Tuesday 12 April 2022 12:50 PM IST : By സ്വന്തം ലേഖകൻ

‘നല്ലവളായാലും നാട് പറയും കള്ളുകുടിയന്റെ ഭാര്യ, മക്കൾ മിടുക്കരായാലും പറയും കുടിയന്റെ മക്കൾ’; മദ്യത്തിന് തുടരാം ലോക് ഡൗൺ‌

father-joseph

പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെപംക്തി തുടരുന്നു

രാവിലെ ചാരുകസേരയിൽ കിടന്ന് മദ്യദുരന്തത്തിന്റെ വാർത്ത വായിക്കുകയാണ് ജോണി. മൂന്നുപേർ മരിച്ചു. രണ്ടുപേരുടെ കാഴ്ച നഷ്ടപ്പെട്ടു. ഏഴുപേർ തളർന്നുകിടക്കുന്നു. ദൈവമേ, മദ്യപാനം ഇത്ര വലിയ വിപത്താണോ, ഇന്നുകൊണ്ട് ഞാൻ ഇതു നിർത്തി. അടുത്തുനിന്ന് ചരമക്കോളം വായിച്ചുകൊണ്ടിരുന്ന ഭാര്യ പ്രതീക്ഷയോടെ പറഞ്ഞു ‘ദൈവമേ ഇന്നെങ്കിലും ഇതിയാന് കുടി നിർത്താൻ തോന്നിയല്ലൊ. ’

ജോണി അതുകേട്ടു ചോദിച്ചു. ‘ആരു പറഞ്ഞെടി ഞാൻ കുടി നിർത്തുമെന്ന്. പത്രവായന ഇന്നുകൊണ്ട് നിർത്തി, നാളെ മുതൽ ഈ വീട്ടിൽ പത്രം വരുത്തുന്നില്ല. അതാണു പറഞ്ഞത്.’

ഇതൊരു പഴയ കഥയാണെങ്കിലും മദ്യത്തിന്റെ പേരിൽ കോലാഹലങ്ങൾ നടമാടുന്ന ഇന്നത്തെ കാലത്ത് പ്രസക്തമായ കഥയാണ്. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. വളരെ നല്ല പുരുഷന്മാരും അൽപം കുടിച്ചുകഴിയുമ്പോൾ സ്വഭാവം മാറുന്നത് കാണാം. ഒരിക്കലുമില്ലാത്ത അരിശം, പൊട്ടിത്തെറി, ബഹളങ്ങൾ. ഇതിന്റെ ഒരു കാരണം സെൽഫ് ഡിഫൻസാണ്. സ്വയം പ്രതിരോധം. താൻ ചെയ്തത് തെറ്റാണെന്നറിയാം, അത് ഒതുക്കിവയ്ക്കാനായി ഭാര്യയോട് വെറുതെ ചൂടാവുക. മക്കളുടെ മുൻപിൽ നിന്നു മറച്ചുവയ്ക്കുക.

ഒരു ഭർത്താവ് കുടിക്കുമ്പോൾ ഭാര്യയ്ക്ക് സമൂഹത്തിലെ വില നഷ്ടപ്പെടും. എത്ര സമർഥയായാലും ആൾക്കാര് പറയും, കള്ളുകുടിയന്റെ ഭാര്യ. എത്ര മിടുക്കരായി മക്കൾ പഠിച്ചാലും ലോകം പറയും, കുടിയന്റെ മക്കൾ. വീട് എത്ര നല്ലതാണെങ്കിലും പറയും, കള്ളുകുടിയന്റെ വീട്. അപ്പൻ മദ്യപിച്ചു വീഴുമ്പോൾ മക്കളുടെ അഭിമാനമാണ് താഴെപ്പോവുന്നത്. കുടിച്ച് മരിക്കുമ്പോൾ സമൂഹത്തിൽ വിലയില്ലാതാവുന്നു. ഒപ്പം ആ മനുഷ്യൻ വഴി സമൂഹത്തിൽ ലഭിക്കേണ്ടുന്ന നന്മകളും നഷ്ടപ്പെടുന്നു.

ഒരു തമാശയുടെ പേരിലാണ് പലരും മദ്യം കഴിച്ചു തുടങ്ങുന്നത്. വൈകാതെ അവർ അതിന് അടിമകളായി തീരും. ആദ്യമൊക്കെ പലരും വമ്പു പറയും. ഞാൻ വിചാരിച്ചാൽ ഈ കുടി എപ്പോൾ വേണമെങ്കിലും നിർത്താവുന്നതേയുള്ളു എന്ന്. പക്ഷേ, പോകപ്പോകെ കുടി മുഴുക്കുടിയാകും. പിടിച്ചാൽ കിട്ടില്ല. മദ്യപാനം പ്രാകൃത സ്വഭാവങ്ങളിലേക്ക് നയിക്കും. ചില സ്ത്രീകൾ പറയും ‘‘കുടിച്ചില്ലെങ്കിൽ തങ്കപ്പെട്ട മനുഷ്യനാ, കുടിച്ചാൽ പിശാചാ’’.

കുടിച്ചാൽ ഇരട്ടിക്കും കാഴ്ച

പ്രാർഥിക്കാൻ എല്ലാവർക്കും ഒാരോ കാരണമുണ്ടെന്നു പറയുന്നതുപോലെയാണ് കുടിയന്മാരുടെ കാര്യവും. പലർക്കും പല ന്യായവും പറയാൻ കാണും. ചുമടെടുക്കുന്നവനും പറമ്പിൽ ഇരുട്ടുവോളം കിളയ്ക്കുന്നവനും പറയും, അന്തിക്ക് ഒന്ന് അടിച്ചാലേ പണിയുടെ ക്ഷീണമൊക്കെ പോകൂ എന്ന്. ചിലർക്ക് സങ്കടമെല്ലാം മറക്കാനുള്ള ഒറ്റമൂലിയാണ് മദ്യം. ചിലർക്ക് സന്തോഷിക്കണമെങ്കിൽ ഒരെണ്ണം വീശണം. ഒരിക്കൽ ഒരു കുടിയൻ കൂട്ടുകാരനോട് പറഞ്ഞു. അൽപം കുടിച്ചാൽ എന്റെ കാഴ്ചശക്തി വർധിക്കും.

കൂട്ടുകാരൻ ചോദിച്ചു: ‘അതിനെന്താ തെളിവ്?’

മറുപടി: എനിക്കു കുടി കഴിഞ്ഞാൽ എല്ലാം ഡബിൾ ആയി കാണാൻ കഴിയുന്നു.

പക്ഷേ, മദ്യപാനം മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് യഥാർഥത്തിൽ. മദ്യപാനം മൂലം രക്തസമ്മർദം വർധിക്കാം. ഹൃദയത്തിനും കരളിനും വൃക്കകൾക്കും തലച്ചോറിനുമെല്ലാം നാശം വരുത്തും. ഞരമ്പുകളുടെ തകർച്ചയും ബലക്ഷയവും ഉണ്ടാകുമ്പോൾ ലൈംഗികശേഷിയെ ബാധിക്കുന്നു.

ഇങ്ങനെ ഒരു വലിയ ദുരന്തത്തിൽ നിന്നും രക്ഷപെടാനുള്ള കാലമായിരുന്നു, ഈ ലോക്ഡൗൺ കാലഘട്ടങ്ങൾ. കുടിച്ചില്ലെങ്കിൽ വിറയ്ക്കും, മരിക്കുമെന്നൊക്കെ പറഞ്ഞു. എത്ര പേര് മരിച്ചു? എത്ര പേര് വിറച്ചു? ഇല്ലെങ്കിൽ ഇല്ലാതെ ജീവിക്കാൻ മനുഷ്യൻ പഠിക്കും. സർക്കാർ പോലും ഇതു വിളമ്പാമെന്നു പറഞ്ഞപ്പോൾ ഡോക്ടർമാർ പറഞ്ഞു, ഇതു ചികിത്സാരീതി അല്ല, തെറ്റാണെന്ന്. ധൈര്യപൂർവം അവർ മുൻപോട്ടുവന്നു. അതോടെ മദ്യം അപ്രത്യക്ഷമായി. 60 ദിവസം ഇതു വേണ്ടെന്നു വയ്ക്കാമെങ്കിൽ ജീവിതാന്ത്യം വരെ അതു വേണ്ടെന്നു വയ്ക്കാനുള്ള കഴിവ് മനുഷ്യനില്ലേ?

മദ്യാസക്തി ഒരു രോഗമാണ്. നല്ല ചികിത്സ ലഭിച്ചാൽ പൂർണമുക്തി നേടാനാവുന്ന രോഗം. മദ്യപാനിയുടെ കുടുംബാംഗങ്ങൾ ഇതു തിരിച്ചറിയുകയും ഡീ അഡിക്‌ഷൻ ചികിത്സയ്ക്ക് കൊണ്ടുപോവുകയും വേണം.

ചിലർ കുടിനിർത്താൻ സ്വയം പ്രയാസമായതു കൊണ്ട് ഒരാഴ്ച ധ്യാനം കൂടാൻ പോകാറുണ്ട്. ധ്യാനമന്ദിരത്തിൽ അദ്ഭുതമൊന്നും സംഭവിക്കുന്നതു കൊണ്ടല്ല. ഒരാഴ്ച മദ്യപാനത്തിൽ നിന്നു വിട്ടുനിൽക്കുമ്പോൾ അതിനെ അതിജീവിക്കാനുള്ള ശക്തി ലഭിക്കും.

അതുപോലെ 60 ദിവസങ്ങൾ വിട്ടുനിന്ന ഈ തിന്മയെ ഇനിയും അതിജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. ഈ ലോക്ഡൗൺ കാലഘട്ടത്തിൽ കുടിക്കാതെ ഇരുന്നവർ ഇതു കഴിയുമ്പോൾ മദ്യപാന പ്രവണത പോയോ എന്നു പരീക്ഷിക്കാൻ പോയി കുടിക്കരുത്. അവർ വീണ്ടും അപകടത്തിൽ ചാടും.