Friday 20 August 2021 02:39 PM IST

'ഉത്രാടം ഉച്ചയാകുമ്പോഴേ അച്ചിമാര്‍ക്കൊരു വെപ്രാളമാണ്': ഉപ്പേരിയൊരുക്കണം, കാളന്‍ കുറുക്കണം, വടുകപ്പുളി ഉപ്പു പുരട്ടി വയ്ക്കണം

Tency Jacob

Sub Editor

uthradam-2021

‘ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്കൊരു വെപ്രാളമാണ്’.ഉപ്പേരി വറുക്കണം ശർക്കരപുരട്ടിയുണ്ടാക്കണം, കാളൻ കുറുക്കണം, മാങ്ങാക്കറിക്കരിയണം, വടുകപ്പുളി ഉപ്പു പുരട്ടി വയ്ക്കണം, ഓണം കൊള്ളാനുള്ള ഒരുക്കം നടത്തണം, അതിന്നിടയിൽ ഓണക്കോടി തയ്പ്പിച്ചതു പോയി വാങ്ങണം.ആകെ തിക്കും തിരക്കും വെപ്രാളവും.എത്ര നന്നായി കാര്യങ്ങളൊരുക്കി വച്ചാലും കല്യാണച്ചെക്കനും പെണ്ണും പടി കയറി വരുമ്പോൾ ഒരു വെപ്രാളമുണ്ടാകില്ലേ, അതുപോലെയൊന്നു. ഇതുവരെ പതിയെപ്പതിയെ എത്തിനോക്കിയിരുന്ന ഓണം ദാ, ഉമ്മറത്തെത്തിക്കഴിഞ്ഞു.

പണ്ടൊക്കെ ഓണത്തലേന്നു പ്രത്യേകമായി ഉത്രാടച്ചന്തയുണ്ട്.ഓണസ്സദ്യയ്ക്കു വേണ്ട നേന്ത്രക്കായ, ചേന, മത്തൻ, വടുകപ്പുളി നാരങ്ങ തുടങ്ങി പച്ചക്കറികളുമെല്ലാമായിരുന്നു ആ ചന്തകളിൽ. കൃഷിക്കാർ വിളവെടുത്ത് നേരിട്ടു കൊണ്ടുവരും ചന്തയിൽ. പണ്ടൊക്കെ ഒരു ദിവസം മാത്രമേ ഇങ്ങനെ പ്രത്യേകം ചന്തയുണ്ടായിരുന്നുള്ളൂ. ഇന്നു പലവ്യഞ്ജനങ്ങളും പായസത്തിനുള്ള ശർക്കരയും പൂക്കളമിടാനുള്ള പലതരം പൂവുകളും തൃക്കാക്കരയപ്പനും ഓണമുണ്ടും എന്നിങ്ങനെ കിട്ടാത്തതൊന്നുമില്ല ഇന്നത്തെ ഓണച്ചന്തയിൽ. ആവശ്യമുള്ള ഗൃഹോപകരണ സാധനങ്ങൾ ഓഫറുകളിൽ വാങ്ങിയെടുക്കുന്ന കാലം കൂടിയാണിത്.അത്തം മുതലേ തുടങ്ങും ഓഫറുകളുടെ പെരുമഴ.എന്നാലും, ഉത്രാടത്തിൻ നാൾ ആഘോഷത്തിരക്കിൽപ്പെട്ട ആളുകളുടെ ഓട്ടവും പാച്ചിലും കാണേണ്ടതാണ്.

പണ്ടുകാലത്ത് ഉത്രാടത്തിൻനാൾ രാവിലെ ഓണം വരുത്തുക എന്ന ചടങ്ങുണ്ടായിരുന്നു.ഉമ്മറത്ത് നിലവിളക്കു കൊളുത്തി നെല്ലു ചൊരിഞ്ഞ് ഊരാളിയെ വിളിച്ചാണ് ‘ഓണം വരുത്തുന്നത്.’

‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. തിരുവോണത്തലേന്നത്തെ ഉത്രാടമാണ് ഒന്നാം ഓണമായി കണക്കാക്കുന്നത്. പിറ്റേന്ന് ഓണസദ്യയ്ക്കുള്ള കോപ്പു കൂട്ടുന്നതിന് ഓടിയും ചാടിയും നിന്നാലേ പണികൾ ഒരരുകിൽ അടുപ്പിക്കാൽ പറ്റുകയുള്ളൂ.

ഉത്രാടത്തിനാണ് ഉപ്പേരി വറുക്കുന്നത്. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയുമുണ്ട്.വലിയ നാക്കില നിലത്തു പരത്തി കുലയിൽ നിന്നടർത്തിയെടുത്ത നേന്ത്രക്കായകൾ അതില്‍ നിരത്തും. എന്നിട്ടു കായകളുടെ ‘നാക്കും മൂക്കും’ ചെത്തി തൊലി പൊളിച്ചു പാത്രത്തിലേക്കിടും.കായുപ്പേരിക്ക് കനം കുറച്ചു വട്ടത്തിലോ നാലായി പൊളിച്ച് കുറച്ചു കനത്തിലോ അരിയും. ശർക്കരയുപ്പേരിക്കു കായ രണ്ടായി പൊളിച്ചു കനം കൂട്ടിയരിയും. ഉരുളിയിൽ വെളിച്ചെണ്ണയൊഴിച്ച് തിളയ്ക്കുമ്പോൾ കഷണങ്ങളിട്ടു വറുത്തെടുക്കും. ഉപ്പേരിക്ക് ഉപ്പുവെള്ളം തെളിക്കണം. ശർക്കരപുരട്ടിയ്ക്ക് ശർക്കര ഉരുക്കി ചുക്കു ജീരകവും പൊടിച്ചു ചേർത്ത പാവിൽ മുക്കിയെടുക്കും.ഇനി, ഭരണികളിൽ അടച്ചു കെട്ടി വയ്ക്കാം.

കാളൻ ഒരു ദിവസം മുന്നേ കുറുക്കി വച്ചാൽ രുചി കൂടുമെന്നതുകൊണ്ട് തലേന്നേ ഉണ്ടാക്കി വയ്ക്കും.കയ്യിൽ ഒഴിച്ചാൽ ഒഴുകി പോകാത്തവണ്ണം കുറുക്കി വേണം ഉണ്ടാക്കാൻ. കൽച്ചട്ടിയിൽ ഉണ്ടാക്കി വച്ചാൽ പാത്രപാകം കൂടിയായി പിറ്റേന്നേത്തക്ക് രുചി കൂടും.പായസത്തിനൊപ്പം തൊട്ടുകൂട്ടാനുള്ള മാങ്ങാക്കറിയും ചവർപ്പുള്ള വടുകപ്പുളിനാരങ്ങയും പുളിയിഞ്ചിയും ഉത്രാടത്തിനേ തയാറാക്കി വയ്ക്കാം.പൈനാപ്പിൾ ചീകിയുണ്ടാക്കുന്ന മധുരക്കറിയും തലേന്നു ഉണ്ടാക്കി വച്ചാൽ രുചി കൂടും. അവിയലിനും സാമ്പാറിനും തോരനുമുള്ള കഷണങ്ങൾ അരിഞ്ഞു ഭദ്രമായി അടച്ചു ഫ്രിഡ്ജിൽ വച്ചാൽ പിറ്റേന്നു പണി കുറഞ്ഞു കിട്ടും.തൈരും ഉറയൊഴിച്ചു വയ്ക്കാം.

ഓണം കൊളളാനുള്ള പൂവടയുണ്ടാക്കാനുള്ള ഒരുക്കപ്പാടുമുണ്ടാകും ഉത്രാടത്തിന്.ഉണക്കലരി വെള്ളത്തിലിട്ടു കുതിർത്തണം. അതുപോലെ തൃക്കാരയപ്പനെ അണിയാനുള്ള മാവരക്കണം,അടപ്രഥമനുള്ള അട ശരിയാക്കണം.പഴം നുറുക്കിനുള്ള പഴക്കുല എടുത്തു വെക്കണം.എന്തെല്ലാം എന്തെല്ലാം തിരക്കുകളാണ്. പിറ്റേന്നു തീരുമെന്നറിഞ്ഞുള്ള ആ വെപ്രാളം ഒരു സുഖമാണ്.