Tuesday 25 June 2024 05:35 PM IST : By സ്വന്തം ലേഖകൻ

വൃക്കരോഗമുള്ളവര്‍ പ്രോട്ടീന്‍ നിയന്ത്രിക്കണോ?

kidn32423

ശരീരത്തിലെ മാലിന്യങ്ങളെ, പ്രത്യേകിച്ചും നൈട്രജൻ അടങ്ങിയവയെ, പുറന്തള്ളുന്ന പ്രധാന പ്രക്രിയ ചെയ്യുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ ഇതു താറുമാറാകുന്നു. വൃക്കസ്തംഭനത്തിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെടാതെ അടിഞ്ഞുകൂടുന്നു. യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവ ശരീരത്തിൽ കെട്ടിക്കിടക്കും. ഇതു വൃക്കകളുടെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. വൃക്കകൾക്കു മാലിന്യങ്ങളെ പുറന്തള്ളാനുള്ള കഴിവു കുറയും. അതുകൊണ്ട്അവയുടെ ഉൽപാദനം കുറയ്ക്കേണ്ടി വരും. അതിനായി ചില ആഹാരപദാർഥങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടിവരും.

പ്രോട്ടീന്‍ നിയന്ത്രിച്ച്...

ശരീരഘടനയ്ക്ക് അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് പ്രോട്ടീൻ. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ശരാശരി ഒരു കിലോ ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ ആവശ്യമുണ്ട്. പ്രോട്ടീൻ ഉപാപചയത്തിലൂടെ ഉണ്ടാകുന്ന പാഴ്‌വസ്തുക്കൾ (ഉദാ. യൂറിയ) മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. പ്രോട്ടീൻ കുറച്ച് അധികം കഴിച്ചാലും ആരോഗ്യമുള്ള വൃക്കകൾ ഉണ്ടെങ്കിൽ അധികം ഉണ്ടാകുന്ന ഈ മാലിന്യങ്ങൾ ശരീരത്തിൽ കെട്ടിക്കിടക്കുകയില്ല. വൃക്കകൾക്കു  തകരാറു വരുമ്പോൾ മൂത്രത്തിലൂടെ പ്രോട്ടീൻ ചോർന്നു പോകുന്നു. ചോർന്നു പോകുന്ന പ്രോട്ടീൻ വൃക്കകളെ വീണ്ടും ബാധിക്കുന്നു. ഇതു  കാരണം വൃക്കരോഗം മൂർച്ഛിക്കും. ഇത് നിയന്ത്രിച്ചില്ലെങ്കിൽ വൃക്കസ്തംഭനം സംഭവിക്കാം.

വൃക്കസ്തംഭനം സംഭവിച്ചാൽ അല്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞാൽ പ്രോട്ടീൻ  ഉപാപചയത്തിലൂടെ ഉണ്ടാകുന്ന പാഴ്‌വസ്തുക്കൾ വൃക്കകൾക്കു പുറന്തള്ളാൻ സാധിക്കുന്നില്ല. അവ ശരീരത്തിൽ കെട്ടിക്കിടക്കുന്നു. ഇവയെ യുറീമിക് ടോക്സിനുകൾ (uremic toxins) എന്നു  വിശേഷിപ്പിക്കുന്നു.ഈ യുറീമിക് ടോക്സിനുകൾ ശരീരത്തിലെ ഞരമ്പുകളെയും തലച്ചോറിനെയും രക്തക്കുഴലുകളെയും എല്ലുകളെയും പേശികളേയും എന്നുവേണ്ട ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കും. ഹൃദയമിടിപ്പിൽ വ്യത്യാസം വരാം; രക്തസമ്മർദത്തിൽ വ്യത്യാസം വരാം. യുറീമിക് ടോക്സിനുകൾ  വളരെ കൂടിയാൽ ശ്വാസതടസ്സവും അപസ്മാരവും പിന്നീടു മരണവും സംഭവിക്കാം.

ഇതു കാരണം ആഹാരത്തിൽ പ്രോട്ടീന്റെ അളവു നിയന്ത്രിക്കണം. ഒരു കിലോ ശരീരഭാരത്തിന് 0.8 ഗ്രാം പ്രോട്ടീൻ മതി. ഇതു  ഗുണമേന്മയുള്ള പ്രോട്ടീൻ ആയിരിക്കണം. പ്രോട്ടീൻ വളരെയധികം കുറഞ്ഞാൽ ശരീരത്തിന്റെ ഘടനയിൽ വ്യത്യാസമുണ്ടാകും. പ്രോട്ടീൻ മാൽന്യൂട്രീഷൻ (malnutrition)  അഥവാ പോഷകക്കുറവ് എന്ന അവസ്ഥ സംഭവിക്കാം. അതു  വരാതെ സൂക്ഷിക്കണം. ഒരു ഡോക്ടറുടേയും ഡയറ്റീഷന്റെയും നിർദേശപ്രകാരമാകണം പ്രോട്ടീന്റെ അളവു നിയന്ത്രിക്കുന്നത്.

പോഷകക്കുറവു വരുത്താതെ  മുൻകരുതലുകൾ 

വൃക്കരോഗം മൂർച്ഛിക്കാതിരിക്കാൻ ആഹാരത്തിൽ പ്രോട്ടീന്റെ അളവു  കുറയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. പക്ഷേ അതു  പോഷകക്കുറവിലേക്കു  പോകാതെ  ശ്രദ്ധിക്കണം. ആദ്യം ശരീരത്തിലെ പ്രോട്ടീന്റെയും ആൽബുമിന്റെയും അളവു  നിർണയിക്കണം. അത് അനുസരിച്ചായിരിക്കണം ആഹാരക്രമീകരണം. ഗുണമേന്മ കൂടിയ പ്രോട്ടീൻ കഴിക്കുമ്പോൾ ഒരു പരിധിവരെ പോഷകക്കുറവു വരാതെ സൂക്ഷിക്കാം. കോഴിയിറച്ചി, മുട്ട, മീൻ, പാല്, തൈര്, പനീർ, സോയ തുടങ്ങിയവ ഗുണമേന്മ കൂടിയ പ്രോട്ടീൻ ഭക്ഷണ പദാർത്ഥങ്ങളാണ്. രോഗാവസ്ഥ അനുസരിച്ച് ഡയറ്റീഷന്റെ നിർദേശപ്രകാരം ഇവ കഴിക്കാം. ചില അവസ്ഥയിൽ പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവു വളരെ കുറച്ചിട്ട് പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കേണ്ടി വരും. ഇടയ്ക്കിടെ രക്തം പരിശോധിച്ചു പോഷകക്കുറവ് ഇല്ല എന്ന് സ്ഥിരീകരിക്കണം. രക്തത്തിലെ ആൽബുമിന്റെ അളവ് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിക്കണം. ഡയാലിസിസ് ചെയ്യുന്ന രോഗികൾ പ്രോട്ടീൻ അധികമായി കഴിക്കേണ്ടി വരും.

പല രോഗികളിലും ഒരേ തരം വൃക്കരോഗവും വൃക്ക സ്തംഭനവും ആണെങ്കിലും  അവരുടെ രോഗ പുരോഗതി വ്യത്യസ്തമായിരിക്കും. അതു കൊണ്ടു തന്നെ  അവരുടെ ആഹാരക്രമവും വ്യത്യസ്തമാണ്. അതുെകാണ്ട് ഒരൊറ്റ ഭക്ഷണരീതി എല്ലാ വൃക്ക രോഗികൾക്കും നിർദേശിക്കുക സാധ്യമല്ല. ഒരു രോഗിയുടെ പല അവസ്ഥകളിലും ആഹാരരീതി വ്യത്യാസപ്പെടുത്തേണ്ടിയും വരും. ഒരു അണുബാധ വന്നാൽ  ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റും. ഈ അവസ്ഥയിൽ ആഹാരക്രമം വ്യത്യാസപ്പെടുത്തേണ്ടി വരും. അതുകൊണ്ട് ഇടയ്ക്കിടെ രോഗിയുടെ ആൽബുമിൻ, പ്രോട്ടീൻ എന്നിവയുടെ അളവു നിർണയിച്ച് അതനുസരിച്ചു ഭക്ഷണ ക്രമീകരണം നടത്തണം.

ഡോ. ജയന്ത് തോമസ് മാത്യു

സീനിയർ കൺസൽറ്റന്റ് നെഫ്രോളജിസ്‌റ്റ് ,

ലിസി ഹോസ്പി‌റ്റൽ

കൊച്ചി

Tags:
  • Manorama Arogyam