Wednesday 11 August 2021 05:15 PM IST

പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ മരണത്തെ സ്വയം വരിക്കുന്നവരുടെ മനസ്സിൽ എന്താണ്?

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

dep4324324

ആനന്ദത്തിന്റെ, ആഡംബരത്തിന്റെ, പടവുകളിറങ്ങി വന്ന് വിറയാർന്ന വിരലുകളാൽ മരണത്തെ അതിഗാഢമായി ആലിംഗനം ചെയ്യുന്നവർ , ഒരു സുന്ദരജ്വാലയായി നിൽക്കേ വിഷാദമെന്ന വൻകാറ്റിൽ അണഞ്ഞു പോകുന്നവർ... പ്രശസ്തിയുടെ കൊടിമുടിയിൽ നിൽക്കുമ്പോൾ മരണത്തിലേക്കു നടന്നു പോകുന്നവരുടെ മനസ്സിലെന്താണ്?

ലോകമെമ്പാടും ഒരു വർഷം എട്ടു ലക്ഷം പേരാണ് സ്വയം ജീവിതമവസാനിപ്പിക്കുന്നത്. നാൽപതു സെക്കന്റിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു. ഇതിൽ 90 ശതമാനവും ഏതെങ്കിലും ഒരു മാനസിക പ്രശ്നമുള്ളവരാണ്. ഈ 90 ശതമാനത്തിൽ ഏറ്റവുമധികം ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നത് വിഷാദരോഗമുള്ളവരും ലഹരി ഉപയോഗിക്കുന്നവരുമാണ്.

ആ സങ്കടമല്ല വിഷാദം

വിഷാദമെന്നാൽ സാദാ സങ്കടമാണോ? രണ്ടും രണ്ടാണ്. അൽപനേരം കഴിഞ്ഞ്, മാഞ്ഞു പോകുന്ന സങ്കടം വിഷാദമല്ല. ഒന്നു കരഞ്ഞു തീർത്താൽ, ചേർത്തു നിർത്തിയൊരാൾ ആശ്വസിപ്പിച്ചാൽ അലിഞ്ഞു പോകുന്ന സങ്കടവും വിഷാദമല്ല. രണ്ടാഴ്ചയോളം മാറ്റമില്ലാതെ പ്രകടമാകുന്ന ദുഃഖമാണ് വിഷാദം. പ്രത്യേക കാരണമില്ലാതെ ആ ദുഃഖം നീണ്ടു നിൽക്കും. ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വിഷാദഛവി പടർന്നു നിറയും. പ്രശസ്തരുടെ ജീവിതത്തിലും ഇത്തരമൊരു വിഷാദതാളം നിറയുന്നുണ്ട്. ആഹ്ലാദം നിറയുന്ന സന്ദർഭങ്ങളിലും നിർവികാരതയോടെ നിലകൊള്ളാനേ അപ്പോൾ അവർക്കു കഴിയൂ. ജോലിയിൽ തീർത്തും ഉൗർജരഹിതരാകും. പ്രിയപ്പെട്ട കാര്യങ്ങളിലൊന്നും സന്തോഷിക്കാനാകാതെ വരും. പേരറിയാത്തൊരു ദുഃഖം വള്ളിപ്പടർപ്പു പോലെ മനസ്സിലും ശരീരത്തിലും ഇറുകെ പടർന്നു കയറും. ആദ്യഘട്ടത്തിലെ നേർത്ത വിഷാദവും ഇടത്തരം വിഷാദവും അത്ര അടുപ്പമുള്ളവർക്കും അറിയാനാകില്ല. ആരുമറിയാതെ വിഷാദവുമായി അവർ ഒരു പോരാട്ടത്തിലായിരിക്കും.

വിഷാദം മൂർധന്യാവസ്ഥയിലെത്തുമ്പോൾ അടുത്തുള്ളവർക്കു മനസ്സിലാകും. ആത്മഹത്യ കഴിയുമ്പോഴാകും കൂടെയുള്ള പലരും ഇങ്ങനെയൊരു കാരണം ഉണ്ടായിരുന്നോ എന്നു തിരിച്ചറിയുന്നത്.

കോഗ്‌നിറ്റീവ് ഡിസ്‌റ്റോർഷൻ

ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണം വിഷാദമാണ് എന്നു പറയുമ്പോൾ വിഷാദത്തിന്റെ ഭാഗമായ കോഗ്‌നിറ്റീവ് ഡിസ്‌റ്റോർഷൻ എന്ന അവസ്ഥയെക്കുറിച്ച് പറയാതിരിക്കാനാകില്ല. മരണത്തിലേയ്ക്കു നടന്നു പോകുന്ന പ്രശസ്തരുടെ ജീവിതത്തിൽ കോഗ്‌നിറ്റീവ് ‍ ഡിസ്‌റ്റോർഷന്റെ
നിഴൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

അവനവനെക്കുറിച്ചു തന്നെയുള്ള ധാരണാപിശകാണിത്. ഒന്നുകൂടി വിശദമാക്കിയാൽ അവനവന്റെ അറിവിനെ വളച്ചൊടിക്കലാണിത്. എന്നെ ഒന്നിനും കൊള്ളില്ല എന്നൊരു തോന്നൽ മനസ്സിൽ ഉടലെടുക്കും, ഞാൻ എല്ലാവർക്കും ഭാരമാണ്, എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ല, എത്ര പണമുണ്ടെങ്കിലും ഞാൻ പ്രയോജനമില്ലാത്ത ആളാണ്, ഇങ്ങനെ ജീവിക്കുന്നതിൽ അർഥമില്ല. എനിക്കു നല്ലൊരു ഭാവിയില്ല... അങ്ങനെയങ്ങനെ കാടുകയറുന്ന ചിന്തകൾ.

ഏതു നിസ്സാരകാര്യത്തെയും അവർ വ്യാഖ്യാനിക്കുന്നത് അവരുടേതായ രീതിയിലായിരിക്കും. കുറച്ചു കൂടി വിശദമാക്കാം. വളരെ ജെനുവിനായി, തിരക്കു മൂലം ഒരാൾ ഈ വ്യക്തിയോട് പിന്നീട് വരാൻ പറയുകയോ, പിന്നീട് സംസാരിക്കാം എന്നു പറയുകയോ ആണെന്നു കരുതുക, അതു കേൾക്കുന്ന ഈ വ്യക്തിക്ക് അയാളെ ഒറ്റപ്പെടുത്തുന്നതു പോലെ തോന്നും. സ്നേഹമില്ലാത്തതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു കരുതും. അയാൾ അങ്ങനെയാണതിനെ വ്യാഖ്യാനിക്കുന്നത്. അവനവനെക്കുറിച്ച് നിഷേധാത്മകമായി മാത്രം ചിന്തിക്കുമ്പോൾ മറ്റുള്ളവർ ഒരു യഥാർഥ കാര്യത്തിനായി മാറ്റി നിർത്തുമ്പോഴും ഒഴിവാക്കുന്നതായി തോന്നും.

വിജയസാധ്യതകൾ ഇനിയും ഉണ്ട് എന്നു കണക്കാക്കുന്നതിനു പകരം ഇപ്പോൾ തോറ്റതു കൊണ്ട് ജീവിതത്തിൽ ഇനിയങ്ങോട്ടു തോൽവികൾ മാത്രമേ സംഭവിക്കൂ എന്നൊരു നിഗമനത്തിലെത്തും അവരുടെ മനസ്സ്. ഏതു കാര്യത്തിലും നിഷേധാത്മകതലത്തിൽ മാത്രമേ അവരുടെ കണ്ണുടക്കൂ. ഇതിന്റെ പ്രധാന പരിണിത ഫലം നിരാശ കടന്നുകൂടും എന്നതാണ്.

തകർത്തുകളയും നിരാശ

മുൻപോട്ടു ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം പ്രത്യാശയാണ്. നിരാശയുടെ വര
വോടെ ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന ചിന്തയിലെത്തും. തുടർന്ന് മരിക്കണം, എങ്ങനെ മരിക്കാം എന്നു ചിന്തിച്ചു തുടങ്ങും. മദ്യം, ലഹരിപദാർഥങ്ങൾ എന്നിവയിലേക്കും നീങ്ങാം. ലഹരിയും മദ്യവുമൊക്കെ ശരീരത്തിനു ഗുണകരമല്ല എന്ന് നല്ല ബോധ്യമുണ്ടെങ്കിലും ഇതെല്ലാമറിഞ്ഞ് ഇത്തരം അപകടശീലങ്ങളിലേക്കു പോകാം. അത് ഒരു ഇൻഡയറക്‌റ്റ് സ്വയംഹത്യ
( സോണിക് സ്യൂയി സൈഡ് ) തന്നെയാണ്.

ബൈപോളാർ ഡിസോഡർ

കലാരംഗത്തു പ്രവൃത്തിക്കുന്ന, പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ ജ്വലിച്ചു നിൽക്കുന്ന ചിലരിലെങ്കിലും ബൈപോളാർ ഡിസോഡർ വരാനുള്ള സാധ്യതയുണ്ട്. ഈ രോഗത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. ഒരാളി ൽ തന്നെ ഉൻമാദവും വിഷാദവും വേലിയേറ്റവും വേലിയിറക്കവും പോലെ മാറി മറിയുകയാണ്. ഡിപ്രഷൻ കഴിഞ്ഞാൽ അടുത്തത് ഹൈപ്പോമാനിക് ഫേസ്.

ഹൈപ്പോമാനിക് ഫേസ് എന്ന ഉൻമാദഘട്ടത്തിൽ ഉൗർജസ്വലത വളരെ കൂടുതലാണ്. അസാധാരണ ആത്മവിശ്വാസം പ്രകടമാക്കും. കരിയറിൽ പ്രകടനങ്ങൾ മെച്ചപ്പെടും. ഈ മികവുറ്റ പ്രകടനങ്ങൾ രോഗലക്ഷണമാണെന്ന് പലപ്പോഴും
അറിയില്ല.
എന്നാൽ അതിൽ നിന്ന് വിഷാദത്തിലേക്കു ചായുമ്പോൾ വിപരീതഫലമാണ് ഉണ്ടാകുന്നത്. നേട്ടങ്ങൾ എത്ര ഉണ്ടായാലും നിരാശയ്ക്ക് ഒരു കുറവും ഉണ്ടാകില്ല. കോഗ്‌നിറ്റീവ് ഡിസ്‌റ്റോർഷൻ തുടങ്ങിയെങ്കിൽ ചെറിയ ഒരു തോൽവിയിലോ ഒരു തിരിച്ചടിയിലോ അവരുടെ മനസ്സു പതിഞ്ഞിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടോ പ്രോജക്റ്റു നഷ്ടപ്പെടുന്നതോ ആകാം കാരണം. അപ്പോഴത്തെ നിലയിൽ അവർക്കതു താങ്ങാനാകില്ല. ആ തോൽവിയിൽ, തകർച്ചയിൽ, മുൻപോട്ടുള്ളതെല്ലാം അങ്ങനെയായിരിക്കും എന്ന ധാരണാപ്പിശക് അവർക്കുണ്ടാകും. ആ ഒറ്റ കാര്യത്തെ അടിസ്ഥാനമാക്കി മാത്രം അവർ ഒരു നിഗമനത്തിലെത്തും.

തലച്ചോറിന്റെ പ്രവർത്തനത്തകരാറു കൊണ്ടു തന്നെയാണിത്. സന്തോഷവും ആനന്ദവും പകരുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ തോതിന്റെ പ്രശ്നം കൊണ്ടുമിതു വരാം. വിട്ടുമാറാത്ത സമ്മർദം മറ്റൊരു കാരണമാണ്. ജനിതക വഴികളിൽ ഇങ്ങനെയൊരു കുഴപ്പമുണ്ടെങ്കിൽ അതിലൂെടയും സാധ്യത കൂടാം. മറ്റൊരു കാര്യം, പ്രശസ്തിയിൽ തിളങ്ങി നിൽക്കുന്ന ഈ കലാകാരൻമാരിൽ നിന്നു നിന്നു സമൂഹം പ്രതീക്ഷിക്കുന്നതും ഇവർ സ്വയം പ്രതീക്ഷിക്കുന്നതും ഉയർന്ന നിലവാരത്തിലുള്ള കാര്യങ്ങളാണ്. പ്രതീക്ഷകളും ടാർഗറ്റുകളും ഉയരുമ്പോൾ മാനസികസമ്മർദം കൂടും. പ്രശസ്തി കൂടുന്നതിനനുസരിച്ചും സമ്മർദം കൂടും. ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏകാന്തതയും ഒറ്റപ്പെടലും കൂടി ഇക്കൂട്ടത്തിൽ പറയേണ്ടതാണ്.

പ്രശസ്തരുടെയും സാധാരണക്കാരുടെയും എല്ലാം പ്രശ്നം സ്‌റ്റിഗ്‌മയാണ്. മാനസികപ്രശ്നമെന്നാൽ അപമാന ഹേതുവായ ഒന്നാണെന്ന സ്‌റ്റി‌ഗ്‌മ. അത് മാറിയേ തീരൂ. അതു കൊണ്ടു തന്നെ ചികിത്സ തേടാൻ അവർ മടിക്കും. പ്രമേഹമോ , തൈറോയ്ഡ് രോഗങ്ങളോ ഒക്കെ പോലെ തന്നെയാണ് മാനസിക പ്രശ്നങ്ങളും. അവ ചികിത്സിച്ചു ഭേദമാക്കാം എന്ന ബോധ്യം അവർക്കു നൽകണം. ആത്മഹത്യ ഒരു പരിധി വരെ തടയാനാകുന്നതു തന്നെയാണ് എന്ന സന്ദേശവും നൽകണം.

മരുന്നിന്റെ പിന്തുണ

വിഷാദത്തിലും ബൈപോളാർ രോഗാവസ്ഥയിലുമെല്ലാം മരുന്നുകൾ വളരെ ഉപകരിക്കും. തലച്ചോറിലെ രാസപദാർഥത്തിന്റെ അളവിന്റെ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്ന തരം ഒട്ടേറെ മരുന്നുകൾ ലഭ്യമാണ്, ചിലപ്പോൾ 100 ശതമാനവും മരുന്ന് ഗുണം ചെയ്യും. ബാക്കി സൈക്കോതെറപ്പിയിലൂടെ പരിഹരിക്കാം. മരുന്നുകൾ എല്ലാം സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ തീരെ കുറവാണ്. ആന്റിഡിപ്രസന്റുകൾ, ആന്റി സൈക്കോട്ടിക്, മൂഡ് സ്‌റ്റെബിലൈസറുകൾ.. അങ്ങനെ വിവിധ തരം മരുന്നുകൾ. പാരാസെറ്റമോളിന്റെ അത്ര പോലും പാർശ്വഫലങ്ങളില്ലാത്ത പുതിയ മരുന്നുകളും ലഭ്യമാണ്. മനസ്സിലെ ഭാരം തുറന്നു പറയാൻ ആളെ തിരഞ്ഞെടുക്കുമ്പോൾ
യോജിച്ച ആൾ തന്നെ എന്നുറപ്പാക്കേണ്ടതും പ്രധാനമാണ്. പ്രശ്നത്തെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവർ അതിനെ നിസ്സാരവൽക്കരിക്കാം. അതു കൊണ്ട് ഉചിതമായ ചികിത്സ ലഭിക്കാതെ വരാം.

വിഷാദമെന്ന ഇരുൾ വഴിയിൽ ജീവിതത്തിന് സ്വയം തിരശ്ശീല വലിച്ചിടാനൊരുങ്ങുന്നതിനു മുൻപായി നമ്മുടെ പ്രിയപ്പെട്ടവർ കടന്നു പോകുന്ന ഒട്ടേറെ ഘട്ടങ്ങളുണ്ട്. അവരെ നിരീക്ഷിക്കണം. കൂടെ നിൽക്കുമെന്ന് പറഞ്ഞ് പിന്തുണ നൽകണം. എങ്കിൽ മാത്രമേ അവർ മനസ്സു തുറക്കൂ. മനസ്സു തുറന്നാലേ ജീവിതത്തിലേക്ക് അവരെ തിരികെ വിളിക്കാനാകൂ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എൽസി ഉമ്മൻ

കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്

മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Mental Health
  • Manorama Arogyam