Saturday 12 March 2022 03:36 PM IST : By ഡോ. എ.വി. രവീന്ദ്രൻ

സ്ത്രീയിൽ വികാരം കുറയാം; പുരുഷനിൽ സ്ഖലനത്തിന്റെ ശക്തി കുറയാം: മധ്യവയസ്സിലും സെക്സ് ആസ്വാദ്യകരമാക്കാൻ

xasd3243

വാർധക്യത്തിലെത്തിയവരിൽ ലൈംഗികത വളരെ കുറവാണെന്നും അവർ ലൈംഗികത ആസ്വദിക്കുന്നില്ല എന്നതും തെറ്റിധാരണയാണ്. എഴുപതും എൺപതും പ്രായമായവരിൽ പോലും സെക്സ് നന്നായി ആസ്വദിക്കുന്നവരുണ്ട്. അവരെ കാഴ്ചയിൽ തന്നെ തിരിച്ചറിയാം. കൂടുതൽ സജീവവും ചുറുചുറുക്കുമാർന്ന പെരുമാറ്റവും പ്രവർത്തനങ്ങളുമായിരിക്കും അവരുടെ മുഖമുദ്ര. പ്രായം ലൈംഗികതയുടെ പ്രയോഗരീതികളെ കുറച്ചൊക്കെ മാറ്റിയെന്നു വരാമെങ്കിലും ഏതു പ്രായത്തിലും ലൈംഗികാസ്വാദനത്തിനു തടസ്സമില്ല. മാത്രമല്ല, പ്രായം കൊണ്ടു വാർധക്യത്തിലേക്കു പ്രവേശിക്കുമ്പോഴും ലൈംഗികത ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ ശരീരത്തിലും മനസ്സിലും യൗവനാനുഭൂതികളും ആരോഗ്യവും ഒരിക്കലും നഷ്ടമാവുകയില്ല.

സെക്സിന്റെ പ്രാധാന്യം

വിവിധതരം രോഗങ്ങൾ തടയുന്നതിനു വ്യായാമത്തിന്റെയും മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത നമുക്കറിയാം. ലൈംഗികത ശാരീരിക വ്യായാമം മാത്രമല്ല, അത് മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുകയും മാനസിക സുഖം നൽകുകയും ചെയ്യുന്നു. സുരക്ഷിതമായ ലൈംഗികത മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിനും വിവിധതരം ജീവിതശൈലീ രോഗങ്ങളുടെ തീവ്രത കുറയ്ക്കുവാനും സഹായിക്കുന്നു. മാത്രമല്ല ജീവിതപങ്കാളിയോടുള്ള അടുപ്പത്തിന്റെ തീക്‌ഷ്ണത നിലനിർത്തുന്നതിനും സെക്സ് പ്രധാനം തന്നെയാണ്.

ആസ്വാദനം നിലനിർത്താൻ

ഏതു പ്രായത്തിലും ലൈംഗികത നിലനിർത്താൻ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ഏറ്റവും പ്രധാനം. വിവിധതരം രോഗങ്ങളും മാനസിക പ്രശ്നങ്ങളും ലൈംഗികതയെ പ്രതികൂലമായി ബാധിക്കാം. പ്രായം കൂടുംതോറും ശരീരത്തിലും പ്രത്യേകിച്ച് ലൈംഗികാവയവങ്ങളിലും പല മാറ്റങ്ങളും സംഭവിക്കും. അതുപോലെ ലൈംഗികശേഷിയിലും വ്യതിയാനങ്ങളുണ്ടാകാം. അവയെക്കുറിച്ച് ആകുലപ്പെടാതെ ഉൾക്കൊള്ളുകയും പൊരുത്തപ്പെട്ടുകൊണ്ടു ലൈംഗികത ആസ്വദിക്കാനുള്ള മനോഭാവം രൂപപ്പെടുത്തുകയുമാണ് ഇതിൽ പ്രധാനം. ലൈംഗികതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ അത് പ്രായത്തിന്റേതാണ് എന്നു കരുതിയിരിക്കാതെ ആവശ്യമായ വൈദ്യസഹായം തേടണം.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ പോലെതന്നെ വിവിധതരം ലൈംഗിക പ്രശ്നങ്ങളും മധ്യവയസ്കരിൽ കൂടുതലായി കാണുന്നു. ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങളും ശീഘ്രസ്ഖലനവുമാണു പുരുഷന്മാരിൽ കൂടുതല്‍. യോനിയിലെ വരൾച്ചയും, ബന്ധപ്പെടുമ്പോഴുള്ള വേദനയും രതിമൂർച്ഛയിൽ എത്താനുള്ള ബുദ്ധിമുട്ടുകളുമാണു സ്ത്രീകളിൽ കാണുന്ന പ്രധാന പ്രശ്നങ്ങൾ.

താൽപര്യക്കുറവ് ആദ്യമേ അറിയണം

ലൈംഗികതയോടുള്ള താൽപര്യക്കുറവ് മധ്യവയസ്സുപിന്നിട്ട സ്ത്രീകളിലാണ് കൂടുതലെന്നു പറയാറുണ്ടെങ്കിലും പുരുഷന്മാരിലും ഈ പ്രശ്നം സാധാരണമാണ്. ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ആവൃത്തി (Frequency) കുറയുന്നതിനും ലൈംഗിക പങ്കാളിയുടെ അസംതൃപ്തിക്കും കാരണമാകും. ലൈംഗിക പങ്കാളിയുമായുള്ള ബന്ധത്തിൽ ഉണ്ടാകുന്ന വളരെ ചെറിയ അസ്വാരസ്യങ്ങൾ പോലും ലൈംഗികതയോടുള്ള താൽപര്യക്കുറവിനു കാരണമാകാറുണ്ട്. ജീവിതത്തിലെ വിവിധ തരം സമ്മർദം, വിഷാദം തുടങ്ങിയവയെല്ലാം ഈ പ്രശ്നത്തിലേക്കു വഴി തെളിക്കും.

പ്രായം കൂടുന്നതിനനുസരിച്ച് വിവിധതരം ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന മാറ്റവും കാരണമാകാം. പ്രമേഹം, ഹൃദ്രോഗം, വിവിധതരം കാൻസറുകൾ, തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും വില്ലനാകാറുണ്ട്. രക്താതിസമ്മർദം, മാനസിക പ്രശ്നങ്ങൾ, പ്രോസ്േറ്ററ്റ് ഗ്രന്ഥി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, അമിത മദ്യപാനം എന്നിവയും ലൈംഗിക താൽപര്യക്കുറവിനു കാരണമാകുന്നു.

ഏതു പ്രായത്തിലാണെങ്കിലും ലൈംഗിക താൽപര്യക്കുറവിനെ ഗൗരവമായി പരിഗണിക്കണം. അതിലേക്കു നയിക്കുന്ന കാരണങ്ങൾ കണ്ടെത്തിയാൽ പരിഹാരം എളുപ്പമാണ്.

ഉദ്ധാരണക്കുറവ്

പ്രായം കൂടുന്നതനുസരിച്ച് പുരുഷൻമാരിൽ ഉദ്ധാരണത്തിന്റെ ശക്തിയും ദൈർഘ്യവും ആവൃത്തിയും കുറഞ്ഞ് വരാം. ലിംഗോദ്ധാരണം കൈവരിക്കാൻ സാധാരണയിൽ കൂടുതൽ സമയമെടുക്കുകയും, പലപ്പോഴും ബാഹ്യമായ ഉത്തേജനം നിർബന്ധമാവുകയും ചെയ്യുന്നു.

പ്രായം കൂടുമ്പോൾ സെക്സ് ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരത്തിൽ ഉദ്ധാരണശക്തി കുറയാനുള്ള കാരണം. ലൈംഗികപങ്കാളിയുമായുള്ള പൊരുത്തക്കേട്, മാനസിക സമ്മർദം, വിഷാദം തുടങ്ങിയവയും ഉദ്ധാരണക്കുറവിനു കാരണമാകും. പ്രമേഹം, രക്താതിസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നാഡ‍ീസംബന്ധമായ രോഗങ്ങൾ, അമിത മദ്യപാനം തുടങ്ങിയവയെല്ലാം ലൈംഗിക ഉദ്ധാരണക്കുറവിനു കാരണമാകാം. ഉദ്ധാരണക്കുറവ് പലപ്പോഴും നേരത്തേ പറഞ്ഞ രോഗങ്ങളുടെ ആദ്യ ലക്ഷണവുമാകാം എന്നുള്ളതും പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.

മാനസികമായ കാരണങ്ങളില്ലെങ്കിൽ ഉദ്ധാരണക്കുറവിനു കാരണം രോഗാവസ്ഥകളുടെ വരവാണോ എന്നു പരിശോധിപ്പിച്ചു പരിഹരിക്കണം. ഭക്ഷണനിയന്ത്രണവും വ്യായാമവും ഉദ്ധാരണക്കുറവു തടയാൻ സഹായിക്കുന്നു. ചില മരുന്നുകളും ഉദ്ധാരണം കുറയ്ക്കാമെന്നതിനാൽ സംശയം തോന്നിയാൽ ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.

സ്ഖലന പ്രശ്നങ്ങൾ

ശീഘ്രസ്ഖലനം എല്ലാ പ്രായക്കാരിലും കാ ണാം. പ്രായം കൂടി വരുന്തോറും സ്ഖലനസംബന്ധമായ മറ്റു പല പ്രശ്നങ്ങളും കാണാറുണ്ട്. സ്ഖലനത്തിന്റെ ശക്തി കുറയുക, ശുക്ലത്തിന്റെ അളവു കുറയുക, സ്ഖലനം സംഭവിക്കാൻ വളരെയധികം സമയമെടുക്കുക (Delayed ejaculation) എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് ഉദാഹരണമാണ്. ഇവയിൽ മിക്കപ്രശ്നങ്ങൾക്കും ചികിത്സയുണ്ട്. അവ സമയത്തു പരിഹരിക്കേണ്ടത് അത്യാവശ്യവുമാണ്.

സ്ത്രീകളിെല പ്രശ്നങ്ങൾ

മധ്യവയസ്സു കഴിയുന്നതോടെ സ്ത്രീകളിലും വിവിധങ്ങളായ ലൈംഗിക പ്രശ്നങ്ങൾ രൂപപ്പെടാം. താൽപര്യം കുറയുന്നതുമുതലുള്ള ലൈംഗിക പ്രശ്നങ്ങളെല്ലാം ആർത്തവ വിരാമശേഷമുള്ള സ്വാഭാവിക പ്രശ്നങ്ങളായാണ് നമ്മുെട സമൂഹത്തിലെ സ്ത്രീകൾ കണക്കിലാക്കുന്നത്. എന്നാൽ ആരോഗ്യകരവും ആസ്വാദ്യകരവുമായ ലൈംഗിക ജീവിതം സ്ത്രീയുെട ജീവിത ഗുണനിലവാരത്തിനും ആവശ്യമാണ്.

മധ്യവയസ്സുകഴിയുമ്പോൾ സ്ത്രീ ലൈംഗിക ഹോർമോണിന്റെ അളവിലുണ്ടാകുന്ന മാറ്റം യോനിക്കുള്ളിലെ വരൾച്ചയ്ക്കും, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദനയ്ക്കും, ലൈംഗിക താൽപര്യക്കുറവിനും കാരണമാകുന്നു. ഇത് യോനിക്കുള്ളിലെ അണുബാധാ സാധ്യതയും കൂട്ടും. മാനസിക സമ്മർദം, വിവിധതരം മരുന്നുകൾ എന്നിവയും യോനീവരൾച്ചയ്ക്കു കാരണമാകുന്നു. ഈ അവസ്ഥ പൊതുവേ സെക്സിൽ നിന്നും വിട്ടുനിൽക്കാനായിരിക്കും അവരെ പ്രേരിപ്പിക്കുക.

എന്നാൽ മധ്യവയസ്സു പിന്നിട്ടാലും ആരോഗ്യകരമായ യൗവന ജീവിതം പുലർത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പ്രശ്നത്തെ മറികടക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു സാധാരണ ലൂബ്രിക്കേഷൻ ജെൽ കൊണ്ടുപോലും പരിഹരിക്കാവുന്ന ഈ പ്രശ്നത്തിന്റെ പേരിൽ സെക്സ് ഒഴിവാക്കേണ്ട ആവശ്യമേയില്ല.

വേദനയും രതിമൂർച്ഛയും

ലൈംഗികബന്ധത്തിന്റെ സമയത്ത് യോനിക്ക് അകത്തോ, സമീപഭാഗങ്ങളിലോ വേദന ഉ ണ്ടാകാം. ഈ അവസ്ഥയാണ് ഡിസ്പെരുനിയ (Dysperunia). പ്രായമേറുമ്പോൾ സ്ത്രീ ലൈംഗിക ഹോർമോണിന്റെ അളവു കുറയുന്നത്, ലൈംഗിക താൽപര്യക്കുറവ്, യോനിയിലോ സമീപസ്ഥലങ്ങളിലോ ഉള്ള മുറിവ്, അണുബാധ, തുടങ്ങിയവയെല്ലാം ഇതിനു കാരണമാകാം. ലൂബ്രിക്കന്റുകളുെട ഉപയോഗം, സെക്സ് പൊസിഷനുകളിലെ മാറ്റം, ഫോർപ്ലേയുെട സമയം വർധിപ്പിക്കൽ, അണുബാധയുണ്ടെങ്കിൽ അതിനുള്ള ചികിത്സകൾ തുടങ്ങിയവയിലൂെട ഈ വേദനാപ്രശ്നം അകറ്റാം.

രതിമൂർച്ഛ (Orgasm) കൈവരിക്കാനുള്ള ബുദ്ധിമുട്ട്, താമസം, കൈവരിക്കാതിരിക്കൽ എന്നിവയും സ്ത്രീകളിൽ കാണാം. വിവിധതരം മാനസികവൈകാരിക പ്രശ്നങ്ങൾ, വിഷാദം, ഹോർമോൺ അളവിലുണ്ടാകുന്ന കുറവ്, നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, വിവിധതരം മരുന്നുകൾ, മദ്യപാനം വരെ ഇതിനു കാരണമാകാം. കാരണങ്ങളെ ചികിത്സിക്കുകയും ലൈംഗികതയിൽ സ്ത്രീയുടെ താൽപര്യങ്ങൾക്കു പങ്കാളി മുൻഗണന നൽകുകയും ചെയ്താൽ ഈ പ്രശ്നവും നല്ലൊരളവു പരിഹരിക്കാം.

ഡോ. എ. വി. രവീന്ദ്രൻ

സ്പെഷലിസ്റ്റ് ഇൻ ഇന്റേണൽ മെഡിസിൻ

ബദർ അൽസമ ഹോസ്പിറ്റൽ, ഒമാൻ

Tags:
  • Daily Life
  • Manorama Arogyam