ഞാൻ ഐടി ജോലി ചെയ്യുന്നു. ജോലിയിൽ മുൻപില്ലാത്തവിധം പിഴവുകൾ വരുന്നു. അതു ടീമിൽ ഉള്ളവരും മാനേജരും ശ്രദ്ധിച്ചു തുടങ്ങി, ഇതൊക്കെ മാനസികമായി തളർത്തുന്നു. കുറച്ചുനാളുകളായി സ്വയം മതിപ്പു നഷ്ടപ്പെട്ടതുപോലെ. ചെറിയ കാര്യങ്ങളിൽ പോലും പോലും ദേഷ്യം വരുന്നു. ആത്മവിശ്വാസം കുറഞ്ഞു. വീട്ടിൽ സന്തോഷത്തോടെ ഇടപെടാനോ കാര്യങ്ങൾ ശ്രദ്ധിക്കാക്കാനോ പറ്റുന്നില്ല. ലീവ് എടുത്തു വീട്ടിൽ ഇരുന്നാലും സമാധാനം കിട്ടുന്നില്ല. എന്താണു ചെയ്യേണ്ടത്?
റിതിക, തിരുവനന്തപുരം
ചോദ്യകർത്താവിനു വിഷാദമോ അതുപോലെയുള്ള മാനസിക പ്രശ്നങ്ങളോ മുൻപ് ഉണ്ടായിട്ടില്ലെങ്കിൽ ബേൺഔട്ട് സിൻഡ്രം (Burnout syndrome) ആയിരിക്കാനാണു സാധ്യത. ജോലി സ്ഥലത്ത് ഏറ്റവും കൂടുതൽ സംഭവിക്കുന്ന, എന്നാൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന ഒരു മാനസിക പ്രശ്നമാണിത്. ഏതാണ്ട് 75 – 80 ശതമാനത്തോളം ജീവനക്കാരും അവരുടെ തൊഴിൽ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഈ അവസ്ഥയിലൂടെ കടന്നു പോകാം.
സ്വയം എരിഞ്ഞു തീരൽ
അമിതജോലി, ജീവിത സാഹചര്യത്തിന് അനുസരിച്ചുള്ള സഹായവും സംരക്ഷണവുമില്ലാതെ വരുക, ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള അംഗീകാരം കിട്ടാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ മാനസികമായും, വൈകാരികമായും സ്വയം എരിഞ്ഞു തീർന്നുപോകുന്ന പോലെ തോന്നുന്ന അവസ്ഥയാണ് ബേൺഔട്ട് സിൻഡ്രം. ജീവിതത്തിലുള്ള അസംതൃപ്തി, വിരക്തി എന്നനിലയിൽ ഇത് അനുഭവപ്പെടും. അമിതജോലി ഭാരം, ചെയ്തു കൊണ്ടിരിക്കുന്ന ജോലി എപ്പോൾ തീർക്കാനാകുമെന്ന് അറിയാനാകാതെ വരിക,ചെയ്യുന്ന ജോലിക്കു തക്ക പ്രതിഫലമോ, തൃപ്തിയോ തോന്നാതിരിക്കുക,ജോലി സ്ഥലത്തുണ്ടാകുന്ന തർക്കം, അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയ പ്രയാസങ്ങൾ തുടരെ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായാൽ ബേൺഔട്ട് സിൻഡ്രം രൂപപ്പെടാം.
നിങ്ങൾ പെർഫെക്ടാണോ?
വ്യക്തിത്വത്തിലെ ചില പ്രത്യേകതകൾ, പ്രത്യേകിച്ച് എല്ലാകാര്യങ്ങളും വളരെ പെർഫെക്റ്റ് ആയി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിനു സാധ്യത ഏറും. അതുപോലെ തന്നെ സ്വന്തം തൊഴിൽ മേഖലയിൽ ധാരാളംനേട്ടങ്ങൾ വേണമെന്ന് ആഗ്രഹിക്കുകയും അതു ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയെടുക്കുന്നതിനായി കഠിന പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് ഈ പ്രശ്നം കൂടുതല്‍ കാണാറുണ്ട്.
തുടക്കത്തിൽ സ്ഥാനക്കയറ്റവും, വിജയവും അഭിനന്ദനങ്ങളുമൊക്കെ കിട്ടുമ്പോൾ കൂടുതൽ പ്രതീക്ഷവയ്ക്കും. അപ്രായോഗിക ലക്ഷ്യങ്ങൾ ആഗ്രഹിക്കും. അവ കിട്ടാതെ വരുന്നതോടെ നിരാശയും വിരക്തിയും ഉണ്ടാകാം.
ഇത് ആ വ്യക്തിക്കു മാത്രമല്ല കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒക്കെ വിള്ളൽ വീഴ്ത്തും. കടുത്ത നിരാശയും വിഷാദവും ഉതക്ണ്ഠയും മാത്രമല്ല രക്തസമ്മർദം കൂടുന്നതു മുതൽ ശരീര പ്രതിരോധശേഷികുറഞ്ഞു വിവിധ രോഗങ്ങൾ വരുന്നതിലേക്കും വരെ അതു നയിക്കാം. തൊഴിൽ സ്ഥാപനത്തിലും ബുദ്ധിമുട്ടുകളുണ്ടാക്കാം. ജോലി നഷ്ടപ്പെടുന്ന സാഹചര്യം പോലും വരാം.
ബേൺഔട്ടിന് പരിഹാരങ്ങൾ
∙ വർക്ക്ലൈഫ് ബാലൻസ്: ജോലിയും സ്വകാര്യ ജീവിതവും തമ്മിൽകൃത്യമായ അതിർവരമ്പു സൃഷ്ടിച്ച്, രണ്ടിനും അർഹമായ പ്രാധാന്യനൽകുക. ഉല്ലാസത്തിനു സമയം കണ്ടെത്തുകയും ചെയ്യുക.
∙ സ്ട്രെസ് മാനേജ്മെന്റ്: വ്യായാമം മുടങ്ങാതെ ചെയ്യുക. റിലാക്സേഷൻ മാർഗങ്ങൾ ശീലിക്കുക. ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു സന്തോഷത്തോടെ ചെയ്യുന്ന രീതി (മൈൻഡ്ഫുൾ) പരിശീലിക്കുക.
∙ വ്യക്തി ബന്ധങ്ങൾ: ബന്ധങ്ങൾ നിലനിർത്താനും മെച്ചപ്പെടുത്താനും ബോധപൂർവം ശ്രമിക്കുക. വിശ്വസ്തരായ, തുറന്ന മനസ്സോടെ കേട്ടിരിക്കുന്നവരോടു മാത്രം പ്രശ്നങ്ങൾ സംസാരിക്കുക.
∙ മനശ്ശാസ്ത്ര സഹായം: പ്രയാസങ്ങൾ സ്വയം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ മനശ്ശാസ്ത്ര സഹായം തേടുക.
∙ അധികാരസ്ഥാനത്തുള്ള വിശ്വസ്തരോട് അഭിപ്രായം തേടി തൊഴിൽപരമായ ആശ്വാസത്തിനു വഴിതുറക്കുക
അമർ രാജൻ
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്,
ഫൗണ്ടർ & സി.ഇ.ഒ
മൈൻഡ് കാർട്ടർ, ടെക്നോപാർക്ക്, തിരുവനന്തപുരം