Thursday 21 July 2022 11:39 AM IST : By സ്വന്തം ലേഖകൻ

രൂക്ഷമായ മൂഡ്സ്വിങ്സ്, ദേഷ്യവും കരച്ചിലും, വൃത്തികൂടുക: മനസ് താളം തെറ്റുന്നതിനു മുമ്പ് സംഭവിക്കുന്നത്

mental-health-july-21

ട്രെയിൻ പോകുന്നത് കണ്ടിട്ടില്ലേ? പാളത്തിലൂടെ കൃത്യമായി ചൂളം വിളിച്ച് മുന്നോട്ട് പോകുന്നു. ഇടയ്ക്ക് പാളത്തിന് തകരാർ സംഭവിച്ചാൽ... അത് പരിഹരിച്ചല്ലേ മുന്നോട്ട് പോകാൻ കഴിയൂ? അല്ലാതെ... ‘തീവണ്ടീ, നീ അതൊന്നും കാര്യമാക്കേണ്ട, അങ്ങ് പൊയ്ക്കോളൂ. എല്ലാം ശരിയായിക്കോളും’ എന്ന് പറയില്ലല്ലോ. അതുപോലെ തന്നെയാണ് നമ്മുടെ മനസ്സിന്റെ കാര്യവും. പക്ഷേ, തീവണ്ടിയുടെ കാര്യത്തിൽ പുലർത്തുന്ന കരുതൽ മനസ്സിന്റെ കാര്യത്തിൽ നമ്മളിൽ പലരും പുലർത്താറുണ്ടോ? പാളത്തിന്റെ അപാകത പരിഹരിച്ച് സുരക്ഷിതമായി യാത്ര തുടരുന്നതു പോലെയാണ് മാനസികാരോഗ്യം നേടുന്നതും.

അതിനായി സ്വയം ചെയ്യാവുന്ന കാര്യങ്ങളുണ്ട്. അതിനാദ്യം മനസ്സ് നമ്മളോട് പറയാൻ ശ്രമിക്കുന്നത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നമ്മളോ നമുക്ക് ചുറ്റുമുള്ളവരോ കടന്നുപോകുന്നത് രോഗാവസ്ഥയിലൂടെയാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നത് തന്നെ പാതി വിജയമാണ്.

മനസ്സ് എന്ന തീവണ്ടി നന്നായി മുന്നോട്ട് സഞ്ചരിക്കാൻ വികാരങ്ങളെ ബാലൻസ് ചെയ്തു നിർത്തുന്ന പാളം ആവശ്യമാണ്. കോവിഡ് കാലം മാനസികാരോഗ്യത്തിന് പല വെല്ലുവിളികളും ഉയർത്തിയിട്ടുണ്ട്. സൗഹൃദക്കൂട്ടായ്മകളില്ലാതെ, അറ്റമില്ലാത്ത ജോലി സമയവും ജോലി തന്നെ ഇല്ലാതായ അവസ്ഥയും ഉറ്റവരെ പോലും വേണ്ടപ്പോൾ കാണാൻ കഴിയാതിരുന്ന കൂട്ടിലടയ്ക്കപ്പെട്ട സ്ഥിതിയും സമൂഹത്തിന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഒരേ സമയം ഇതിലൂടെയൊക്കെ സഞ്ചരിക്കുകയും ഇതൊന്നും ഒരു പരിധിയിൽ കൂടുതൽ നമ്മളെ തകർത്തുകളയാതെ നോക്കുകയും ചെയ്യുക എന്നത് വെല്ലുവിളിയാണ്.

കണ്ടില്ലെന്ന് നടിച്ചാൽ പ്രശ്നം മാറില്ല

മാനസികാരോഗ്യ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതി ഇപ്പോഴും സമൂഹത്തിലുണ്ട്. പക്ഷേ, ‘THERE IS NO HEALTH WITHOUT MENTAL HEALTH’ എന്ന വാക്യമാണ് ഇവിടെ ഓർമിക്കേണ്ടത്. മാനസികാരോഗ്യമില്ലാതെ ആരോഗ്യം തന്നെ ഇല്ലെന്നർഥം. വ്യക്തിയുടെ നിലനിൽപ്പിൽ ഏറ്റവും പ്രധാനമാണത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നു പറഞ്ഞാൽ ഒച്ചയും ബഹളവും ഉണ്ടാക്കുക, സാധനങ്ങൾ തല്ലിപ്പൊട്ടിക്കുക പോലുള്ള കാര്യങ്ങൾ മാത്രമെന്നാണ് പലരുടെയും ധാരണ. തെറ്റായ വിവരങ്ങളും ചില ദൃശ്യമാധ്യമങ്ങളിൽ നിന്നും മറ്റുമുള്ള കാഴ്ചകളുമൊക്കെയാണ് പലരിലും ഇത്തരം അബദ്ധധാരണകൾ രൂപപ്പെടുത്തുന്നത്.

വിഷാദം, ഒസിഡി, പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ, കുട്ടികളുടെ മസ്തിഷ്ക വികസന പ്രശ്നങ്ങൾ, പോസ്റ്റ് പാർട്ടം ഡിപ്രഷൻ തുടങ്ങി പല മാനസിക പ്രശ്നങ്ങളും ഒച്ചപ്പാടും ബഹളവും പൊട്ടിത്തെറികളുമായി തന്നെ ആയിരിക്കില്ല പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത് ‘പെർഫെക്റ്റ്’ എന്ന് കരുതുന്ന ആളാകാം ഒരുപക്ഷേ, കടുത്ത വിഷാദത്തിന് അടിപ്പെട്ടിരിക്കുന്നത്.

മറ്റേതൊരു അസുഖം പോലെയും മാനസിക പ്രശ്നങ്ങളും തുടക്കത്തിലേ ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. വൈകുംതോറും അസുഖം മാറാനും ബുദ്ധിമുട്ട് വരും. അത് മറ്റ് പല രൂക്ഷമായ തലങ്ങളിലേക്ക് എത്തുകയും ചെയ്യും.

മാനസികരോഗ ചികിത്സയെക്കുറിച്ചും സമൂഹത്തിൽ തെറ്റിധാരണകളുണ്ട്. മാനസിക പ്രശ്നമാണെങ്കിൽ അ തൊരിക്കലും മാറില്ലെന്നും ഷോക് പോലുള്ള ചികിത്സയാണ് ഏക പരിഹാരം എന്നും കരുതുന്നവരുണ്ട്. മരുന്ന് പോലും ഇല്ലാതെ പരിഹരിക്കാവുന്ന പല മാനസിക പ്രശ്നങ്ങളും ഉണ്ട്. തെറപ്പി സെഷനുകളിലൂടെയും മരുന്നിലൂടെയും പലതും പരിഹരിക്കപ്പെടും. നിയന്ത്രിക്കാൻ ബുദ്ധിമുട്ട് വരുന്ന ഘട്ടത്തിലേക്ക് കടക്കുന്ന രോഗാവസ്ഥയിലാണ് ആശുപത്രിവാസവും മറ്റു ചികിൽസകളും വേണ്ടി വരുന്നത്.

തിരിച്ചറിയാം അപായസൂചനകൾ

മാനസികാരോഗ്യത്തിൽ തകരാർ സംഭവിക്കുന്നത് ചില ‘വാണിങ് സൈനു’കളിലൂടെ നമുക്കും മനസ്സിലാക്കാൻ കഴിയും. അവയിൽ പൊതുവായവ :

∙മുൻപ് ആസ്വദിച്ചു ചെയ്ത കാര്യങ്ങളോട് മടി തോന്നുക.

∙തുടർച്ചയായ സങ്കടാവസ്ഥ, നിയന്ത്രണാതീതമായ ഭ യം, കുറ്റബോധം, നിയന്ത്രിക്കാനാകാത്ത ദേഷ്യം.

∙ രൂക്ഷമായ മൂഡ് സ്വിങ്സ്, ചുറ്റുമുള്ളവരിൽ നിന്ന് ഉൾവലിയുക. പെട്ടെന്ന് ആരോടും സംസാരിക്കാതാകുക.

∙ ഉറക്കക്രമങ്ങളിലെ താളപ്പിഴകൾ.

∙ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് തോന്നുക. ശബ്ദങ്ങൾ കേൾക്കുന്നതായും കാഴ്ചൾ കാണുന്നതായും തോന്നുക.

∙ സ്വന്തം മാനസിക വികാരങ്ങൾക്കു മേൽ നിയന്ത്രണമില്ലാതാകുക. പെട്ടെന്ന് ദേഷ്യവും കരച്ചിലും വരിക.

∙ ആഹാരം തീരെ വേണ്ടെന്ന് തോന്നുക. അമിതമായി ഭ ക്ഷണം കഴിക്കുക.

∙ വൃത്തി കൂടുക, ഒന്നിലും ആനന്ദം കണ്ടെത്താൻ പറ്റാതാകുക.

∙ സ്ഥിരമായി തലവേദനയോ ദഹനപ്രശ്നങ്ങളോ മറ്റ് ശാരീരികാസ്വസ്ഥതകളോ വരിക. പരിശോധനയിൽ പ്രശ്നമൊന്നും കാണില്ല താനും.

∙ അക്രമണ സ്വഭാവം, ലഹരിയിൽ അമിത താൽപര്യം, മ രിക്കണം എന്ന തോന്നൽ, ആരോ തന്നെ അപായപ്പെടുത്താൻ വരുന്നുവെന്ന ചിന്ത.

മനസ്സ് പാളം തെറ്റുന്നുവെന്നതിന്റെ അപായ സൂചനകളുടെ ലക്ഷണങ്ങളാകാം ഇത്. ഇവ കണ്ടാൽ ഒട്ടും മടിക്കാതെ മാനസികാരോഗ്യവിദഗ്ധന്റെ സഹായം തേടണം. മാനസിക പ്രശ്നം തന്നെയാണോ അല്ലയോ എന്നറിയാൻ സ്ക്രീനിങ് ടെസ്റ്റ് നടത്താം. ആവശ്യമെങ്കിൽ ചികിത്സ സ്വീകരിക്കാം. മനസ്സെന്ന തീവണ്ടി ആനന്ദത്തിന്റെ ചൂളം വിളിച്ച് കൃത്യമായി പാളത്തിലൂടെ മുന്നോട്ട് സഞ്ചരിക്കട്ടെ.