Monday 14 February 2022 05:21 PM IST : By പ്രീതി ആർ നായർ

പോഷക കലവറയാണ് കൂണുകൾ; പക്ഷേ, ഭക്ഷ്യയോഗ്യമായവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം: കൂണിനേക്കുറിച്ച് അറിയേണ്ടതെല്ലാം

mush3243

ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്. രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇതു മുന്നിൽ തന്നെ. കൂൺ ഒരു സമ്പൂർണ്ണാഹാരമാണ്. ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമായതുള്ളൂ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടർ കൂൺ ആണ്. എന്നാൽ കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് കൃഷി ചെയ്യാവുന്ന കൂണുകളാണ് ചിപ്പിക്കൂണും പാൽക്കൂണും. കൃഷിക്കു പറ്റിയ രണ്ട് വെള്ള ചിപ്പിക്കൂണുകളാണ് പ്യൂറോട്ടസ് ഒപ്പൻഷ്യ, പ്യൂറോട്ടസ് സിസ്റ്റിഡിയോസസ് എന്നിവ. അത്യുൽപാദനശേഷിയുള്ളതും കുറഞ്ഞ കാലയളവിനുള്ളിൽ വിളവെടുക്കാവുന്നതുമാണിത്.

മഴക്കാലം തീരാറാകുന്ന സമയത്താണ് കൂണുകൾ മുളയ്ക്കുന്നത്. മണ്ണിലുള്ള, കാർബൺ അടങ്ങിയ വസ്തുക്കളുടെ ജീർണ്ണിക്കലിലൂടെയാണ് കൂണുകൾ മുളയ്ക്കുന്നത്. നനഞ്ഞ മണ്ണിൽ വളരെ ശക്തി കുറഞ്ഞ വൈദ്യുത തരംഗങ്ങൾ തൊടുമ്പോഴാണ് കൂണുകൾ അതിവേഗത്തിൽ മുളയ്ക്കുന്നത്. മഴയോടൊപ്പമുള്ള ഇടിമിന്നൽ ഇതിനു മുളയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നു. മരവും മറ്റും വീണ് ദ്രവിച്ച് ഇളകിയ മണ്ണിലാണ് അരിക്കൂണുകൾ വളരുന്നത്. തൂവെള്ള നിറത്തിൽ നിരനിരയായി ആണ് ഇവയെ കാണാൻ കഴിയുക. പന്ത്രണ്ട് മണിക്കൂർ മാത്രമാണ് അരിക്കൂണിന്റെ ആയുസ്സ്. ഭക്ഷ്യയോഗ്യമായ കൂണുകളിൽ ഏറ്റവും സ്വാദേറിയതാണ് അരിക്കൂണുകൾ. പിഴുതെടുത്ത കൂണുകളുടെ മൺഭാഗം ഉള്ള വേരറ്റം കളഞ്ഞാൽ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്.

ഭക്ഷ്യയോഗ്യമായ കൂണിനെ എങ്ങനെ തിരിച്ചറിയാം ?

എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. കൂൺ മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് വയ്ക്കുക. അപ്പോൾ നീല നിറമാകുന്നത്
വിഷക്കൂണും മറിച്ച് നിറവ്യത്യാസമില്ലെങ്കിൽ അത് ഭക്ഷ്യയോഗ്യവുമാണ്. വിഷക്കൂൺ നിറമുള്ളതാണ്. ഈച്ച, വണ്ട് തുടങ്ങിയ ജീവികൾ കാണില്ല. കൂൺകുടയുടെ അടിയിലുള്ള ചെകിളകൾ നിറമുള്ളതോ കറുപ്പോ ആയിരിക്കും. ദിവസങ്ങളോളം കേടു കൂടാതെയിരിക്കും. വിഷക്കൂണിൽ പൊടികൾ ഉണ്ട്. സാധാരണ, ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളുള്ള കൂണുകൾ
വിഷമുള്ളവയായിരിക്കും.

ആരോഗ്യഗുണങ്ങൾ

ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ കൂണുകൾ ഏറെ മുന്നിലാണ്. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ കൂണിൽ ധാരാളമായിട്ടുണ്ട്. ശരീരകലകളുടെ നിർമ്മാണം, പരിപാലനം എന്നിവയ്ക്കു കൂൺ മികച്ചതാണ്.

രോഗപ്രതിരോധം

കൂണിലുള്ള ആന്റി ഓക്സിഡന്റുകൾ, സെലിനിയം, ആൽഫാഗ്ലൂട്ടൻ, ബീറ്റാഗ്ലൂട്ടൻ എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിച്ച് അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു. ദിവസവുമുള്ള ഭക്ഷണക്രമത്തിൽ 25-50 ഗ്രാം വരെ കൂൺ ഉൾപ്പെടുത്തിയാൽ വൈറസ് ജന്യരോഗങ്ങളെ പ്രതിരോധിക്കാം..

ഹൃദയാരോഗ്യത്തിന്

കൂണിലുള്ള നാരുകൾ, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവ ഹൃദയാരോഗ്യത്തിനു നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്ന ലെവോസ്റ്റാറ്റിൻ എന്ന ഘടകം കൂണിലുണ്ട്. ഹൃദയധമനികൾ, രക്തക്കുഴൽ എന്നിവയിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കൂൺ സഹായിക്കും. രക്താതിമർദത്തെ
നിയന്ത്രിച്ച് നിർത്തുന്നു.

ചർമപരിപാലനം

കൂണിൽ അടങ്ങിയിട്ടുള്ള പോളിസാക്കറൈഡ് ചർമത്തെ ജലാംശം നിലനിർത്തി മിനുസമുള്ളതാക്കുന്നു. പ്രായമാകുമ്പോൾ ചർമത്തിനുണ്ടാകുന്ന കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ മാറ്റാൻ കൂൺ സഹായിക്കുന്നു. ഇതിലുള്ള എർഗോത്തിയോണിൻ, ഗ്ലൂട്ടത്തയോൺ എന്നിവയാണ് അതിന് സഹായിക്കുന്നത്.

പ്രമേഹത്തെ ചെറുക്കുന്നു

ജീവിതശൈലീ രോഗത്തിൽ പ്രധാനിയായ പ്രമേഹത്തെ നിയന്ത്രിക്കുവാനുള്ള കഴിവ് കൂണിനുണ്ട്. ഊർജ്ജത്തിന്റെ തോത് കുറവാകയാൽ പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ധൈര്യമായി ഉൾപ്പെടുത്താം. ഇതിലുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ചുവന്ന രക്താണുക്കൾക്ക്

ശരീരത്തിന് ഊർജ്ജം നൽകാനും ചുവന്ന രക്താണുക്കളെ രൂപപ്പെടുത്താനും സഹായിക്കുന്ന ബി വൈറ്റമിനുകളായ റൈബോഫ്ലെവിൻ, ഫോളിക് ആസിഡ്, തയമിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ് എന്നിവ കൂണിലുണ്ട്. ആരോഗ്യമുള്ള തലച്ചോറിന് ബി വൈറ്റമിനുകൾ പ്രധാനമാണ്.

ശരീരഭാരം നിയന്ത്രിച്ചു നിർത്താം

കൂൺ ശരീരത്തിലെ മെറ്റബൊളിക് പ്രവർത്തനത്തെ നിയന്ത്രിച്ച് കൊഴുപ്പ് കുറയ്ക്കുന്നു. കൂടുതൽ ജലാംശവും നാരുകളും ഉള്ള കൂൺ ശരീരഭാരം നിയന്ത്രിക്കാനും നല്ലത്.

എല്ലുകളെ ശക്തിപ്പെടുത്തുന്നു

വൈറ്റമിൻ ഡി, കാത്സ്യം എന്നിവയുടെ ഉറവിടം. വൈറ്റമിൻ ഡി അസ്ഥികളുടെ ആരോഗ്യത്തിനു നല്ലത്.

കാൻസർ സാധ്യത കുറയ്ക്കുന്നു

കൂണിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ ശ്വാസകോശാർബുദം, സ്തനാർബുദം, പ്രോസ്േറ്ററ്റ് കാൻസർ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ

ന്യൂട്രീഷനിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ

പട്ടം തിരുവനന്തപുരം

Tags:
  • Daily Life