Thursday 20 October 2022 06:15 PM IST : By സ്വന്തം ലേഖകൻ

ഇനി വെളിച്ചം തിരഞ്ഞെടുക്കാം ആരോഗ്യഗുണമറിഞ്ഞ്....

lights56r56r56

വീട് എന്ന ആശയം മനുഷ്യരിൽ ഉടലെടുത്തപ്പോൾ തന്നെ പകൽവെളിച്ചം വീടിനുള്ളിലേക്കു കടന്നുവരാനുള്ള മാർഗങ്ങളും മനുഷ്യർ പ്രാവർത്തികമാക്കിയിരുന്നു. പകൽവെളിച്ചം മങ്ങിയതിനുശേഷവും മനുഷ്യന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ കൃത്രിമമായ പ്രകാശശ്രോതസ്സുകൾ ഉപയോഗത്തിൽ വന്നു. എന്നാൽ വൈദ്യുത വിളക്കുകൾ വന്നതോടെയാണ് വെളിച്ച വിപ്ലവം വന്നത്. ഇന്നു രൂപത്തിലും ഭാവത്തിലും പ്രവർത്തനരീതിയിലും വൈദ്യുതി ഉപഭോഗത്തിലും വത്യസ്തതകളുള്ള വൈദ്യുത വിളക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ വീട്ടിനുള്ളിലെ വൈദ്യുത വിളക്കുകളും അവയിൽ നിന്നുള്ള വെളിച്ചവും വീട്ടുകാരുടെ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കാമെന്നു നമ്മളിൽ പലരും മനസ്സിലാക്കാറില്ല.

വിളക്ക് പലതരം

ബൾബുകൾ പല തരത്തിലുണ്ട്. സാധാരണ ഇൻകാണ്ടസന്റ് (Incandescent) ബൾബിൽ ഒരു ടങ്സ്റ്റൻ (Tungsten) ഫിലമെന്റിലൂടെ കറന്റ് കടത്തിവിടുമ്പോൾ അതു ചൂടാകുകയും പ്രകാശം ഉൽപ്പാദിപ്പിക്കപ്പെടുകയുമാണു ചെയ്യുന്നത്. ചൂടുള്ള ഇളം മഞ്ഞ നിറത്തിൽ തിളക്കമാർന്ന വെളിച്ചമാണ് ഈ ബൾബിൽ നിന്ന് നിർഗമിക്കുന്നത്. കണ്ണിനും മനസ്സിനും ആകർഷകമായ തരത്തിലുള്ള വെളിച്ചമാണിത്. ഇൻകാണ്ടസെന്റ് ബൾബിന്റെ മറ്റൊരു വകഭേദമാണു ഹാലൊജെൻ (Halogen) ലാംപുകൾ. പകൽ വെളിച്ചത്തോട് ഏറ്റവും ചേരുന്ന തരത്തിലുള്ള തിളക്കമാർന്ന വെള്ള വെളിച്ചമാണ് ഇവ ഉണ്ടാക്കുന്നത്.

ഇന്നു വിപണി കൈയടക്കിയിരിക്കുന്ന മറ്റൊരു വിഭാഗമാണ് ഫ്ലൂറസന്റ് (Fluorescent) ബൾബുകൾ. ഇതിലെ വെളിച്ചത്തിനു ചൂടു കാണില്ല. സാധാരണ നീല കലർന്ന നിറമാണ്. പകൽ വെളിച്ചത്തോട് സമാനമാണ്. ഇപ്പോൾ വിവിധ തരം സി എഫ് എൽ ബൾബുകളും ലഭ്യമാണ്. ഇവയിൽ മെർക്കുറി എന്ന ലോഹം അടങ്ങിയിട്ടുള്ളതിനാൽ ഉപയോഗം കഴിഞ്ഞാൽ ഇവ നശിപ്പിക്കുന്നതു സൂക്ഷിച്ചു വേണം. അന്തരീക്ഷ മലിനീകരണത്തിനു കാരണമായേക്കും.

മറ്റൊരു വിഭാഗം എച്ച് ഐ ഡി (High Intensity Discharge) ബൾബ് ആണ്. ഇവ വളരെക്കാലം നിലിൽക്കുന്നതും കുറഞ്ഞ വൈദ്യുതി ചെലവു വരുത്തുന്നതുമാണ്. മറ്റൊരു പ്രധാന വിഭാഗമാണ് എൽ ഇ ഡി (Light Emitting Diode). സി എഫ് എല്ലിനേക്കാൾ അഞ്ചു മടങ്ങ് വില കൂടുതലാണിതിന്. പക്ഷേ പ്രവർത്തനക്ഷമതയും ആയുസ്സും കൂടുതലാണ്.

മുറിക്കു ചേരുന്നത്

ഓരോ മുറിക്കും അവിടെ നടക്കുന്ന പ്രവൃത്തികൾക്കനുസൃതമായി പ്രത്യേകം ലൈറ്റിങ് സംവിധാനമാണു വേണ്ടത്.

വീടിനുള്ളിൽ പ്രവേശിക്കുമ്പോൾ ആദ്യത്തെ മുറിയാണ് ഫോയർ. അവിടുത്തെ വെളിച്ചം അതിഥികളെ ആകർഷിക്കുന്നതും സ്വീകരിക്കുന്ന തരത്തിലും ആകണം. സാധാരണ ഇൻകാണ്ടസെന്റ് ബൾബോ, ഹാലൊജെൻ ലാംപോ, ഫ്ലൂറസെന്റ് ബൾബോ ഈ മുറിയിൽ കൊടുക്കാം.

ഡ്രോയിംഗ് റൂമിൽ മച്ചിനോടു ചേർന്നിരിക്കുന്ന തരത്തിലുള്ള വിളക്കുകൾ ഉപയോഗികാറുണ്ട്. ഭിത്തിയിൽ ഘടിപ്പിക്കുന്നതും ആകാം. സി എഫ് എൽ അല്ലെങ്കിൽ ട്യൂബ് ലൈറ്റുകളാണ് ഈ മുറിയിൽ നല്ലത്.

ഊണുമുറിയുടെ നടുവിലായി വിളക്കു നൽകുന്നതാണുചിതം. അടുക്കളയിലെ ജോലികൾ ചെയ്യുന്നിടത്തു വേണ്ടത്ര വെളിച്ചം കിട്ടുന്ന രീതിയിൽ വിളക്കു ഘടിപ്പിക്കണം. ഫ്ലൂറസെന്റ് വിളക്കു മതി. കുളിമുറിയിൽ ഒരു സീലിംഗ് ലൈറ്റ് മതിയാകും. അതു ഹാലജൻ വിളക്കോ സി എഫ് എൽ വിളക്കോ ആകാം. കണ്ണാടി ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു മുകളിലായി പ്രത്യേക വെളിച്ചം നൽകണം. 40 വാട്ടിൽ കുറവുള്ള ബൾബ് മതി.

മേശപ്പുറത്തു വയ്ക്കുന്ന ടേബിൾ ലാംപുകൾ മീക്ക വീടുകളിലും പഠന മുറിയിലും കിടപ്പുമുറിയിലെ മേശമേലും ഉപയോഗിക്കാറുണ്ട്. വായിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ മുറിക്കുള്ളിൽ മറ്റിടങ്ങളിലേക്കു വെളിച്ചം വിതറാതെ പുസ്തകത്തിലേക്കു മാത്രം വെളിച്ചം കൊടുക്കുകയാണു ചെയ്യുന്നത്.

ആരോഗ്യ വശങ്ങൾ

ശരിയായ രീതിയിലുള്ള വെളിച്ചത്തിന്റെ ചില ഗുണങ്ങളുണ്ട്. നല്ല ഉറക്കം കിട്ടുന്ന മാനസികാവസ്ഥ മെച്ചപ്പെടുത്തും. കൂടാതെ മുടി വളർച്ചയെ സഹായിക്കുകയും, രക്തചംക്രമണം വർധിപ്പിക്കുകയും വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ശാരീരികോന്മേഷത്തിനും കാരണമാകുന്നു. വെളിച്ചം ശരിയായ രീതിയിലല്ല ശരീരത്തിലേൽക്കുന്നതെങ്കിൽ അത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. പഠനമുറിയിൽ വെളിച്ചക്കുറവുണ്ടെങ്കിൽ കുട്ടികളുടെ കാഴ്ചശക്തി കുറയും. പ്രായമായവരിൽ അൽസ്ഹൈമർ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശരിയായ വെളിച്ചത്തിനു കഴിയും. കുട്ടികളുടെ പഠനമുറിയിൽ എൽ ഇ ഡി ബൾബോ അതുമില്ലെങ്കിൽ ഇൻകാണ്ടസെന്റ് ബൾബോ ഘടിപ്പിച്ച ടേബിൾ ലാംപാണ് നല്ലത്. വായിക്കുമ്പോൾ തലയ്ക്കു പുറകിൽ നിന്നു വെളിച്ചം പുസ്തകത്തിലേക്കു നിഴൽ വീഴ്ത്തരുത്. വശങ്ങളിൽ നിന്നു കുട്ടിയുടെ തോളിൽ തട്ടുന്ന രീതിയിലാവണം വെളിച്ചത്തിന്റെ ദിശ. കൂടുതൽ അളവിലുള്ള വെളിച്ചം കണ്ണിൽ തട്ടിയാൽ തലവേദന, മാനസിക പിരിമുറുക്കം, രക്താതിസമ്മർദം, കുറഞ്ഞ പ്രവർത്തനക്ഷമത എന്നിവ കണ്ടുവരുന്നുണ്ട്. സി എഫ് എൽ ബൾബുകൾ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ പുറപ്പെടുവിപ്പിക്കുന്നു എന്ന് പഠനങ്ങളുടെ പിൻബലത്തിൽ ചില ജർമ്മൻ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഹാലജെൻ ബൾബ് മാറ്റിയിടുമ്പോൾ കൈയുറ ധരിക്കണം. കൈയിലെ എണ്ണയുടെ നേരിയ അംശം പോലും ബൾബിൽ പറ്റിയാൽ സ്വിച്ച് ഇടുമ്പോൾ ബൾബു പൊട്ടിത്തെറിക്കാനിടയാകും.

എല്ലാ വെളിച്ചത്തോടൊപ്പവും കാർബൺഡയോക്സൈഡ് വാതകം പുറത്തു വരുന്നുണ്ട്. അതിനാൽ ശരിയായ അളവിൽ മാത്രം വെളിച്ചം ഉപയോഗിക്കുക.

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ

ഇഎസ്ഐസി ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Manorama Arogyam