Tuesday 31 May 2022 04:43 PM IST : By സ്വന്തം ലേഖകൻ

പുകവലിക്കുന്നവരിൽ കോവിഡ് വരില്ലേ? ബീഡിയാണോ സിഗററ്റ് ആണോ ദോഷം? സംശയങ്ങൾക്ക് മറുപടി

smok3434

പുകവലിയുടെയും പുകയില ഉൽപന്നങ്ങളുടെയും ദോഷവശങ്ങളെക്കുറിച്ചു നമ്മുടെ നാട്ടിൽ ഒരുവിധം എല്ലാവരും ബോധവാൻമാരാണ്. എന്നിട്ടും കാൻസറിനു നേരിട്ട് കാരണമാകുന്ന 70 വിഷാംശങ്ങളും അതിലേറെ പരോക്ഷമായി കാൻസർ സാധ്യത വർധിപ്പിക്കുന്ന രാസവസ്തുക്കളും അടങ്ങിയ പുകയില ഇന്നും ഉപയോഗിക്കുന്നു എന്നത് അതിശയം തന്നെയാണ്. ഒരു വർഷം 82 ലക്ഷത്തോളം പേരാണ് പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങളാൽ മരണമടയുന്നത്. അതിൽ 10 ലക്ഷത്തോളം ആളുകൾ മരിക്കുന്നത് നിഷ്ക്രിയ പുകവലി (passive Smoking) മൂലമാണ്.

നിഷ്ക്രിയ പുകവലി

ഒരാൾ വീട്ടിൽ അല്ലെങ്കിൽ ഒരു മുറിക്കുള്ളിൽ ഇരുന്ന് സിഗരറ്റ് വലിച്ചാൽ ആ അന്തരീക്ഷത്തിൽ പുകയും പുകയിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ രാസവസ്തുക്കളും കലരും. ഈ വായു ശ്വസിക്കുന്ന മറ്റ് ആളുകൾക്കു ദോഷകരമാകും. പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് വിവിധ ശ്വാസകോശരോഗങ്ങളും പലവിധ കാൻസറുകൾക്കും കാരണമാകും. മാത്രമല്ല ഗർഭിണികളിലും ഗർഭസ്ഥ ശിശുവിനും വരെ ഈ പുക കലർന്ന വായു തകരാറുകളും ഉണ്ടാക്കും. ഈ പുകയാണ് സെക്കൻഡ് ഹാൻഡ് സ്മോക് (Second Hand Smoke).

അതുപോലെ ഉപയോഗിക്കുന്ന സിഗരറ്റിൽ നിന്നോ അല്ലെങ്കിൽ മറ്റ് പുകയില ഉൽപ്പന്നങ്ങളിൽ നിന്നോ വീഴുന്ന വിഷാംശങ്ങൾ കാർപ്പെറ്റുകൾ, തുണിത്തരങ്ങൾ അല്ലെങ്കിൽ കളിപ്പാട്ടങ്ങൾ എന്നിവയിൽ പറ്റിപിടിക്കുകയും പിന്നീട് അവ കൈകൾ കൊണ്ട് സ്പർശിക്കുമ്പോൾ ആ വിഷാംശങ്ങൾ ശരീരത്തിലേക്കു കയറുകയും ചെയ്യുന്നു. ഇതിനെയാണ് തേഡ് ഹാൻഡ് സ്മോക് (Third Hand Smoke) എന്ന് വിളിക്കുന്നത്. അതായത് പുകവലിച്ചു കഴിഞ്ഞാലും കാലങ്ങളോളം ആ വിഷാംശങ്ങൾ ആ വലിച്ച ആളുടെ ചുറ്റും നിലനിൽക്കുന്നു എന്നും തലമുറകളോളം ബാധിക്കുന്നു എന്നും അർത്ഥം.

ഈ രണ്ടു വിഭാഗങ്ങളും ചേർന്നതാണ് നിഷ്ക്രിയ പുകവലി. ചുരുക്കി പറഞ്ഞാൽ പുകവലിയുെട ദോഷം പുകവലിക്കുന്നവർക്കു മാത്രമല്ല, ഒപ്പം കഴിയുന്നവർക്കും അവരുമായി സമ്പർക്കം പുലർത്തുന്നവർ‌ക്കെല്ലാം കൂടിയാണ് എന്നു പറയാം.

കാൻസർ വരുമ്പോൾ

പുകവലി കാൻസറിനു കാരണമാകുമെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. ഇന്ന് ലോകത്തു കാണപ്പെടുന്ന ഒരുവിധം എല്ലാതരം കാൻസറുകളും ആയി പുകയിലയുടെ ഉപയോഗത്തിനു ബന്ധമുണ്ട്. ഏറ്റവും കൂടുതൽ നാം കേൾക്കുന്നത് ശ്വാസകോശ കാൻസറുമായി ബന്ധപ്പെട്ടാണ്. എന്നാൽ പുകയില ചവയ്ക്കുന്നത് മൂലമുള്ള വായിലെ കാൻസർ, തൊണ്ട, ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ്, മൂത്രാശയം എന്നീ ഭാഗങ്ങളിൽ വരുന്നതുൾപ്പെടെയുള്ള വിവിധ കാൻസറുകൾക്കു പുകയില ഉപയോഗവുമായി അടുത്ത ബന്ധമുണ്ട്. ചിലതരം രക്താർബുദങ്ങൾക്കും പുകയിലയുമായി ബന്ധമുണ്ട്.

ഇവയിൽ മിക്കതിനും മികച്ച ചികിത്സ ഇന്നുണ്ടെങ്കിലും പുകയില ഉപയോഗം അല്ലെങ്കിൽ പുകവലി നിറുത്തുക എന്നതാണ് ആദ്യത്തെ നടപടി. പുകവലിക്കുന്നവരിൽ പുകവലിക്കാത്തവരെക്കാളും 15 മുതൽ 30 മടങ്ങു ശ്വാസകോശാർബുദ സാധ്യതയും അതിനാലുള്ള മരണസാധ്യതയുമുണ്ട്. കൂടുതൽ കാലത്തേക്കു സിഗരറ്റ് വലിക്കുന്നതോ ദിവസേന കൂടുതൽ എണ്ണം സിഗരറ്റു വലിക്കുന്നതോ രോഗസാധ്യത വർധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതോടൊപ്പം രോഗസാധ്യത കുറയാൻ തുടങ്ങുന്നു.

ശ്വാസമുട്ടും പുകവലിയും

കാൻസർ കഴിഞ്ഞാൽ ഏറ്റവും ബാധിക്കുന്ന രോഗം ശ്വാസകോശത്തെ ബാധിക്കുന്ന സിഒപിഡിയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും ജോലിയും എല്ലാം തകർക്കുന്ന രോഗമാണത്. ചെറിയ ചുമയിൽ നിന്നു തുടങ്ങി അവസാനം ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഈ രോഗം പതുക്കെ പുരോഗമിക്കും. എത്രയും നേരത്തേ പുകവലി നിർത്തുക എന്നതാണ് ഈ ഗുരുതരാവസ്ഥ ഒഴിവാക്കാനുള്ള മാർഗം.

അതുപോലെ തന്നെ ആസ്മ പോലെയുള്ള മറ്റു ശ്വാസകോശ രോഗങ്ങൾ വരാനുള്ള സാധ്യതയും പുകവലി പല മടങ്ങായി വർധിപ്പിക്കും. ലോകത്തു മരണകാരണമാകുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാന രോഗമായ ഹൃദ്രോഗം പുകവലിയുമായി നേരിട്ടു ബന്ധപ്പെട്ട് നിൽക്കുന്നു. കാലിലേക്കു രക്തചംക്രമണം തടസ്സപ്പെടുന്ന പെരിഫറൽ വാസ്കുലർ ഡിസീസ് എന്ന രോഗവും പുകവലിയുമായി നേരിട്ട് ബന്ധമുള്ളതാണ്.

സംശയങ്ങളകറ്റാം

∙സിഗരറ്റ് ആണോ ബീഡി ആണോ കൂടുതൽ അപകടം?

ബിഡിയാണ് കൂടുതൽ അപകടം. കാരണം സിഗരറ്റിൽ കാണുന്ന ഫിൽറ്റർ എന്ന സംവിധാനം ബീഡിയിൽ ഇല്ലാത്തതുകൊണ്ട് നേരിട്ട് പുകയിലയുടെ അംശങ്ങൾ വായിലേക്കും മറ്റും എത്തുന്നു.
മാത്രമല്ല, ബീഡി കെട്ട് പോകാതിരിക്കാൻ ഇടയ്ക്കിടെ അമർത്തി വലിക്കേണ്ടി വരും. അതിനാൽ കൂടുതൽ തവണ പുക ഉള്ളിലെത്തുകയും വിഷാംശങ്ങൾ കൂടുതൽ ശരീരത്തിൽ കടക്കുകയും ചെയ്യുന്നു. ടാർ പോലെയുള്ളവയുടെ ശതമാനവും ബീഡിയിൽ കൂടുതലാണ്.

∙ പുകയിലയുടെ ഉപയോഗ കാലവും അപകടവും തമ്മിൽ ബന്ധമുണ്ടോ?

എത്ര നേരത്തെ തുടങ്ങി, എത്ര കാലം പുകവലിച്ചു, ഒരു ദിവസം എത്ര തവണ ഉപയോഗിക്കുന്നു ഇവയാണ് പ്രധാന ഘടകങ്ങൾ. ചെറിയ പ്രായത്തിൽ തുടങ്ങുന്നതും കൂടുതൽ തവണ ഒരു ദിവസം ഉപയോഗിക്കുന്നുതും കൂടുതൽ കാലം ഉപയോഗിക്കുന്നതും കാൻസർ, ഹൃദ്രോഗം, മറ്റു പുകയിലജന്യരോഗങ്ങളുടെ സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു.

∙ പുകവലി ലൈംഗികശക്തിയും ഊർജ്ജവും വർധിപ്പിക്കുമോ ?

യുവാക്കൾക്കിടയിൽ തെറ്റിധാരണയുള്ള ഒരു വിഷയമാണിത്. യഥാർത്ഥത്തിൽ ലൈംഗികശേഷി വളരെ നേരത്തെ നശിക്കാനും ശാരീരിക തളർച്ച വരാനും പുകയിലയുടെ ഉപയോഗം കാരണമാകും.

∙ഇ- സിഗരറ്റുകൾ (E-Cigarrettes) സുരക്ഷിതമാണോ ?

പുതിയ തലമുറയെ വഴി തെറ്റിക്കാനുള്ള പുകയില ലോബിയുടെ ആകർഷകമായ ഒരു പുതിയ തന്ത്രമാണ്. സുരക്ഷിതമായ പുകവലി എന്നായിരുന്നു ഇതിനെ കുറിച്ചുള്ള പ്രചാരണം.

പുക ഇല്ല എന്നത് ഒഴിച്ച് സാധാ സിഗരറ്റുകളുടെ എല്ലാ അപകടങ്ങളും വിഷാംശങ്ങളും ഇ-സിഗരറ്റിലും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, സൂക്ഷ്മാണു പ്രജനനം (Aerosol generation) ഉണ്ടാകുന്നതു കൊണ്ട് വായുജന്യരോഗങ്ങൾ (Airborne diseases) ഉണ്ടാകാനോ പകർത്താനോ ഉള്ള സാധ്യത കൂടുതലാണ്.

ഇ-സിഗരറ്റ് സുരക്ഷിതമാണ് എന്ന ധാരണയിൽ സാധാരണ പുകവലിക്കുമ്പോൾ ആളുകൾ എടുക്കുന്ന സൂക്ഷ്മത ഇ-സിഗരറ്റ് ഉപയോഗിക്കുന്ന പലരും കാണിക്കുന്നില്ല. ഇത് അപകടസാധ്യത കൂട്ടുന്നു. ഈ കാരണങ്ങളാൽ ഇÐസിഗരറ്റും ഒരു കാരണവശാലും ഉപയോഗിക്കരുത്.

∙ പുകവലി നിർത്താൻ ഏറ്റവും എളുപ്പം മാർഗം എന്താണ്?

ജീവിതത്തിൽ കുറുക്കുവഴികളില്ല എന്നു പറയുന്നതുപോലെ പുകവലി നിർത്താനും എളുപ്പവഴികളില്ല. എന്നാൽ ശക്തമായ മനോബലവും തീരുമാനങ്ങളും ഉണ്ടെങ്കിൽ ആർക്കും നിർത്താവുന്നതാണ്.

കോൾഡ് ടർക്കി മെതേഡ് (Cold turkey method), അതായത് ഒരു ദിവസം തീരുമാനിച്ചു പെട്ടെന്ന് നിർത്തുക എന്നതാണ് എപ്പോഴും എളുപ്പവും ഫലപ്രദവും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ നിർത്തുക എന്നത് പലപ്പോഴും പ്രായോഗികമായി സാധിക്കാറില്ല എന്നതാണ് സത്യം.

സ്മോക്കിങ് കൗൺസലിങ് സെന്ററുകളുടെ സഹായം തേടുക, അതുപോലെ നിക്കോട്ടിൻ തെറപ്പി, മരുന്നുകൾ തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.

∙ എന്താണ് നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പി?

പുകവലി സ്വമേധയാ നിർത്താൻ പ്രയാസപ്പെടുന്നവർക്കു പുകയിലയുടെ ആസക്തിയുടെ ഘടകമായ നിക്കോട്ടിൻ ചെറിയ രൂപത്തിൽ ശരീരത്തിലേക്കു കടത്തിവിട്ടു ആസക്തി ഇല്ലാതാക്കാൻ ഉപകരിക്കുന്ന ചികിത്സാ രീതിയാണ് നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പി (NRT). ച്യൂയിങ് ഗം, ഇൻഹേലർ, ശരീരത്തിൽ ഒട്ടിക്കുന്ന പാച്ചുകൾ എന്നീ രൂപങ്ങളിൽ ഇവ ലഭ്യമാണ്. അതിൽ ഏറ്റവും വ്യാപകമായി ലഭ്യമായ രൂപമാണ് ച്യൂയിങ് ഗം. ഇവ സുരക്ഷിതം ആണെങ്കിലും ഇവയുടെ അമിതമായ ഉപയോഗവും തകരാറുകൾ ഉണ്ടാക്കാം പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും.

∙ ഹാൻസ്, ഗുഡ്ക്ക എന്നിവ അപകടകരമാണോ?

വിലക്കുറവും ഉപയോഗിക്കുന്നതു മറ്റുള്ളവർ കാണില്ല എന്നതും പെട്ടെന്ന് 'ഉത്തേജനം' കിട്ടും എന്നതും കൊണ്ടാണ് ഇവയുടെ ഉപയോഗം വ്യാപകമായത്. പുകവലിക്കുന്നതിന്റെ അത്ര അപകടവുമില്ല എന്ന ഒരു മിഥ്യാധാരണയും ഉണ്ട്.

യാഥാർത്ഥ്യം എന്തെന്നാൽ വായ, ചുണ്ട്, നാവ്, തൊണ്ട എന്നിവയുടെ കാൻസറിന്റെ പ്രധാന കാരണം ഇവയാണ്. വിദ്യാസമ്പന്നരിൽ അടക്കം യുവതലമുറയിൽ ഇവയുടെ ഉപയോഗം വർധിക്കുന്നു എന്നതു ഭീതിയോടെ കൂടി കാണേണ്ട ഒന്നാണ്.

∙മൊത്തത്തിൽ പുകയില ഉപയോഗം കുറയുന്നുണ്ടല്ലോ...അപ്പോൾ ആരോഗ്യപ്രശ്നങ്ങളും കുറയില്ലേ?

ബോധവൽക്കരണത്തിന്റെ ഫലമായി പുകവലി അഥവാ സിഗരറ്റ് സ്മോക്കിങ് കുറഞ്ഞു വരുന്നുണ്ടെങ്കിലും മറ്റു രൂപങ്ങളിലുള്ള പുകയിലയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. മാത്രമല്ല സ്ത്രീകൾ,ഗർഭിണികൾ എന്നിവരുടെ ഇടയിലുള്ള ഉപയോഗവും പ്രത്യേകിച്ച് വികസിത- വികസ്വര രാജ്യങ്ങളിൽ വർദ്ധിക്കുന്നു.

ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം കൊണ്ട് പുകയിലയുടെ വിവിധ തരം ഉപയോഗങ്ങൾ കൂടുന്നതും ആശങ്കാജനകമാണ്. അതുപോലെ ലോകത്ത് ഇ - സിഗരറ്റ് വ്യാപനവും വളരെ പെട്ടെന്നായിരുന്നു. ഇന്ത്യയിൽ നിയമംമൂലം 2019 മുതൽ ഇ - സിഗരറ്റ് നിരോധിച്ചു എന്നത് ആശ്വാസകരമാണ്.

കോവിഡും പുകവലിയും

കോവിഡ് ബാധിക്കാനും അത് ബാധിച്ചാൽ തന്നെ ഗുരുതരം ആവാനുള്ള സാധ്യതയും പുകവലി, വർധിപ്പിക്കുന്നു. ഇത് എങ്ങനെ എന്ന് നോക്കാം:
1) പുകവലിക്കുന്നവരിൽ ശ്വാസകോശത്തിനു പ്രതിരോധം തകർന്ന അവസ്ഥയിലായിരിക്കും. അതിനാൽ വൈറസിന് ശ്വാസകോശത്ത കീഴടക്കാൻ എളുപ്പവുമാണ്.

  1. പുകവലിക്കുന്ന ഒരാൾക്കു വൈറസ് ബാധ ഉണ്ടായാൽ ഗുരുതരാവസ്ഥയിലേക്കു പോകാനും ഓക്സിജൻ, വെന്റിലേറ്റർ തുടങ്ങിയവയുടെ സഹായത്തോടുകൂടി ശ്വസിക്കേണ്ട സാഹചര്യവും ഏറും.
    3) പുകവലിക്കുന്നവർ പല തവണയായി കൈ സിഗരറ്റിൽ നിന്നും വായിലേക്കും മറ്റും മാറി മാറി കൊണ്ടു പോകുന്നതു കൊണ്ട് കൈകളിലൂടെ വൈറസും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .
    4) സിഗരറ്റുകളും മറ്റു പുകയില ഉൽപ്പന്നങ്ങളും ഷെയർ ചെയ്യുന്നതും വൈറസ് ബാധയ്ക്കു സാധ്യത കൂട്ടുന്നു.
    5) പുകവലിക്കുന്നവരിൽ ചുമയും കഫക്കെട്ടും കൂടുന്നതിനാൽ വൈറസ് പ്രസരിപ്പിക്കാനുള്ള സാധ്യതയും കൂടും.
    സത്യം ഇതായിരിക്കെ വൈറസ് കോശങ്ങളിൽ കടക്കാനുള്ള സാധ്യത നിക്കോട്ടിൻ കുറയ്ക്കുന്നു എന്ന ഭാവനാ പഠനറിപ്പോർട്ട് എന്തിനാണ് പുകയില വ്യവസായിക ലോബികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഡോ. ജാഫർ ബഷീർ

കൺസൽറ്റന്റ് ഇൻ റെസ്പിറേറ്ററി മെഡിസിൻ,

ഗവ. താലൂക്ക്

ഹോസ്പിറ്റൽ ,

തളിപ്പറമ്പ്