Friday 23 December 2022 05:14 PM IST : By സ്വന്തം ലേഖകൻ

കൊഴുപ്പ് കുറച്ച് ഉണ്ടാക്കാം, ലോ കാലറി കേക്ക്....

xmas565655

ക്രിസ്മസ് എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം എത്തുന്നതു ക്രിസ്മസ് കേക്കുകളെക്കുറിച്ചുള്ള ഓർമ്മകളാണ്. ആഘോഷത്തിന്റെ പ്രത്യേകത അനുസരിച്ചു കേക്കുകളുടെ പേരിലും വ്യത്യാസമുണ്ട്. ബർത്ത്ഡേ കേക്ക്, വെഡ്ഡിംഗ് കേക്ക്, എൻഗേജ്മെന്റ് കേക്ക് എന്നിങ്ങനെ. വളരെ ലളിതമായി ഐസ്ക്രീമിനൊപ്പവും കേക്ക് കഴിക്കാറുണ്ട്.

കേക്കുകൾ രണ്ടുതരം

പ്രധാനമായി രണ്ടു തരത്തിലുള്ള കേക്കുകളാണുള്ളത്. ഒന്ന് ഷോർട്ടെൻഡ് കേക്ക് (Shortened cake) ഉദാഹരണം ബട്ടർ കേക്ക് (Butter cake). ഇന്ന് ബേക്കറികളിൽ സാധാരണയായി കാണുന്ന ബ്രൗൺ നിറത്തിലുള്ള കേക്കുകളാണിവ. രണ്ടാമത്തേത് നോൺ ഷോർട്ടെൻഡ് കേക്ക് (Non shortened cake). ഉദാഹരണം ഫോം കേക്ക്, പ്ലംകേക്ക് (Foam cake, Plum cake). ഇവയുടെ ചെറിയ രൂപങ്ങളാണ് കപ്പ് കേക്ക്. ഇന്ന് കാണുന്ന ഐസിങ് ഉള്ള കേക്കുകളുടെ ആദ്യ രൂപം തയാറാക്കിയത് യൂറോപ്പിലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

കേക്കിന്റെ കൂട്ട്

റിഫൈൻ ചെയ്ത മാവ്, മുട്ട, പാൽ, ബട്ടർ എന്നിവ യോജിപ്പിച്ചാണു സാധാരണ കേക്കിന്റെ കൂട്ട് തയ്യാറാക്കുന്നത്. ചേരുവകൾ ഇവയൊക്കെയാണെങ്കിലും കൂട്ടുകളുടെ വൈവിധ്യമനുസരിച്ചും അതിൽ ചേർക്കുന്ന വസ്തുക്കളിലെ അനുപാതം കൊണ്ടും ചേർക്കുന്ന രീതിയിലെ വ്യത്യാസം കൊണ്ടും ഓരോ കേക്കും വ്യത്യസ്തമാണ്. അതിൽ അലങ്കാരങ്ങൾ കൂടിയാകുമ്പോൾ ഒരു കലാരൂപമായി മാറുന്നു.

ഏറ്റവും രുചികരവും എല്ലാപേരും ഇഷ്ടപ്പെടുന്നതും ആണെങ്കിലും ഇവയിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പും മധുരവും വളരെ കൂടുതൽ ഊർജം നൽകുന്നതാണ്. അമിത ഭാരത്തിനും കോളസ്ട്രോള്‍ വർധിക്കുന്നതിനും ഇതു കാരണമാകാം.

ആരോഗ്യകരമായി ഉണ്ടാക്കാം

കേക്കുകൾ ആരോഗ്യ പ്രദമായി ഉണ്ടാക്കാൻ ചില നിർദ്ദേശങ്ങൾ ഇതാ: ∙ഏത്തപ്പഴം, ആപ്പിൾ മുതലായവ നന്നായി പൾപ്പാക്കിയത് കേക്കിനായി ഉപയോഗിക്കാം. കൊഴുപ്പ് ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കാം. മാത്രമല്ല കൊഴുപ്പു കുറയ്ക്കുന്നുതുകൊണ്ടു മൃദുത്വം നഷ്ടപ്പെടില്ല. ഫ്രൂട്ടിന്റെ അധിക ഫ്ലേവർ കൂടി ലഭിക്കുന്നുമുണ്ട്. ∙മുട്ടയിലെ മഞ്ഞ പകുതിയാക്കി കുറയ്ക്കാം. പകരം മുട്ടയിലെ വെള്ള ചേർക്കാം. പ്രോട്ടീന്റെ അളവ് കൂടുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സാധിക്കും. ∙മൈദയ്ക്കു പകരം നന്നായി അരിച്ചെടുത്ത ഗോതമ്പുമാവ് ഉപയോഗിക്കാം. ∙കേക്കിലെ ഐസിങ്ങിനായി കണ്ടെൻസ്ഡ് മിൽക്കും ചോക്ലേറ്റും ഉപയോഗിക്കാം. സാധാരണ കേക്കിനേക്കാളും ഐസിങ് ചെയ്ത കേക്കിന്റെ കാലറി വളരെ കൂടുതലാണ്. ബട്ടറും പഞ്ചസാരയും ഒഴിവാക്കുന്നതുകൊണ്ടു കാലറി കുറയ്ക്കാൻ സാധിക്കും. ∙ബട്ടറിനു പകരം ഫ്രഷ് ക്രീം കൊണ്ടുള്ള കേക്കും പരീക്ഷിക്കാവുന്നതാണ്. ∙കാരറ്റ് കേക്ക്, ബീറ്റ്റൂട്ട് കേക്ക് എന്നിവയും പരീക്ഷിക്കാവുന്നതാണ്. പച്ചക്കറികൾ ഉപയോഗിക്കുന്നതുകൊണ്ടു പോഷകമൂല്യം കൂട്ടാനും കൊഴുപ്പു കുറയ്ക്കാനും സാധിക്കും.∙ മുട്ടയ്ക്കു പകരം ഫ്ലാക്സ് സീഡ് ഉപയോഗിക്കാം. ഫ്ലാക്സ് സീഡ് ഫ്രിജിൽ വച്ചു തണുപ്പികുക. ഒരു മുട്ടയാണ് വേണ്ടതെങ്കിൽ ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ് മൂന്നു ടേബിൾ സ്പൂൺ ഇളം ചൂടുള്ള വെള്ളം ചേർത്ത് 15 മിനിറ്റോളം കുതിർ‌ത്തശേഷം പൊടിച്ചെടുക്കാം. രണ്ട് മുട്ടയാണ് േവണ്ടതെങ്കിൽ രണ്ട് ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡും ആറ് ടേബിൾ സ്പൂൺ വെള്ളവും ഉപയോഗിക്കാം.

ലോ കാലറി ചോക്ലേറ്റ് കേക്ക്

ചേരുവകൾ

നന്നായി അരച്ചെടുത്ത ഗോതമ്പുപൊടി –ഒരു കപ്പ്

പഞ്ചസാര പൊടിച്ചത് –ഒരു കപ്പിന്റെ മൂന്നിലൊന്ന്

മധുരം ചേർക്കാത്ത കൊക്കോപൗഡർ –കാൽ കപ്പ്

ബേക്കിങ് പൗഡർ –രണ്ടു ടീസ്പൂൺ

ഉപ്പ് –അര ടീസ്പൂൺ

കടലയെണ്ണ/സൺഫ്ലവർ ഓയിൽ –രണ്ടു ടേബിൾ സ്പൂൺ

മുട്ട പതപ്പിച്ചത് –ഒന്ന്

കൊഴുപ്പില്ലാത്ത പാൽപ്പൊടി കൊണ്ടുള്ള പാൽ –അര കപ്പ്

വാനില എസ്സൻസ് –ഒരു ടീസ്പൂൺ

ബ്രൗൺ ഷുഗർ (തവിട്ടു പഞ്ചസാര) –മുക്കാൽ കപ്പ്

സ്ട്രോങ് കോഫി –ഒന്നര കപ്പ്

തയാറാക്കുന്ന വിധം

∙ അവൻ 375 ഡിഗ്രി ഫാരൻ ഹീറ്റിൽ പ്രീഹീറ്റ് ചെയ്യുക. ∙ 8x8 അളവിലുള്ള പാത്രത്തിൽ എണ്ണ പുരട്ടിവയ്ക്കുക. ∙ഗോതമ്പുമാവും പഞ്ചസാരയും, കൊക്കോ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവയും ഒരു വലിയ ബൗളിലേക്കു മാറ്റുക. ∙ഒരു അളവു പാത്രത്തിൽ പാലും മുട്ട പതപ്പിച്ചതും എണ്ണയും വാനില എസ്സൻസും ചേർക്കുക. ∙മാവിന്റെ കൂട്ടിലേക്ക് ഈ പാൽ ചേർത്തു നന്നായി യോജിപ്പിക്കുക. ഈ യോജിപ്പിച്ച കൂട്ടു നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബേക്കിങ് പാത്രത്തിലേക്ക് ഒഴിച്ച് ഒരു സ്പൂൺ കൊണ്ടു നന്നായി നിരത്തുക. ∙ചൂടു കാപ്പിയുമായി ബ്രൗൺഷുഗർ യോജിപ്പിച്ചശേഷം അതും മാവിൽ പുറത്തായി സ്പൂൺ കൊണ്ട് ഒഴിക്കുക. ∙375 ഡിഗ്രി ഫാരൻഹീറ്റിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

(ഒരു സ്ലൈസ് കേക്ക് കഷണത്തിന്റെ (53 ഗ്രാം) വാല്യൂ: കലോറി–142, ഫാറ്റ്–5 ഗ്രാം, പ്രോട്ടീൻ–2 ഗ്രാം, കൊളസ്ട്രോൾ–18മി. ഗ്രാം)

ഡോ. അനിതാ മോഹൻ

ന്യൂട്രീഷൻ സ്പെഷ്യലിസ്റ്റ്,

‌തിരുവനന്തപുരം.

dranithamohan@gmail.com

Tags:
  • Manorama Arogyam
  • Diet Tips