുന്നത്. ഇതു കൂടാതെ അർബുദം, അർശസ്സ് തുടങ്ങിയ ചില രോഗങ്ങൾ വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

ഹൃദയമിടിപ്പ് കൂടുക, തളർച്ച, ക്ഷീണം, നെഞ്ചിടിപ്പ്, കൺപോളകൾ വിങ്ങുക, ദേഷ്യം, കിതപ്പ്, ശ്വാസംമുട്ടൽ, തണുപ്പ് സഹിക്കാൻ വയ്യാതാവുക, തലകറക്കം, മുടി കൊഴിച്ചിൽ, ഏകാഗ്രത കുറവ്, ആഹാരത്തോട് വെറുപ്പ്, തലവേദന, ചെവിയിൽ മൂളൽ, വാശി, ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന വിളർച്ചയുടെ പ്രത്യേകതരം രോഗലക്ഷണമായ അരി, മണ്ണ്, തലമുടി, പേപ്പർ തുടങ്ങിയവ കഴിക്കാനുള്ള പ്രവണത ഇവയൊക്കെ വിളർച്ചയുടെ ലക്ഷണമാണ്.

പുരുഷന്മാരിൽ 13 മി.ഗ്രാമിൽ താഴെയും സ്ത്രീകളിൽ 10 മി.ഗ്രാമിൽ താഴെയും ഉള്ള ഹീമോഗ്ലോബിന്റെ അളവ് വിളർച്ചയായി കണക്കാക്കാം. സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ വിഭാഗം ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിളർച്ച. അനാരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാരക്കുറവും വിളർച്ചയ്ക്ക് കാരണമാകും. കുട്ടികളിൽ വിരശല്യം വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഡോക്ടറെ കണ്ട് കൃത്യ സമയത്ത് വിരമരുന്നു നൽകണം.

സ്ത്രീകളും കുട്ടികളും

കുട്ടികളിലെ വിളർച്ച മാറണമെങ്കിൽ മാംസ്യാഹാരത്തോടൊപ്പം പച്ചക്കറികളും പഴവർഗ്ഗങ്ങളും, പലതരം പാചക വിധികളിലൂടെ അവർക്ക് രുചികരമായി കൊടുക്കണം. സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോൾ വിളർച്ചയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഗർഭാവസ്ഥയിലും മുട്ടയൂട്ടൽ കാലങ്ങളിലും പോഷകാഹാരത്തോടൊപ്പം അയൺ ഗുളികകളും കഴിക്കാൻ ശ്രദ്ധിക്കണം. ഗർഭിണികളിൽ വിളർച്ചയുള്ളവർക്ക് ഭാരം കുറഞ്ഞ കുട്ടികൾ ഉണ്ടാകുവാനും മാസം തികയാതെയുള്ള പ്രസവത്തിനും സാധ്യതയുണ്ട്. വിളർച്ചയുള്ള മുലയൂട്ടുന്ന അമ്മമാർക്ക് പാലിന്റെ അളവ് കുറയുവാനും, പ്രസവാനന്തര വിഷാദം ഉണ്ടാകുവാനും ഉള്ള അവസരങ്ങൾ കൂടുതലാണ്. കൗമാരക്കാരായ പെൺകുട്ടികളിൽ കൂടുതൽ ആർത്തവരക്തം പോകുന്നവരിൽ വിളർച്ച കാണാറുണ്ട്. നല്ല ആഹാരരീതിയിൽ നിന്ന് ജങ്ക്ഫൂഡിലേക്കുള്ള മാറ്റവും വിളർച്ചയ്ക്ക് കാരണമാണ്.

ആഹാരത്തിൽ കരുതലെടുക്കാം

അയൺ ഗുളികകൾ കഴിക്കുമ്പോൾ കാപ്പി, ചായ, പാൽ ഇവയുടെ കൂടെ കഴിക്കരുത്. ജ്യൂസോ വെള്ളമോ ഉപയോഗിക്കുക. കാരണം ഇവയൊക്കെ അയണിന്റെ ആഗിരണത്തെ കുറയ്ക്കുന്നു. ആഹാരരീതിയെ പറ്റി പറയുമ്പോൾ ഹീം അയൺ, നോൺ ഹീം അയൺ (Heam iron, non heam iron) എന്നിങ്ങനെ രണ്ടുതരത്തിലുള്ള അയൺ ഉണ്ട്. ആട്ടിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി, കരൾ, മുട്ട, കക്കയിറച്ചി, ചൂര, അയല, മത്തി, നെത്തോലി, കണവ എന്നിവയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട ശരീരത്തിന് പ്രതിരോധശക്തി നൽകുന്നു. മീൻ ഒമേഗാ 3 ഫാറ്റി ആസിഡ് നൽകുന്നതു കൂടാതെ കുറഞ്ഞ കാലറി പ്രദാനം ചെയ്യും. കോഴിയിറച്ചിയിൽ ഹീം അയൺ കുറവാണ്. ഇവ ശരീരത്തിൽ നോൺ ഹീം അയണിനേക്കാൾ പെട്ടെന്ന് ആഗിരണം ചെയ്യുന്നു.

∙നോൺ ഹീം അയൺ

മുഴുധാന്യങ്ങളിൽ അയൺ ധാരാളമുണ്ട്. അതിൽ റാഗി, തവിടുകളയാത്ത അരി, തവിടു കളയാത്ത ഗോതമ്പ്, അവൽ ഇവയൊക്കെ ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം ഇവയുടെ കലവറയാണ്. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് പച്ച ഇലക്കറികൾ, ചീരയില, മത്തയില, ബ്രൊക്കോളി, കാബേജ് , കുമ്പളത്തിന്റെ ഇല, പാവയ്ക്ക, ബീറ്റ്‌റൂട്ട് എന്നിവ. ഇവ കഴിക്കുന്നവർ വൈ‌റ്റമിൻ സിയും കഴിക്കണം. ഇവയിൽ ഓക്സലേറ്റുകൾ (Oxalate) അടങ്ങിയിട്ടുള്ളതുകൊണ്ട് വൈറ്റമിൻ സി കഴിച്ചാൽ മാത്രമേ ഇരുമ്പ് ആഗിരണം ശരിയായി നടക്കൂ.

∙ നട്സ്

നട്സ്, വിത്തുകൾ എന്നിവയിൽ ഇരുമ്പ് ഉയർന്ന അളവിൽ ഉണ്ടെന്ന് പലർക്കും അറിയില്ല. എള്ള്, മത്തങ്ങ, വിത്തുകൾ, തണ്ണിമത്തൻ വിത്തുകൾ, കശുവണ്ടി, ചണവിത്ത്, പിസ്താ, ബദാം, ഇവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. കറുത്ത മുന്തിരിങ്ങ, ഈന്തപ്പഴം ഇവ ഇരുമ്പിന്റെ കലവറ തന്നെയാണ്.

∙ പഴങ്ങൾ

നെല്ലിക്ക, ഏത്തപ്പഴം, പപ്പായ, തണ്ണിമത്തൻ, പേരയ്ക്ക, പൈനാപ്പിൾ, സിട്രസ് ഫ്രൂട്ടായ ഓറഞ്ച്, നാരങ്ങ, മാതളം ഇവയിലും വൈറ്റമിൻ സി ധാരാളമുണ്ട്. കൂടാതെ ഡാർക് ചോക്‌ലെറ്റ് , ശർക്കര ഇവയും ഇരുമ്പിന്റെ കലവറയാണ്. കൊച്ചു കുട്ടികൾക്ക് പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ചേർന്ന സമീകൃതാഹാരം കഴിച്ചാൽ ഇരുമ്പിന്റെ അഭാവത്താലുള്ള വിളർച്ച അകറ്റി നിർത്താം. ഇതു കൂടാതെ ഫോളിക് ആസിഡിന്റെ അപര്യാപ്തത കൊണ്ടുള്ള ഫോളേറ്റ് ഡെഫിഷ്യൻസി അനീമിയ ഉണ്ട്. ഇലക്കറികളിലും പച്ചക്കറികളിലും ഫോളേറ്റ് ഉണ്ട്.

വൈറ്റമിൻ B12 ആവശ്യമായ അളവിൽ ആഗിരണം ചെയ്യാനാകാത്ത സാഹചര്യത്തിലുണ്ടാകുന്ന പെർണീഷ്യസ് അനീമിയയും സാധാരണമാണ്. ഇതു കൂടുതലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരിലാണ് ഉള്ളത്. പൊതുവായി പറഞ്ഞാൽ വെജ് Ðനോൺവെജ് സമീകൃതാഹാരം വിളർച്ചയെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഇരുമ്പിന്റെ ആഗീരണത്തിന് വൈറ്റമിൻ സിയും പ്രധാനമാണ് എന്നും ഒാർമിക്കുക.

സുജേതാ ഏബ്രഹാം

റിട്ട. സീനിയർ ഡയറ്റീഷൻ

ഗവ. മെഡിക്കൽ കോളജ്

കോട്ടയം

Tags:
  • Daily Life
  • Manorama Arogyam