Wednesday 03 August 2022 11:52 AM IST : By സ്വന്തം ലേഖകൻ

മൂത്തമകനെ പ്രസവിച്ചതിനു പിന്നാലെ മാനസിക വിഭ്രാന്തി, മക്കളെ ഭാര്യയെ ഏൽപ്പിക്കാൻ പോലും ഭയം: നിയമം നൽകുന്ന പരിരക്ഷ

legal-spike

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും േപരുകള്‍ മാറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്)

സണ്ണിയുടെ കണ്ണുകളിെല ഭീതിയും അരക്ഷിതാവസ്ഥയും എനിക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായിരുന്നു. ഒൗദ്യോഗിക ജീവിതത്തില്‍ അതിനു മുന്‍ പോ ശേഷമോ ഇത്തരമൊരാവശ്യവുമായി ഒരാള്‍ എന്നെ സമീപിച്ചിട്ടില്ല. മാനസികനില തെറ്റിയ ഭാര്യയുടെ ചികിത്സയ്ക്കു സമ്മതിക്കാത്ത ഭാര്യാമാതാവിനും പിതാവിനും എതിരെ നിയമയുദ്ധത്തിനു സാധ്യതയുണ്ടോ എന്നു ചോദിച്ചാണ് സണ്ണി വന്നത്.

മൂന്നു മക്കളുടെ അച്ഛനാണ് സണ്ണി. മാനസിക വിഭ്രാന്തിയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ഭാര്യ സുബിയുെട അടുത്തു മക്കളെ ഏൽപിച്ചിട്ട് ജോലിക്കു പോകാൻ അയാള്‍ക്കു ഭയമാണ്. തന്റെ നിസ്സഹായാവസ്ഥ വിവരിക്കുമ്പോൾ പല തവണ അയാളുെട കണ്ഠമിടറി, കണ്ണുകള്‍ നനഞ്ഞു. എങ്കിലും ഒരു തവണ പോലും അയാള്‍ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിച്ചില്ല എ ന്നതു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മൂത്ത രണ്ടു കുട്ടികളെ സ്കൂളിൽ അയയ്ക്കാനോ ടിഫിൻബോക്സിൽ കൊടുത്തുവിടേണ്ട ചോറും കറികളും ഉണ്ടാക്കുന്നതിനോ ഒന്നും സുബി മെനക്കെടാറില്ല. എല്ലാം സണ്ണി തന്നെ ചെയ്യും. കുളിക്കാതെയും പല്ലു തേക്കാതെയുമാണ് സുബി ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്. ഒന്‍പതു മണിയാകുമ്പോൾ ജോലിക്കാരി വരും. മൂന്നു വ യസ്സുകാരിയായ ഇളയ കുഞ്ഞിനെ അവരെ ഏൽപിച്ച ശേഷം സണ്ണി ജോലിക്കു പോ കും. മൂത്ത കുട്ടികൾ സ്കൂളിൽ നിന്നു വരുമ്പോൾ ജോലിക്കാരി വീട്ടിൽ പോകും, പിന്നീട് സണ്ണി വരുന്നതുവരെ കുട്ടികളും അമ്മയും ആ വീട്ടിൽ തനിച്ചാണ്.

ആറു വയസ്സുകാരി മകളെ ആരെങ്കിലും പീ‍ഡിപ്പിച്ചോ എന്നാണ് എപ്പോഴും സുബിയുെട സംശയം. ഇടയ്ക്കിടയ്ക്ക് ഇക്കാര്യം മകളോടു തന്നെ ചോദിക്കും. മണിക്കൂറിന്‍റെ ഇടവേളകളില്‍ കുട്ടിയുടെ വസ്ത്രം മാറ്റി അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തും. മൂത്ത മകനെ സൂക്ഷിക്കണമെന്നു പോലും മകളോടു പറയും.

ഇത്തരം വിഭ്രാന്തികൾ കണ്ടു ക ണ്ട് സണ്ണിയുെടയും മനസ്സ് മടുത്തിരുന്നു. പലതവണ സുബിയെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതാണ്. കാറിൽ കയറിക്കഴിഞ്ഞാൽ തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണ് എന്ന തോന്നലിൽ കാറിൽ നിന്ന് എടുത്തു ചാടാൻ ശ്രമിക്കും.

മൂത്ത മകനെ പ്രസവിച്ച ശേഷം ആശുപത്രിയിൽ വച്ചു തന്നെ സുബി മാനസിക വിഭ്രാന്തികള്‍ പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷം പല തവണ മനഃശാസ്ത്രജ്ഞരെ കണ്ടു ചികിത്സ േതടി. അതിന്‍റെയൊക്കെ രേഖകൾ സണ്ണിയുടെ കൈവശം ഉണ്ട്. ഭാര്യയെ ചികിത്സയ്ക്കു െകാണ്ടുപോകാന്‍ സഹായം െചയ്തു തരണമെന്നു കാണിച്ച്, അയാള്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലും േപായി.

സ്വന്തം വീട്ടിൽ പങ്കാളിയുടെയും കുട്ടികളുടെയും കൂടെ കഴിയുന്ന മാനസിക വിഭ്രാന്തിയുള്ള വ്യക്തിയെ നിയമവ്യവസ്ഥയ്ക്കു മുൻപിൽ കൊണ്ടുവരാൻ പലപ്പോഴും പൊലീസും മറ്റധികാരികളും വിമുഖത കാട്ടിയേക്കാം. െപാലീസിെന സമീപിച്ചപ്പോള്‍ അവര്‍ സണ്ണിയോടു പറഞ്ഞു, ‘‘റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസികപ്രശ്നമുള്ള സ്ത്രീ ആയിരുന്നു നിങ്ങളുടെ ഭാര്യയെങ്കിൽ ഞങ്ങൾ ഇടപെട്ടേനെ. നിയമത്തിൽ പലതും എഴുതി വയ്ക്കും. അതൊന്നും ചിലപ്പോൾ നടപ്പാകണമെന്നില്ല.’’

വിവാഹമോചനം മോഹിക്കാതെ

മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയിൽ നിന്നു വിവാഹമോചനം ലഭിക്കാൻ സണ്ണിക്ക് കോടതിയെ സമീപിക്കാവുന്നതേയുള്ളൂ. എന്നാൽ ഭാര്യയെ ഒഴിവാക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത മനസ്സായിരുന്നു അ യാള്‍ക്ക്.

മകൾക്ക് ഒരു കുഴപ്പവുമില്ല എന്നായിരുന്നു സുബിയുെട മാതാപിതാക്കളുെട നില പാട്. അവരുടെ മകളെ ഭ്രാന്തിയാക്കാൻ സ ണ്ണി ശ്രമിക്കുകയാണെന്ന് അടുത്ത ബന്ധുക്കളോടു പറഞ്ഞു നടക്കാനും തുടങ്ങി. ‘അവളെ ഭ്രാന്തിയാക്കിയിട്ട് വേറെ വിവാഹം കഴിക്കണം. അതാണവന്‍റെ മനസ്സിലിരുപ്പ്.’ അ വരുടെ കുത്തുവാക്കുകൾ.

നമ്മുടെയൊക്കെ ചുറ്റുവട്ടത്തും കാണും ഇത്തരം മാതാപിതാക്കള്‍. തങ്ങളുടെ മകൾക്ക്/മകന് യാതൊരു കുഴപ്പവുമില്ല. പങ്കാളി മകളെ/മകനെ ഒഴിവാക്കുന്നതിനായി പറയുന്നതാണ് ഈ കള്ളക്കഥ എന്നു പറഞ്ഞു നടക്കാന്‍ വളരെ എളുപ്പമാണ്. എന്നാൽ, മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയോടൊപ്പം ജീവിക്കുമ്പോൾ മാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ എത്ര വ്യാപ്തിയുള്ളതാണ് എന്നു മനസ്സിലാകൂ.

പോംവഴി ഇല്ലാത്ത ഒരു പ്രശ്നവും ഈ ഭൂമിയിലില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ സുബിയുടെ മാതാപിതാക്കളെയും സുബി താമസിച്ചിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറെയും മെഡിക്കൽ കോളജ് സൂപ്രണ്ടിനെയും കേരള സർക്കാരിനേയും കക്ഷി ചേർത്ത് േകരള െെഹക്കോടതിയില്‍ റിട്ട് ഹർജി ഫയൽ ചെയ്യാമെന്ന് ഞാന്‍ സണ്ണിയോടു പറഞ്ഞു.

മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് സുബിയെ പരിശോധിച്ച് മാനസിക അസ്വാസ്ഥ്യത്തിനുള്ള ചികിത്സ വേണ്ടതാണോ എന്നു നിർണയിക്കുക. വേണ്ടതാണ് എന്നു ബോധ്യപ്പെടുന്ന പക്ഷം തുടർ നടപടി സ്വീകരിച്ച് സുബിയെ ചികിത്സയ്ക്കു വിധേയയാക്കുക. എന്നൊക്കയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.

ബഹുമാനപ്പെട്ട ഹൈക്കോടതി ആ കേസിൽ ഒരു അമിക്കസ് ക്യൂറിയെ നിയമിച്ചു. അദ്ദേഹത്തിന്റെ സമയോചിതവും ബുദ്ധിപരവുമായ ഇടപെടലിൽ സുബിയുടെ മാതാപിതാക്കളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞു ബോധിപ്പിക്കാനായി. മൂന്നു കുട്ടികളുടെ ഭാവിയാണ് ഏറ്റവും നിര്‍ണായകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോെട അവരുെട മനസ്സ് മാറി.

ചികിത്സയ്ക്ക് എന്തു ചെലവു വ ന്നാലും സണ്ണി നൽകുമെന്ന് അമിക്കസ് ക്യൂറിയെ അറിയിക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം മാന സിക ആരോഗ്യ കേന്ദ്രത്തിലേക്ക് സുബിയെ െകാണ്ടുപോകുന്നതിന് സ ണ്ണിയോടൊപ്പം പൂര്‍ണസഹകരണവുമായി മാതാപിതാക്കളും നിന്നു.

സ്നേഹത്തിെന്‍റ പുഞ്ചിരികള്‍

പത്തു ദിവസത്തെ കിടത്തി ചികിത്സ കഴിഞ്ഞപ്പോൾ തന്നെ സുബി സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങുന്ന നിലയിലേക്കെത്തി. ഒന്നര മാസത്തിനു ശേഷം മൂന്നു മക്കളെയും ചേർത്തു പിടിച്ച് സണ്ണിയോടൊപ്പം ന്യായാധിപന്റെ മുന്നിൽ ഹാജരായ സുബിയുടെ മുഖത്തു സമ്മിശ്രവികാരങ്ങൾ മിന്നി മറയുന്നതു കാണാമായിരുന്നു. ന്യായാധിപന്റെ മുഖത്തുമുണ്ടായിരുന്നു, സന്തോഷവും അഭിമാനവും നീതി നടപ്പാക്കിയതിന്റെ ചാരിതാർഥ്യവും.

വർഷങ്ങൾക്കു ശേഷം സന്തോഷമുള്ള കുടുംബാന്തരീക്ഷത്തിൽ പ്രാർഥനയോടെ ജീവിക്കുകയാണ് സണ്ണിയും സുബിയും മൂന്നു മക്കളും. ചെറിയ ഡോസിൽ മരുന്നു കഴിക്കുന്നതൊന്നും സുബിക്കൊരു ബുദ്ധിമുട്ടുമല്ല. വല്ലപ്പോഴും എന്നെ കാണാന്‍ വരുമ്പോള്‍ സണ്ണി പറയും, ‘‘ഈ ജീവിതത്തിനു കാരണക്കാരായ ന്യായാധിപനും ഡോക്ടര്‍ക്കും മാഡത്തിനും എല്ലാവർക്കും വേണ്ടി ഞങ്ങൾ എ ന്നും പ്രാർഥിക്കാറുണ്ട്. ആ േഡാക്ടറെ എനിക്കു മറക്കാനാകില്ല, മാഡം. അദ്ദേഹം ഒരു െെദവപുത്രന്‍ തന്നെയാണ്.’’

ആരുെട ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തമാണ് മാനസികപ്രശ്നങ്ങളുടെ കടന്നുവരവ്. ഈ ദുരവസ്ഥയിലൂടെ കടന്നു പോകുന്നവരോട് അവരുടെ പങ്കാളി കാണിക്കേണ്ട കരുണയും കരുതലും ഉത്തരവാദിത്തവുമെല്ലാമാണ് സണ്ണി, സുബിയോടു കാട്ടിയത്. നിയമത്തിലൂെട വേണമെങ്കില്‍ വളരെ എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്ന ബന്ധം നിയമവഴികളിലൂെട തന്നെ കൂടുതല്‍ ദൃഡമാക്കാന്‍ സണ്ണി മുന്നിട്ടിറങ്ങി. ആ സ്േനഹകരുതല്‍ വ ലിയൊരു പാഠവും പകര്‍ന്നു തന്നു, കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാവണം കുടുംബം. ∙

നിയമം നൽകും പരിരക്ഷ

2017 ല്‍ 'Mental Health Act' എന്ന നിയമം പാസായതോടു കൂടി സാഹചര്യങ്ങള്‍ക്കു വ്യത്യാസം വന്നു. സണ്ണി അഭിമുഖീകരിച്ചതു പോ െല ഒരു അവസ്ഥ ഇന്നുണ്ടായാല്‍ അവര്‍ക്ക് മജിസ്ട്രേറ്റ് േകാടതിയിലൂെട നിയമത്തിന്‍റെ പരിരക്ഷ ലഭിക്കും. ഏതൊരാള്‍ക്കും മാനസിക പ്രശ്നങ്ങളോ മാനസിക വിഭ്രാന്തിയോ ഉണ്ടാകുകയും ചികിത്സിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അകപ്പെടുകയും െചയ്താല്‍ ഈ നിയമം സഹായത്തിെനത്തും.

മെന്‍റല്‍ െഹല്‍ത് ആക്ടിലെ  102–ാം വകുപ്പനുസരിച്ച് ഈ നിയമം ആവശ്യമുള്ളവർ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഏത് മജിസ്ട്രേറ്റ് കോടതിയുടെ  അധികാരപരിധിയിലാണോ ആ കോടതിയെ ആണ് സമീപിക്കേണ്ടത്.

സമീപിക്കുന്ന വ്യക്തി കോടതി മുൻപാകെ അറിയിക്കുന്ന കാര്യങ്ങൾ  സ ത്യസന്ധമാണ് എന്നു ബോധ്യപ്പെടുന്ന പക്ഷം 102(1)(a)(b) വകുപ്പുകൾ പ്രകാരമുള്ള തുടർ നടപടികൾ മജിസ്ട്രേറ്റിന് സ്വീകരിക്കാവുന്നതാണ്. പരാതിയിൽ  ഉദ്ദേശശുദ്ധി ഇല്ലെന്നു  കണ്ടാൽ ഹർജി തള്ളും.

ഭാരതത്തിൽ മജിസ്ട്രേറ്റ് കോടതികളിൽ വളരെ കുറച്ചു മാത്രം ഉപയോഗിക്കപ്പെട്ടിട്ടുള്ള നിയമമാണിത്. ഇതേക്കുറിച്ചുള്ള  അറിവ് ജനങ്ങളുടെ ഇടയിൽ കുറവായതാണു പ്രധാന കാരണം. കൂടാതെ തനിക്കേറ്റവും വേണ്ടപ്പെട്ട ഒരാള്‍ക്ക് ഇങ്ങനെയൊരു അസുഖമുള്ള വിവരം മറ്റുള്ളവര്‍ അറിയുന്നത് പോരായ്മയായും പലരും കരുതുന്നു. അങ്ങനെ മാനസിക അസ്വാസ്ഥ്യമുള്ളവരെ ഒറ്റപ്പെടുത്തുകയും അവരെ ചികിത്സിക്കാതെ ദ്രോഹിക്കുകയും  ഹീനമായി പെരുമാറുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യം എവിെടയെങ്കിലുമുണ്ടെന്ന്, സുഖമില്ലാത്തയാളുടെ ബന്ധുക്കൾക്കോ അയൽക്കാർക്കോ  മറ്റുള്ളവർക്കോ തോന്നുന്ന പക്ഷം  Mental Health Act 2017 ലെ 101–ാം വകുപ്പു പ്രകാരം വിവരം പൊലീസിനെ അറിയിക്കുകയും പിന്നീട് മജിസ്ട്രേറ്റ് കോടതി മുൻപാകെ 102–ാം വകുപ്പു പ്രകാരമുള്ള തുടർനടപടിക്കു സമീപിക്കാം.
മദ്യപാനത്തിന്റെയും ലഹരിപദാർഥങ്ങളുടെയും ഉപയോഗം മൂ ലം ഉരുത്തിരിയുന്ന മാനസികാസ്വാസ്ഥ്യങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

വര: അഞ്ജന എസ്. രാജ്

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)