Saturday 26 February 2022 03:26 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കയ്പും ചവർപ്പും ഉള്ള പഴങ്ങൾ; രണ്ടുനേരം മാത്രം ഭക്ഷണം: വണ്ണം ഉടനടി കുറയ്ക്കാൻ ഭക്ഷണം ഇങ്ങനെ മാറ്റാം

ewrfegt4

വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ചിലതരം തൈറോയ്ഡ് രോഗങ്ങൾ, ചില മരുന്നുകൾ, ജനിതക വൈകല്യങ്ങൾ, അമിതഭക്ഷണം, പാരമ്പര്യം, ജീവിതശൈലി വ്യതിയാനങ്ങൾ, മെറ്റബോളിസത്തിലെ അപാകതകൾ,അദ്ധ്വാനം വളരെ കുറവുള്ള ജീവിതരീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാൻ കാരണമാകുന്നു.

ഹൃദ്രോഗവും പക്ഷാഘാതവുമുണ്ടാക്കുന്നതിന് പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയെപ്പോലെ പ്രധാനകാരണമാണ് അമിതവണ്ണവും. മുട്ടുവേദന,ഇടുപ്പു വേദന തുടങ്ങിയ ബുദ്ധിമുട്ടുകളെ വർധിപ്പിക്കുന്നതിനും ശരീരമനങ്ങി ജോലി ചെയ്യുവാൻ സാധിക്കാത്തതിനാൽ പ്രമേഹം,രക്തസമ്മർദം, കൊളസ്ട്രോൾ,മലബന്ധം, തൈറോയ്ഡ്, കരൾ രോഗങ്ങൾ എന്നിവ വർധിക്കുന്നതിനും പൊണ്ണത്തടി കാരണമാകും.

കേരളത്തിലെ കുട്ടികളുടെയിടയിലും പൊണ്ണത്തടി വലിയ പ്രശ്നമാണ്. ആദ്യം മാറേണ്ടത് കുട്ടികൾക്ക് വണ്ണമുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരമാണ്. ആവശ്യത്തിന് പോഷണമുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾക്ക് നൽകുവാൻ ശ്രദ്ധിക്കണം. എന്നാൽ അത് അമിതവളർച്ചയെ ഉണ്ടാക്കുന്നവയാകരുത്.

എന്തൊക്കെ കഴിക്കാം ?

പ്രായത്തിനും ജോലിക്കും വ്യായാമത്തിനും വിശ്രമത്തിനും വിശപ്പിനും രോഗത്തിനുമനുസരിച്ച് ഭക്ഷണത്തിന്റെ അളവും സ്വഭാവവും രീതികളും മാറ്റേണ്ടതുണ്ട്. ഒരു നേരത്തെ ഭക്ഷണം കഴിച്ച് അതു ദഹിക്കാതെ വീണ്ടും കഴിക്കരുത്. ആഹാരശേഷം ഉടനെ വെള്ളം കുടിക്കരുത്. ഇത് ദഹനം തടസ്സപ്പെടാനിടയാക്കും. പകരം ആഹാരം കഴിക്കുന്നതിനു മുൻപേ വെള്ളം കുടിക്കുക.

കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ ആഹാരത്തിൽ കുറയ്ക്കുക. പച്ചക്കറികളും പഴങ്ങളും കഴിക്കാം. പ്രാദേശികമായി ലഭിക്കുന്ന സീസണലായ പഴങ്ങളും പച്ചക്കറികളും ശരീരത്തിനു നല്ലത്. പ്രത്യേകിച്ച് കയ്പും ചവർപ്പും ഉള്ളവ വണ്ണം കുറയ്ക്കും. ഒരു സമയം ഒരു തരം പഴം മാത്രം കഴിക്കുക. ചെറിയ വാഴപ്പഴം നല്ലത്. പ്രാതലിനും സ്നാക്കിനും ആവിയിൽ വേവിച്ച ഭക്ഷണം ഉത്തമം. പാൽ ഉറയൊഴിച്ച് 24 മണിക്കൂർ കഴിഞ്ഞ് എടുക്കുന്ന അധികം പുളിക്കാത്ത തൈര് കടഞ്ഞ് വെണ്ണ മാറ്റി ഇരട്ടി വെള്ളം ചേർത്ത് എടുക്കുന്ന മോര് ഇടയ്ക്കിടെ കുടിക്കാം. മൂന്നു നേരം ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ടു നേരമാക്കുക. ഇടയ്ക്ക് ഉപവസിക്കുക എന്നിവ വണ്ണം കുറയാൻ നല്ലത്.

ഒഴിവാക്കാം ഇവ

എന്തും അളവില്ലാതെ കഴിക്കുന്നതും, കഴിച്ചത് ദഹിക്കും മുൻപ് വീണ്ടും കഴിക്കുന്നതും, സമയക്രമമില്ലാതെയും ശീലിച്ച സമയത്തല്ലാതെയും കഴിക്കുന്നതും,കഴിച്ചതു കാരണം ലഭിച്ച ഊർജം ചെലവാക്കാത്തതും പൊണ്ണത്തടിയുടെ സാധ്യത വർധിപ്പിക്കും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കരുത്. ഇതുമൂലമുള്ള നെഞ്ചിരിച്ചിൽ വിശപ്പാണെന്ന് തെറ്റിധരിച്ച് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വണ്ണം വർധിക്കും. തേനും നാരങ്ങാനീരും ചേർത്തു കഴിക്കുന്നത് വിശപ്പു കെടുത്തും, അസിഡിറ്റി ഉണ്ടാക്കും. തേൻ ചൂടുവെള്ളത്തിൽ ചേർത്തു കഴിക്കുന്നതു ശരീരത്തിനു നല്ലതല്ല.

ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മാംസം,തണുപ്പിച്ച ഭക്ഷണം, മധുരം, പകലുറക്കം, അമിത ഉറക്കം എന്നിവ ഒഴിവാക്കണം. പാലും മോരൊഴികെയുള്ള പാലുൽപന്നങ്ങളും ഈന്തപ്പഴവും ഏത്തപ്പഴവും വണ്ണം കൂട്ടും. അമിതമായ മസാല, എണ്ണ എന്നിവ വണ്ണം കൂട്ടും. വണ്ണക്കൂടുതൽ ഉള്ളവർ ഉഴുന്നു ചേർന്ന ഭക്ഷണം കുറയ്ക്കുക.

ദിവസം മൂന്നു ലീറ്റർ വരെ പരമാവധി വെള്ളം കുടിക്കാം. അതിൽ കൂടിയാൽ വണ്ണം വർധിക്കും.

ഡോ. ഷർമദ്ഖാൻ

സീനിയർ മെഡിക്കൽ ഒാഫിസർ

ഗവ. ആയുർവേദ ഡിസ്പെൻസറി

നേമം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips