Saturday 13 August 2022 11:40 AM IST

സ്വന്തം ചോരയ്ക്ക് കരൾ പകുത്തു നൽകിയ ഭർത്താവ്, അച്ഛന് കരൾ പകുത്തു നൽകി മിലി: ഹൃദയം നിറയ്ക്കും ‘കരൾ കഥ’

Binsha Muhammed

mili-story-cover

‘നിങ്ങൾക്ക് മൂന്ന് പെൺകൊച്ചുങ്ങളല്ലേ... ഒരാവശ്യം വന്നാൽ ഓടിയെത്താൻ ഒരാൺതരി ഇല്ലല്ലോ ടോണി പാപ്പാ...’

കളിയായിട്ടോ കാര്യമായിട്ടോ സുഹൃത്തുക്കളും ബന്ധുജനങ്ങളും പറയുന്ന കമന്റാണ്. പക്ഷേ അന്നും ഇന്നും ആ വർത്താനം ടോണി തോമസെന്ന പാലക്കാട് കാഞ്ഞിരപ്പുഴക്കാരുടെ പ്രിയപ്പെട്ട ടോണി പാപ്പന് ഏശിയിട്ടില്ല. ആൺതരിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് ഭാവിച്ചവരോടൊക്കെ തന്റെ പെങ്കൊച്ചുങ്ങളെ ചേർത്തു നിർത്തി ടോണി പാപ്പൻ പറഞ്ഞു.

‘ഇവരാടോ എന്റെ ബലം...’

കാലം കടന്നു പോയി. ടോണി തോമസിന്റെ മൂന്ന് പെൺമക്കളിൽ രണ്ടു പേർ വിവാഹിതരായി ഭർതൃവീടുകളിലേക്ക് പോയി. അവർക്ക് കുടുംബവും കുട്ടികളുമായി. അപ്പോഴും ആ പഴയ അടക്കം പറച്ചിൽ അങ്ങിങ്ങായി ഉയർന്നു കേട്ടു...

‘ആമ്പിള്ളേരുണ്ടായിരുന്നെങ്കിൽ ഒരാവശ്യത്തിന് ആളായേനെ... ഈ വയസാം കാലത്ത് ആരാ ഒരു സഹായത്തിന്...’

അങ്ങനെ അടക്കം പറഞ്ഞവരെ തിരുത്തി പറയിക്കാൻ കാലം വലിയൊരു വിധി കാത്തുവച്ചിരുന്നു. കരൾ കൊടുക്കാൻ ആളില്ലെങ്കില്‍ കവർന്നു പോകും ടോണി തോമസിന്റെ ജീവൻ എന്ന് ഡോക്ടർമാർ വിധിയെഴുതിയ നിമിഷം. കാൻസറിന്റെ വേരുകൾ ടോണി തോമസെന്ന 63കാരന്റെ കരളിനെ വരിഞ്ഞു മുറുക്കിയ നിമിഷം. അവിടെ കരൾ പകുത്തു നൽകാൻ പെണ്ണൊരുത്തി വേണ്ടി വന്നു. ടോണി തോമസിന്റെ മൂന്നു പെൺമക്കളിൽ രണ്ടാമത്തവളായ മിലി ടോണി. അപ്പന് കരൾ ആരു കൊടുക്കും എന്ന് അന്വേഷണം പാഞ്ഞപ്പോൾ ‘അപ്പന്റെ കരളായ ഞാനിവിടില്ലേ’ എന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു മിലി. അച്ഛന് കരളിനൊപ്പം ജീവനും പകുത്തു നൽകിയ ആ കഥ പറയാനെത്തുകയാണ് മിലി. വനിത ഓൺലൈൻ പങ്കുവയ്ക്കുന്നു ആ അതുല്യ സ്നേഹഗാഥ...

അച്ഛന്റെ പെൺമക്കൾ

ബന്ധങ്ങൾ ഇഴചേരുന്നത് സ്നേഹമെന്ന നൂലുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ആണെന്നെ പെണ്ണെന്നോ ഉള്ള വേർതിരിവല്ല. ആൺതരിയില്ല എന്നത് എന്തോ മഹാ അപരാധമെന്ന പോലെ പലരും അച്ഛനോട് പറഞ്ഞിട്ടുണ്ട്. ആ വേർതിരിവ് അച്ഛന് ഫീൽ ചെയ്യിച്ചിട്ടില്ല എന്നതാണ് ഞങ്ങൾ മൂന്നു പെണ്ണുങ്ങളുടെ വിജയം. ഒന്നു വിളിച്ചാൽ ഓടിയെത്താൻ, ഒരാവശ്യം നേടിയെടുക്കാൻ, കാണാൻ കൊതിക്കുമ്പോൾ തുണയായി അരികിലെത്താൻ ഞങ്ങൾ ഈ മൂന്ന് പെണ്ണുങ്ങളും ഒരുപോലെ മത്സരിച്ചിട്ടുണ്ട്. അച്ഛന്റെ ജീവന്റെ കാര്യം വന്നപ്പോഴും അത് വലിയ ആഡംബരങ്ങളില്ലാതെ ആവർത്തിച്ചു എന്നുമാത്രം– മിലി പറഞ്ഞു തുടങ്ങുകയാണ്.

അച്ഛന് എല്ലാം ഞങ്ങളായിരുന്നു. മൂത്തയാൾ ലിന്റു. വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്. രണ്ടാമത്തെയാളാണ് ഞാൻ. ഇളയവള്‍ നയന പിജിക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. പെൺമക്കളായാൽ അടക്കം വേണം ഒതുക്കം വേണം എന്നൊക്കെയുള്ള ശാഠ്യങ്ങളൊന്നും ഇല്ലേയില്ല. പഠിക്കുമ്പോഴും ജീവിതം തിരഞ്ഞെടുക്കുമ്പോഴുമൊക്കെ എല്ലാ ഫ്രീഡവും തന്നു. ഞങ്ങൾക്ക് തന്ന പരിധികളില്ലാത്ത സ്നേഹം ഒരു കണ്ടീഷനും വയ്ക്കാതെ ഞങ്ങൾ തിരിച്ചു കൊടുത്തിട്ടുണ്ട്.

പ്രമേഹവും ബിപിയുമൊക്കെ ഉണ്ടെങ്കിലും അച്ഛന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ അവശതകളോ ഉണ്ടായിരുന്നില്ല. ആരൊക്കെ സഹായിക്കാൻ ഉണ്ടെങ്കിലും സ്വന്തം കാര്യം നോക്കുന്ന ആളാണ് അപ്പൻ. ശരീരം കൊണ്ടും മനസുകൊണ്ടും പുള്ളിക്കാരൻ ഹെൽത്തി ആണ്. ആരെങ്കിലും ഒരാവശ്യത്തിനു വന്നു വിളിച്ചാൽ പറ്റില്ല എന്നു പറയുകയും ഇല്ല. എല്ലാവരേയും സഹായിക്കുന്ന പ്രകൃതം. ജീവിതം അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി പോകുന്ന സമയത്താണ് പതിയിരുന്ന വലിയൊരു വേദന അച്ഛന്റെ ശരീരത്തിൽ വേരൂന്നുന്നത്.

ഒരു വയറു വേദനയിൽ നിന്നായിരുന്നു. വലിയ അവശതകൾ ഒന്നുമില്ലെങ്കിലും വേദന മാത്രം വിട്ടുമാറുന്നില്ല. അസഹനീയമായി തോന്നിയ നിമിഷത്തിലാണ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നത്. വയറിൽ വെള്ളം കെട്ടി നിൽക്കുന്നതു പോലെ എന്തോ ബുദ്ധിമുട്ടായിരിക്കും എന്നാണ് കരുതിയത്. അൾട്രാ സൗണ്ട് സ്കാൻ ചെയ്തു. പരിശോധന ഫലം കണ്ടപ്പോഴോ ഡോക്ടർക്ക് അപകടം മണത്തു. കരളിൽ ട്യൂമർ പോലെ എന്തോ വേരിട്ടു നിൽക്കുന്നു. ഉറപ്പിക്കാൻ എംആർഐ സ്കാൻ കൂടി എടുത്തു. അതുകൂടി ആയപ്പോൾ ഡോക്ടർ ഉറപ്പിച്ചു. കരളിന്റെ സിംഹഭാഗവും കവർന്ന് കാൻസർ പിടിമുറുക്കിയിരിക്കുന്നു. അറിഞ്ഞപാടെ അമ്മ ജാൻസിയുൾപ്പെടെയുള്ള പ്രിയപ്പെട്ടവർ എന്തു ചെയ്യണമെന്നറിയാതെ തകർന്നു പോയി. വേദനകളുടെ ആഘാതം ഇരട്ടിയാക്കി ‍ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു. കരളിന്റെ ഏതെങ്കിലും ഒരു ഭാഗമായിരുന്നെങ്കിൽ അത് ഓപ്പറേറ്റ് ചെയ്യാനും ചികിത്സിക്കാനുമൊക്കെ എളുപ്പമായിരുന്നു. ഇതിപ്പോൾ കരളിന്റെ നല്ലൊരു ഭാഗവും ട്യൂമർ പിടിമുറുക്കിയിരിക്കുന്നു. ജീവൻ തന്നെ തുലാസിലാകുന്ന അവസ്ഥ!

mili-father

അച്ഛന്റെ കരളായവൾ

കഴിഞ്ഞ വർഷം ജൂൺ 23നാണ് അച്ഛന് കാൻസർ തിരിച്ചറിയുന്നത്. എത്രയും വേഗം കരൾ മാറ്റിവയ്ക്കുക. ഒരു ദാതാവിനെ കണ്ടെത്തുക. അന്ത്യശാസനമെന്നോണം ഡോക്ടർ ആ രണ്ടു കാര്യങ്ങൾ മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. കുടുംബക്കാരും ബന്ധുക്കളുമൊക്കെ കരൾ പകുത്തു നൽകാൻ സന്നദ്ധതയുള്ള ആളെ തേടി നാട് മുഴുവൻ തേടി നടക്കുമ്പോൾ മറ്റൊരാളെ അന്വേഷിക്കാന്‍ എന്റെ മനസ് അനുവദിച്ചില്ല. കാരണം സ്വന്തം ചോരയ്ക്ക് കരൾ കൊടുത്ത് മാതൃക കാട്ടിയ ഒരാള്‍ എനിക്കൊപ്പമുണ്ട്. മറ്റാരുമല്ല എന്റെ ഭർത്താവ് റോയ് ടോം. ലിവർ സിറോസിസ് ബാധിച്ച അച്ഛന് കരൾ പകുത്തു നൽകിയ കെട്ട്യോൻ നിഴലും പിന്തുണയുമായി ഒപ്പമുള്ളപ്പോൾ എന്റെ അച്ഛന് കരൾ കൊടുക്കാൻ ഞാൻ വേറെ ആരെ അന്വേഷിക്കാനാണ്. കരൾ കൊടുത്ത ശേഷം എല്ലാവിധ ആരോഗ്യത്തോടെയും ഭർത്താവും അച്ഛനും ജീവിക്കുന്നത് കാണുമ്പോൾ ഞാനും ഉറപ്പിച്ചു. എന്റെ അച്ഛന് ഞാൻ തന്നെ കരൾ കൊടുക്കും.

തീരുമാനം കേട്ടപാതി അമ്മയും സഹോദരങ്ങളുമൊക്കെ എതിർത്തു. എന്റെ ഇളയവൻ ഓസ്റ്റിന് അപ്പോൾ ഒരു വയസാണ്. അവനെയൊന്നെ എടുക്കാൻ പോലും പറ്റാതായി പോകും എന്ന് പലരും മുന്നറിയിപ്പ് നൽകി. നാലുവയസുകാരൻ ഏഥന്റെ കാര്യവും കഷ്ടത്തിലാകുമെന്നും പലരും പറഞ്ഞു.

പക്ഷേ ഞാനുറച്ചു നിന്നു. കാര്യങ്ങൾ അവരെ കൃത്യമായി പറഞ്ഞു മനസിലാക്കി. കേരളത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികളാണ് ശസ്ത്രക്രിയക്കായി ഡോക്ടർമാർ നിശ്ചയിച്ചത്. ആസ്റ്റർ മെഡിസിറ്റിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. വലിയൊരു സർജറിയുടെ ഭാഗമാകുന്നതിന്റെ ടെൻഷൻ ഇല്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ ആ സമയങ്ങളിൽ അച്ഛൻ കുറച്ചു ഡൗൺ ആയി. പക്ഷേ ചേർത്തു പിടിക്കാനും ആശ്വസിപ്പിക്കാനും ഒരേ മനസോടെ ഞങ്ങൾ ഉണ്ടായി എന്നതാണു സത്യം.

മിലി കുടുംബത്തോടൊപ്പം

സർജറിയുടെ ദിവസം. ഞാനും അച്ഛനും അടുത്തടുത്ത രണ്ട് ഐസിയു റൂമുകളിൽ. പ്രാർഥനകളുടെ നിമിഷങ്ങൾ. എല്ലാ അനിശ്ചിതത്വങ്ങൾക്കും ടെൻഷനുകൾക്കും ഒടുവിൽ ഞങ്ങളുടെ അച്ഛനെ ദൈവം തിരികെ തന്നു. ഓപ്പറേഷന് ശേഷം എനിക്ക് ബെഡിൽ നിന്ന് എണീറ്റിക്കാൻ ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അവിടെ എന്നെ കൂളാക്കിയത് അച്ഛനായിരുന്നു. എന്റെ ബുദ്ധിമുട്ട് ഡോക്ടർമാർ അച്ഛനെ അറിയിച്ചപ്പോൾ അവളെ എന്നെ കാണിക്ക് അവൾ ഉഷാറായിക്കോളും എന്ന് അച്ഛൻ പറഞ്ഞു. അതു വെറും വാക്കല്ലായിരുന്നു. അച്ഛനെ കണ്ടതും ഞാൻ സെറ്റായി. ‘എഴുന്നേറ്റ് വാടീ കൊച്ചേ... എന്റെ കൂടി എഴുന്നേറ്റ് നടക്ക്’ എന്ന് എന്നെ കണ്ടതും പറഞ്ഞു. ആ വാക്കുകളായിരുന്നു എനിക്കുള്ള ഊർജം. ചിരിച്ച് ഉഷാറായി നിന്ന അച്ഛന്റെ കണ്ണുകൾ, എന്നെ നിറയുന്നത് ഞാന്‍ മാത്രം കണ്ടു.

mili-father-3

ചെയ്തത് പുണ്യമെന്നോ മഹാകാര്യമെന്നോ പറയുന്നില്ല. എന്റെ അപ്പൻ തന്ന ജീവിതമാണ്, സൗഭാഗ്യമാണ് ഇന്നെന്റെ കൺമുന്നിലുള്ളത്. അതൊരു അവസരം കിട്ടിയപ്പോൾ സ്നേഹത്തോടെ പകരം നൽകി, അത്രതന്നെ. വലിയ ഭാരമൊന്നും എടുക്കാതെ, ആയാസപ്പെടാതെ കുറേനാൾ വിശ്രമത്തിന്റെ നാളുകൾ. ഇപ്പോൾ എല്ലാം ഓ.കെയായി വരുന്നു.

പെൺമക്കളെ കൊണ്ട് എന്ത് പറ്റും എന്ന് ചോദിച്ചില്ലേ. എന്റെ അച്ഛനെ ദേ... തിരികെ കൊണ്ടുവന്നു എന്ന് അഭിമാനത്തോടെ പറയും. വേറെന്ത് പറയാൻ.– മിലിയുടെ കണ്ണുകളിൽ നിറകൺചിരി.

mili-father-1