ഓർമവച്ചനാൾ മുതൽ അരവിന്ദിനൊപ്പം കൂട്ടുകൂടിയ ഒരു സുഹൃത്ത് ഉണ്ട്. നല്ല കരുതൽ കൊടുത്താൽ സുഹൃത്തും ആ കരുതൽ തിരികെ നൽകും. ഇടയ്ക്ക് അശ്രദ്ധ വന്നാലോ സുഹൃത്തു ചെറിയ പിണക്കം കാണിക്കുകയും അരവിന്ദിനെ ആശുപത്രിയിൽ കയറ്റുകയും െചയ്യും. ആ സുഹൃത്തിന്റെ പേരാണു പ്രമേഹം. ജനിച്ച് ഒൻപതാം മാസത്തിൽ അരവിന്ദിനൊപ്പം ചേർന്നതാണു പ്രമേഹം. ഈ 37ാം വയസ്സിലും അരവിന്ദും പ്രമേഹവും തോളോടുതോൾ ചേർന്നു ഫ്രണ്ട്സ് വൈബിൽ മുൻപോട്ടു പോകുന്നു.
ഒൻപതാം മാസത്തിലെ കണ്ടെത്തൽ !
തിരുവനന്തപുരം തച്ചോട്ടുകാവു സ്വദേശികളായ മോഹനൻ നായരുടെയും ഗീതയുടെയും ആദ്യത്തെ കുഞ്ഞാണ് അരവിന്ദ്. നല്ല പൊന്നിന്റെ നിറത്തിൽ, തുടുത്ത്, സുന്ദരനായ കുഞ്ഞ്. അരവിന്ദിന് ഒൻപതു മാസം പ്രായമുള്ളപ്പോഴാണു പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കുഞ്ഞിന്റെ ശരീരം വല്ലാതെ മെലിയുന്നതായി ഗീതയ്ക്കു തോന്നി. 11 മാസമായപ്പോഴെക്കും കുഞ്ഞു വല്ലാതെ ശോഷിച്ചു. കൂടാതെ തറയിൽ കുഞ്ഞിന്റെ മൂത്രം തറയിൽ വീഴുന്ന ഭാഗത്തു കറ പോലെ നിറവ്യത്യാസവും ഗീത ശ്രദ്ധിച്ചു. ഗീത ഒരു കുപ്പിയിൽ കുഞ്ഞിന്റെ മൂത്രം ശേഖരിച്ചു ലാബിൽ പരിശോധനയ്ക്കു നൽകി. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി. തുടർന്നു പീഡിയാട്രീഷൻ ഡോ. സ്നേഹപാലന്റെ നിർദേശത്തിൽ ആശുപത്രിയിലെ പരിശോധനയിൽ ഷുഗർ അളവ് 600 ആണെന്നു കണ്ടു. അങ്ങനെ അരവിന്ദിന് ടൈപ്പ് 1 പ്രമേഹമാണെന്നു സ്ഥിരീകരിച്ചു.
തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലേക്കു വിട്ടു.ഡോ. വസന്തകുമാരിയായിരുന്നു അരവിന്ദിനെ ചികിത്സിച്ചത്. പിന്നീട് ഡോ. വേണുഗോപാലിന്റെ അടുക്കൽ എത്തി.12 വയസ്സിനു ശേഷം മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ മേധാവി ഡോ. മാത്യു തോമസിന്റെ കീഴിലായി ചികിത്സ. 16 വയസ്സു മുതൽ എസ്‍യുറ്റി ഹോസ്പിറ്റിൽ ഡോ. കെ. പി. പൗലോസാണ് ചികിത്സിക്കുന്നത്. കുടുംബഡോക്ടറായ ഡോ. സമ്പത്താണ് ഡോ. പൗലോസിനെ കാണാൻ നിർദേശിച്ചത്. ഒരു ഡോക്ടർ– രോഗി ബന്ധമല്ല ഡോ. പൗലോസുമായി അരവിന്ദിനുള്ളത്. എപ്പോഴും വിളിക്കാവുന്ന സ്വാതന്ത്ര്യം ഡോക്ടർ നൽകിയിട്ടുണ്ട്. ഡോക്ടറുെട നിർദേശപ്രകാരം പ്രമേഹരോഗിയാണെന്നും വീട്ടുകാരുെട ഫോൺനമ്പറും മറ്റും എഴുതിയ കാർഡ് അരവിന്ദ് എപ്പോഴും പഴ്സിൽ സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ മൂന്നു മാസത്തിലൊരിക്കൽ ഡോക്ടറെ കാണും. എല്ലാ മാസവും ലാബിൽ പരിശോധന നടത്തും. ഇടയ്ക്കു എച്ച്ബിഎ1സി നോക്കും.
ചെറുപ്പം മുതൽ തന്നെ വൃത്തിയുെട കാര്യത്തിൽ ഗീതയും മോഹനനും വളരെ ശ്രദ്ധ പുലർത്തിയിരുന്നു. കുത്തിവയ്പൊക്കെ എടുക്കുന്നതിനു മുൻപു കൈ ചൂടുവെള്ളത്തിൽ നന്നായി കഴുകും. സിറിഞ്ചൊക്കെ ചൂടുവെള്ളത്തിൽ ഇട്ടു വൃത്തിയാക്കും. ആദ്യ കാലങ്ങളിൽ ഫ്രിജ് ഇല്ലാതിരുന്നതിനാൽ ഇൻസുലിൻ പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞു മൺച്ചട്ടിയിൽ മരപ്പൊടി നിറച്ചശേഷം അതിനുള്ളിലേക്ക് ഇറക്കിവയ്ക്കും. മരപ്പൊടി നനച്ചും കൊടുക്കും.
പഞ്ചസാരയോട് ‘നോ’
ചെറുപ്പം മുതലേ അരവിന്ദ് പഞ്ചസാര ഉപയോഗിച്ചിട്ടില്ല. വീട്ടിലുള്ളവരും ഉപയോഗിക്കാറില്ല. ഷുഗർ കുറഞ്ഞുവെന്നു തോന്നുമ്പോൾ അൽപം മധുരം കഴിക്കും. സദ്യ കഴിക്കുമ്പോൾ പായസം കുടിക്കില്ല. എണ്ണ ഉപയോഗിക്കുന്നതിലും ശ്രദ്ധ പുലർത്തുന്നുണ്ട്. ചോറിന്റെ അളവു വളരെ കുറച്ചുമാത്രം. രാത്രി ചപ്പാത്തി പോലുള്ളവയാണ് ഇഷ്ടം. ദിവസവും രണ്ടു മുട്ടയുെട െവള്ള കഴിക്കും. പാലും കുടിക്കും. നോൺവെജിൽ കോഴിയിറച്ചിയും മീനുമാണ് കൂടുതലും. ഇവ കറി വച്ചാണ് കഴിക്കാറ്. മീൻകറിയിൽ േതങ്ങാ ചേർക്കില്ല.
സ്കൂളിൽ പഠിക്കുന്ന കാലത്തു രാവിലെ പ്രഭാതഭക്ഷണമായി നൂഡിൽസ് കഴിച്ചിട്ടു ഷുഗർ അളവു കുറഞ്ഞു കുഴഞ്ഞുവീണിട്ടുണ്ട് അരവിന്ദ്. അതിൽപിന്നെ പെട്ടെന്നു വിശപ്പ് അനുഭവപ്പെടുന്ന ഭക്ഷണം രാവിലെ കഴിക്കില്ല. സഹപാഠികൾക്കും അധ്യാപകർക്കും എല്ലാം അരവിന്ദിന്റെ രോഗാവസ്ഥ അറിയാം. അതിനാൽ തന്നെ ചെറിയ തളർച്ചയോ മറ്റോ കണ്ടാൽ അവർ നന്നായി ശ്രദ്ധിക്കും. അന്നൊക്കെ രണ്ടുനേരമായിരുന്നു കുത്തിവയ്പ് എടുത്തിരുന്നത്. പ്ലസ്ടു കഴിഞ്ഞശേഷം കോളജിൽ അരവിന്ദ് പോയില്ല. അനിമേഷൻ കോഴ്സ് െചയ്തു. പിന്നെ വിദൂരവിദ്യാഭ്യാസത്തിലൂെട ബിരുദം നേടി. സ്കൂളിൽ പഠിക്കുമ്പോൾ തിരുവനന്തപുരം ജില്ലാ സൈക്ലിങ് ടീമിൽ അംഗമായിരുന്നു. പ്ലസ്ടു പഠിക്കുമ്പോൾ ബാഡ്മിന്റനിൽ ചാംപ്യൻ ആയിരുന്നു. ക്രിക്കറ്റും കളിക്കും. ഭയം കാരണം അരവിന്ദിനെ ടൂവിലർ പഠിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. കാർ ഒാടിക്കാൻ പഠിച്ചു.
ടിവിഎസ് സപ്ലൈ ചെയിൻ സോല്യൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഡെപ്യൂട്ടി ഒാഫിസറാണ് അരവിന്ദ്. സഹപ്രവർത്തകർ നല്ല പിന്തുണയാണു നൽകുന്നത്.
ജോലി സംബന്ധമായി യാത്ര െചയ്യുമ്പോഴും അരവിന്ദിനു പ്രശ്നം ഉണ്ടായിട്ടുണ്ട്. ‘‘ ഞാൻ ബസ്സിൽ പോകുകയായിരുന്നു. ഷുഗർ കുറയുമ്പോൾ നമുക്കു മനസ്സിലാകും. ശരീരം തളരുന്നതുപോലെ തോന്നും. ചുറ്റുമുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയും. എന്നാൽ പ്രതികരിക്കാൻ സാധിക്കില്ല.
ബസ്സിൽ വച്ചു കുഴഞ്ഞുവീണപ്പോൾ യാത്രക്കാർ കരുതി ഞാൻ മദ്യപിച്ചിട്ടോ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന്. എന്നാൽ ഡ്രൈവർക്കും കണ്ടക്ടർക്കും കാര്യം മനസ്സിലായി. അവർ ആശുപത്രിയിൽ എത്തിച്ചു. ’’ ജോലി സംബന്ധമായി വിദേശത്തൊക്കെ യാത്ര െചയ്തിട്ടുണ്ട് അരവിന്ദ്. യാത്രയിൽ ഗ്ലൂക്കോമീറ്റർ, ഇൻസുലിൻ, മധുരപലഹാരങ്ങൾ എല്ലാം കൂടെ കരുതും.
രണ്ടു മൂന്നു തവണ രോഗം കലശലായി അരവിന്ദ് ഗുരുതരാവസ്ഥയിൽ എത്തിയിട്ടുണ്ട്. അഞ്ചാം വയസ്സിൽ പനി വന്നു. താൽക്കാലികമായി ഇൻസുലിൻ നിർത്തി. ഇതു കാരണം ഷുഗർ വല്ലാതെ കൂടി. എസ്എടി ആശുപത്രിയിൽ അഡ്മിറ്റ് െചയ്തു. 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നും ബന്ധുക്കളെ വിവരം അറിയിക്കാനുമാണ് അന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ 24 മണിക്കൂർ കഴിഞ്ഞപ്പോൾ അരവിന്ദ് കണ്ണു തുറന്നു. പന്ത്രണ്ടാം വയസ്സിലും ഇതുപോലെത്തെ സന്ദർഭം ഉണ്ടായി. പനി കലശലായതിനെ തുടർന്നു തുടർച്ചയായ ഛർദിയായിട്ടാണു മെഡിക്കൽ കോളജിൽ എത്തിയത്. അന്നും ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നു. എന്തായാലും ചികിത്സകൾക്കു ശേഷം അരവിന്ദ് ആ അപകടാവസ്ഥയും തരണം െചയ്തു.
2018 ലാണ് ബാങ്ക് ഉദ്യോഗസ്ഥയായ ശ്രീക്കുട്ടി അരവിന്ദിന്റെ ജീവിതപങ്കാളിയാകുന്നത്. അതിൽപിന്നെ ശ്രീക്കുട്ടിയും അരവിന്ദിന്റെ ആരോഗ്യത്തിൽ ശ്രദ്ധ നൽകുന്നുണ്ട്. ഇപ്പോൾ മൂന്നു നേരം ഇൻസുലിൻ എടുക്കുന്നുണ്ട്.
ടൈപ്പ് 1 പ്രമേഹരോഗികളുെട കൂട്ടായ്മയിൽ സജീവമാണ് അരവിന്ദ്. കുട്ടികൾക്കു വേണ്ടി മോട്ടിവേഷനൽ ക്ലാസുകൾ എടുക്കാറുണ്ട്. തന്റെ ജീവിതം കുരുന്നുകൾക്കു പ്രചോദനമാകുന്നുവെന്നത് അരവിന്ദിനു സംതൃപ്തി നൽകുന്ന കാര്യമാണ്.