Tuesday 15 November 2022 12:22 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ഫാറ്റി ലിവർ കുറയ്ക്കാൻ കീറ്റോ ഡയറ്റ് നല്ലതോ? വിദഗ്ധ അഭിപ്രായം അറിയാം

dsd435

കരൾരോഗങ്ങളിൽ ഇന്നു മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ഫാറ്റി ലിവർ അഥവാ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ. നമ്മുെട കരളിൽ ചെറിയ അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ ചിലപ്പോൾ കൊഴുപ്പ് ക്രമാതീതമായി കരളിൽ അടിയും. ഈ അവസ്ഥയാണ് ഫാറ്റി ലിവർ. ചിലപ്പോൾ ഈ കൊഴുപ്പ് കരളിന്റെ പ്രവർത്തനത്തെ വരെ ബാധിക്കാം. കരളിന്റെ ഭാരത്തിന്റെ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഫാറ്റി ലിവർ ഗുരുതരമായ ലിവർ സിറോസിസിനും അതുവഴി കരളിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും അപൂർവമായി അർബുദത്തിനും കാരണമായേക്കാം.

മദ്യപാനം മുതൽ അമിതവണ്ണം വരെ

കരളില്‍ കൊഴുപ്പ് അടിയുന്നതിന്റെ പ്രധാന കാരണങ്ങള്‍ മദ്യപാനം, അമിതവണ്ണം (Over weight/obese), പ്രമേഹം, അമിത കൊളസ്ട്രോള്‍ (Dyslipidemia), രക്താതിമർദം എന്നിവയാണ്. ഇവ പ്രധാനമായും മുതിര്‍ന്നവരെയാണ് ബാധിക്കുന്നത്. എന്നാല്‍ അമിതവണ്ണം കുട്ടികളിലും ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. ഇന്ന് മദ്യപാനികളല്ലാത്തവരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. ഈ അവസ്ഥയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നു പറയും.

മദ്യപാനം ഒഴിവാക്കുക

മദ്യപാനം മൂലമുള്ള ഫാറ്റി ലിവര്‍ അനവധി വര്‍ഷങ്ങള്‍ കൊണ്ടു സംഭവിക്കുന്ന ഒന്നാണ്. അതായത് സ്ഥിരമായ മദ്യപാനം കാരണമാണ് ഫാറ്റി ലിവര്‍ ഉണ്ടാവുന്നത്. ഇതു തുടര്‍ന്നാല്‍ കരള്‍ സിറോസിസ് എന്ന അവസ്ഥയിലാണ് ചെന്നെത്തുക. എന്നാല്‍ ഫാറ്റി ലിവര്‍ സ്റ്റേജില്‍ മദ്യപാനം നിർത്തുകയാണെങ്കില്‍ അതു കാലക്രമേണ പൂര്‍വസ്ഥിതിയില്‍ എത്തും. ഈ തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഇതു മനസ്സിലാക്കാതെ മദ്യത്തിന്റെ കൂടെ ചില പരസ്യങ്ങളില്‍ കാണുന്ന ‘കരള്‍ സംരക്ഷണ മരുന്നുകള്‍ കഴിച്ചാല്‍ കുഴപ്പമില്ല’ എന്ന ധാരണ നമ്മുടെ സമൂഹത്തില്‍ കൂടുതലായി കാണുന്നു. ഇതു വളരെ അപകടകരമായ രീതിയാണ്. കുറച്ചു മാസങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ പിന്നീടൊരിക്കലും കരള്‍ പൂര്‍വസ്ഥിതി പ്രാപിക്കാതിരിക്കുകയും തുടര്‍ന്നു ലിവര്‍ സിറോസിസിലും ലിവര്‍ കാന്‍സറിലും ചെന്നെത്തുകയും ചെയ്യുന്നു.

ശീതളപാനീയങ്ങൾ നിയന്ത്രിക്കുക

കോള, പെപ്സി മുതലായ  ശീതളപാനീയങ്ങളിലെല്ലാം ഫ്രക്ടോസ് ഷുഗർ കൂടിയ അളവിൽ ആണ് ഉള്ളത്. ഇതിന്റെ പതിവായുള്ള ഉപയോഗം ഫാറ്റി ലിവറിനും അതിനോടനുബന്ധിച്ചുള്ള മറ്റു ഗുരുതരമായ കരള്‍ രോഗങ്ങള്‍ ഉണ്ടാവുന്നതിലേക്കും നയിക്കുന്നു. നമ്മുടെ നാട്ടില്‍ കുട്ടികളിലും ഇത്തരം പാനീയങ്ങളോടുള്ള പ്രതിപത്തി കൂടുതലായി കാണുന്നു. കുട്ടികള്‍ ഇതിന്റെ കൂടെ എണ്ണയിൽ വറുത്ത പലഹാരങ്ങളും ഉപ്പിന്റെ അംശം കൂടിയ ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നു. ഈ ഭക്ഷണക്രമവും ഫാറ്റിലിവര്‍ ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു.

അമിതവണ്ണം കുറയ്ക്കാം

അമിതവണ്ണം (Over weight/obesity) ആണ് ഫാറ്റി ലിവറിലേക്കു നയിക്കുന്ന മറ്റൊരു ഘടകം. ഇത് ഈ കാലഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നല്ലൊരു പങ്ക് മുതിര്‍ന്നവരിലും കുട്ടികളിലും വ്യായാമക്കുറവ് ഇന്നു വളരെ പ്രകടമായി കാണുന്നു. കാരണങ്ങള്‍ പലതാണ്. സമയക്കുറവ് മുതല്‍ മടിവരെ ആളുകള്‍ പറയാറുണ്ട്. കുട്ടികളാകട്ടെ ഇപ്പോഴത്തെ പഠനവ്യവസ്ഥ കാരണമുള്ള സമയക്കുറവാണു പല പ്പോഴും ചൂണ്ടിക്കാണിക്കുക. കാരണങ്ങള്‍ എന്തായാലും ഇതു വളരെ ദൗര്‍ഭാഗ്യകരമായ ഒരു പ്രവണതയാണ്.

ആളുകളുടെ ഉയരവും തൂക്കവുമായി ഉള്ള അനുപാതത്തെയാണ് ബിഎംഐ അഥവാ ബോഡി മാസ് ഇൻഡക്സ് (Body Mass Index) എന്നു പറയുന്നത്. ആരോഗ്യവാനായ ഒരാളുടെ ബിഎംഐ 18.5നും 24.9നും ഇടയിലാണ് ഉണ്ടാവേണ്ടത്. 25Ð29.9 അമിതവണ്ണം (Over weight) എന്നും 30നു മുകളില്‍ പൊണ്ണത്തടിയെന്നും സൂചിപ്പിക്കുന്നു. ഇങ്ങനെയുള്ള ആളുകളില്‍ ഫാറ്റി ലിവര്‍ കാണുന്നതിനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ആണ് പോംവഴി.

ഭക്ഷണനിയന്ത്രണത്തിന്റെ കാര്യം പറയുമ്പോൾ പലരും കീറ്റോ ഡയറ്റിനെ ആശ്രയിക്കുന്നത് കാണുന്നു. കുറച്ചു കാലത്തേക്കു നല്ല ഫലം തോന്നുമെങ്കിലും അതിന്റെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല എന്നതാണ് സത്യം.

നമുക്ക് ദിവസവും ആവശ്യമുള്ള കലോറിയുടെ അളവ് 1000Ð 1500 ആണ്. അമിതവണ്ണം നിയന്ത്രിക്കാൻ കാലറി കുറയ്ക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഇപ്പോള്‍ കഴിക്കുന്ന ആഹാരക്രമത്തില്‍ ചില നിയന്ത്രണങ്ങള്‍ വച്ചാല്‍ വളരെ ലളിതമായി ചെയ്യാവുന്ന ഒരു കാര്യമാണിത്. ഉദാഹരണത്തിനു ചോറിന്റെ ഉപയോഗം ഉച്ചയ്ക്കു മാത്രമായി പരിമിതപ്പെടുത്തുക. രാത്രി ഭക്ഷണം ഒഴിവാക്കുകയോ അല്ലെങ്കില്‍ ഫലങ്ങള്‍ മാത്രമാക്കുകയുമാവാം. വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇടയ്ക്കിടെയുള്ള സ്നാക്സ് ഒഴിവാക്കുക എന്നതാണ്. നമ്മളറിയാതെ തന്നെ ഒരുപാടു കാലറി അകത്തു ചെല്ലുന്നതിന് ഇത് ഇടയാക്കും. ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് പരിമിതപ്പെടുത്തുന്നതും വളരെ അത്യാവശ്യമാണ്.

എത്ര ഭാരം കുറച്ചാലാണ് ഫാറ്റി ലിവര്‍ കുറയുക എന്നുളള സംശയം പലർക്കുമുണ്ട്. ഇതിനോടനുബന്ധിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 5–7 ശതമാനം ശരീരഭാരം കുറച്ചാല്‍ തന്നെ ഫാറ്റി ലിവര്‍ കുറയുമെന്നുള്ളതാണ്. എന്നുവച്ചാല്‍ 100 കിലോയുള്ള ഒരാളിന്റെ കരളിന്റെ കൊഴുപ്പിന്റെ അംശം അദ്ദേഹം 93 കിലോയില്‍ എത്തിച്ചാല്‍ ഗണ്യമായി കുറയുമെന്നാണ്. പലരുടെയും ധാരണ ഒരുപാട് വണ്ണം കുറഞ്ഞാല്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ എന്നാണ്. അതിനാല്‍ പ്രതീക്ഷിച്ച ഫലം ഇല്ലാതെ വരുമ്പോള്‍ അവര്‍ ശ്രമം നിറുത്താന്‍ പരിശ്രമിക്കുന്നതായി കാണാം. എന്നാല്‍ 5 ശതമാനം തൂക്കം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പോലും അതു വളരെ ഗുണം ചെയ്യും എന്ന തിരിച്ചറിയണം.

വ്യായാമം എങ്ങനെ?

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 30 മിനിറ്റ് നേരം ആഴ്ചയില്‍ 5 ദിവസം മിതമായ വ്യായാമം ചെയ്താല്‍ മതിയെന്നാണ്. അതായത് ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുന്നത് ഒരുപാട് ആരോഗ്യനേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഏതു രീതിയിലായാലും കുഴപ്പമില്ലÐറെസിസ്റ്റൻസ് (വെയ്റ്റ് ട്രെയിനിങ്) അല്ലെങ്കില്‍ എയ്റോബിക് (ഒാട്ടം, നടത്തം, െെസക്ലിങ് മുതലായവ) അല്ലെങ്കിൽ ഇവ യോജിപ്പിച്ചും െചയ്യും. ഈ വ്യായാമത്തോടൊപ്പം ഭക്ഷണം കൂടി നിയന്ത്രിക്കാനായാല്‍ വളരെ ബുദ്ധിമുട്ടില്ലാതെ ലക്ഷ്യത്തില്‍ എത്തിച്ചേരാം.

സാധാരണയായി ടൈപ്പ് 2 പ്രമേഹമുള്ള അമിതവണ്ണമുള്ള വ്യക്തികളിലാണ് ഫാറ്റി ലിവർ കണ്ടുവരാറുള്ളത്. ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതിരോധമാണ് ഇതിന്റെ പ്രധാന കാരണം. പ്രമേഹചികിത്സ മുടക്കാതിരിക്കുകയാണ് പ്രധാനം.

ഡോ. ആർ. നന്ദകുമാർ

ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്

ഇഎംഎസ് ഹോസ്പിറ്റൽ

പെരിന്തൽമണ്ണ

Tags:
  • Manorama Arogyam
  • Diet Tips