Tuesday 14 September 2021 05:39 PM IST : By സ്വന്തം ലേഖകൻ

മായം കലരാത്ത മസാലകൾ; പ്രകൃതിയിൽ നിന്നു നേരിട്ടുള്ള വിഭവങ്ങൾ: ആരോഗ്യത്തിന് ഗുണമേറ്റും പ്രകൃതിപാചകവഴികൾ പരിചയപ്പെടാം

orgr34r34

വീട്ടുപറമ്പിലെ ചെമ്പരത്തി പൂവ്, തഴുതാമ, തുളസി.. ഇവയെല്ലാം വീടിനു അലങ്കാരമായി മാത്രം നിർത്തിയാൽ മതിയോ? ഈ സസ്യങ്ങളെ അടുക്കളയിൽ കയറ്റിയാൽ എങ്ങനെയുണ്ടാവും? ചെമ്പരത്തി ജ്യൂസായി ഗ്ലാസിൽ നിറയും. തുളസിയില നല്ല ചൂടൻ പാനീയമായി മാറും. തഴുതാമ ചമ്മന്തിയായി ചോറിനൊപ്പം ചേരും. ഇതെല്ലാം പ്രകൃതിപാചകകലയുെട ഫലമാണ്. പ്രകൃതിജീവനത്തിൽ അധിഷ്ഠിതമായ ഒരു പാചകകലയാണിത്. മായം കലരാത്ത, മസാലകൾ ഉപയോഗിക്കാത്ത, പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ചുള്ള പാചകരീതിയാണിത്.

∙ അടുക്കളയിൽ നിന്നു തുടങ്ങാം

പ്രകൃതിജീവനപാചകത്തിന്റെ പാഠങ്ങൾ ഭക്ഷണത്തിൽ നിന്നല്ല, അടുക്കളയിൽ നിന്നുതന്നെ തുടങ്ങാം. പാചകത്തിന് അലുമിനിയം, ഹിന്റാലിയം എന്നിവകൊണ്ടുള്ള പാത്രങ്ങൾക്കു പകരം മൺപാത്രങ്ങൾ ഉപയോഗിക്കാം. സ്റ്റീൽ പാത്രങ്ങളിൽ അരിയും പുളി, ഉപ്പ് എന്നിവ കൂടുതലടങ്ങിയിട്ടില്ലാത്ത് വിഭവങ്ങളും പാകം െചയ്യാം.

∙ എളുപ്പം തയാറാക്കാം

പ്രകൃതിജീവനപാചകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വിഭവങ്ങൾ എല്ലാം വളരെ വേഗം തയാറാക്കാം എന്നതാണ്. എണ്ണ ആവശ്യമുള്ളിടത്ത് ഉപയോഗിക്കുന്നുണ്ട്. പക്ഷേ ശുദ്ധമായ വെളിച്ചെണ്ണ മാത്രം. പാചകത്തിൽ കടുക്, ചുവന്ന മുളക്. മസാലകൾ എന്നിവ ഉപയോഗിക്കാറില്ല. എരിവ് കിട്ടാൻ ചുവന്ന മുളകിന് പകരം പച്ചമുളകാണ് ഉപയോഗിക്കുന്നത്. ഇഞ്ചിയും എരിവ് നൽകും. പച്ചമുളകിന് ഉള്ളിലെ അരി കളഞ്ഞാറ് ഉപയോഗിക്കാറ്. കറികൾക്ക് പുളി കിട്ടാൻ തക്കാളി, നെല്ലിക്ക, മാങ്ങ, തൈര് എന്നിവ ഉപയോഗിക്കാം. മധുരത്തിന് പഞ്ചസാരയ്ക്കു പകരം ശർക്കര, തേൻ, കരിപ്പെട്ടി, പനംകൽക്കണ്ടം എന്നിവയാവാം.

പ്രകൃതിപാചകം രണ്ടു തരത്തിലുണ്ട്. വേവിച്ചതും വേവിക്കാത്തതും. വേവിച്ച വിഭവങ്ങളിൽ പലതരത്തിലുള്ള പായസങ്ങൾ, ദോശ, തോരൻ, സൂപ്പ്, ഉപ്പുമാവ് എന്നിവ ഉൾപ്പെടും. വേവിക്കാത്ത വിഭവങ്ങളിൽ കിച്ചടി, പച്ചടി, പലതരം ചമ്മന്തി, ജ്യൂസുകൾ, സാലഡുകൾ, അച്ചാറുകൾ എന്നിവും. പാൽ ചേർത്തുള്ള ചായ, കാപ്പി പോലുള്ള പാനീയങ്ങൾ പ്രകൃതിജീവനത്തിൽ ഒഴിവാക്കിയിട്ടുണ്ട്. പകരം മല്ലിക്കാപ്പി, തുളസിയില കാപ്പി എന്നിവയാണ് തയാറാക്കുക.

∙ പോഷകങ്ങൾ നഷ്ടമാകാതെ

പച്ചയായി കഴിക്കാൻ കഴിയുന്നവ അങ്ങനെ തന്നെ ഉപയോഗിക്കണമെന്ന മതമാണ് പ്രകൃതിജീവനപാചകത്തിൽ. ഉദാ: കാരറ്റ്, വെള്ളരിക്ക, തക്കാളി, കോവയ്ക്ക എന്നിവ പച്ചയ്ക്കു ഉപയോഗിക്കാവുന്ന വിഭവങ്ങളാണ്. വേവിച്ച പച്ചക്കറികളിലെ പോഷകമൂല്യം നഷ്ടമാകാതിരിക്കാൻ അവ കഴുകിയശേഷം അരിഞ്ഞാൽ മതിയാകും. കൂടാതെ വേവിക്കാൻ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുക.

കടപ്പാട്

മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Health Tips