Tuesday 08 February 2022 02:15 PM IST : By ഡോ. ഡി. നാരായണ റെ‍ഡ്‌ഡി

തുമ്മൽ പോലെയാണ് രതിമൂർച്ഛ. വിശദീകരിക്കാൻ പ്രയാസമാണ്: രതിമൂർച്ഛയെക്കുറിച്ചറിയേണ്ടതെല്ലാം

reddysex344

ആണിലും പെണ്ണിലും സംഭോഗവുമായി ബന്ധപ്പെട്ടു ഗുഹ്യഭാഗങ്ങളിലല്ലാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചില പ്രധാന മാറ്റങ്ങൾ സംഭവിക്കും. 75% സ്ത്രീകളിലും 25% പുരുഷന്മാരിലും വയറിലും കഴുത്തിലും മാറത്തും ‘സെക്സ് ഫ്ലഷ്’ എന്നു പേരായ ചുവന്ന തടിപ്പുകളുണ്ടാകും. രതിമൂർച്ഛയുണ്ടായി അഞ്ചു മിനിറ്റുകൾക്കു ശേഷം അവ അപ്രത്യക്ഷമാവുകയും ചെയ്യും. പേശികൾ മുറുകും. മുലക്കണ്ണുകൾ ഉദ്ധൃതമാകും, തുടകൾ വലിഞ്ഞു മുറുകും, പുറം വളയും, മൂക്കു മുറുകും. ഇവയും രതിമൂർച്ഛ വന്ന് അഞ്ചു മിനിറ്റിനകം അപ്രത്യക്ഷമാകും.

രതിമൂർച്ഛയ്ക്കു ശേഷം ശരീരമാസകലം വിയർപ്പിന്റെ നേർത്ത ആവരണം ഉണ്ടാകും. ഉത്തേജനഘട്ടം, സമതല ഘട്ടം, രതിമൂർച്ഛാ ഘട്ടം ഈ മൂന്നു ഘട്ടങ്ങളിലും ഹൃദയമിടിപ്പ്, ശ്വാസഗതി, ബി പി ഇവ കൂടും, ആണിലും പെണ്ണിലും ഇതുണ്ടാകും. ഇവയും രതിമൂർച്ഛയ്ക്കു ശേഷം സാധാരണ രീതിയിലാവും.

ആർത്തവവും ലൈംഗികാഗ്രഹവും

ആർത്തവ ചക്രത്തിന്റെ പല ഘട്ടത്തിൽ പല രീതിയിലായിരിക്കുമോ സ്ത്രീകളുടെ ലൈംഗികാഗ്രഹം?

ചില സ്ത്രീകളിൽ അങ്ങനെ ആയിരിക്കും. അണ്ഡോല്പാദന സമയത്തായിരിക്കും ചില സ്ത്രീകളിൽ ലൈംഗികവികാരം കൂടുതൽ; ചിലരിൽ ഇതു മാസമുറയ്ക്കു മുൻപുള്ള സമയത്തായിരിക്കും; ചിലർക്ക് മാസമുറ നടക്കുമ്പോഴും ആഗ്രഹം ഉണ്ടാകും.

യോനീസ്രവവും നനവും സ്ത്രീകൾക്കു പല രീതിയിൽ ആയിരിക്കുമോ?

ആയിരിക്കും. ചിലർക്കു സ്രവം കൂടുതലായിരിക്കും. ചിലർക്കു കുറവും. ഒരേ സ്ത്രീയിൽത്തന്നെ ഇത് ഏറിയും കുറഞ്ഞുമിരിക്കും. അതതു സമയത്തെ ഉത്തേജനത്തിന് ആനുപാതികമായിരിക്കുമത്. യോനിയിലെ രോഗാണുബാധയും ഹോർമോൺ അസന്തുലിതാവസ്ഥയും സ്രവത്തെ ബാധിക്കും.

സ്ത്രീകൾക്കു ശുക്ലസ്രവം ഉണ്ടാകുമോ?

ഇല്ല. ശുക്ലം സ്രവിപ്പിക്കുന്ന വൃഷണങ്ങളോ സെമിനൽ വെസിക്കിൾസോ, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയോ ഒന്നും സ്ത്രീകൾക്കില്ല, ആണുങ്ങൾക്കുള്ള പോലെ.

രതി മൂർച്ഛയെത്തി എന്നെങ്ങനെ മനസ്സിലാകും?

മുംബൈയിലെ ജി.എസ്.മെഡിക്കൽ കോളേജിലെ സെക്‌ഷ്വൽ മെഡിസിൻ പ്രൊഫസറായ ഡോ. പ്രകാശ് കോത്താരി പറയുന്നു.‘‘ തുമ്മൽ പോലെയാണ് രതിമൂർച്ഛ. അതു വിശദീകരിക്കാൻ പ്രയാസമാണ്.’’ പക്ഷേ, ഒരിക്കൽ അനുഭവിച്ചാൽ അതെന്താണെന്നു നിങ്ങൾക്കു മനസ്സിലാകും. ഒരു ലൈംഗിക ഉന്മാദം, അതിനുശേഷം, സ്ത്രീകൾക്കാണെങ്കിൽ താളത്തിലുള്ള യോനീസംഭ്രമം, പുരുഷന്മാർക്കാണെങ്കിൽ ശുക്ലസ്രവവും അതിനുശേഷം ഒരു വല്ലാത്ത
ആശ്വാസവും.

രതിമൂർച്ഛ തിരിച്ചറിയാൻ

ഏതെങ്കിലും ശാരീരിക ലക്ഷണങ്ങൾ കൊണ്ടു രതിമൂർച്ഛയിലെത്തി എന്നു മനസ്സിലാക്കാൻ പറ്റുമോ?

രതിമൂർച്ഛയിലെത്തിയ ഒരാൾക്കു കിതപ്പും വിറയലുമുണ്ടാകും. രതിമൂർച്ഛയുണ്ടായി എന്ന് ഇണയോട് വാക്കുകൾ ഉപയോഗിക്കാതെ പറയുന്ന വിദ്യ. ഇതെല്ലാം കഴിഞ്ഞാൽ ആൾ ശാന്തനും/ ശാന്തയും, തൃപ്തനും/ തൃപ്‌തയുമായി കാണപ്പെടും. ഇതിനോടൊപ്പം തന്നെ യോനീസംഭ്രമം സ്ത്രീകളിലും ശുക്ലസ്ഖലനം പുരുഷന്മാരിലും സംഭവിക്കും.

ഒരു സ്ത്രീക്കു രതിമൂർച്ഛയുണ്ടാകാൻ ഗുഹ്യഭാഗത്ത് ഉത്തേജനം അത്യാവശ്യമാണോ?

ഇല്ല. ഗുഹ്യഭാഗ ഉത്തേജനം ആത്യാവശ്യമല്ല. സ്ത്രീക്ക് തൊട്ടാൽ ഉത്തേജിതകമാകുന്ന ഒന്നിൽ കൂടുതൽ സ്ഥലങ്ങളുണ്ട്. രതിമൂർച്ഛയുണ്ടാകാൻ ഇതിൽ ഏതുഭാഗം വേണമെങ്കിലും ഉത്തേജിപ്പിക്കാം. ഗുഹ്യഭാഗങ്ങൾ ഇല്ലാത്തവരിലും, അവയ്ക്കെന്തങ്കിലും കുഴപ്പം പറ്റിയവരിലും മേൽപ്പറഞ്ഞ മറ്റുഭാഗങ്ങൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കും. അത്തരം പുതിയ ചില ഭാഗങ്ങൾ ഉണ്ടാവുകയും ചെയ്യും. യോനിയില്ലാത്ത സ്ത്രീകൾക്കും മറ്റു മാർഗങ്ങളിൽ കൂടി രതിമൂർച്ഛയുണ്ടാകാറുണ്ട്.

ഒരു സംഭോഗത്തിന്റെ സാധാരണ സമയം’ എത്രയാണ്?

സംഭോഗത്തിന് അങ്ങനെയൊരു സാധാരണ സ്റ്റാൻഡേഡ് സമയമൊന്നുമില്ല. അത് ഇണകളെ ആശ്രയിച്ചിരിക്കുന്നു. പരസ്പരം തൃപ്തിയാകുന്നതുവരെ സമയം നീട്ടാം. സംഭോഗം നീണ്ടു എന്നതുകൊണ്ട് സുഖം കൂടണമെന്നില്ല. ഇതൊരു തെറ്റിധാരണയാണ്. എത്ര നേരം എന്നുള്ളതല്ല, എത്ര സുഖകരം എന്നുള്ളതാണ് പ്രധാനം.

അടുത്തടുത്തുള്ള സംഭോഗത്തിൽ ഏർപ്പെടുന്നതുകൊണ്ടു കുഴപ്പമുണ്ടോ?

ഇല്ല. അടുത്തടുത്ത് എന്നുള്ളത് ആപേക്ഷികമാണ്. എത്ര അടുത്താണ്? അടുത്ത രണ്ടു ദിവസത്തിൽ ഒന്നോ, ആഴ്ചയിലൊന്നോ, മാസത്തിലൊന്നോ? രണ്ടു പേർക്കും താല്‌പര്യമുള്ളപ്പോൾ, സന്തോഷത്തോടെയാണെങ്കിൽ എത്ര അടുത്തടുത്താണെങ്കിലും സംഭോഗത്തിൽ ഏർപ്പെടുന്നത് ആരോഗ്യകരമാണ്. സുഖം തോന്നുമ്പോഴൊക്കെ ആകാം എന്ന് അർത്ഥം.

േഡാ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,