Saturday 15 October 2022 05:37 PM IST

അന്തർമുഖർ പ്രതിഭാശാലികളോ? ആൾക്കൂട്ടത്തിൽ തനിയെ ആകുന്നവരുടെ ‘മനസ്സിലിരിപ്പ്’

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

manassilirippue324

നമ്മുടെ ചില മനസ്സിലിരിപ്പുകളെ–മനസ്സിന്റെ സവിശേഷതകളെ–വിശകലനം ചെയ്യുന്ന പുതിയ പംക്തി ആരംഭിക്കുന്നു–മനസ്സിലിരിപ്പ്

ഈ ലക്കത്തിൽ ഇൻട്രോവേർട്ട് അഥവാ ‘ആൾക്കൂട്ടത്തിൽ തനിയെ’ ആകുന്ന വ്യക്തിത്വങ്ങളുടെ ഉള്ളിലിരിപ്പ് അറിയാം

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ബന്ധുക്കളെല്ലാം വിശേഷങ്ങൾ പങ്കിടുകയാണ്. പൊട്ടിച്ചിരികളും ആരവങ്ങളും. ഒന്നും ശ്രദ്ധിക്കാതെ മോഹൻ മാത്രം മുകൾ നിലയിലെ മുറിയിൽ കതകടച്ച്, പൗലോ കൊയ്‌ലോയുടെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നു...

∙ അടുത്ത ബന്ധുവിന്റെ വിവാഹം. വീട്ടിലെല്ലാവരും ഏറെ നിർബന്ധിച്ചിട്ടും മൂന്നാഴ്ച കഴിഞ്ഞ് മോഡൽ പരീക്ഷ തുടങ്ങുമെന്നു പറഞ്ഞ് പാർവതി ഒഴിഞ്ഞുമാറുന്നു...

മോഹനെയും പാർവതിയെയും നാം കണ്ടിട്ടുണ്ട്. സമൂഹത്തിന്റെ തിരക്കില്ലാത്ത കോണുകളിലൂടെ മാത്രം സഞ്ചരിക്കാനാഗ്രഹിക്കുന്ന, നിശബ്ദതയെ പ്രണയിക്കുന്ന സഹയാത്രികർ. ‘അന്തർമുഖർ’ എന്ന് നാം വളിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധികൾ.

അന്തർമുഖർ മൂന്നു തരം

‘ഇവിടെ ഇങ്ങനെ ഒരാളുണ്ടായിരുന്നോ?’ എന്ന് എല്ലാവരെയും വിസ്മയിപ്പിച്ച് ബഹളമയമായ ചുറ്റുപാടുകളിൽ നിന്നകന്ന് അധികം സംസാരിക്കാതെ ജീവിക്കാനാഗ്രഹിക്കുന്നവരാണ് അന്തർമുഖർ. അന്തർമുഖർ പൊതുവേ മൂന്നു തരമുണ്ട്.

∙അടിസ്ഥാനപരമായി വ്യക്തിത്വം വികസിച്ചു തുടങ്ങിയ കാലം അതായത് കൗമാരം മുതൽ സമൂഹവുമായുള്ള ഇടപഴകൽ കുറഞ്ഞവരാണ് ആദ്യ വിഭാഗം. ഈ സ്വഭാവത്തിന് അവർക്ക് തങ്ങളുടേതായ ന്യായീകരണങ്ങളുണ്ട്. അന്തർമുഖത്വത്തിന്റെ സുഖപ്രദമായ കൊക്കൂണിനുള്ളിലിരിക്കുന്നതു കൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടും. ഇത് സ്വതസിദ്ധമായ പ്രകൃതമാണ്.

∙ രണ്ടാമത്തെ വിഭാഗം, ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ കൊണ്ട് അന്തർമുഖരാകുന്നവരാണ്. അടിസ്ഥാനപരമായി അവർക്ക് അന്തർമുഖത്വമില്ല. ചില സാഹചര്യങ്ങളിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടുന്നതിന് പ്രതിരോധകവചം പോലെ മനഃപൂർവം അന്തർമുഖരാകുന്നതാണ്.

∙ ചില മാനസികരോഗങ്ങൾ ബാധിച്ച് അന്തർമുഖരാകുന്നവരാണ് മൂന്നാമത്തെ വിഭാഗം, വിഷാദരോഗങ്ങൾ, സിംപിൾ സ്കീസോഫ്രീനിയ (ചിന്താമണ്ഡലത്തിന്റെ തകരാറുകൾ) എന്നിവയോട് ചേർന്ന് അന്തർമുഖത്വം ഉടലെടുക്കാം. എന്നാൽ ഇവരും അടിസ്ഥാനപരമായി അന്തർമുഖരല്ല. രോഗത്തിന്റെ ഭാഗമാണിത്. ഭൂരിഭാഗം പേരിലും അന്തർമുഖത്വം ഒരു രോഗലക്ഷണമാകണമെന്നില്ല.

അന്തർമുഖർ പ്രതിഭാശാലികൾ

സ്വതവേ അന്തർമുഖരായവരുണ്ട്. അത് ഒരു തകരാറാണെന്ന് കരുതിയെങ്കിൽ തെറ്റി. വാചാലതയില്ലെന്നേയുള്ളൂ, ഇവർ നല്ല പ്രതിഭാശാലികളായിരിക്കും. സർഗാത്മക കഴിവുകളും ഇവർക്ക് ധാരാളമുണ്ടാകും. ഹിറ്റ്ലർ അന്തർമുഖനായിരുന്നുവെങ്കിലും ലോകചരിത്രത്തെ കിടിലം കൊള്ളിച്ച വ്യക്തിയായി മാറി എന്ന് നമുക്കറിയാം. അന്തർമുഖർക്ക് നേട്ടങ്ങളും ഏറെയാണ്. വാചാലർ സംസാരിച്ച് ഒരുപാടു നേരം പാഴാക്കും. എന്നാൽ അന്തർമുഖർ ഈ സമയമെല്ലാം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് സമർത്ഥമായി ഉപയോഗിക്കും അന്തർമുഖർ നല്ല ശ്രോതാക്കളുമാണ്. വാചാലമായ സദസ്സുകളിൽ അവർ മൗനികളായിരുന്ന് പ്രയോജനപ്രദമായ ആശ്രയങ്ങൾ സ്വരൂപിക്കും.

ശ്രദ്ധിക്കേണ്ടത് എപ്പോൾ

അന്തർമുഖത്വം വലിയൊരു കുഴപ്പമല്ല എന്നു പറഞ്ഞെങ്കിലും സ്വയമായും മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുന്ന ഘട്ടമെത്തുമെത്തുമ്പോൾ ശ്രദ്ധിക്കണം. വ്യക്തിത്വത്തിന്റെ ഭാഗമായ അന്തർമുഖത്വത്തെ ഭയക്കേണ്ട. എന്നാൽ അവർ അൽപം പൊരുത്തപ്പെടലിന് തയാറാകണം. എത്ര കഴിവുണ്ടെങ്കിലും തങ്ങളുടെ പ്രാഗത്ഭ്യം വെളിപ്പെടുത്തേണ്ട അവസരങ്ങളിൽ അതായത് ജോലിക്കുള്ള ഇന്റർവ്യൂവിലും മറ്റും വാചാലത കുറഞ്ഞവർ പരാജയപ്പെടാനിടയുണ്ട് എന്നോർമ്മിക്കുക.

താൽക്കാലിക അന്തർമുഖത്വത്തെ ഗൗരവപൂർവം കണക്കിലെടുക്കണം. ഒളിച്ചോട്ടം, ജാള്യത, വിരഹം, പ്രണയനൈരാശ്യം എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ആളുകളെ ഒഴിവാക്കാൻ വിവാഹം, ശവസംസ്ക്കാരം എന്നിവയിൽ നിന്നെല്ലാം ഇവർ ഒഴിഞ്ഞു നിൽക്കും. ഗൗരവമുള്ള കാരണങ്ങളുണ്ടാകുകയും മറ്റുള്ളവർക്ക് അവരെ രക്ഷിക്കാൻ കഴിയാതെ വരികയും ചെയ്താൽ ഇവരുടെ അനുചിതമായ പ്രവൃത്തികൾ ആത്മഹത്യയിൽ കലാശിക്കാൻ പോലും സാധ്യത കൂടുതലാണ്. പ്രായമായവരിലും താൽക്കാലികമായുള്ള അന്തർമുഖത്വം ഉണ്ടാകാം. ചിലർ ഇത്തരം അന്തർമുഖത്വത്തെ തനിയെ അതിജീവിക്കും. യുവതീയുവാക്കളിൽ കൗൺസിലിങ് വേണ്ടി വരും. കൗൺസലിങിന്റെ ഫലം പ്രശ്നത്തിന്റെ ആധികൃത്തെ ആശ്രയിച്ചിരിക്കും. ഇവരെ പ്രായോഗികതയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.

അന്തർമുഖത്വവും മനോരോഗവും

മനോരോഗവുമായി ചേർന്നു വരുമ്പോള്‍ അന്തർമുഖത്വം ‘സോഷ്യൽ വിത്ഡ്രോവൽ’ രോഗമായി മാറുകയാണ്. സ്കീസോഫ്രീനിയയുടെ ആദ്യഘട്ടങ്ങളിൽ ചിലർ കനത്ത നിശബ്ദതയുടെ കൂട്ടിലൊളിച്ചിരിക്കും. അന്തർമുഖത്വം വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമായാണ് കാണുന്നത്. ചില പ്രത്യേകതരം ഒബ്സെസീവ് കംപൾസീവ് ഡിസോർഡറുകളിലും അന്തർമുഖത്വം വരും. ബൈപോളാർ രോഗികളും നിശ്ചിത കാലയളവിൽ അന്തർമുഖരായി കാണാറുണ്ട്. നേരത്തെ ചികിത്സിച്ചാൽ ഇത് ഒരു പരിധിവരെ മാറ്റിയെടുക്കാനാകും.

ഒരു രോഗലക്ഷണവും വ്യക്തിത്വത്തിന്റെ ഭാഗമായിട്ടുള്ള അന്തർമുഖത്വവും വേർതിരിച്ചറിയാൻ ഒരു മനോരോഗവിദഗ്ധനു മാത്രമേ കഴിയൂ. അന്തർമുഖത്വം ജന്മനാലുള്ളതാണ്, രീതിയാണ് എന്നെല്ലാം പറഞ്ഞ് നിസാര വൽക്കരിക്കരുത്. അന്തർമുഖത്വം നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തോന്നിയാല്‍ ജാള്യത കൂടാതെ ഉടൻ മനോരാഗവിദഗ്ധനെ കാണണം.

അന്തർമുഖത്വം – മാറുന്ന കാഴ്ചപ്പാടുകൾ

പെൺകുട്ടികൾ അന്തർമുഖികളാകുന്നത് നല്ല ലക്ഷണമാണെന്ന് കരുതുന്നവരാണ് പഴയ തലമുറ. ആ വിശ്വാസം കാത്തു പോരുന്നവർ ചുരുക്കം ചിലർ ഇന്നുമുണ്ട്. പണ്ട് പെൺകുട്ടികൾക്ക് അധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും പുരഷന്മാരോട്. സ്ത്രീകൾ അധികം സംസാരിക്കുന്നതും ആളുകളുമായി ഇടപഴകുന്നതും കുലീനതയുടെയും കുടുംബമഹിമയുടെയും സമവാക്യങ്ങൾ തെറ്റിക്കും എന്ന പഴയ കാഴ്ചപ്പാട് ഇന്ന് പാടേ മാറുകയാണ്. അവർ മുഖ്യധാരയിലെത്തിക്കഴിഞ്ഞു. പെൺകുട്ടികളുടെ മുൻപിലെത്തുമ്പോൾ ആൺകുട്ടികളാണ് ഇപ്പോൾ അന്തർമുഖരാകുന്നത്.

വാചകമടിക്കലും വൈകല്യം

വാചകമടിച്ച് എല്ലാവരെയും ഹരം കൊള്ളിക്കുകയും ചിലപ്പോൾ ശല്യമായി മാറുകയും ചെയ്യുന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. ചില കുറവുകൾ ഉള്ളവരാകും ഇത്തരക്കാർ. വായാടികളുടെ സംസാരത്തിൽ കാമ്പുള്ള ആശയങ്ങൾ തീർത്തും കുറവാണെന്നതും ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇവർക്ക് നല്ല തോതിൽ അപകർഷബോധമുണ്ടായിരിക്കും. താൻ കൂടുതൽ പറഞ്ഞാലേ മറ്റുള്ളവർക്ക് മനസ്സിലാകൂ എന്നു കരുതി ആവർത്തിച്ചു പറയുന്ന വാചകമടിക്കാരുമുണ്ട്. അവർക്ക് ഒബ്സെസീവ് കംപൾസീവ് ഡിസോർഡർ ഉണ്ട്. മാനിയാക് എക്സൈറ്റ്മെന്റ് എന്ന പ്രശ്നമുള്ളവർ ധാരാളം സംസാരിക്കും. അർത്ഥരഹിതമായി ധാരാളം സംസാരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എസ്. ഡി. സിങ്

മനോരോഗവിദഗ്ധൻ, കൊച്ചി

Tags:
  • Manorama Arogyam