Friday 22 April 2022 12:53 PM IST

രജനീഷ് എങ്ങനെ ഓഷോ ആയി: ധ്യാനമാന്ത്രികന്റെ ജീവിതം അറിയാം

Anil Mangalath

osho5678

ആരായിരുന്നു ഒാഷോ? ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനെക്കാൾ എളുപ്പം ആരല്ല ഒാഷോയെന്നു പറയുകയാകും.

ഒാഷോയെ പിൻതുടരുന്നവർക്ക്, ആ വാക്കുകൾ വായിച്ചറിഞ്ഞവർക്ക് ഒാഷോ എല്ലാമായിരുന്നു. അല്ലാത്തവർക്കോ? വിവാദസന്ന്യാസി, സെക്സ് ഗുരു, അരാജകമാന്ത്രികൻ, ആശയക്കുഴപ്പങ്ങളുടെ പ്രചാരകൻ. ജനക്കൂട്ടത്തെ വഴിതെറ്റിപ്പിക്കുന്നവൻ എന്നു വിളിച്ചാക്ഷേപിച്ച് പലരും ഒാഷോയെ എതിർത്തു. അകാലത്തിൽ മരിച്ചപ്പോൾ (കൊല്ലപ്പെട്ടതാണെന്നും കരുതുന്നവരുണ്ട്.) ലോകം വിധിയെഴുതി: ‘‘ഈ മനുഷ്യനെക്കൊണ്ടുള്ള ശല്യം തീർന്നു...’’ പക്ഷേ, സംഭവിച്ചതോ?

മരണശേഷം ലോകമെങ്ങുമുള്ള ഒാേഷാ ധ്യാനകേന്ദ്രങ്ങളിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്. ഒാേരാ പ്രസംഗ സിഡിയും നൂറുകണക്കിനു പുതിയ അനുയായികളെ സൃഷ്ടിക്കുന്നു. ഒാേരാ പുതിയ പുസ്തകവും ആയിരങ്ങളെ അനുവാചകരാക്കുന്നു. അത്ര പെട്ടെന്നൊന്നും മനസ്സിലാക്കാനാകാത്ത ഈ പ്രഹേളികയിൽ നിന്നു വേണം ഒാഷോയെ മനസ്സിലാക്കാൻ. ഒാഷോയിൽ നിന്നു പിന്നോട്ട് ആചാര്യ രജനീഷ്, ഭഗവാൻ രജനീഷ്.

പിറന്നത് മധ്യപ്രദേശിലെ കച്ച് വാഡയിൽ 1931 ഡിസംബർ 11ന്. െെജനദമ്പതികൾക്കു പിറന്നുവീണ ചന്ദ്രമോഹൻ െജയിൻ എന്ന വികൃതിച്ചെക്കനിലേക്ക്, അവന്റെ സ്വപ്നാടനങ്ങളിലേക്ക്, മാന്ത്രികമാനങ്ങളിലേക്ക് പോകണം. 

രാത്രിയുടെ ദേവൻ

കച്ച് വാഡയിലെ ബാബുലാലെന്ന തുണിക്കച്ചവടക്കാരന്റെ 11 മക്കളിൽ കനിഷ്ഠനായി പിറന്ന ചന്ദ്രമോഹന്റെ വീട്ടിലെ വിളിപ്പേര് രജനീഷെന്നായിരുന്നു. രജനിയുടെ ഈശൻ അതായത് രാത്രിയുടെ ദേവനെന്നാണ് ആ വാക്കിന്റെ അർഥം. മുത്തച്ഛനോടും മുത്തശ്ശിയോടും ഏഴു വയസ്സുവരെ ചെലവിട്ട ബാല്യകാലത്താണ് രജനീഷിലെ സ്വപ്നാടകനും മാന്ത്രികനും രൂപപ്പെട്ടത്. മുത്തച്ഛന്റെയും ബാല്യകാലസഖി ശാഷിയുടെയും മരണം ആ ബാലനെ ആഴത്തിൽ അസ്വസ്ഥനാക്കി. ഈ ചിന്തകളാണ് ആത്മീയതയിലേക്കും മന്ത്രവാദത്തിലേക്കും വഴിതിരിച്ചത്.

എന്തും പഠിക്കാനുള്ള താൽപര്യത്തോടെ പ്രാണായാമം, യോഗം, ധ്യാനം, ഉപവാസം, ഹിപ്നോട്ടിസം ഇതെല്ലാം െെകവച്ചുനോക്കി. പലപ്പോഴും ഒറ്റയ്ക്ക് മണിക്കൂറുകൾ, ദിവസങ്ങൾ ചെലവഴിക്കും. ഇടയ്ക്ക് സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാകും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ െഎഎൻഎയിലും പിന്നീട് ആർഎസ്എസിലും സജീവമാകാൻ നോക്കി. എങ്ങും ഉറച്ചില്ല. ഗാന്ധിജിയോടു താൽപര്യം കാട്ടാതിരുന്ന ആ യുവാവിന് കമ്യൂണിസത്തോടും പ്രതിപത്തിയില്ലായിരുന്നു. മുതലാളിത്തം പൂർണമായി നടപ്പായാൽ വ്യക്തിയും നാടും നന്നാകുമെന്നു രജനീഷ് അന്നൊക്കെ ഉറച്ചു വിശ്വസിച്ചു.

താർക്കികനിൽ നിന്നു േബാധോദയത്തിലേക്ക്

ജബൽപൂരിലെ വിവിധ കോളജുകളിൽ പഠിക്കുമ്പോൾ പരീക്ഷയ്ക്ക് മാത്രമേ കോളജിൽ ഹാജരാകുമായിരുന്നുള്ളൂ. ഒരു പ്രാദേശിക ദിനപത്രത്തിൽ പത്രപ്രവർത്തകനായും പയറ്റിനോക്കി. കിട്ടാവുന്ന വേദികളിലെല്ലാം തന്റെ താർക്കികസാമർഥ്യം കാട്ടാൻ അന്നേ താൽപര്യമായിരുന്നു. വിവാഹം കഴിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളോട് ഉദാസീനനായിരുന്നു. രജനീഷിന്റെ ജീവിതത്തിലെ പ്രധാന വർഷമായിരുന്നു 1953 മാർച്ച് 21. ജബൽപൂരിലെ ബാൻവർതാൾ ഉദ്യാനത്തിലെ മരച്ചുവട്ടിൽ ഏകനായിരിക്കേ വെളിപാടുകളുടെ ഒരു മലവെള്ളപ്പാച്ചിൽ. മാനസ്സിക തകർച്ചയുടെയും കരേറ്റലിന്റെയും കാലമായിരുന്നു അതെന്ന് ഒാഷോ വിവരിച്ചിട്ടുണ്ട്. ഒരു കൊല്ലത്തോളം ഒന്നുമില്ലായ്മയിൽ, പുറംലോകത്തോട് യാെതാരു ബന്ധവുമില്ലാതെ ആ 21കാരൻ ജീവിച്ചു. മാസങ്ങളോളം കുളിക്കാതെ ഇരിക്കും. വീട്ടുകാർ നിർബന്ധിപ്പിച്ചു കുളിപ്പിച്ചാൽ മണിക്കൂറുകളോളം കുളിച്ചുകൊണ്ടേയിരിക്കും.

‘‘എല്ലാവർക്കും ആ ഒരു വർഷക്കാലം ഞാൻ ഭ്രാന്തനായിരുന്നു. ആ ഭ്രാന്തിന്റെ പരമകാഷ്ഠയിൽ ഒരു കവാടം തുറന്നുതന്നു.’’ ഒാേഷാ തന്നെ പറയുന്നതിങ്ങനെയാണ്. ഭക്ഷണത്തോടും ഭൗതികകാര്യങ്ങളിലും താൽപര്യമില്ലാത്ത ഒരു വർഷം. ദിവസവും രാവിലെയും െെവകിട്ടും ദീർഘദൂരം വെറുതെ ഒാടും. ആരോടും സംസാരിക്കില്ല.

അങ്ങനെയിരിക്കെ അതു സംഭവിച്ചു. ഒരു വാതിൽ തുറന്നതുപോലെ. അപ്പോൾ ഒാഷോ എന്തു ചെയ്തെന്നോ ഉറക്കെ പൊട്ടിച്ചിരിച്ചു. ബോധപ്രാപ്തി തേടുകയെന്നത് അർഥരഹിതമായതാണെന്ന് ബോധ്യപ്പെട്ടു. കാരണം അതു നിങ്ങളുടെ െെകവശം തന്നെയുണ്ട്. പ്രത്യേകിച്ചു തേടേണ്ടതില്ല. സ്വയം തിരിച്ചറിഞ്ഞാൽ മതി. ചെയ്യപ്പെടാൻ ഇനി ഒന്നുമില്ല എന്ന് ഒാേഷാ തിരിച്ചറിഞ്ഞ ദിവസം മുതൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏഴു ദിവസത്തെ പൂർണ വിശ്രാന്തി കഴിഞ്ഞു പിറ്റേന്നെഴുന്നേറ്റ് ചായ കുടിച്ചു. പ്രതീക്ഷകളല്ല ഏഴു ദിവസങ്ങളിൽ പക്ഷേ, മറ്റൊന്നു സംഭവിക്കുകയായിരുന്നു. ആശ തീർന്നപ്പോൾ നിരാശയും തീർന്നു. ഒരു ഗർത്തത്തിലേക്കു വീണപോലെ തോന്നി. ഏഴാം ദിവസം പുതിയൊരു ഊർജം, പുതിയ പ്രകാശം. സ്വയം പൊട്ടിത്തെറിക്കുംപോലെ. പരമാനന്ദത്താൽ ഭ്രാന്തനാകുംപോലെ.

ഒാേഷായുടെ വാക്കുകളിൽ അതിങ്ങനെയാണ്: ‘‘മരണം പോലെ ഒന്നു സംഭവിച്ചു. ഒരു പുതുജന്മം. എട്ടു മണിക്ക് ഉറങ്ങാൻ തുടങ്ങി. എന്നാൽ അവബോധത്തിന്റെ കൊടുമുടിയിലേക്കാണ് യാത്ര. പതഞ്ജലി മഹർഷി പറഞ്ഞതൊക്കെ ഇപ്പോൾ എനിക്കു മനസ്സിലായി. ബുദ്ധനും ശങ്കരനും ലോകം മായയാണെന്നു പറഞ്ഞതും ഇപ്പോൾ ബോധ്യപ്പെട്ടു. മായ എന്ന വാക്കിന്റെ അർഥത്തെപ്പറ്റി ഞാൻ ബോധവാനായി. പൂന്തോട്ടത്തിൽ പോയപ്പോൾ എല്ലാം പ്രകാശമാനമായി തോന്നി. ആ ദിവസം മുതൽ ലോകം അയഥാർഥമായി. മറ്റൊരു ലോകം വെളിപ്പെട്ടിരിക്കുന്നു. അതൊരു മനോഹരലോകമാകുന്നു. ആ രാത്രിക്കുശേഷം ഞാൻ ശരീരത്തിൽ പ്രവർത്തിക്കുന്നില്ല. അതിനു ചുറ്റും ചിറകടിച്ചു നടക്കുകയാണ്.’’

ആത്മാവിന്റെ ഇരുണ്ട രാത്രികൾക്കുശേഷം രജനീഷ് ബോധോദയത്തിന്റെ പാതയിലാണെന്നു നിരീക്ഷിക്കുന്നവരുണ്ട്. 21–ാം വയസ്സിൽ സംഭവിച്ച ബോധോദയത്തിന്റെ വഴിതുറക്കൽ ഭ്രാന്തമായ ഒരു സാക്ഷാത്കാരമായി മാത്രമാണ് പിൽക്കാലത്ത് അദ്ദേഹം കണ്ടത്. ആകാശത്തിലൂടെ പറക്കുന്ന ഒരു പക്ഷി പോലെയായിരുന്നു അതെന്ന് രജനീഷ് പറഞ്ഞു. ആർക്കും ആ പക്ഷിയുടെ കാല്പാടുകൾ പിൻതുടരാനാകില്ല. അതിനോടൊപ്പം ഒരു െവളിപാടുകൂടി അദ്ദേഹം നടത്തി. ‘‘വരിക, എന്നെ അനുഗമിക്കുക’’ എന്നു പറഞ്ഞ മഹാന്മാരൊന്നും അങ്ങനെ ബോധോദയം കിട്ടിയവരായിരുന്നില്ല. എന്നാൽ തികച്ചും വിരുദ്ധമായ മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു: ‘‘സ്വയം അറിഞ്ഞിട്ടുള്ള എല്ലാവരുടെയും പാദങ്ങൾ ഞാൻ സ്പർശിക്കുന്നു.’’

ഈ പരസ്പരവിരുദ്ധോക്തി എന്നു പറയാവുന്ന നിലപാടുകളും ദർശനങ്ങളുമാണ് രജനീഷിന്റെ ശക്തിയും ദൗർബല്യവും. ഈ നിലപാടുകളിൽ നിന്നുള്ള സമീകരണത്തിനായി കോളജ് കാലം മുതലുള്ള 30ഒാളം വർഷങ്ങൾ അദ്ദേഹം നിരന്തരം ഭാരതമെമ്പാടും യാത്ര നടത്തി. കണ്ണിൽ കണ്ട ആരാധനാലയങ്ങളിലെല്ലാം ദർശനം നടത്തി. കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വാ തുറന്നു കിട്ടിയവരോടെല്ലാം തർക്കിക്കാൻ ചെന്നു. കിട്ടിയ പ്രസംഗവേദികളിലെല്ലാം തട്ടുപൊളിപ്പൻ പ്രഭാഷണങ്ങൾ നടത്തി. ആദ്യം പ്രതിലോമകാരിയായ നിരീശ്വരവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചെങ്കിലും പിന്നീട് െെദവത്തെ അംഗീകരിക്കുന്നതായി ഭാവിച്ചു. മതങ്ങളോട് തട്ടിയും മുട്ടിയും ഒത്തുപോയി. 30 വർഷമായി നടത്തിയ ഈ നിരന്തര സംസാരത്തെ ധ്യാനത്തിനുവേണ്ടിയുള്ള തന്ത്രവും മുന്നോരുക്കവുമായാണ് കണ്ടത്. ‘സംസാരിക്കലും ഒരു കല’ എന്ന ഡെയ്ൽ കാൽനേജിയുടെ പുസ്തകമായിരുന്നു ഒാഷോയുടെ െെബബിൾ. മൗനത്തിന്റെ വിടവുകൾ ശ്രോതാക്കളിൽ സൃഷ്ടിക്കാൻ വേണ്ടി അദ്ദേഹം സംസാരിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു വാചകത്തിന്റെ നടുക്കുവച്ച് അദ്ദേഹം മൗനിയാകും. ജനം ശ്രദ്ധയുടെ പരകോടിയിലായിരുന്നു അപ്പോൾ. അങ്ങനെ നിശ്ശബ്ദതയുടെ ചെറുലോകങ്ങൾ അദ്ദേഹം ആയിരങ്ങളിൽ സൃഷ്ടിച്ചു.

കോളജ് അധ്യാപകനും സെക്സ് ഗുരുവും

1956 വരെയുള്ള കാലം ഫിലോസഫി പഠിച്ചു നടന്ന വിദ്യാർഥിയായിരുന്നു. സാഗർ യൂണിേവഴ്സിറ്റിയിലെ ഉന്നതശീർഷമായ വൃക്ഷശിഖരങ്ങളിൽ ആ യുവാവ് ധ്യാനത്തിനായി മറഞ്ഞിരുന്നു. മാസ്റ്റർ ബിരുദം നേടിക്കഴിഞ്ഞു ജബൽപ്പൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപന ഘട്ടത്തിലാണ് ആചാര്യ രജനീഷ് രൂപപ്പെടുന്നത്. ആ ക്ലാസ്സുകൾ കേൾക്കാൻ ആയിരക്കണക്കിനു കുട്ടികൾ ഒത്തുകൂടി. െെവസ് ചാൻസലർ വരെ േകൾവിക്കാരനായി വന്നു.  66–ൽ അധ്യാപകവൃത്തിയിൽ നിന്നു രാജിവച്ച് മുഴുവൻസമയ പ്രഭാഷകനായതോടെയാണ് സെക്സ് ഗുരു എന്നു പത്രങ്ങൾ വിശേഷിപ്പിച്ചത്. അക്കാലത്തെ പ്രഭാഷണങ്ങളാണ് ‘െെലംഗികതയിൽ നിന്ന് അതിബോധത്തിലേക്ക്’ എന്ന പുസ്തകമായത്. രതിമൂർച്ഛ ഒരു ധ്യാനമാണെന്ന് വിശേഷിപ്പിച്ച രജനീഷ് 69–ലെ രണ്ടാം ലോക ഹിന്ദുസമ്മേളനത്തിൽ പങ്കെടുത്ത് ജീവിതം ആസ്വദിക്കാൻ പഠിപ്പിക്കുന്നതാണ് മതമെന്നു പറഞ്ഞു കോളിളക്കമുണ്ടാക്കി. ലുങ്കി ഉടുത്തും നീണ്ട പത്താൻ കോട്ടിട്ട് നടന്നും കോമാളി വേഷം അഭിനയിച്ച ഈ കാലത്ത് അപകടകാരിയായ മനുഷ്യൻ എന്ന പ്രതിച്ഛായയായിരുന്നു രജനീഷിന്. ആരും കണ്ടാൽ ഹലോ പറയാൻ പോലും മടിച്ചു. രതിമൂർച്ഛ ധ്യാനത്തിന്റെ ആദ്യദർശനമാണെന്ന് പറഞ്ഞയാളിന്റെ മറ്റു പുസ്തകങ്ങൾ ആരും വായിച്ചില്ലെങ്കിലും െെലംഗിക സംബന്ധമായ പുസ്തകങ്ങൾക്കും പ്രഭാഷണങ്ങൾക്കും വലിയ ഡിമാൻഡായിരുന്നു. സ്വതന്ത്ര രതിയേക്കാൾ െെലംഗികതയുടെ ദിവ്യത്വത്തിനായിരുന്നു രജനീഷ് ഊന്നൽ നൽകിയത്. പക്ഷേ, ആ അർഥത്തിൽ അതു മനസ്സിലാക്കപ്പെട്ടില്ലെന്നു മാത്രം.

Tags:
  • Manorama Arogyam
  • Health Tips