Monday 14 February 2022 05:24 PM IST : By സ്വന്തം ലേഖകൻ

‘ഗർഭാവസ്ഥയില്‍ ലൈംഗികബന്ധം ഒഴിവാക്കേണ്ടതുണ്ടോ?’: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഡോക്ടറുടെ മറുപടി

sex-arogyam

രതി എപ്പോഴാണ് അധികമാകുന്നത്?

കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവർത്തി അധികമായതായി കണക്കാക്കുന്നത്.

അമിതമാകുന്ന ആസക്തി

എപ്പോഴും ലൈംഗിക ചിന്തയിലും ഭാവനകളിലും മുഴുകിയിരിക്കുകയും അതുമൂലം ലൈംഗിക ഉണർവുകളെ നിയന്ത്രിക്കാനാകാതെ നിർബന്ധിതമായി (Compulsive) ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്ന അവസ്ഥയാണ് അമിതലൈംഗിക ആസക്തി (Hyper Sexuality). ഇതുമൂലം ജോലി നഷ്ടം മുതൽ സാമ്പത്തിക നഷ്ടം വരെ വിവിധങ്ങളായ പ്രശ്നങ്ങളെ ആ വ്യക്തി നേരിടേണ്ടിവരാം. ബന്ധങ്ങളിലെ ഉലച്ചിലും വേർപിരിയലും ഇക്കൂട്ടരിൽ കൂടുതലാണ്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ കൂടി പകരുന്ന രോഗങ്ങൾ,

നേരിട്ടുള്ള ലൈംഗിക പീഡനങ്ങൾ മൂലമോ, കുറ്റകരമായ സൈബർ സെക്സിൽ ഏർപ്പെടുകയോ ചെയ്തുണ്ടാകുന്ന നിയമ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം ഇങ്ങനെ ഒട്ടേെറ പ്രശ്നങ്ങളിലൂെട അവർ കടന്നുപോകാം. ഇതിനു പുറമേ മാനസികമായ ഏകാഗ്രത, പഠനശേഷി എന്നിവയേയും ബാധിക്കാം

ലൈംഗികാസക്തി അമിതമാകുന്നതിനു പല കാരണങ്ങളുമുണ്ട്. തലച്ചോറിലെ സെറടോണിൻ, ഡോപ്പമിൻ, നോർ എപിനെഫ്രിൻ തുടങ്ങിയ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥയാണ് ഒരു കാരണം.

മറ്റുള്ളവ: ∙ അപസ്മാരം, ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങൾക്കു നൽകുന്ന ചില മരുന്നുകൾ, തലച്ചോറിന്റെ മുൻഭാഗത്തിലെ (frontal lobe ) പരിക്കുകൾ.

∙ മനോരോഗങ്ങൾ - ബൈപോളാർ ഡിസോർഡർ (bipolar disorder), ഒബ്‌സസ്സിവ് കംപൽസീവ് ഡിസോർഡർ (OCD), അഡൽറ്റ് അറ്റൻഷൻ െഡഫിസിറ്റ് ഡിസോഡർ.

അമിത ലൈംഗികത ഉണ്ടെന്നു മനസ്സിലായാൽ നിയന്ത്രിക്കുന്നതിനായി കാരണം മനസ്സിലാക്കി അതനുള്ള ലൈംഗികചികിത്സകളും തെറപ്പികളും വേണം.

രതിയുടെ ഗുണവശങ്ങൾ

അമിത രതി നന്നല്ലെങ്കിലും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണവശങ്ങളുണ്ട്. അവ ഇനി പറയാം.

∙ ആരോഗ്യകരമായ ലൈംഗികത, ലൈംഗിക താൽപര്യം മെച്ചപ്പെടുത്തുന്നു. ലൈംഗികബന്ധം, യോനീഭാഗത്തേക്കും ലിംഗത്തിലേക്കും ഉള്ള രക്തഓട്ടവും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർധിപ്പിക്കുന്നു.

∙ സ്ത്രീകളുടെ മൂത്രാശയ പേശികളുടെ ശക്തി വർധിപ്പിക്കുന്നു. തന്മൂലം നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ (ഇൻകോണ്ടിനൻസ്) ഉണ്ടാകുന്നതു തടയാൻ സാധിക്കും

∙ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

∙ ഹൃദയ രക്തധമനികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനാൽ ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

∙ പതിവായി സ്ഖലനം ഉള്ളതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അർബുദ സാധ്യത കുറയുന്നു

∙ പതിവായ ലൈംഗിക ബന്ധം മൂലം ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുകയും, അത് പ്രണയവും മാനസിക ഐക്യവും വർധിപ്പിക്കുന്നു

∙ തൃപ്തമായ ലൈംഗിക ബന്ധം, ശാന്തമായ നിദ്ര നൽകുന്നു.

∙ വേദന സംഹാരിയായി പ്രവർത്തിക്കുന്നു. രതിമൂർച്ഛ, മറ്റു ശാരീരിക വേദനകളെ കുറയ്ക്കുന്നു.

സെക്സും ഊർജനഷ്ടവും

സാധാരണ ഒരു ലൈംഗികവേഴ്ചയിൽ സ്ത്രീകൾ 213 കാലറിയും പുരുഷൻ 276 കാലറി ഊർജവും വിനിയോഗിക്കുമെന്നാണ് പഠനം. ഇത് ഏതാണ്ട് അരമണിക്കൂർ നേരം കുറഞ്ഞ വേഗത്തിൽ ഒാടുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് മികച്ച വ്യായാമത്തിനു തുല്യമാണ് സെക്സ് എന്നു പറയുന്നത്. അതിലൈംഗികതയുള്ളവരിൽ നഷ്ടപ്പെടുന്ന കാലറി കൂടാം.

ഹൃദ്രോഗങ്ങളും രതിയും

ലൈംഗികപ്രവർത്തികൾ താൽകാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാൻ സാധ്യത ഉള്ള ഹൃദ്രോഗികൾ രതിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.

സാധാരണയായി പടിക്കെട്ടുകൾ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകൾ നടക്കുവാനും ചെറു വേഗത്തിൽ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടർ അതിന് അനുമതി നൽകിയിട്ടുമുള്ള രോഗികൾക്ക് സാധാരണമായ രതിയിൽ ഏർപ്പെടാം.

ഹാർട്ട് ഫെയ്‌ലിയർ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ, കൊറോണറി ആർട്ടറി ഡിസീസസ് രോഗികൾ എന്നിവർ ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

ഹൃദ്രോഗം ഉള്ളവർ സെക്സിൽ ഏർപ്പെടുമ്പോൾ‌ നെഞ്ചു വേദന, ശ്വാസം മുട്ടൽ, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചിൽ, നെഞ്ചിൽ ഭാരം തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ.

ഗർഭാവസ്ഥയിൽ

സാധാരണഗതിയിൽ ഗർഭാവസ്ഥയിൽ രതി പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ജാഗ്രതയോടുകൂടി വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. അവസാന മാസങ്ങളിൽ സ്തനങ്ങളിലെ ഉത്തേജനവും രതിമൂർച്ഛയും ഗർഭപാത്രത്തിൽ മുറുക്കം (contractions) ഉണ്ടാക്കും. ഇത് ദിവസം തികയാതെയുള്ള പ്രസവസാധ്യത ഉണ്ടാക്കാം. മാത്രമല്ല ഗർഭാവസ്ഥയിൽ യോനിയിൽ കൂടി രക്തം വരുകയാണെങ്കിലോ നേരത്തെ ദിവസം തികയാതെ പ്രസവിച്ച ചരിത്രം ഉണ്ടെങ്കിലോ ഗർഭാശയമുഖം നേരത്തെ തുറക്കുകയോ ചെയ്താലും ലൈംഗിക ബന്ധം പാടില്ല.

ലൈംഗിക ശുചിത്വം

ആരോഗ്യപരമായ ലൈംഗിക ജീവിതത്തിനു ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

∙ അഗ്രചർമം നീക്കം (circumcision) ചെയ്തിട്ടില്ലാത്ത പുരുഷന്മാര്‍ ലിംഗാഗ്ര ചർമം പിന്നിലേക്കാക്കി ഉള്‍ഭാഗവും കഴുകുക.

∙ സ്ത്രീകളെ സംബന്ധിച്ച് ലൈംഗികാവയവം കഴുകുന്ന ദിശ പ്രധാനമാണ്. യോനിയില്‍ നിന്ന് ഗുദത്തിലേക്ക് എന്ന രീതിയില്‍ വേണം കഴുകാന്‍. ഗുദത്തില്‍ നിന്ന് യോനിയിലേക്കും മൂത്രനാളിയിലേക്കും രോഗാണുക്കള്‍ പ്രവേശിക്കുന്നത് കാരണം മൂത്രത്തിലും യോനിയിലും അണുബാധ വരുന്നതു തടയുവാനാണ് ഇപ്രകാരം കഴുകേണ്ടത്. യോനിയിൽ സോപ്പ് ഉപയോഗിച്ച് കഴുകുവാൻ പാടില്ല.

∙ ലൈംഗികാവയവങ്ങൾക്കു ചുറ്റുമുള്ള മുടി വെട്ടിയൊതുക്കി വയ്ക്കുന്നത് ചൂടുകാലങ്ങളിൽ വിയർപ്പിനാലുള്ള അണുബാധ തടയും.

∙ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക. രതിക്രീഡയിൽ നഖക്ഷതം ഏൽക്കുന്നതും അണുബാധ ഉണ്ടാകുന്നതും തടയാം.

∙ ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കേണ്ടത് ദുർഗന്ധം ഒഴിവാക്കാൻ അത്യാവശ്യം ആണ്. ശരീര ദുർഗന്ധം, ലൈംഗിക ഉണർവിനെ കെടുത്തിക്കളയും

കോവിഡ് കാലത്തെ രതി

കോവിഡ് കാലഘട്ടത്തിൽ ലൈംഗിക ജീവിതത്തിൽ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.

∙ ഈ സമയം കൂടുതൽ പേരും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാൽ സാധാരണയേക്കാൾ കൂടുതൽ ആവർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയും അപ്രതീക്ഷിതമായി ഗർഭം ധരിക്കാനും സാധ്യതയുണ്ട്. അതിനാൽ ഗർഭനിരോധന മാർഗങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തുക.

∙ കഴിയുന്നതും ജീവിത പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

∙ ഏറ്റവും സുരക്ഷിതമായ ലൈംഗിക പ്രവർത്തി സ്വയംഭോഗം ആണ്. എന്നാല്‍ സ്വയംഭോഗത്തിന് ഉപയോഗിക്കുന്ന പാവകളും മറ്റുപകരണങ്ങളും (Sex Toys & Aids) മറ്റുള്ളവരും ആയി പങ്കു വയ്ക്കാതിരിക്കുകയും ഓരോ തവണയും ഉപയോഗിക്കുന്നതിനു മുൻപ് വൃത്തിയാക്കുകയും വേണം.

∙ മറ്റു വ്യക്തികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാസ്ക്കും ഉറയും ഉപയോഗിക്കുക. ശ്വാസകോശ സ്രവങ്ങളിൽ നിന്നും ആണ് കോവിഡ് 19 പകരുന്നത്. എന്നാല്‍ ചില പഠനങ്ങളിൽ ശുക്ലത്തിൽ കൂടിയും പകരാനുള്ള സാദ്ധ്യതകൾ പറയുന്നുണ്ട്.

∙ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപും ശേഷവും ശരീരം സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകണം.

ഓൺലൈൻ കൺസൽട്ടേഷൻ

കോവിഡ് കാലത്തെ ലൈംഗിക പ്രശ്നങ്ങൾക്ക് കഴിയുന്നതും ആശുപത്രികളിലോ ഡോക്ടറുടെ അടുത്തോ നേരിട്ട് ചികിത്സ തേടാതിരിക്കുന്നതാണ് നല്ലത്. ലൈംഗിക കൗൺസിലിങ്, മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ വാങ്ങാനായി ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ എന്നിവയെല്ലാം ഇന്ന് ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭിക്കും.

ലൈംഗിക ബന്ധം കുറയ്ക്കേണ്ടരോഗാവസ്ഥകൾ

ലൈംഗിക ബന്ധത്തിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ ഏതെങ്കിലും ഒരു പങ്കാളിക്ക് ഉണ്ടെങ്കിൽ, അത് ചികിൽസിച്ചു ഭേദമാകുന്നത് വരെ ലൈംഗിക ബന്ധം ഒഴിവാക്കണം. മൂത്രാശയ സംബന്ധ രോഗങ്ങൾ, ലൈംഗിക അവയവങ്ങളിലെ അണുബാധകളും വേദനാസഹജമായ രോഗങ്ങളും, യോനിഭാഗത്തെ വരൾച്ചയും ഉള്ളവർ പ്രശ്നപരിഹാരം ഉണ്ടാകും വരെ ലൈംഗിക ബന്ധം ഒഴിവാക്കുക. ഗൗരവമായ ഹൃദ്രോഗം ഉള്ളവരും ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കേണ്ടിവരാം. എന്നാൽ അത് ഹൃദ്രോഗ ചികിത്സകന്റെ നിർദേശപ്രകാരം മതി.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അജിത്     ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം