Tuesday 14 September 2021 05:30 PM IST : By സ്വന്തം ലേഖകൻ

ശ്വാസകോശ–ഹൃദ്രോഗപ്രശ്നമുള്ളവർക്ക് ഉത്തമം; കേരളത്തിന്റെ സ്വന്തം നവരയരിയുടെ ഗുണങ്ങൾ അറിയാം

rice32432

കേരളത്തിന്റെ മാത്രം എന്നു പറയാവുന്ന ഒരു ഭക്ഷ്യധാന്യമാണ് നവരയരി അഥവാ ഞവരയരി. നവരക്കിഴി, നവരതേപ്പ്, പഞ്ചകർമ്മ തുടങ്ങിയ ചികിത്സാവിധികൾ പ്രസിദ്ധമാണല്ലോ. ഇതിലെല്ലാം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് നവരയരി. ചികിത്സയ്ക്കായി മാത്രമല്ല ഭക്ഷ്യയോഗ്യമായ ഒരു ധാന്യം എന്ന നിലയിൽ നവരയരിയുടെ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്.

ഔഷധഗുണമേറെയുള്ള നവര

മറ്റു ധാന്യങ്ങളെ അപേക്ഷിച്ചു പ്രോട്ടീന്റെ അളവു വളരെ അധിമുണ്ട് നവരയിരിയിൽ . അതുകൊണ്ടുതന്നെ കുട്ടികൾക്കു വളരെ നല്ല ഒരു ആഹാരമാണ് നവരയരി. ശ്വാസകോശ സംബന്ധമായതും ദഹനവ്യൂഹ സംബന്ധമായതും ഹൃദയസംബന്ധമായതുമായ അസുഖങ്ങളെ സുഖപ്പെടുത്താൻ ഈ അരി ഉത്തമമാകുന്നു. ഏതു പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണിത്. അസുഖമുള്ളവർക്കും നവരയരി പേടി കൂടാതെ തന്നെ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഗോൾഡ് വിത്ത് ഫ്രാഗ്രൻസ് എന്നാണു നവരയരി അറിയപ്പെടുന്നത്.

നവരയരി അപ്പം

നവരയരി – 250 ഗ്രാം

തേങ്ങ – ഒന്ന്

ജീരകം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

നവരയരി വെള്ളത്തിൽ കുതിർത്ത് തേങ്ങയും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ജീരകവും ചേർത്ത് നന്നായി കലക്കി ചൂടാക്കിയ കല്ലിൽ ചുട്ടെടുക്കുക. നല്ല ഒരു പ്രാതൽ വിഭവമായി. ചട്ണിയോ, കറിയോ ചേർത്ത് ഉപയോഗിക്കാം.

നവരയരി കഞ്ഞി

നവരയരി – 50 ഗ്രാം

വെള്ളം – 500 മി. ലി

പാൽ – ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം

നവരയരി ചെറു തീയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ പാൽ ചേർത്ത് 2-3 മിനിറ്റു തിളപ്പിക്കുക. ചൂടോടെ ഉപയോഗിക്കുക. കഞ്ഞി കൂടുതൽ സ്വാദിഷ്ഠമാക്കാൻ പഞ്ചസാര, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ആവശ്യമെങ്കിൽ ചേർക്കാം.

നവരയരി പായസം

നവരയരി – കാൽ കപ്പ്

പാൽ – അര ലിറ്റർ

വെണ്ണ – ഒരു ടേബിൾ സ്പൂൺ

പഞ്ചസാര – 4-5 ടേബിൾ സ്പൂൺ

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

കശുവണ്ടി, മുന്തിരി – വറുക്കാൻ പാകത്തിന്

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ് വെള്ളത്തിൽ നവരയരി വേവിക്കുക. വേവിച്ച അരിയിലേക്കു തിളപ്പിച്ച പാൽ, പഞ്ചസാര എന്നിവ ചേർത്ത് 10-15 മിനിറ്റ് ചെറു തീയിൽ വേവിക്കുക. കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടിയും വെണ്ണയും ചേർത്തു തീയിൽ നിന്നും മാറ്റുക. നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും മൂപ്പിച്ചു പായസത്തിൽ ചേർക്കുക.

നവരയരി ഉപ്പുമാവ്

നവരയരി – ഒരു കപ്പ്

സവാള – ഒന്ന്

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ചമുളക് – രണ്ട്

ചുവന്ന മുളക് – രണ്ട്

കറിവേപ്പില – ആവശ്യാനുസരണം

കടുക് – ഒരു ടീസ്പൂൺ

എണ്ണ – രണ്ടു ടേബിൾ സ്പൂൺ

തേങ്ങ ചിരകിയത് – 1-2 കപ്പ്

വെള്ളം – നാലു കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

നവരയരി നടുനുറിക്കിയെടുക്കുക. ഇതു വെള്ളവും ചേർത്തു വേവിച്ചെടുക്കുക. ചട്ടി ചൂടാക്കി കടുകു പൊട്ടിച്ചെടുക്കുക. ഇതിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റിയെടുക്കുക. ഇതിലേക്കു വേവിച്ചു വച്ച അരി ചേർത്തു നന്നായി യോജിപ്പിക്കുക. അരി വേവിക്കുമ്പോൾ തന്നെ ഉപ്പു ചേർക്കാൻ ശ്രദ്ധിക്കുക. തേങ്ങയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കുക. പ്രാതൽ വിഭവമായോ നാലുമണി വിഭവമായോ ഉപയോഗിക്കാം.

നവരയരി ഉണ്ട

നവരയരി – 250 ഗ്രാം

ശർക്കര – 200 ഗ്രാം

തേങ്ങ – ഒന്ന്

ജീരകപ്പൊടി – ഒരു നുള്ള്

നെയ്യ് – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

നവരയരി വറുത്തു പൊടിക്കുക. ഇതിലേക്കു ചീകിയെടുത്ത ശർക്കരയും ചിരകിയ തേങ്ങയും ചേർത്ത് വീണ്ടും പൊടിക്കുക. നന്നായി പൊടിഞ്ഞ് ഉരുളകളാക്കാൻ പാകമാവുമ്പോൾ നെയ്യും ജീരകപ്പൊടിയും ചേർത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി മാറ്റുക. ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ്, ബദാംപരിപ്പ്, വറുത്ത നിലക്കടല എന്നിവ ചേർക്കാം. നല്ല ഒരു നാലുമണി പലഹാരമായി ഉപയോഗിക്കാവുന്നതാണ്.

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Diet Tips