Thursday 21 April 2022 02:48 PM IST : By സ്വന്തം ലേഖകൻ

പലകയിൽ കിടത്തി നടുവളയാതെ വണ്ടിയിൽ കയറ്റണം; കൃത്രിമമായി ഹൃദയം പ്രവർത്തിപ്പിക്കാൻ സിപിആർ നൽകാൻ മറക്കരുത്: റോഡ് അപകടങ്ങളിൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം

acc435435

‘എന്റെ ജീവൻ എന്റെ ശരീരത്തിൽ മാത്രം ഒതുങ്ങുന്നില്ല; എന്റെ യാത്രകൾ എന്റെ മാത്രം യാത്രകളാകുന്നില്ല. എന്റെ നിലനിൽപ്പ് എന്റെ ചെയ്തികളാൽ മാത്രം നിയന്ത്രിക്കപ്പെട്ടതല്ല..’

റോഡപകടങ്ങളെപ്പറ്റി പറയുമ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്ന വാക്കുകളാണിവ. കേരളത്തിന്റെ തെരുവുകൾ നമ്മുടെയെല്ലാം നിലനിൽപ്പിനെയും ജീവിക്കാനുള്ള അവകാശത്തെയും ഓരോ നിമിഷവും വെല്ലുവിളിക്കുകയാണ്.

റോഡപകടങ്ങളെ സംബന്ധിച്ച് പേടിപ്പിക്കുന്ന ചില കണക്കുകളിതാ: മറ്റു രാജ്യങ്ങളിലെ അപകടനിരക്കിനെക്കാൾ കൂടുതലാണ് ഇന്ത്യയിലെ നിരക്ക്. ഇന്ത്യൻ നിരക്കിന്റെ രണ്ടിരട്ടിയാണ് കേരളത്തിലെ അപകട നിരക്ക്! ഓരോ ദിവസവും ശരാശരി എട്ടു പേർ കേരളത്തിൽ റോഡപകടങ്ങളിൽപ്പെട്ടു മരണമടയുന്നുവെന്നാണ് കണക്ക്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ അപകടങ്ങളുടെ നിരക്ക് കൂടുന്നു എന്ന് മറ്റൊരു കണക്ക്!

നിയമങ്ങൾ അനുസരിക്കുന്നതിൽ അസാധാരണമായ അലംഭാവമുള്ള നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ഇത്രത്തോളം വർധിക്കുന്നതിൽ അദ്ഭുതമില്ല. എന്നാൽ, അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ എന്തെല്ലാം, എപ്പോഴെല്ലാം ചെയ്യണം എന്ന കാര്യത്തിൽ അലംഭാവത്തെക്കാൾ അജ്ഞതയാണു നമുക്കുള്ളത്.  റോഡ് അപകടങ്ങളിൽ ഉടനടി ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് അറിയാം.

മൂന്നുതരം അപകടമരണങ്ങൾ

∙ അപകടമരണങ്ങളെ ഡോക്ടർമാർ മൂന്നായി തിരിച്ചിട്ടുണ്ട്. തലയ്ക്കു സാരമായി പരിക്കേറ്റ് ഉടനടി സംഭവിക്കുന്ന മരണമാണ് ആദ്യത്തേത്. അപകടം നടന്ന് നാലു മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന മരണമാണു രണ്ടാമത്തേത്. രക്തനഷ്ടമാണ് ഈ വിഭാഗത്തിൽപ്പെട്ട മരണത്തിനു പ്രധാന കാരണം. ‘ഗോൾഡൻ അവർ’ എന്നാണ് വിലപ്പെട്ട ഈ നാലു മണിക്കൂറിനു പേര്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചാൽ കൂടുതൽ രക്തം നഷ്ടപ്പെടുന്നതും അതുവഴി മരണവും തടയാം എന്നതാണ് ഗോൾഡൻ അവറിന്റെ പ്രധാന്യം.

ആന്തരികാവയവങ്ങളുടെയും മറ്റും പ്രവർത്തനത്തിലെ തകരാറുകൊണ്ട്, മൂന്നാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന മരണമാണു മൂന്നാമത്തെ വിഭാഗം.

അപകടം ഉണ്ടായാൽ ഉടൻ ചെയ്യേണ്ടത്

ആദ്യഘട്ടം: വാഹനങ്ങളുടെ ഇഗ്നിഷ്യൻ ഓഫാക്കുകയാണ് അപകടമുണ്ടായാൽ ചെയ്യേണ്ട ആദ്യത്തെ കാര്യങ്ങളിലൊന്ന്. ഇന്ധനം ചോർന്നു പരന്നിട്ടുണ്ടാകാമെന്നതിനാൽ സിഗറ്റും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതും ഒഴിവാക്കണം. ചെറിയ തീപ്പൊരി പോലും വലിയ അഗ്നിബാധ ഉണ്ടാക്കിയേക്കാം.

∙ വാഹനത്തിനിടയിലും അടിയിലുമെല്ലാം കുരുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കുന്നതിലും ശ്രദ്ധ വേണം. അപകടത്തിൽപ്പെട്ടവരെ, ധൃതിപിടിച്ചും അശ്രദ്ധമായും വലിച്ചെടുക്കുന്നത് അവരുടെ നില കൂടുതൽ വഷളാക്കാനേ സഹായിക്കൂ. അതുകൊണ്ട്, ശരീരത്തിൽ വീണുകിടക്കുന്ന ഭാരം കൂടിയ സാധനങ്ങളല്ലാം മാറ്റിയതിനുശേഷം ആളുകളെ എടുത്ത് സുരക്ഷിതമായ സ്ഥലത്തു കിടത്തണം.

∙ ആംബുലൻസ്, പോലീസ്, അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ തുടങ്ങിയവരെ വിവരമറിയിക്കണം. അപകടത്തിൽപ്പെട്ടവരുടെ നില തിരിച്ചറിയാൻ കഴിവുള്ള, പരിചയസമ്പന്നരായ വിദഗ്ധരെയും കഴിയുമെങ്കിൽ വരുത്തണം. മുൻഗണനക്രമമനുസരിച്ച് ആശുപത്രിയിൽ എത്തിക്കേണ്ടവരെ കണ്ടെത്താൻ ഇത്തരമൊരു വിദഗ്ധനു സാധിക്കും.

∙ വൈദ്യസഹായം കൊടുക്കേണ്ടതിന്റെ മുൻഗണന നിശ്ചയിച്ചാൽ അവരെ ചില കളർകോഡുകളുടെ അടിസ്ഥാനത്തിൽ േവർതിരിക്കാം. ‘ട്രയേജ്’ എന്നാണ് ഇതിനു പേര്.

∙ അപകടത്തിൽപ്പെട്ടവർക്കുള്ള പ്രഥമശുശ്രൂഷ കൊടുക്കുന്നതിലും ശാസ്ത്രീയമായ ക്രമമുണ്ട്. 1. എയർവേ, 2. ബ്രീത്തിങ്, 3. സർക്കുലേഷൻ. 4. ബാൻഡേജ്, 5. സ്പ്ലിന്റേജ്, 6. ട്രാൻസ്പോർട്ട് എന്നതാണ് ക്രമം. (ആദ്യത്തെ മൂന്നു വിഭാഗം, അതായത് എയർവേ, ബ്രീത്തിങ്, സർക്കുലേഷൻ എന്നിവയെ ചുരുക്കി ‘എ,ബി,സി’ എന്നു വിളിക്കാറുണ്ട്.)

ശ്വാസതടസ്സം ഉണ്ടോ എന്നു പരിശോധിക്കണം

cpre324

∙ശ്വാസം കടന്നുപോകുന്ന മാർഗമാണ് ‘എയർവേ’. ശ്വാസകോശത്തിലേക്കു വായു കടന്നുപോകുന്ന വഴിയിൽ തടസ്സങ്ങളുണ്ടോ എന്നു പരിശോധിക്കുകയാണ് ആദ്യം വേണ്ടത് എന്നർഥം. ആദ്യമായി, മൂക്കിലൂടെ ശ്വാസം വരുന്നുണ്ടോ എന്ന് കൈവിരൽ വച്ചു നോക്കണം. ഇല്ലെങ്കിൽ, അഴുക്കോ ഇളകിയ പല്ലോ മറ്റോ ശ്വാസതടസ്സമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കണം. മുഖത്തെ അസ്ഥികൾ ഒടിഞ്ഞിട്ടുണ്ടെങ്കിൽ, പ്ലാസ്റ്റിക് കൊണ്ടുള്ള ‘എയർവേ’ ഉപയോഗിച്ച് വായു ശ്വാസനാളത്തിലെക്കത്തിക്കാൻ ഒരു വിദഗ്ധനു സാധിക്കും.

അതു കഴിയുന്നില്ലെങ്കിൽ വലുപ്പമുള്ള ഇൻജക്ഷൻ സൂചികൾ കഴുത്തിലൂടെ ശ്വാസനാളത്തിലേക്കു കടത്തി വായു എത്തിക്കുന്ന രീതിയുമുണ്ട്. എന്നാൽ ഇതെല്ലാം സാധാരണക്കാർക്കു ചെയ്യാവുന്ന പ്രഥമശുശ്രൂഷകളിൽ പെടുന്നില്ല.

കൃത്രിമ ശ്വാസം നൽകാം

∙ ‘ബ്രീത്തിങ്’ ആണ് ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം അപകടത്തിൽപ്പെട്ടയാളെ മലർത്തികടത്തി ശുശ്രൂഷ നൽകുന്ന ആളുടെ ഒരു കൈ കഴുത്തിനടിയിലും മറ്റേ കൈ നെറ്റിയിലും വച്ച് കഴുത്ത് പൊക്കുകയും തല പിന്നോട്ടാക്കുകയും ചെയ്യണം. നാക്ക് മുൻപോട്ടു വീണ് ശ്വാസനാളം അടഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

∙ അപകടത്തിൽപ്പെട്ടയാൾ ശ്വാസമെടുക്കുന്നില്ലെങ്കിൽ കൃത്രിമശ്വാസോച്ഛ്വാസം കൊടുക്കുന്നതിനു മുമ്പ് അപകടത്തിൽപ്പെട്ടയാളുടെ മുക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും അഴുക്കുമെല്ലാം തുടച്ചു വൃത്തിയാക്കണം. കൈവിരലിൽ തുണി ചുറ്റി തൊണ്ടയിൽ നിറഞ്ഞിരിക്കുന്ന ഇമിനീരും മാറ്റണം. കൃത്രിമശ്വാസോച്ഛ്വാസം നൽകുന്നതിനായി, അപകടത്തിൽപ്പെട്ടയാളെ കിടത്തി തല പിന്നിലേക്കു ചരിച്ചുവയ്ക്കണം. എന്നിട്ട്, വായ്ക്കു മുകളിൽ ഒരു ടവൽ ചേർത്തു വച്ച്, പ്രഥമശുശ്രൂഷ ചെയ്യുന്ന ആൾ വായോടു വായ് ചേർത്തു വച്ച് ശക്തിയിൽ ഊതണം. മിനിറ്റിൽ പന്ത്രണ്ടു തവണ എന്ന കണക്കിലാണ് ഇതു ചെയ്യേണ്ടത്. അപകടത്തിൽപ്പെട്ടയാളുടെ മൂക്ക് ആ സമയം അടച്ചുപിടിച്ചിരിക്കണം. ഒരു തവണ വായിലേക്ക് ഊതിയാൽ മുഖം മാറ്റി രോഗിയുടെ വായ് തുറന്ന് ഉച്ഛ്വസിക്കാൻ അനുവദിക്കണം.

ഹൃദയമിടിപ്പ് നിലച്ചാൽ

∙ സർക്കുലേഷൻ അഥവാ രക്തചംക്രമണം ആണ് ‘എ ബി സി’ യിലെ മൂന്നാമത്തെ വിഭാഗം, ഹൃദയമിടിപ്പ് ഉണ്ടോ എന്ന് പൾസ് നോക്കി തിരിച്ചറിയാം. കൈയിൽ, തള്ളവരലിന്റെ താഴെയുള്ള കുഴയുടെ അടിവശത്ത് മൂന്നു വിരലുകൾ വച്ച്, തള്ളവിരൽ പിൻഭാഗത്തുവച്ച് അമർത്തി, വിരലുകള്‍ പൊങ്ങുന്നുണ്ടോ എന്നു നോക്കിയാണു ‘റേഡിയൽ പൾസ്’ കണ്ടുപിടിക്കുന്നത്. ഇതു കിട്ടുന്നില്ലെങ്കിൽ, കഴുത്തിനു മുകളിൽ താടിയെല്ലിന്റെ മൂലയ്ക്ക് അമർത്തി ‘കരോറ്റിഡ് പൾസ്’ നോക്കാം. കരോറ്റിഡ് പൾസും ഇല്ലെങ്കിൽ ഹൃദയം പ്രവർത്തിക്കുന്നില്ല എന്നർഥം.

∙ ഹൃദയസ്പന്ദനം മൂന്നു മിനിറ്റിലേറെ തടസ്സപ്പെട്ടാൽ തലച്ചോർ ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടും. ഇത് സ്ഥിരമായ വൈകല്യങ്ങൾക്കു കാരണമാകാം.

∙ കൃത്രിമമായി ഹൃദയത്തെ പ്രവർത്തിപ്പിക്കാൻ കാർഡിയാക് മസാജ് ചെയ്യാം. അതിനായി, അപകടത്തിൽപ്പെട്ടയാളെ ഉറപ്പുള്ള തറയിൽ മലർത്തി കിടത്തുക. എന്നിട്ട് നെഞ്ചെല്ലിന്റെ താഴത്തെ പകുതിയിൽ കൈപ്പത്തികൾ ചേർത്തുവച്ച് അമർത്തണം.

മുതിർന്നവർക്കാണെങ്കിൽ നെഞ്ച് ഒന്നരയിഞ്ചു താഴുന്ന തരത്തിലാണ് അമർത്തേണ്ടതെന്നാണ് കണക്ക്. കുട്ടികൾക്കാണെങ്കിൽ ഒരിഞ്ചും തീരെ ചെറിയ കുട്ടികൾക്ക് അരയിഞ്ചും താഴുന്ന അളവിലാണ് അമർത്തേണ്ടത്. കുട്ടികൾക്കുള്ള കാർഡിയാക് മസാജ് ഒരു കൈകൊണ്ട് ചെയ്താൽ മതി; ശിശുക്കൾക്ക് രണ്ടു വിരലുപയോഗിച്ചും മിനിറ്റിൽ 72 തവണ എന്ന കണക്കിൽ അരമണിക്കൂറോളം ചെയ്യണം. ഹൃദയം തനിയേ പ്രവർത്തിച്ചു തുടങ്ങിയാൽ അപകടത്തിൽപ്പെട്ടയാളെ ചരിച്ചു കിടത്തണം.

∙ കൃത്രിമശ്വാസോച്ഛ്വാസവും കാർഡിയാക് മസാജും ഒരുമിച്ചു ചെയ്യേണ്ടി വന്നാൽ 2:30 എന്ന ക്രമത്തിൽ ചെയ്യണമെന്നാണ് നിർദേശം. അതായത്, വായ് ചേർത്തുള്ള കൃത്രിമശ്വാസം കൊടുക്കൽ തണ്ടുതവണ, ഹൃദയഭാഗം അമർത്തൽ 30 തവണ എന്നതായിരിക്കണം ക്രമം.

മുറിവുകളും രക്തനഷ്ടവും

∙ മുറിവുകളിലൂടെ രക്തം നഷ്ടപ്പെടുന്നുണ്ടോ എന്നു നോക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. കൈകാലുകളിലാണു രക്തമൊഴുകുന്ന മുറിവുകളുള്ളതെങ്കിൽ ആ ഭാഗം ഉയർത്തിപ്പിടിച്ചാൽ രക്തപ്രവാഹം കുറയും.

∙ മുറിവിൽ പറ്റിപ്പിടിച്ച അഴുക്കും മണ്ണുമൊക്കെ കഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശുദ്ധജലം ധാരധാരയായി ഒഴിച്ച് ഇതു ചെയ്യാം.

∙ രക്തപ്രവാഹം തടയുകയാണ് അടുത്ത പടി. മുറിവുകളിലൂടെ അമിതമായി രക്തം നഷ്ടപ്പെടുന്നത് ‘ഷോക്ക്’ എന്ന ഗുരുതരമായി അവസ്ഥയ്ക്കു വഴിയൊരുക്കിയേക്കാം. മുറിവിനു മുകളിൽ സമ്മർദം കൊടുക്കുകയാണ് രക്ത മൊഴുക്കു തടയാനുള്ള എളുപ്പവഴി. ചെറിയ മുറിവാണെങ്കിൽ കൈവിരൽ കൊണ്ട് മുറിവിനു മുകളിൽ നന്നായി അമർത്തിപ്പിടിക്കണം.

∙ ഒന്നിൽക്കൂടുതൽ മുറിവുകളുണ്ടെങ്കിൽ വൃത്തിയുള്ള തുണികൊണ്ടു മുറിവു വെച്ചുകെട്ടുന്ന രീതി പിന്തുടരണം. മുറിവിന്റെ ഭാഗത്തേക്കുള്ള രക്തപ്രവാഹം ഇല്ലാതാക്കിയും രക്ത നഷ്ടം തടയാം. മുറിവിന് അൽപം മുകളിലായി ബലത്തിൽ ചുറ്റിക്കെട്ടിയാണ് ഇതു ചെയ്യേണ്ടത്. രക്തപ്രവാഹം പൂർണമായും നിലച്ചാൽ ശരീരകലകൾ നിർജീവമാകുമെന്നതിനാൽ ഈ കെട്ട് ഇടയ്ക്കിടെ അയച്ചു കൊടുക്കണം.

∙ ശരീരത്തിൽ തറഞ്ഞു കയറിയ വസ്തുക്കൾ അപകടസ്ഥലത്തു വച്ച് വലിച്ചൂരാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ, ആന്തരാവയവങ്ങളിലേക്കു രക്തം വാർന്ന് മരണത്തിനു പോരും കാരണമായേക്കാം. കണ്ണിനു പരുക്കേറ്റിട്ടുണ്ടെങ്കിൽ ഒരിക്കലും തിരുമ്മി കൂടുതൽ സമ്മർദം ഏൽപ്പിക്കരുത്.

∙ മൂക്കിൽ നിന്നു രക്തസ്രാവമുണ്ടെങ്കിൽ, മൂക്കിന്റെ മുകൾഭാഗത്ത്, കട്ടിയുള്ള അസ്ഥികൾക്കു തൊട്ടു താഴെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് അമർത്തിപ്പിടിക്കണം. നാലുമിനിറ്റു മുതൽ പത്തു മിനിറ്റ് സമയം വരെ ഇതു ചെയ്യണം. മൂക്ക് അർത്തിപ്പിടിക്കുമ്പോൾ വായിലൂടെ ശ്വസിക്കാൻ രോഗിയെ അനുവദിക്കണം. മൂക്കിനു മുകളിൽ ഐസ്പാക്കുകൾ വയ്ക്കുന്നതു വഴി രക്തമൊഴുക്കു തടയാം.

ആശുപത്രിയിലേക്ക്

∙ ഓപ്പറേഷൻ ചെയ്യാനായി ബോധം കെടുത്തുന്നതിനു മുമ്പ് ആറു മണിക്കൂറെങ്കിലും ഭക്ഷണപാനീയങ്ങൾ കഴിക്കാതിരിക്കണം. ഗുരുതരമായി പരുക്കേറ്റവർക്കു ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അതുകൊണ്ട് അവർക്ക് ഭക്ഷണമോ പാനീയങ്ങളോ കൊടുക്കരുത്.

∙കൈകാലുകൾ അറ്റുപോയിട്ടുണ്ടെങ്കിൽ അവ വൃത്തിയുള്ള പ്ലാസ്റ്റിക് ഉറയിലാക്കി ഭദ്രമായി കെട്ടി ആശുപത്രിയിലെത്തിക്കണം.

മൈക്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കു സൗകര്യമുള്ള ആശുപത്രിയിൽ, ആരുണിക്കൂറിനുള്ളിൽ ഇത് എത്തിക്കാൻ ശ്രദ്ധിക്കണം.

അസ്ഥികൾ ഒടിഞ്ഞാൽ

ഒടിവുകൾ രണ്ടു തരത്തിലുണ്ട്. ഒടിഞ്ഞ അസ്ഥികൾ തൊലിക്കടിയിൽ ത്തന്നെ സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് ഒന്നാമത്തേത്. ഇതി ലഘുവായ ഒടിവാണ്. അസ്ഥിയുടെ ഭാഗങ്ങൾ ചർമം തുളച്ച് പുറത്തുവരുന്ന അവസ്ഥയാണ് രണ്ടാമത്തേത്. കൂടുതൽ ഗുരുതരമായ, സങ്കീർണമായ ഒടിവാണ് ഇത്. ഇത് ഈ അവസ്ഥയിൽ. മുറിവിൽ അണുബാധയുണ്ടാകാനും ഒടിഞ്ഞ അസ്ഥിയുടെ അഗ്രങ്ങൾകൊണ്ട് സമീപത്തുള്ള പേശികൾക്കു പരുക്കേൽക്കാനുമെല്ലാം സാധ്യതയുണ്ട്.

∙ തല, കണ്ണ്, മൂക്ക്, ചെവി, നെഞ്ചെല്ലുകൾ, വയറ്, ഇടുപ്പ് കൈകാലുകൾ തുടങ്ങിയ ഭാഗങ്ങളിലെ മുറിവുകളും പരുക്കുകളും പെട്ടെന്നു പരിശോധിക്കണം. ആവശ്യമുള്ള ഭാഗങ്ങളിൽ പതുക്കെ അമർത്തി നോക്കി പരിശോധിക്കണം.

∙ പരുക്കേറ്റ ഭാഗത്തെ നീരും വീക്കവും കൈകാലുകളിലെ അസാധാരണമായ വളവുമെല്ലാം കണ്ടാൽ എല്ല് ഒടിഞ്ഞിട്ടുണ്ടെന്നു തീരുമാനിക്കാം. എല്ലൊടിഞ്ഞിട്ടുണ്ടെങ്കിൽ, ഒടിഞ്ഞ അസ്ഥിയുടെ ഭാഗങ്ങൾ അനങ്ങാതെ നോക്കണം. കൂടുതൽ അനങ്ങിയാൽ, ലഘുവായ ഒടിവുകൾ സങ്കീർണമായ ഒടിവുകളായി മാറിയേക്കാം.

∙ഒടിഞ്ഞ അസ്ഥികൾക്കു ചുറ്റുമുള്ള ശരീരഭാഗത്തിനു കൂടുതൽ കേടു പറ്റാതിരിക്കാൻ ‘സ്പ്ലിന്റേഡ്’ ഉപയോഗിക്കണം. ആ ഭാഗം അനങ്ങാതെ സൂക്ഷിക്കാനായി സ്പ്ലിന്റുകൾ’ ചേർത്തുവച്ച് കെട്ടിവയ്ക്കുന്ന രീതിയാണിത്. വടിയോ മുളക്കഷണണോ കുടയോ ഒക്കെ ഇതിനുപയോഗിക്കാം. കെട്ടിടുമ്പോൾ ഒടിവിന്റെ നേരേ മുകളിൽ വരാതെ നോക്കണം.

∙ ഒടിഞ്ഞ കൈ അനങ്ങാതിരിക്കാൻ തുണി ത്രികോണാകൃതിയിൽ മടക്കി കൈ പൊതിഞ്ഞ് കഴുത്തിനു പിന്നിലൂടെ മടക്കി കൈ പൊതിഞ്ഞ് കഴുത്തിനു പിന്നിലൂടെ കെട്ടിവയ്ക്കാം. ‘ട്രയാംഗുലർ സ്ലിങ്’ എന്നാണ് ഇതിനു പേര്. ഒടിഞ്ഞ കാൽ അനങ്ങാതിരിക്കാൻ നാലു തുണിക്കഷണങ്ങൾ ഉപയോഗിച്ച് ഒടിയാത്ത കാലിനോടു ചേർത്തു കെട്ടിവയ്ക്കുന്ന രീതിയുമുണ്ട്.

∙ഒന്നിലേറെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടെങ്കിൽ നെഞ്ചിൽ അസാധാരണമായ ചലങ്ങൾ കണ്ടേക്കാം. ഈ ചലനങ്ങൾ ശ്വാസതടസ്സമുണ്ടാക്കുന്നുണ്ടെങ്കിൽ, നെഞ്ചിന്റെ ഭാഗം കൂടുതൽ അനങ്ങാതിരിക്കാൻ വേണ്ടതു ചെയ്യണം. തുണികൊണ്ട് നെഞ്ചെല്ലിനെ ചുറ്റി വയ്ക്കുകയാണ് ചെയ്യാവുന്ന ഒരു കാര്യം.

നട്ടെല്ലിന്റെ ഒടിവ് സൂക്ഷിക്കുക

അപകടത്തിൽപ്പെട്ടയാളെ ചരിച്ചു കിടത്തി നട്ടെല്ലിന്റെയും കഴുത്തിന്റെയും മധ്യഭാഗത്തു നോക്കിയും പതുക്കെ അമർത്തിയും പരിശോധിക്കണം. കഴുത്തിനു പുറകിൽ വേദനയുണ്ടെങ്കിൽ നട്ടെല്ലിന് ഒടിവുണ്ടാകാൻ സാധ്യതയുണ്ട്. ആ സ്ഥിതിയിൽ കഴുത്തു കൂടുതൽ അനങ്ങുന്നത് സുഷുമ്നാനാഡിക്കു ക്ഷതം ഏൽപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ട് കോളർ ഉപയോഗിച്ചു കഴുത്തിന്റെ ചലനം തടയണം. സുഷുമ്നാനാഡിക്കു ക്ഷതമേറ്റാൽ കൈകാലുകൾ തളരുന്ന അവസ്ഥയുണ്ടായേക്കാം.

∙ നട്ടെല്ലിനു ക്ഷതം സംഭവിച്ചയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ നട്ടെല്ലു വളയാതെ സൂക്ഷിച്ചു വേണം കൊണ്ടുപോകാൻ. പലകയിലോ മറ്റോ കിടത്തി ആംബുലൻസിലോ കാറിന്റെ പിൻസീറ്റിലോ നിവർത്തിക്കിടത്തി വേണം ആശുപത്രിയിലെത്തിക്കാൻ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എം.എൽ.ജിമ്മി

കഞ്ഞിക്കുഴി, കോട്ടയം

ഡോ. ബി. പത്മകുമാർ

ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips