Wednesday 06 October 2021 12:41 PM IST : By കെ.എ. ഷാജി

പേരും ഹിന്ദു പശ്ചാത്തലവും മറച്ചുവച്ചു, ഖൊറാമിന്റെ കൈപിടിച്ച് താലിബാനിൽ എത്തിയ ധന്യ: അനുഭവ കഥ

dhanya-and-khuram

താലിബാന്റെ ഭരണനാളുകളില്‍ നാലു വര്‍ഷത്തിലേറെ കാബൂളില്‍ ജീവിച്ച ഏക മലയാളി വനിതയാണ് ധന്യ രവീന്ദ്രന്‍ അമൃത്‌സറില്‍ നിന്നു കാബൂളിലേക്കുള്ള ആ വിമാനയാത്ര ധന്യ രവീന്ദ്രന്‍ ഒരുകാലത്തും മറക്കില്ല. 1998 ജനുവരി പതിനെട്ടിന്, കാലഘട്ടത്തിന്റെ ചരിത്രത്തിൽ സ്വയം രേഖപ്പെടുത്തുകയാണ് എന്നറിയാതെയുള്ള യാത്ര. ധന്യയുെട ഭര്‍ത്താവ് അഫ്ഗാന്‍ സ്വദേശി ഹുമയൂണ്‍ ഖൊറാം, കാബൂള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു, മലയാളി ഹിന്ദുവായ ഭാര്യയ്ക്കു വേണ്ട രണ്ട് ഉപഹാരങ്ങളുമായി. ആദ്യത്തേത് കണ്ണുകൾ ഒഴികെ ദേഹമാസകലം മൂടുന്ന വലിയ പർദ. രണ്ടാമത് മറിയം എന്ന പേര്.

‘‘വിമാനത്തിൽ രണ്ടേ രണ്ടു സ്ത്രീകളേ ഉണ്ടായിരുന്നുള്ളൂ. ഞാനും പൈലറ്റിന്റെ സഹോദരിയും മാത്രം.’’ ധന്യ ഒാര്‍ക്കുന്നു. േറാമില്‍ െഎക്യരാഷ്ട്രസഭയുെട ലോകഭക്ഷ്യപരിപാടിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് ധന്യ ഇപ്പോള്‍. ‘‘പൈലറ്റിന്റെ സഹോദരി കാബൂളിൽ നിന്ന് അദ്ദേഹത്തോടൊപ്പം മടങ്ങും. അവിടെ സ്ഥിരതാമസത്തിനു പോകുന്ന ഏക സ്ത്രീ ഞാനാണ്. ‘റിസ്ക് എടുക്കണോ’ എന്ന് അവരും പലവട്ടം ചോദിച്ചു. പക്ഷേ, എെന്‍റ തീരുമാനത്തിനു മാറ്റമുണ്ടായില്ല.

ഷാളു കൊണ്ട് തല മുഴുവനും മൂടിയേ പുറത്തിറങ്ങാവൂ എന്നു വിമാനജീവനക്കാർ കര്‍ശന നിർദേശം നല്‍കിയിരുന്നു. വലിയ തിരക്കൊന്നുമില്ലാത്ത വിമാനത്താവളം. ജീവനക്കാരെല്ലാം താടി വച്ചവരും തലയിൽ കെട്ടുള്ളവരും. പേരോ യാത്രാരേഖകളോ ഒന്നും ആരും ചോദിച്ചില്ല.

സിനിമാപാട്ട് കസറ്റുകൾ, വിവാഹത്തിന്റെയും മാതാപിതാക്കളുടെയും ഫോട്ടോകൾ, നാട്ടിൽ നിന്നു വാങ്ങിയ കരകൗശലവസ്തുക്കൾ അങ്ങനെ കുറേ സാധനങ്ങള്‍ കയ്യിലുണ്ടായിരുന്നു. എല്ലാം നശിപ്പിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം. അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലല്ലോ.

ഖൊറാമും ബന്ധുക്കളായ രണ്ടു സ്ത്രീകളുമാണ് എ ന്നെ സ്വീകരിക്കാന്‍ വന്നത്. കണ്ണുകളുടെ ഭാഗത്ത് രണ്ടു ദ്വാരങ്ങൾ മാത്രമുള്ള പർദ ധരിച്ചവര്‍. അത്തരമൊരെണ്ണം അവര്‍ എനിക്കും തന്നു. ജീവിതത്തിലാദ്യമായി ഞാനതു ധരിച്ചു. തുടർന്നുള്ള കുറച്ചുകാല ജീവിതം അതിനുള്ളിൽ ആയിരിക്കും എന്നോർക്കാതെ. താലിബാന്‍ ഭരണത്തിന്‍ കീഴിൽ ജീവിക്കാന്‍ പോകുന്ന ഏക മലയാളി സ്ത്രീ ഞാനായിരിക്കും എന്ന ചിന്ത പോലുമില്ലാതെ.

കാബൂളിലെ തെരുവില്‍ വാഹനങ്ങളൊന്നും അധികം ഉണ്ടായിരുന്നില്ല. വീടെത്തും വരെ ഞങ്ങള്‍ ഒന്നും സംസാരിച്ചിതുമില്ല.’’

ഇരുപത്തിമൂന്നു വര്‍ഷം മുന്‍പുള്ള ഒാര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ധന്യ ഇടയ്ക്കിടയ്ക്കു നിശബ്ദയാകും. വാക്കുകള്‍ ഇടറും. തനിക്കു ചുറ്റുമുള്ള നാടും ജനങ്ങളും കടുത്ത സംഘർഷത്തിന്റെ പിടിയിൽ വിറങ്ങലിച്ചതിെന്‍റ വിഷമം മനസ്സില്‍ നിറയും.

അഫ്‌ഗാനിസ്ഥാനിൽ പ്രസിഡൻറ് ബർഹാനുദ്ധീൻ റ ബ്ബാനിയുടെ ഭരണകൂടത്തെ മറിച്ചിട്ട് താലിബാൻ ആദ്യമായി ഭരണം പിടിച്ചെടുത്ത നാളുകളായിരുന്നു അത്. ഇവിടേക്ക് ഭാര്യ ധന്യ രവീന്ദ്രനെ കൊണ്ടുവരേണ്ട എന്നായിരുന്നു അഫ്ഗാന്‍ പൗരനും സിവിൽ എൻജിനീയറുമായിരുന്ന ഹുമയൂൺ ഖൊറാമിന്റെ തീരുമാനം. താനും മാതാപിതാക്കളും അ ഞ്ചു സഹോദരങ്ങളും തന്നെ കടുത്ത പ്രതിസന്ധിയിലാണ്. അതിനിടയിലേക്ക് ഒരു െപണ്‍കുട്ടിയേയും കൂടി െകാണ്ടുവന്ന് എന്തിനു ബുദ്ധിമുട്ടിക്കണം.

ഒന്നുകിൽ സ്ഥിതിഗതികൾ നേരെയാകും വരെ കാത്തിരിക്കണം. അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് ഭാര്യ യുമൊത്തു മാറണം. എന്തായാലും അൽപം കാത്തിരിക്കാം എന്നാണ് ഖൊറാം തീരുമാനിച്ചത്. വിവരം ധന്യയോടും വീട്ടുകാരോടും പറഞ്ഞു.

ധന്യയുെട മാതാപിതാക്കള്‍, വയനാട് പൊഴുതന വാസുദേവ എടത്തിൽ രവീന്ദ്രനും രമയും അതിേനാടു യോജിച്ചെങ്കിലും ധന്യ വഴങ്ങിയില്ല. വളരെ പരിമിതമായ ഫോൺ സംഭാഷണങ്ങളിലൂടെ ഖൊറോം ധന്യയോട് താലിബാനെക്കുറിച്ച് പലവട്ടം വിവരിച്ചു. ‘നീ കരുതുന്ന സാഹചര്യമൊന്നുമല്ല ഇവിടെ. െപാരുത്തപ്പെട്ടു േപാകാനോ അതെക്കുറിച്ച് ആലോചിക്കാന്‍ പോലുമോ ചിലപ്പോ സാധിക്കില്ല. അങ്ങനെയാണു കാര്യങ്ങളുെട പോക്ക്. തൊഴിലില്ല. കൃത്യമായ വരുമാനമില്ല. ജീവിത സാഹചര്യങ്ങൾ ബുദ്ധിമുട്ടാണ്. പഴയ ഇരുമ്പും ആക്രികളും ശേഖരിച്ചു വിറ്റാണ് ഉപജീവനം കഴിക്കുന്നത്. സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനോ സിനിമ കാണാനോ എന്തിന്, ഉച്ചത്തില്‍ ഒരു മൂളിപ്പാട്ട് പാടാനോ നിനക്ക് ആകില്ല...’

പക്ഷേ, ധന്യയ്ക്ക് ഒറ്റവാക്കേ ഉണ്ടായിരുന്നുള്ളൂ. ജീവി ക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും പ്രണയിച്ചു താലി കെട്ടിയ മനുഷ്യനോട് ഒന്നിച്ച്‌. അങ്ങനെയാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഉപദേശങ്ങളും ആശങ്കകളും അവഗണിച്ച് ധന്യ കാബൂളിലേക്ക് വിമാനം കയറിയത്.

വയനാടുകാരി ധന്യയും അഫ്ഗാന്‍കാരന്‍ ഹുമയൂണ്‍ ഖൊറാമും കണ്ടുമുട്ടി പ്രണയിച്ചു വിവാഹിതരായതിനു പിന്നിലും കുറേ കൗതുകങ്ങളുണ്ട്.

ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന രവീന്ദ്രന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മകളെ സോവി യറ്റ് യൂണിയനിൽ അയച്ചു പഠിപ്പിക്കുക എന്നത്. ‘‘സോവിയറ്റ് യൂണിയന്റെ പതനത്തിന് തൊട്ടുമുൻപുള്ള കാലഘട്ടത്തിലാണ് അവള്‍ ലെനിൻഗ്രാഡിലേക്കു പോകുന്നത്.’’ വ യനാട്ടിലെ വീട്ടിലിരുന്ന് രവീന്ദ്രന്‍ ഒാര്‍ക്കുന്നു.

‘‘പക്ഷേ, പഠനം പൂർത്തിയാകുന്നതിന് മുൻപു തന്നെ സ്വപ്നങ്ങളിലെ സോവിയറ്റ് യൂണിയൻ ഇല്ലാതായി. കടുത്ത അനിശ്ചിതത്വം ആയിരുന്നു ആ നാളുകളില്‍. ഒരു വർഷത്തോളം മോളെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. താലിബാന് കീഴിൽ മകൾ ജീവിച്ചിരുന്നപ്പോൾ ഖൊറാം അവളുടെ കൂടെയുണ്ടായിരുന്നതിനാൽ വലിയ ആശങ്ക തോന്നിയിരുന്നില്ല. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്ന നാളുകളിൽ ഉണ്ടായ ഭീതി അങ്ങേയറ്റമായിരുന്നു. അവൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും സംശയിച്ച നാളുകൾ.’’

dhanya-2

സെന്റ്പീറ്റേഴ്സ്ബർഗ് സർവകലാശാലയുടെ സിവിൽ ആൻഡ് ആർക്കിടെക്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ധന്യ പ ഠിച്ചത്. ‘‘കമ്യൂണിസ്റ്റ് സർക്കാർ തരുന്ന കൂപ്പണുകൾ ഉപയോഗിച്ചാണ് ആവശ്യവസ്തുക്കളും വസ്ത്രവും ഭക്ഷണവും എല്ലാം വാങ്ങിയിരുന്നത്.’’ ധന്യ ആ ദിനങ്ങള്‍ ഒാര്‍ക്കുന്നു. ‘‘പലപ്പോഴും മണിക്കൂറുകളോളം ക്യൂ നിൽക്കണം. ചിലപ്പോള്‍ കടയുെട മുന്നിലെത്തുമ്പോഴേക്കും സാധനങ്ങള്‍ തീര്‍ന്നിട്ടുണ്ടാകും. ഗൊർബച്ചോവിന്റെ ഭരണത്തിന്‍ കീഴിൽ കടുത്ത സാമ്പത്തിക മാന്ദ്യവുമായിരുന്നു.

പുറംരാജ്യങ്ങളിൽ നിന്നു ഞാനും ഖൊറാമും മാത്രമേ ക്യാംപസില്‍ ഉണ്ടായിരുന്നുള്ളൂ. എന്നേക്കാൾ ഏഴു വയസ്സിന് മൂത്തതാണ് ഖൊറാം. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഗവേഷണവുമായി ക്യാംപസിൽ തുടരുകയായിരുന്നു. സ്വന്തം നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം അവിടേക്കു തിരിച്ചു പോകാൻ മ ടിച്ചായിരുന്നു ഗവേഷണം.

അങ്ങേയറ്റം പരോപകാരിയായ ആളെന്ന നിലയിലാണ് ഖൊറാമിനെ ആദ്യം പരിചയപ്പെടുന്നത്. ക്യാംപസിൽ സ്വന്തമായി കാറുണ്ടായിരുന്ന ഏക വിദ്യാർഥി. ഞങ്ങളില്‍ ആര്‍ക്കും എവിടെ പോകേണ്ടി വന്നാലും അദ്ദേഹത്തെ വിളിക്കും. പാവം കാറുമായി ഉടൻ പാഞ്ഞെത്തും. ‘കാശു വാങ്ങാത്ത ടാക്സി ഡ്രൈവര്‍’ എന്നു ഞാന്‍ മനസ്സില്‍ കരുതി.

ആ ഇഷ്ടം ഗാഢമായ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളർന്നു. പരിചയപ്പെടുന്ന ഓരോ മനുഷ്യരെയും ആകർഷിച്ചടുപ്പിക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും റഷ്യയിലെ ആഭ്യന്തര പ്രശ്നങ്ങളും അവിടെ തന്നെ തുടരുന്നതിനു വിഘാതമായി. അങ്ങനെ ഞങ്ങൾ വയനാട്ടിലേക്കു പോന്നു. ഇരുകുടുംബങ്ങളും സമ്മതിച്ചതോെട വിവാഹവും തീരുമാനിച്ചു.

1997 ജനുവരി ഇരുപത്തൊൻപതിന് പൊഴുതനയിൽ വച്ചായിരുന്നു ഹൈന്ദവ ആചാരങ്ങൾ അനുസരിച്ചായിരുന്നു വിവാഹം. ഖൊറാമിന്റെ മാതാപിതാക്കൾക്കോ സ ഹോദരങ്ങൾക്കോ പങ്കെടുക്കാനായില്ല. വിവാഹം കഴിഞ്ഞു നാലു മാസങ്ങൾക്കു ശേഷം അദ്ദേഹം റഷ്യ വഴി നാട്ടിലേക്കു മടങ്ങി.

പൊതുനിരത്തുകളിൽ സ്ത്രീകൾ ഇറങ്ങാൻ പാടില്ല എന്ന് അന്നത്തെ താലിബാൻ ഭരണാധികാരി ഉത്തരവിടുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ഞാൻ കാബൂളിൽ എത്തുന്നത്.’’ ധന്യ ഒാര്‍മകളിലേക്കു മടങ്ങി.

dhanya-taliban

ഖൊറാമിന്റെ കുടുംബം താലിബാൻകാരുടെ നോട്ടപ്പുള്ളികൾ ആയിരുന്നു. എെന്‍റ പേരും ഹിന്ദു പശ്ചാത്തലവും മറച്ചു വയ്ക്കപ്പെട്ടെങ്കിലും സ്ഥിതിഗതികൾ അത്ര പന്തിയല്ലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സുൽത്താൻ മുഹ മ്മദും ബന്ധുക്കളും താലിബാനാൽ വധിക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നജീബുള്ളയുടെ പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രവർത്തകരും പഴയ സോവിയറ്റ് യൂണിയൻ അനുകൂലികളും ആയിരുന്നു.

എനിക്ക് അവിടുത്തെ ഭാഷകളായ ഡാരിയും പഷ്‌തൂവും അറിയില്ല. എന്തിന്, ഹിന്ദിയും ഉറുദുവും പോലുമറിയില്ല. ഇംഗ്ലിഷും മലയാളവും അൽപം റഷ്യനും അറിയാം. റഷ്യൻ സാഹിത്യകൃതികളുടെ വിപുലമായ ശേഖരം ഖൊ റാമിന്റെ വീട്ടിൽ ഉണ്ടായിരുന്നു. താലിബാൻ പറഞ്ഞതനുസരിച്ച് അവയെല്ലാം കത്തിച്ചു കളയേണ്ടി വന്നു.

നാലു വര്‍ഷത്തിലേറെയാണ് എല്ലാം മറന്ന്, െഎഡന്‍റിറ്റി പോലും മറച്ചു വച്ച് സാഹസികമായി അവിടെ ജീവിച്ചത്. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെട്ടേക്കാം എന്നൊരു ഭീതിയായിരുന്നു ഉള്ളില്‍. കർശന വിലക്കുകൾക്കിടയിലും അയൽപക്കങ്ങളിലെ കുട്ടികൾക്ക് രഹസ്യമായി ഞാ ന്‍ ഇംഗ്ലിഷ് ട്യൂഷൻ എടുത്തു. രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പോലും നാട്ടിലേക്ക് അറിയിക്കാന്‍ സാധിച്ചില്ല. ഭർത്താവിന്റെ വീടിനപ്പുറം മറ്റൊരു ലോകമില്ലാത്ത അവസ്ഥ. മാതാപിതാക്കളെയും അനിയത്തിയെയും കുറിച്ചുള്ള ആകുലതകളും സങ്കടങ്ങളും വേറെ.

താലിബാൻ ഭരണം അവസാനിക്കുമെന്നോ പുറംലോകം കാണാനാകുമെന്നോ ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. സ്വയം എടുത്ത തീരുമാനത്തെ കുറ്റപ്പെടുത്താനോ സ്വയം ശപിക്കാനോ തയാറായതുമില്ല. ഖൊറാമിന്റെ കാര്യമായിരുന്നു കൂടുതല്‍ കഷ്ടം. ജീവിതത്തിൽ അതുവരെ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞിരുന്നില്ല. പാന്റും ഷർട്ടും ധരിച്ചു സ്വതന്ത്രനായി ജീവിച്ചിരുന്നയാൾ. പക്ഷേ, സ്വന്തം നാട്ടില്‍ ഇംഗ്ലിഷിലോ റഷ്യനിലോ പരസ്യമായി സംസാരിക്കാൻ പോലും വിലക്ക്. നിർബന്ധിതമായി പാലിക്കേണ്ടി വരുന്ന കുറേ കാര്യങ്ങള്‍. അതിന്‍റെ ബുദ്ധിമുട്ടുകൾ.

dhanya-84

വീടിനു പുറത്തിറങ്ങാത്ത സ്ത്രീകൾ താലിബാന് ഒരു വിഷയമേ ആയിരുന്നില്ല. അതിനാൽ ഒരു ശല്യവും ഉണ്ടായില്ല. ഒരിക്കല്‍ ഭർത്താവിന്റെ സുഹൃത്ത് വന്നപ്പോൾ വിഷ് ചെയ്യാൻ ഞാൻ മുഖാവരണം അൽപം മാറ്റി. ‘ആരെങ്കിലും കണ്ടാൽ അതു മതി കുഴപ്പത്തിന്...’ അയാൾ മുന്നറിയിപ്പ് നൽകി.

കാബൂള്‍ താമസത്തിനിടയിൽ കാറിൽ യാത്ര ചെയ്തത് രണ്ടോ മൂന്നോ തവണയാണ്. കോവിഡ് കാലത്ത് ടാക്സികളിൽ ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് മറ കണ്ടിട്ടില്ലേ. അതിലും വലിയ, കട്ടിയേറിയ മറ കൊണ്ട് കാറിൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും ഇടയിൽ വേർതിരിച്ചിരുന്നു. ഒരിക്കൽ പുറത്തു പോയി ഐസ്ക്രീം കഴിച്ചു. പർദ മാറ്റാതെ പർദയുടെ ഉള്ളിലൂടെ ഐസ്ക്രീം കഴിക്കുക... അെതാരു ഒന്നൊന്നര അനുഭവം തന്നെയാണ്.

വീട്ടില്‍ പക്ഷേ, അത്ര കര്‍ശനനിയന്ത്രണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അവിടെ ഞാൻ എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചു. വല്ലപ്പോഴും അടുത്തുള്ള നദിക്കരയിൽ ആ രും കാണാത്തിടത്ത് ഭർത്താവുമായി പോയി ഇരിക്കും. സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പരിമിതികൾ ഉണ്ടായിരുന്നു. എന്റെ ഹിന്ദു പശ്ചാത്തലമോ മിശ്രവിവാഹമോ ആരും ഗൗനിച്ചില്ല. ഭർത്താവിന്റെ ബന്ധുക്കൾ മറിയം എന്ന് വിളിച്ചു എന്നതിനപ്പുറം മറ്റൊന്നും എനിക്ക് പുതുമയായി തോന്നിയില്ല.’’

താലിബാൻ ഭരണം അവസാനിച്ച നാളുകളിൽ ഖൊറാം അയർതാബത്ത് എന്നൊരു അഫ്ഗാനി ബിസിനസ് വാരികയിൽ പരിഭാഷകനായി. പിന്നീട് ഖൊ റാമും ധന്യയും ഇന്റർനാഷനൽ റെഡ്ക്രോസിൽ ചേർന്നു. വൈകാതെ ഇരുവർക്കും ഐക്യരാഷ്ട്ര സഭയുടെ ക്ഷണം എത്തി. കാബൂളിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തായിരുന്നു ജോലി. താലിബാൻ യുഗം അസ്തമിച്ചിട്ടില്ലെന്നും അവർ ശക്തി സംഭരിക്കുകയാണെന്നും ഖൊറോമിനു തോന്നിത്തുടങ്ങിയിരുന്നു.

ധന്യക്ക് റോമിലേക്ക് മാറ്റം കിട്ടിയതിെനത്തുടര്‍ന്നു മ ക്കളെ നാട്ടിലേക്കയച്ചു. ഇരുവരും കൽപ്പറ്റയിൽ പഠിച്ചു, മ ലയാളമടക്കം. ഇന്ത്യൻ പൗരത്വം നേടി ഖൊറാമും വയനാട്ടിലെത്തി, ഇനി അഫ്ഗാനിസ്ഥാനിലേക്കില്ല എന്ന നിശ്ചയത്തോടെ.

ധന്യയുടെ മാതാപിതാക്കളും കുടുംബവും ഉടമസ്ഥരായുള്ള പ്രണവം എന്ന ഇക്കോ ടൂറിസം റിസോർട്ട് നടത്തുകയാണ് ഖൊറാം ഇപ്പോള്‍. മകന്‍ നവീന്‍ ലണ്ടനിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദമെടുത്ത ശേഷം ബിരുദാനന്തര ബിരുദത്തിനുള്ള തയാറെടുപ്പില്‍. മകള്‍ മല്ലിക ഡെൻ‌മാ ർക്കിൽ നിയമവിദ്യാർഥിനി.

‘‘ഞങ്ങളുടെ വാർധക്യത്തെ ആഹ്ലാദപ്രദമാക്കുന്നത് ഇവരൊക്കെയാണ്.’’ െകാച്ചുമകന്‍ നവീനെ േചര്‍ത്തുപിടിച്ച് ധന്യയുെട അമ്മ രമ പറയുന്നു. ‘‘മതത്തിനും ദേശീയതയ്ക്കും ഭാഷയ്ക്കും അപ്പുറം നിന്നു മകളെടുത്ത തീരുമാനം ആയിരുന്നു ശരി.’’

ഖൊറാമിന്റെ ഉമ്മ രണ്ടുവര്‍ഷങ്ങൾക്കു മുൻപ് മരിച്ചു. പിതാവിനെയും സഹോദരങ്ങളെയും ഇനി എന്നെങ്കിലും കാണാൻ ആകുമോ എന്നുറപ്പില്ല. ഇത്ര നാളും ഫോണിൽ വിളിക്കാമായിരുന്നു. വിഡിയോ കോൾ ചെയ്യാമായിരുന്നു. ഇനി ചെയ്താൽ അവരുടെ സുരക്ഷയെ ബാധിക്കും.

ധന്യയിൽ കാണുന്ന ഏറ്റവും വലിയ ഗുണങ്ങളെക്കുറിച്ചു േചാദിച്ചാല്‍ തെല്ലും ആലോചിക്കാതെ ഖൊറാം പറയും, ‘ധീരതയും നന്മയും മനുഷ്യത്വവും.’

‘‘നന്മ ചെയ്യാൻ കിട്ടുന്ന ഒരവസരവും അവൾ നഷ്ടപ്പെടുത്താറില്ല. േജാലിയില്‍ നിന്നു പിരിഞ്ഞു കഴിഞ്ഞ് വയനാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണം എ ന്നതാണ് ഞങ്ങളുെട മോഹം.

മതത്തിന് അതീതമായ മാനവീകതയും കരുതലുമൊക്കെ എന്നെ ബോധ്യപ്പെടുത്തിയത് കേരളമാണ്. പിന്നെ ഇവിെട കിട്ടുന്ന കടല്‍മത്സ്യങ്ങള്‍. ഹോ, എന്താ രുചി. ഞ ങ്ങളുടെ നാട്ടില്‍ കടലില്ല. പുഴമത്സ്യങ്ങള്‍ മാത്രമേ കഴിച്ചിരുന്നുള്ളൂ.

വരണ്ട പാറക്കെട്ടുകളാണ് അവിെട മുഴുവനും. ഇവിടെയാണെങ്കില്‍ നല്ല പച്ചപ്പ് നിറഞ്ഞ മലകള്‍. വെറുതേ േനാക്കി നിന്നാല്‍ മതി, മനസ്സിലും നിറയും ആ പച്ചപ്പ്.’’ വയനാടന്‍ മലനിരകളെ നോക്കി ഹുമയൂണ്‍ ഖൊറാം പറയുന്നു.

Dhanya-and-family

ഫോട്ടോ: സെയ്ദ് ഷിയാസ് മിർസ