Monday 16 May 2022 04:39 PM IST : By സ്വന്തം ലേഖകൻ

നോർത്ത് 24 കാതത്തിലെ ഫഹദിന്റെ അതേ അവസ്ഥ, ഒസിഡിയുടെ ചുഴിയിൽപെട്ട നിമിഷം! ഗിരീഷ് മാരേങ്ങലത്ത് പറയുന്നു

ocd

നോർത്ത് 24 കാതം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒാർമയില്ലേ?... ഒസിഡി അഥവാ ഒബ്സസീവ് കംപൽസീവ് ഡിസോഡർ എന്ന പ്രശ്നം കാരണം നിത്യജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടി വരുന്ന ഒരാൾ. നമുക്കു ചുറ്റും ഈ രോഗാവസ്ഥ കാരണം പ്രയാസപ്പെടുന്ന ആയിരക്കണക്കിനു പേരുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച എഴുത്തുകാരനും ലിംക ബുക് ഓഫ് റെക്കോഡ്സ് ജേതാവുമായ ഗിരീഷ് മാരേങ്ങലത്ത് ഒസിഡിയുെട വിവിധ അവസ്ഥാന്തരങ്ങളിലൂെട കടന്നുപോയ വ്യക്തിയാണ്. ആ അനുഭവങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലൂെട...

കഥാപാത്രവും പ്രേക്ഷകനും ഒന്നാകുമ്പോൾ

ഫഹദ് ഫാസിൽ നായകനായ നോർത്ത് 24 കാതം എന്ന സിനിമ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടത് കഴിഞ്ഞ ദിവസമാണ്. ഈ സിനിമയിൽ ഒസിഡി കൊണ്ടു വല്ലാതെ ബുദ്ധിമുട്ടുന്ന ഹരിയെ മറ്റൊരാളായി കാണാൻ എനിക്കൊരിക്കലും സാധിച്ചില്ല. മനസ്സിൽ ഒരുപാടു നന്മയും കരുതലും കാത്തുസൂക്ഷിക്കുമ്പോഴും ചുറ്റുപാടുകളുമായി ഒരു നിലയ്ക്കും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത ഹരിയുടെ മാനസിക വ്യാപാരങ്ങൾ സിനിമയിലുടനീളം എന്റേതു കൂടിയായി മാറുകയായിരുന്നു. ഹരിയുടെ അമിതവൃത്തിയും അസ്വസ്ഥതകളും പിരിമുറുക്കങ്ങളും ഫഹദ് ഫാസിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് കണ്ടിരിക്കുന്ന ഒരാൾക്കും അയാളുടെ ഉള്ളിൽനടക്കുന്ന സംഘർഷങ്ങളുടെ തീവ്രത ഊഹിക്കാൻപോലും കഴിയില്ല എന്നതാണ് സത്യം.

സിനിമയിൽ കാണിക്കുന്ന കൈകഴുകുന്നതുപോലുള്ള ചില ലക്ഷണങ്ങൾ മാത്രമാണ് ഒസിഡി എന്നു കരുതരുത്. അത് നമ്മെ വല്ലാതെ കുടുക്കി, അതിഭീകരമാംവിധം ചുഴിയിൽപ്പെടുത്തുന്ന ചിന്തകളുടെ നിരന്തരപ്രവാഹമാണ്. ചിന്തകളുടെ ഇ ത്തരം ചുഴികളിൽ പെട്ടുപോയാൽ പിന്നെ പുറത്തുകടക്കൽ അസാധ്യമാണ്. എന്താണ് സംഭവിക്കുന്നതെന്നുപോലുമറിയാതെ നമ്മളാ ചുഴിയിൽപ്പെട്ട് വട്ടംകറങ്ങും. നമ്മെ നമുക്കു തന്നെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ.

ഒരു വൈദ്യശാസ്ത്ര ലേഖനത്തി ൽ വായിച്ചതോർക്കുന്നു: ‘‘തുടര്‍ച്ചയായി ഉണ്ടാകുന്ന ചിന്തകള്‍ ആണ് ഒസിഡിയെ നിര്‍വചിക്കുന്നത്. അതിക്രമിച്ച് കടക്കുന്ന ചിന്തകള്‍ എന്തിനോട്ടു ബന്ധപ്പെടുത്തണമെന്നു തലച്ചോറിനു നിര്‍ണയിക്കാനാകാതെ വരുന്നു. സാമൂഹികവും വ്യക്തിപരവുമായ രീതിയില്‍ ചിന്തകള്‍ അനുയോജ്യമാണോ എന്നു വിവേചിക്കാന്‍ മനസ്സ് പ്രയാസപ്പെടുന്നു. ഇതു തുടര്‍ച്ചയായി ചിന്തകള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. അത് ഉത്കണ്ഠയിലേക്കും നിര്‍ബന്ധിതമായ എന്തെങ്കിലും പ്രവര്‍ത്തിയിലേക്കും നയിക്കുന്നു. അത്തരമൊരു പ്രവൃത്തി മാത്രമാണ് കൈകഴുകൽ.’’

ജീവിതത്തെ വല്ലാതെ ചുറ്റിച്ചപ്പോൾ ഒസിഡിയെക്കുറിച്ച് അന്വേഷിക്കാതിരിക്കാൻ നിർവാഹമില്ലാതായി. മനശ്ശാസ്ത്ര വിദഗ്ധരുടെ വാക്കുകൾ ഒസിഡിയുടെ കാരണങ്ങളെ ഇങ്ങനെ നിർവചിക്കുന്നു:

‘‘തലച്ചോറിന്റെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാൻ സഹായിക്കുന്ന കോർട്ടിക്കോ സ്ട്രയേറ്റോ തലാമോ കോർട്ടിക്കൽ (CSTC) സർക്യൂട്ടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഒസിഡിക്കു കാരണം എ ന്നാണ് ഏറ്റവും ആധുനികമായ പഠനങ്ങൾ വ്യക്തമാക്കുന്നത്. തലച്ചോറിന്റെ മുൻഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടക്സ്, പ്രവൃത്തികളുടെ നിയന്ത്രണത്തിനു സഹായിക്കുന്ന ബേസൽ ഗാംഗ്ലിയ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ വ്യതിയാനങ്ങൾ ദൃശ്യമാകുന്നത്. ഇതിനൊപ്പം തലച്ചോറിന്റെ ഈ ഭാഗങ്ങളിൽ സെറടോണിൻ, ഡോപമിൻ, ഗ്ലൂട്ടാമേറ്റ് തുടങ്ങിയ നാഡീരസങ്ങളുടെ അളവിലും വ്യതിയാനം സംഭവിക്കാറുണ്ട്.

ജനിതക ഘടകങ്ങളോടൊപ്പം ത ന്നെ ജീവിതസാഹചര്യങ്ങൾ തീർക്കുന്ന ചില താളംതെറ്റലുകളും ഒസിഡിക്കു കാരണമാകുന്നു. അനിയന്ത്രിതമായി വരുന്ന ചിന്തകളിൽ നിന്നു രക്ഷപെടാൻ വേണ്ടി നടത്തുന്ന ചെറിയ രീതിയിലുള്ള അസ്വാഭാവിക പ്രവൃത്തികളാണ് ഭാവിയിൽ വലിയരീതിയിലുള്ള ഡിസോഡറിലേക്കു നയിക്കുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾപോലെ മനസ്സിനേൽക്കുന്ന ആഴത്തിലുള്ള മുറിവുകൾ തലച്ചോറിൽ രാസവ്യതിയാനങ്ങൾ സൃഷ്ടിക്കുകയും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾക്കു കാരണമാവുകയും ചെയ്യാറുണ്ട്. അതിലൊന്നാണ് ഒസിഡിയും. തീർച്ചയായും ആർക്കും സംഭവിക്കാവുന്നത്. ചിലർക്ക് സംഭവിക്കുന്ന മാനസികാഘാതങ്ങൾ അതേ അളവിൽ മറ്റൊരാൾക്കുണ്ടായിക്കൊള്ളമെന്നില്ല എന്നുമാത്രം.

വിഖ്യാത ശാസ്ത്രജ്ഞൻമാരായ ആൽബർട്ട് ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, സംഗീതജ്ഞനായ ബീഥോവൻ, ചിത്രകാരൻ മൈക്കലാഞ്ചലോ, ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ, ഫുട്ബോൾ താരം ഡേവിഡ് ബെക്കം തുടങ്ങിയ പ്രമുഖർ വരെ ഒസിഡി സൃഷ്ടിച്ച അസ്വസ്ഥതകൾ നേരിട്ടവരാണെന്നു പറയപ്പെടുന്നു.

എന്നെ വരിഞ്ഞു മുറുക്കി

ഡിസ്റ്റിങ്ഷനോടടുത്ത് മാർക്കോടുകൂടി പത്താം ക്ലാസ് പാസായശേഷം ആലത്തൂരിൽ ടിടിസിക്കു ചേർന്ന ദിനങ്ങൾ ഓർമയിൽ വരുകയാണ്. ഒസിഡി എന്നിലേക്ക് വന്നുചേർന്ന കാലം. ആ കാലത്താണ് വായിക്കാനും പഠിക്കാനും പറ്റാത്ത വിധത്തിൽ ഒസിഡി എന്നെ വരിഞ്ഞുമുറുക്കിത്തുടങ്ങിയത്. പുസ്തകത്തിലെ ഒരു വരി വായിച്ചു കഴിയുമ്പോൾ ചില നിർദേശങ്ങൾ ഉള്ളിൽനിന്ന് ഉയർന്നുവരാൻ തുടങ്ങും.

‘‘ഇല്ല, വായിച്ചത് ശരിയായിട്ടില്ല. ആദ്യം മുതൽ വായിക്കണം.’’

അപ്പോൾ വായിച്ച വരി ഞാൻ വീണ്ടും വായിക്കും.

ഒന്നും രണ്ടും പ്രാവശ്യമല്ല;

നാല്, അഞ്ച്, ആറ്, പത്ത്...

'ചുരുളി'യിൽ പറഞ്ഞപോലെ ആ 'ലൂപ്പി'ൽനിന്ന് പുറത്തുകടക്കാനാവാതെ ഞാൻ കുഴങ്ങും.

ഒടുവിൽ, ഉള്ളിൽനിന്നുയർന്നുപൊങ്ങുന്ന നിർദേശത്തെ സർവശക്തിയും സംഭരിച്ച് തോൽപ്പിക്കാൻ ഞാൻ ശ്രമം തുടങ്ങും.

‘‘ഇനി വായിക്കൂല. ഇപ്പോൾ വായിച്ചത് ഓകെയാണ്.’’ ഞാൻ മനസ്സിലുറപ്പിക്കും.

അപ്പോൾ, ഉള്ളിലെ നിർദേശങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. ‘‘നോ...വീണ്ടും വായിച്ചേ മതിയാകൂ. ഇല്ലെങ്കിൽ അസ്വസ്ഥത നിറയ്ക്കുന്ന ഓർമകളിലേക്ക് നിന്നെ ഞാൻ വീണ്ടും തളളിയിടും.’’ അസ്വസ്ഥതകളെക്കുറിച്ചുള്ള പേടി കാരണം അതേവാക്യം ഞാൻ വീണ്ടും വായിച്ചുതുടങ്ങും. എന്റെ മനസ്സ് വീണ്ടുമെന്നെ തോൽപ്പിക്കുന്നുവെന്നു ദുഃഖത്തോടെ ഞാൻ തിരിച്ചറിയും. കനത്ത നിസ്സഹായതയുടെ കണ്ണീർക്കണങ്ങളാ ൽ പേജുകൾ നനയും.

അങ്ങനെ, ഒരു വാക്യത്തിലോ ഖ ണ്ഡികയിലോ പേജിലോ കുടുങ്ങി മ ണിക്കൂറുകളോളമിരിക്കുന്നതു പതിവായപ്പോൾ ഞാൻ അപകടം മണത്തു. എല്ലാവരും അവസാന ഭാഗങ്ങളിലെത്തിയപ്പോഴും ഞാൻ പുസ്തകത്തിന്റെ ആദ്യപേജുകളിൽ കുടുങ്ങിക്കിടക്കുകയാണ്. മലമ്പുഴ ഹൈസ്ക്കൂളിലെ ആദ്യമൂന്നുപേരിൽ ഒരാളായി ഉന്നതവിജയം നേടിയ ഞാൻ ടിടിസി തോൽക്കാൻ പോകുന്നു.

ocd-2

ആശ്വാസം നൽകിയ മാറ്റം

ആയിടയ്ക്കാണ് തികച്ചും   യാദൃച്ഛികമായി ഒരു സംഭവമുണ്ടായത്. കൂടെ പഠിക്കുന്ന സുഹൃത്തിന്റെ അനിയൻ ആരോടും ഒന്നും പറയാതെ നാടുവിട്ടുപോയി. സുഹൃത്തിനെ സാന്ത്വനിപ്പിക്കുന്നതിനും ആശ്വാസം നൽകുന്നതിനുമായി ഞാൻ ഹോസ്റ്റലിൽ നിന്നു നെന്മാറ കയറാടിയിലുള്ള അവന്റെ വീട്ടിലേക്കു താമ സം മാറി. സത്യത്തിൽ അതോടെ വ ലിയ ആശ്വാസം ലഭിച്ചത് എനിക്കായിരുന്നു. പുതിയ സ്ഥലം, പുതിയ ആളുകൾ, അവരുമായുള്ള ഇടപെടലുകൾ... ഇവയെല്ലാം എന്റെ ഒസിഡിയുടെ രൂക്ഷത അൽപമൊന്നു കുറച്ചു. ഒരു പേജിൽനിന്ന് മറ്റൊരു പേജിലേക്കു വലിയ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനെനിക്കു വീണ്ടും സാധിച്ചു. ആ ആവേശത്തിൽ, കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഞാനൊരുപാട് പഠിച്ചു. പക്ഷേ, പരീക്ഷ എഴുതാൻ ചെന്നപ്പോൾ ഒസിഡി വീണ്ടുമെന്നെ വട്ടംകറക്കി. പല ചോദ്യങ്ങളിലും ഞാൻ കുടുങ്ങിക്കിടന്നു. അസ്വസ്ഥതകൾക്കിടയിൽ അരിസ്റ്റോട്ടിലും പാവ്‌ലോവും മെക്കാളെയുമെല്ലാം പിടിതരാതെ പരീക്ഷാഹാളിൽ പാറിനടന്നു. എങ്കിലും എങ്ങനെയൊക്കെയോ സെക്കൻഡ് ക്ലാസ്സോടെ ഞാൻ ടിടിസി കടന്നുകൂടി. പിന്നീട്, അക്കാദമിക് പരീക്ഷകളിലും അതിന്റെ എത്രയോ ഇരട്ടി 'ജീവിതപ്പരീക്ഷ'കളിലും ഒസിഡി എന്നെ തോൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു; തോൽക്കാതിരിക്കാൻ ഞാനും. എന്നാൽ, സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ക്യാംപുകളിലും മറ്റു സേവന പ്രവർത്തനങ്ങളിലും സജീവമായ കാലത്ത്, മനസ്സിൽ സന്തോഷവും സംതൃപ്തിയും പ്രതീക്ഷകളും നിറഞ്ഞുനിന്ന കാലത്ത്, വർഷങ്ങളോളം ഒസിഡി എന്നെ ബുദ്ധിമുട്ടിച്ചില്ല എന്നതും ജീവിതവഴികളിൽ ആശങ്കയും വിഷമവും നിരാശയും കടന്നുവന്നപ്പോഴൊക്കെ ഒസിഡി വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.

ocd-1

മനസ്സിനെ തകർക്കാം

മറ്റുള്ളവരുടെ വാക്കുകൾ ഒസിഡിക്കാരിൽ ചെലുത്തുന്ന സ്വാധീനം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. വളരെ അടുപ്പമുള്ളവരുടേതാണാ വാക്കുകളെങ്കിൽ, പറയുകയും വേണ്ട. അതവരുടെ മനസ്സിനെ തകർത്തു തരിപ്പണമാക്കും. മറ്റുള്ളവരുടെ വാക്കുകൾ അ വരിൽ വലിയ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കും. ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങളിലാണ് പലപ്പോഴും ഒ സിഡി അതിന്റെ സംഹാരതാണ്ഡവം നടത്തുക. പിന്നീട് ഓർത്തെടുക്കാൻ സാധിക്കുമെങ്കിലും ആ സമയത്ത് ചെറുവിരൽപോലുമനക്കാൻ കഴിയാതെ വന്നതിന്റെ നിസ്സഹായതയിൽ അവർ വെന്തുരുകും.

കൗമാരക്കാരായ കുട്ടികൾക്കായി ഇൻസ്പിരേഷൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനിടയ്ക്ക്, പലരും അവരുടെ പ്രശ്നങ്ങൾ എന്നോടു സംസാരിക്കാറുണ്ട്. മനസ്സിനെ സംബന്ധിച്ച നിരവധി കോഴ്സുകൾ, പുസ്തകങ്ങൾ എന്നിവയിലൂടെ കടന്നുപോയ അനുഭവത്തിൽനിന്ന് അവരിൽ പലർക്കും കൃത്യമായ മാർഗം കാണിച്ചു കൊടുക്കാനും ആത്മവിശ്വാസം പകർന്നു നൽകാനും കഴിഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് സ്വയം രക്ഷപ്പെടാൻ കഴിയാത്തതോർത്ത് ഉള്ളിൽ ചിരിക്കും.

പുതിയ കാര്യങ്ങളിൽ വ്യാപരിക്കുക, മനസ്സിനു സന്തോഷവും സംതൃപ്തിയും പ്രതീക്ഷയും സ്വപ്നങ്ങളും സമ്മാനിക്കുന്ന ആളുകളുമായി ഇടപെടുക എന്നിവയെല്ലാം ഒസിഡിയുടെ രൂക്ഷത കുറയ്ക്കുന്ന കാര്യങ്ങളാണ്. ഇതിനൊന്നും കഴിയാത്ത കാലത്തിലൂടെയാണ് ഇപ്പോൾ നമ്മളെല്ലാം കടന്നുപോകുന്നത്. ഒപ്പം വൈറസ് ചുറ്റിലെവിടെയുമുണ്ടാകാമെന്ന വിടാത്ത ചിന്തയും കൂടിയാകുമ്പോൾ കൊറോണക്കാലം ഒസിഡിക്കാർക്ക് വല്ലാത്ത ദുരിതകാലംതന്നെയാണ്.

തീർച്ചയായും ഈ കാലവും കടന്നുപോകും. മാനസികാസ്വാസ്ഥ്യങ്ങൾ ശരീരത്തിലെ മറ്റസുഖങ്ങൾപോലെ കാണുന്ന പക്വമതികളായ ഒരു തലമുറ വളർന്നുവരും. അതിനീ തുറന്നെഴുത്ത് പ്രചോദനമാവുമെന്ന പ്രത്യാശയോടെ...

എന്താണ് ഒസിഡി

ഒബ്സസീവ് കംപൽസീവ് ഡിസോഡർ അഥവാ ഒസിഡി എന്നത് ഒരുതരം ഉത്കണ്ഠാ രോഗമാണ്. താൽപര്യമില്ലാതെ കടന്നുവരുന്ന അസ്വസ്ഥ ചിന്തകളെയും ദൃശ്യങ്ങളെയും തോന്നലുകളെയുമാണ് ഒബ്സഷൻ എന്നു വിളിക്കുന്നത്. ഇത്തരം ചിന്തകൾ വരുമ്പോൾ കഠിനമായ ഉത്കണ്ഠയുണ്ടാകും. ഈ ഉത്കണ്ഠയെ മറികടക്കാനായി രോഗി െചയ്യുന്ന ആവർത്തനസ്വഭാവമുള്ള ശാരീരികമോ മാനസികമോ ആയ പ്രവൃത്തികളാണ് കംപൽഷൻ. വ്യത്യസ്ത തരത്തിലുള്ള ഒബ്സഷനുകളും കംപൽഷനുകളും ഒസിഡിയുെട ഭാഗമായി ഉണ്ടാകാം.