Q കോളജ് അധ്യാപികയായിരുന്നു. 65 വയസ്സുണ്ട്. ഒരു വർഷം മുൻപു ഭർത്താവു മരിച്ചു. ഇപ്പോഴും ആ സങ്കടത്തിൽ നിന്ന് മോചിതയാകാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം കരയും. വളരെ ആക്ടീവായി രുന്ന എനിക്ക് ഒന്നിനും ഒരു താൽപ ര്യവുമില്ലാതായി. രണ്ടു ആൺമക്കളാണ്. രണ്ടുപേരും വിവാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം ജോലി സ്ഥലങ്ങളിൽ കഴിയുന്നു. എന്റെ ഈ അവസ്ഥയിൽ അവർക്കും സങ്കടം ഉണ്ട്. ഈ വിഷമാവസ്ഥ മറികടന്ന് ജീവിതം തിരിച്ചുപിടിക്കാൻ ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?
റോസ്, കണ്ണൂർ
A വിയോഗം മൂലമുള്ള ദുഃഖം (grief and bereavement) അനുഭവിക്കുന്നവരിൽ പലർക്കും അതു മറികടക്കുക അത്ര എളുപ്പമല്ല. മാസങ്ങൾക്കുശേഷവും ഇവ മറി കടക്കാത്തവർ ചിലപ്പോൾ വിഷാദത്തിലൂടെ (depression) കടന്നുപോകുകയാകാം. വിദഗ്ധ സഹായം തേടുന്നതിനു മടി വേണ്ട.
പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ, ആ ദുഃഖത്തിലൂടെ കടന്നുപോകാതെ മറ്റു മാർഗമില്ല എന്നതാണു യാഥാർഥ്യം. ഇത് ഉൾക്കൊള്ളുവാൻ താങ്കൾക്കു കഴിയുന്നില്ല, കാരണം ചിന്തകൾ ഇപ്പോഴും ഭൂതകാലത്തിൽ തന്നെ നി ൽക്കുകയാണ്.
മരവിപ്പ്, ദുഃഖം, നിഷേധം, നിരാശ,കൂടാതെ കോപം എന്നിവ അനുഭവപ്പെട്ടേക്കാം. ഉത്കണ്ഠയോ വിഷാദമോ ഉണ്ടാകാം. കുറ്റബോധമോ നിസ്സഹായതയോ അനുഭവപ്പെടാം. അവിശ്വാസം, ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവയും അ നുഭവപ്പെടാം, വേർപിരിഞ്ഞ വ്യക്തിയുടെ നഷ്ടമല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞെന്നും വരില്ല.
ഇവിടെ സ്വയം മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്, താങ്കൾ ഈ അവസ്ഥയിൽ അൽപമൊക്കെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന വസ്തുത. മരവിച്ച മനസ്സുമായി, കണ്ണീരോടെ കഴിഞ്ഞ ആദ്യ ദിനങ്ങൾ, രുചിയറിയാതെ ഭക്ഷണം കഴിച്ച ദിവസങ്ങൾ, മറ്റുള്ളവരിൽ നിന്നും ഉൾവലിഞ്ഞു ജീവിച്ച ദിവസങ്ങൾ ഇവയൊക്കെ അതേ അളവിൽ ഇപ്പോൾ അനുഭവിക്കുന്നില്ല. ഒരു ചെറിയ അളവിലെങ്കിലും മാറ്റം തോന്നുന്നില്ലേ?..ആ തിരി
ച്ചറിവാണ് മാറ്റങ്ങളിലേക്കുള്ള ചുവട്.
ഇനി താങ്കളുടെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന സഹോദരിയോ, സുഹൃത്തോ, വർഷങ്ങളായി അവരുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തെക്കുറിച്ചു ചിന്തിച്ചു വിഷാദത്തിൽ അകപ്പെട്ടു, ജീവിതം മടുത്തു ജീവിക്കുകയാണെങ്കിൽ എന്താകും അവരോടുപറയുക.?
ഇങ്ങനെ ചിന്തകളിലൂടെയും പ്രവൃത്തിയിലൂടെയുമുള്ള മാറ്റങ്ങൾ ദുഃഖത്തിൽ നിന്നും വേഗം പുറത്തുവരാൻ സഹായിക്കും. ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടാം.