വയോജനങ്ങളെല്ലാം പൊതുവായി നേരിടുന്ന പ്രശ്നമാണ് ആ ഹാരത്തിന്റെ രുചി ഇല്ലായ്മ. ഇതുകാരണം ഭക്ഷണത്തോടുള്ള താൽപര്യം തന്നെ കുറയുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയാനും ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കാനും രുചിയില്ലായ്മ ഇടയാക്കുന്നു.
മധുരം, പുളി, ഉപ്പ്, കയ്പ്, ഉമാമി (sour) എന്നീ അഞ്ച് അടിസ്ഥാന രുചികളാണ് മനുഷ്യർക്കുള്ളത്. രുചി അറിയാൻ നമ്മെ സഹായിക്കുന്നതു നാവി ൽ പല സ്ഥലത്തായി സ്ഥിതി ചെയ്യുന്ന രസമുകുളങ്ങളാണ്. നാവിന്റെ പ്രതലത്തിലും, കൂടാതെ വായുടെ മേൽഭാഗത്തും തൊണ്ടയുടെ ആവരണത്തിലും ഇവ കാണപ്പെടുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം ഉമിനീരുമായി കൂടിച്ചേർന്നു നാവിലെ രസമുകുളങ്ങളുമായി സമ്പർക്കം പുലർത്തുമ്പോഴാണു രുചി അനുഭവപ്പെടുന്നത്. രസമുകുളങ്ങൾ പ്രത്യേക ഞരമ്പുകൾ വഴി തലച്ചോറിലേക്കു സന്ദേശം അയയ്ക്കുന്നതിലൂടെ വിവിധതരം രുചിക ൾ നമുക്കു തിരിച്ചറിയാനാകുന്നു.
മൂക്കിൽ സ്ഥിതി ചെയ്യുന്ന, ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ‘ഓൾ ഫാക്ടറി റിസപ്റ്റേഴ്സും’ രുചി അറിയുന്നതിനു പ്രധാന പങ്കു വഹിക്കുന്നു. ഇതുകൊണ്ടാണ് ജലദോഷമോ മൂക്കടപ്പോ വന്നു ഘ്രാണശക്തി നഷ്ടപ്പെടുന്നവർക്കു രുചിയും തിരിച്ചറിയാനാകാതെ വരുന്നത്.
രുചി കുറയാൻ കാരണങ്ങൾ
ജനനസമയത്ത് ഒരു മനുഷ്യന്റെ നാവിൽ ഏകദേശം 9000 രസമുകുളങ്ങൾ ഉണ്ട്. സാധാരണയായി 10-12 ദിവസങ്ങൾക്കുള്ളിൽ പഴയ രസമുകുളങ്ങൾ മാറി പുതിയവ സ്ഥാപിക്കപ്പെടുന്നു. 50 വയസ്സിനു ശേഷം രസമുകുളങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു.അതുകാരണം അവയുടെ എണ്ണത്തിൽ കാര്യമായ കുറവു സംഭവിക്കുന്നു.
പ്രായമായവരിൽ പല്ലിന്റെ ബലക്കുറവു മൂലം ആഹാരം നന്നായി ചവച്ചരച്ചു ഉമിനീരുമായി കലർത്താൻ സാധിക്കാതെ വരുന്നതും രുചിക്കുറവിന് ഒരു കാരണമാണ്. വാർധക്യത്തിൽ ഉ മിനീർ ഗ്രന്ഥിയിൽ നിന്നുള്ള ഉമിനീരിന്റെ അളവു കുറയുന്നതും രുചിയെ ബാധിക്കാം.
ഫോളിക് ആസിഡ്, ബി 12 തുടങ്ങിയ വൈറ്റമിനുകളുടെയും സിങ്ക് പോലുള്ള ധാതുക്കളുടെയും കുറവ് രുചി ഇല്ലായ്മയ്ക്കു മറ്റൊരു കാരണമാണ്. അമിത രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള ചില മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും രുചിക്കുറവ് ഉണ്ടാക്കാറുണ്ട്.
വാർധക്യത്തിൽ വരുന്ന അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ്, ബ്രെയിൻ ട്യൂമർ എന്നീ രോഗങ്ങളുടെ ലക്ഷണമായും രുചിക്കുറവ് അനുഭവപ്പെടുന്നു. സൈനസൈറ്റിസ്, കോവിഡ്, അലർജിക് റൈനൈറ്റിസ് തുടങ്ങിയ ഗന്ധത്തെ ബാധിക്കുന്ന അസുഖങ്ങളും രുചിക്കുറവിന് ഒരു കാരണമാണ്. പുകവലി, മദ്യപാനം, മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങളാണു രുചി നഷ്ടപ്പെടുവാനുള്ള മറ്റൊരു കാരണം.
പരിഹാരം എങ്ങനെ?
∙ വായ് എപ്പോഴും ശുചിയായി സൂക്ഷിക്കുക. പല്ലുകൾക്കും മോണയ് ക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ കൃത്യസമയത്തു തന്നെ പരിഹരിക്കുക.
∙ ആഹാരം സാവധാനം ചവച്ചരച്ചു കഴിക്കുക. ഭക്ഷണപദാർത്ഥങ്ങൾ ഉ മിനീരുമായി കലരാൻ സമയം കൊടുക്കുക.
∙ അധികം ചൂടും തണുപ്പുമുള്ള ആ ഹാരങ്ങൾ ഒഴിവാക്കുക.
∙ ആഹാരം കഴിക്കുന്നതിന് ഇടയിൽ വായുടെ വരൾച്ച ഒഴിവാക്കാൻ ആവശ്യത്തിനു വെള്ളം കുടിക്കുക.
∙ മദ്യപാനം, പുകവലി, മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക.
ഭക്ഷണം ക്രമീകരിക്കാം
ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ഭക്ഷണം കഴിക്കുക. നല്ല നിറങ്ങളുള്ള കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉപയോഗിക്കുക. തൈര്, പുഡ്ഡിങ് പോലുള്ള തണുപ്പുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സ്ഥിരം കഴിക്കുന്നതിൽ നിന്നു മാറി പുതുമയുള്ള ഭക്ഷണം പരീക്ഷിക്കുക. അയൺ, സിങ്ക് തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുള്ള മാംസാഹാരം, ചീര, പരിപ്പ്. വൻപയർ തുടങ്ങിയവ കഴിക്കുക.
ഡോക്ടറെ കാണേണ്ടത് ?
രുചിക്കുറവ് എന്ന പ്രശ്നത്തിന് എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത് എന്നത് ഒരു പ്രധാന ചോദ്യമാണ്. രുചി ഇല്ലായ്മയോടൊപ്പം ഓർമക്കുറവ്, തലവേദന, കൈകൾക്കു വിറയൽ, വായ വറ്റിവരളൽ എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുക. നിങ്ങൾ കഴിക്കുന്ന മരുന്നുകളിൽ രുചിക്കുറവ് ഉണ്ടാക്കുന്നവയുണ്ടെങ്കിൽ ഡോക്ടർഅതു കണ്ടെത്തി പകരം മരുന്നു നിർദേശിക്കും.
രുചിക്കുറവു മാറാൻ വഴികളൊന്നുമില്ല എന്നാണ് പൊതുവേ വയോ ജനങ്ങളുടെ ധാരണ. എന്നാൽ എന്താണു രുചിപ്രശ്നത്തിന്റെ കാരണം എന്നു മ നസ്സിലാക്കി ആ പ്രശ്നത്തിനുള്ള ചികിത്സകളോ അതിനെ നേരിടാനുള്ള വഴികളൊ പറഞ്ഞു തന്നു സഹായിക്കാൻ ഒരു ഡോക്ടർക്കു കഴിയും.
∙ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ഭക്ഷണം കഴിക്കുക. ഇവ ചില രുചികളെ മറച്ചോ ചിലതിനെ മെച്ചപ്പെടുത്തിയോ മൊത്തത്തിലുള്ള രുചിയനുഭവം നന്നാക്കും.
∙ മദ്യപാനം,പുകവലി, പുകയില, പാൻപരാഗ് ഉപയോഗം, മുറുക്ക് എന്നിവ നാവിന്റെ രുചി കെടുത്തും. ഇവ ഒഴിവാക്കുക.
∙ രുചി ഇല്ലായ്മയോടൊപ്പം ഓർമക്കുറവ്, തലവേദന, കൈകൾക്കു വിറയൽ, വായ വറ്റിവരളൽ എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുക.
ഡോ. അരവിന്ദ് എസ്.
കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ്, മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി